പ്രിത്വിരാജിന്‍റെ അടുത്ത 5 സിനിമകള്‍

530

anarkali2
പ്രിത്വിരാജ് സുകുമാരന്‍ എന്ന നടന്‍ വ്യത്യസ്തങ്ങളായ വേഷങ്ങള്‍ തിരഞ്ഞെടുത്തുകൊണ്ടും സൂക്ഷ്മമായ അഭിനയപാടവം കാഴ്ചവെച്ചുകൊണ്ടും ഓരോ സിനിമകള്‍ കഴിയുമ്പോഴും കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് കുതിക്കുകയാണ്. ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ അത് ഞാന്‍ ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണോ എന്നതാണ് ആദ്യ പരിഗണന, അത് വിജയിക്കുന്ന ചിത്രമാവാം, ചിലപ്പോള്‍ പരാജയപ്പെട്ടെന്നും വരാം എന്ന് തുറന്നുപറച്ചില്‍ നടത്താനുള്ള ചങ്കൂറ്റവും ഇന്ന് മലയാളസിനിമയില്‍ വേറെ ആര്‍ക്കും ഉണ്ടാവില്ല. കാഞ്ചനമാലയുടെ മൊയ്തീനായി മലയാളികളുടെ ഉള്ളില്‍ ഒരു വിങ്ങല്‍ സമ്മാനിച്ച പ്രിത്വിരാജ് അടുത്തതായി ചെയ്യുന്നത് ഒരു കോമഡി ചിത്രമാണ്. ഇതിന് മുന്‍പ് ചെയ്തതോ ലിജോ ജോസ് പെല്ലിശേരിയുടെ ഡബിള്‍ ബാരല്‍ എന്ന പരീക്ഷണ ചിത്രവും. പ്രിത്വിരാജിന്റെ ഇനി വരാനിരിക്കുന്ന 5 ചിത്രങ്ങളുടെ വിശേഷങ്ങള്‍ തുടര്‍ന്ന് വായിക്കാം.

  • അമര്‍ അക്ബര്‍ അന്തോണി


നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പ്രിത്വിരാജിനൊപ്പം ഇന്ദ്രജിത്തും ജയസൂര്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്ലാസ്‌മേറ്റ്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഇവര്‍ മൂന്ന് പേരും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് അമര്‍ അക്ബര്‍ അന്തോണിക്ക്. നമിത പ്രമോദ് ആണ് ചിത്രത്തിലെ നായിക. ഒക്ടോബര്‍ 16ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

വായിക്കുക : അമറും അക്ബറും അന്തോണിയും പിന്നെ നാദിര്‍ഷയും

  • അനാര്‍ക്കലി


സച്ചിസേതു കൂട്ടുകെട്ടിലെ സച്ചി ആദ്യമായി സ്വതന്ത്രസംവിധായകന്‍ ആകുന്ന ചിത്രമാണ് അനാര്‍ക്കലി. ലക്ഷദ്വീപ് പ്രധാന ലൊക്കേഷന്‍ ആവുന്ന ചിത്രത്തില്‍ ശന്തനു എന്ന ഡൈവിംഗ് ഇന്‍സ്ട്രക്ട്രറുടെ വേഷമാണ് പ്രിത്വിരാജ് ചെയ്യുന്നത്. മിയ ജോര്‍ജ്, പ്രിയാല്‍ ഗോര്‍, ബിജു മേനോന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  • പാവാട


ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന പാവാട എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അഛാ ദിന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ജി. മാര്‍ത്താണ്ടന്‍ ആണ്. മണിയന്‍പിള്ള രാജുവാണ് ചിത്രത്തിന്റെ നിര്‍മാതാവ്. തൊടുപുഴയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അനൂപ് മേനോന്‍, മണിയന്‍പിള്ള രാജു, ശോഭന, ആശ ശരത് എന്നിവരാണ് പാവാടയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

  • ജെയിംസ് ആന്‍ഡ് ആലീസ്

പ്രശസ്ത ക്യാമറാമാന്‍ സുജിത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജെയിംസ് ആന്‍ഡ് ആലീസ്. ഡോ. സജികുമാര്‍ നിര്‍മിക്കുന്ന ഈ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് ഡോ.എസ്. ജനാര്‍ദനന്‍ ആണ്. വേദിക, സായ്കുമാര്‍, നെടുമുടി വേണു, മഞ്ജു പിള്ള എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

  • ഡാര്‍വിന്റെ പരിണാമം


ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്നഡാര്‍വിന്റെ പരിണാമം സംവിധാനം ചെയ്യുന്നത് ജിജോ ആന്റണിയാണ്. പ്രിത്വിരാജിനൊപ്പം ചെമ്പന്‍ വിനോദ് ജോസും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Advertisements