പ്രേക്ഷകനെപ്പോലെ ചിന്തിക്കുന്ന ചലച്ചിത്ര നിര്‍മാതാവ്

208

listin_stephen
സിദ്ധാര്‍ഥ് ഭരതന്റെ ദിലീപ് ചിത്രം ‘ചന്ദ്രേട്ടന്‍ എവിടെയാ’യുടെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന് തുടങ്ങിയിട്ടേയുള്ളൂ. പക്ഷെ സോഷ്യല്‍ മീഡിയയില്‍ അങ്ങിങ്ങ് കണ്ട റിവ്യൂകളും കമന്റുകളും മിക്കവാറും തുടങ്ങുന്നത് ഏകദേശം ഒരേ ആശയത്തില്‍ ആണ്. ‘ലിസ്റ്റിന്‍ സ്റ്റീഫന്റെ പടം ആയതു കൊണ്ടാണ് ആദ്യ ദിവസം ധൈര്യമായി കയറിയേക്കാം എന്ന് ചിന്തിച്ചത്!.’ ഇരുപത്തിനാലാം വയസില്‍ ട്രാഫിക് എന്ന ചിത്ത്രത്തിലൂടെ സിനിമ നിര്‍മാണം ആരംഭിച്ച ഈ ചെറുപ്പക്കാരന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തൊട്ടതെല്ലാം പൊന്നാക്കുന്ന ഈ കോട്ടയംകാരന്റെ കിരീടത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി ചാര്‍ത്തുവാന്‍ ചന്ദ്രേട്ടനും മിന്നിക്കത്തുകയാണ് തിയേറ്റരുകളില്‍. പക്ഷെ, അപ്പോഴും സംസാരം ലിസ്റ്റിന്‍ സ്റ്റീഫനെക്കുറിച്ച് തന്നെയാണ്. പ്രേക്ഷകര്‍ എന്താണോ പ്രതീക്ഷിക്കുന്നത് അതിലും അപ്പുറം നല്‍കി അവരെ അമ്പരപ്പിച്ചവയാണ് ലിസ്റ്റിന്റെ സിനിമകള്‍ എല്ലാം. പ്രേക്ഷകന്റെ കണ്ണിലൂടെ കാണാനും അവരുടെ മനസ് അറിയാനും കഴിഞ്ഞു എന്നതാണ് ലിസ്റ്റിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ രഹസ്യവാക്യം.

ആദ്യ നിര്‍മാതാക്കള്‍ മാറിയപ്പോള്‍ ആണ് ട്രാഫിക്ക് ലിസ്റ്റിനെ തേടിയെത്തുന്നത്. എന്നാല്‍ തിരക്കഥാകൃത്തുക്കള്‍ക്കും സംവിധായകനും ആ ചെറുപ്പകാരനെ ആദ്യ നോട്ടത്തില്‍ ബോധിച്ചില്ല എന്നതാണ് സത്യം. എല്ലാവര്‍ക്കും അഡ്വാന്‍സ് നല്‍കി ലിസ്റ്റിന്‍ ആ സംശയത്തിന്റെ മുനയൊടിച്ചു. ട്രാഫിക്ക് മലയാള സിനിമാചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. അടുത്തത് ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ചാപ്പാ കുരിശ്. എങ്കിലും സിനിമ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു. ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നാ നിര്‍മാതാവിനെ മലയാളികള്‍ക്ക് ആകെ സുപരിചിതന്‍ ആക്കിയ ചിത്രമായിരുന്നു അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടല്‍. ലിസ്റ്റിന്‍ ആണ് നിര്മാതാവെങ്കില്‍ ധൈര്യമായി പടം കാണാം എന്ന് ജനങ്ങള്‍ പറഞ്ഞുതുടങ്ങി. പിന്നെ ചെറിയ ഒരു ഇടവേളയില്‍ ട്രാഫിക്കിന്റെയും ചാപ്പാകുരിശിന്റെയും തമിഴ് റീമേയ്ക്കുകള്‍.

ലിസ്റ്റിന്റെ തിരിച്ചുവരവില്‍ മലയാള സിനിമയിലേയ്ക്ക് ഒരാള്‍ കൂടി തിരിച്ചു വന്നു. റോഷന്‍ ആണ്ട്രൂസിന്റെ ഹൌ ഓള്‍ഡ് ആര്‍ യു? വിലൂടെ അങ്ങനെ ലിസ്റ്റിന്‍ മഞ്ഞു വാര്യരെ തിരികെ വെള്ളിത്തിരയില്‍ എത്തിച്ചു. ഇപ്പോള്‍ മലയാളികളുടെ മനസില്‍ നിന്നും ഒരിക്കലും മാഞ്ഞു പോവാത്ത അമ്പുജാക്ഷന്റെ ‘ചിറകൊടിഞ്ഞ കിനാവുകളെയും’ കൊണ്ടാണ് ലിസ്റ്റിന്‍ എത്തുന്നത്. തൊട്ടതെല്ലാം പൊന്നാക്കിയ ഈ കോട്ടയംകാരനിലൂടെ മലയാള സിനിമ കൂടുതല്‍ ഉയരങ്ങളില്‍ എത്തുന്നത് കാണാന്‍ നമ്മുക്ക് കാത്തിരിക്കാം.

Advertisements