പ്രിയമുള്ളോരാളുടെ ഡയറിക്കുറിപ്പ്…

0
152

ദിനരാത്രങ്ങളുടെ നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍, ഏകാന്തതയുടെ അസഹനീയങ്ങളായ മരുയാത്രകള്‍ക്ക് ശേഷം, മഴവില്ല് മണ്ണില്‍ മുട്ടിയ ഒരു വൈകുന്നേരം, ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി. മഞ്ഞിന്റെ അവ്യക്തതയിലൂടെ ഞങ്ങള്‍ നടക്കുകയായിരുന്നു, കൈകള്‍ കോര്‍ത്ത്.

അവള്‍ എന്നെ കുന്നിന്‍ ചെരുവിലേക്ക് കൊണ്ട് പോയി. അനന്തരം, ചെമ്മരിയാടിന്റെ രോമങ്ങള്‍ കൊണ്ട് തുന്നിയ അവളുടെ മേലുടുപ്പ് അഴിച്ചെടുക്കുകയും,വര്‍ഷകാല രാവുകളുടെ മടങ്ങി വരവും കാത്തു, കരിഞ്ഞു പോയ പുഴയുടെ കരയില്‍ അത് വിരിക്കുകയും, ഞങ്ങള്‍ അതിന്മേല്‍ ചെര്‍ന്നിരിക്കുകയും ചെയ്തു. അപ്പോഴും ഞങ്ങളുടെ വിരലുകള്‍ പരസ്പരം കോര്‍ത്തിരുന്നു.

പിന്നീട്… സ്‌നേഹം മിടിക്കുന്ന അവളുടെ ഇടതു നെഞ്ചിലേക്ക്, ഞാനെന്റെ ചെവി ചേര്‍ത്ത് വച്ചു.അവളുടെ ഹൃദയം, പ്രണയത്താല്‍ ത്രസിക്കുന്നത് ഞാന്‍ വ്യക്തമായും കേള്‍ക്കുകയായിരുന്നു. നിശാഗന്ധിയുടെ മണമുള്ള അവളുടെ മുടിയില്‍, പിന്നെ ഞാന്‍ മുഖം ഒളിച്ചു വച്ചു. ആ സുഗന്ധവും, അവളുടെ പിന്‍ കഴുത്തിന്റെ സ്‌നിഗ്ദ്ധതയും എന്നെ ഉന്മത്തനാക്കുകയും… ഒരു നിമിഷം… എന്റെ ചുംബനങ്ങളില്‍, അവളുടെ നിശ്വാസത്തിനു ചൂടേറുകയും ചെയ്തു.

‘കാഴ്ച’ എന്നത് പുറംമോടികളുടെ ഏകകമായതിനാല്‍, ഞങ്ങള്‍ കണ്ണുകളടച്ചു പരസ്പരം കാണുകയായിരുന്നു. ആകാശത്തിന് താഴെ, അവളുടെ പേരിലുള്ള സകല അവകാശതര്‍ക്കങ്ങളും.. ഞങ്ങള്‍ അപ്പോള്‍ വിസ്മരിച്ചു. അവളുടെ നിര്‍!മ്മലമായ വെള്ളിച്ചിറകില്‍, ഞങ്ങളിരുവരും എഴാകാശങ്ങള്‍ക്കപ്പുറത്തേക്ക്, പറന്നുയരുകയും.. പിന്നീട് പരസ്പരം വിട്ടുപോകാതെ രാവുമുഴുവനും, അവിടെ പറന്നു നടക്കുകയുമായിരുന്നു.

എല്ലാം എനിക്കൊരു സ്വപ്നം പോലെയായിരുന്നു.. അപ്പോഴും…ഇന്നും… ആ സ്വപ്നം ഓരോ ജീവകോശത്തിലുമേററുവാങ്ങി. പിന്നെപ്പോഴോ ഞാന്‍ കണ്ണുതുറന്നപ്പോള്‍… അവളെന്റെ നെഞ്ചില്‍ തല ചായ്ച്ച്, എല്ലാം മറന്നുറങ്ങുകയായിരുന്നു…

‘ഞാനെന്തു നല്‍!കാന്‍… പകരം, എന്റെ ജീവിതത്തില്‍ ?’

(പ്രിയമുള്ളോരാളുടെ ഡയറിക്കുറിപ്പില്‍ നിന്നും കടമെടുത്തത്, വീട്ടുവാനാകുമോ എന്നറിയാത്തോരു കടം…)