Featured
പ്രേതങ്ങള്‍ മേയുന്ന കോട്ട
സിനിമയിലും ഭീകര നോവലുകളിലും പ്രേതങ്ങള്‍ മേഞ്ഞു നടക്കുന്ന ഡ്രാക്കുള കോട്ടകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഭാവനക്ക് അപ്പുറം ചോരപ്പുഴകള്‍ വാര്‍ന്നൊഴുകിയ ചില കോട്ട ഭിത്തികള്‍ക്ക് ഉള്ളില്‍ പ്രതികാര ദാഹവുമായി അലഞ്ഞു നടക്കുന്ന ആത്മാക്കളുടെ സ്പന്ദനങ്ങള്‍ ഇന്നും അനുഭവപ്പെടാറുണ്ട്. കോട്ടയുടെ അറകള്‍ക്കുള്ളില്‍ ക്രൂരബലാല്‍സംഗങ്ങളും, അരുംകൊലകളും നിത്യത്തൊഴിലാക്കി, മൃഗീയ ഭരണം നടത്തിയിരുന്ന രക്തദാഹികളായ പ്രഭുക്കന്മാരും അവരാല്‍ വധിക്കപ്പെട്ട സേവികമാരും; പ്രതികാരദാഹം പൂണ്ടു ദുരാത്മാക്കളായി ഉഴലുന്ന അനേകം പ്രേതാലായങ്ങളുടെ കഥ പറയാനുണ്ട്, ആധുനിക ബ്രിട്ടന്.
121 total views

സിനിമയിലും ഭീകര നോവലുകളിലും പ്രേതങ്ങള്‍ മേഞ്ഞു നടക്കുന്ന ഡ്രാക്കുള കോട്ടകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഭാവനക്ക് അപ്പുറം ചോരപ്പുഴകള്‍ വാര്‍ന്നൊഴുകിയ ചില കോട്ട ഭിത്തികള്‍ക്ക് ഉള്ളില്‍ പ്രതികാര ദാഹവുമായി അലഞ്ഞു നടക്കുന്ന ആത്മാക്കളുടെ സ്പന്ദനങ്ങള്‍ ഇന്നും അനുഭവപ്പെടാറുണ്ട്. കോട്ടയുടെ അറകള്‍ക്കുള്ളില്‍ ക്രൂരബലാല്‍സംഗങ്ങളും, അരുംകൊലകളും നിത്യത്തൊഴിലാക്കി, മൃഗീയ ഭരണം നടത്തിയിരുന്ന രക്തദാഹികളായ പ്രഭുക്കന്മാരും അവരാല്‍ വധിക്കപ്പെട്ട സേവികമാരും; പ്രതികാരദാഹം പൂണ്ടു ദുരാത്മാക്കളായി ഉഴലുന്ന അനേകം പ്രേതാലായങ്ങളുടെ കഥ പറയാനുണ്ട്, ആധുനിക ബ്രിട്ടന്.
ഈ കോട്ടകളുടെ ഭൂഗര്‍ഭ അറകളില്‍ കിടന്നു പുഴുത്തുചത്ത ആയിരക്കണക്കിന് തടവുകാരും ഗതികിട്ടാ പ്രേതസാന്നിദ്ധ്യമായി അവിടങ്ങളില്‍ അലയുന്നു.
ഒരു ചെറിയ കുന്നിന്റെ മുകളിലാണ് വെയില്‍സിലെ ബോദേല്വിദന് കാസില്‍. പകല്‍ പോലും ഇരുട്ട് നിറയുന്ന കുറ്റിച്ചെടികള്‍ക്കും ചെറുമരങ്ങള്‍ക്കും ഇടയിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന ചെറു റോഡിലൂടെ മുകളില്‍ കുന്നിന്റെ മൊട്ടത്തല നടുവില്‍ എത്തുമ്പോള്‍ ഭീമാകാരനായ ഈ ഡ്രാക്കുള കോട്ടയുടെ വാതിലുകള്‍ നമുക്കായി തുറക്കുന്നു.
ആയിരത്തി എണ്ണൂറ്റി ഇരുപത്തി ഒന്‍പതില്‍ പുതുക്കിപ്പണിയുടെ സമയത്ത് ചിമ്മിനിക്ക് സമീപം കണ്ടെത്തിയ മനുഷ്യരുടെ അസ്ഥിക്കൂമ്പാരങ്ങള് പുനര്‍നിര്‍മ്മിച്ച കോട്ട ഭിത്തിക്ക് ഉള്ളില്‍ നിക്ഷേപിച്ചു എന്ന് കരുതപ്പെടുന്നു. ഈ പുനര്‍നിര്‍മ്മിച്ച ഭിത്തിക്ക് സമീപം ആര്‍ത്തനാദങ്ങളും ദീനരോദനങ്ങളും രാവിന്റെ അന്ത്യയാമങ്ങളില്‍ മുഴങ്ങിക്കേള്‍ക്കാറുണ്ട് അത്രേ. ആനേകം അനേകം അസാധാരണങ്ങള്‍ ആയ അനുഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് ഈ ഡ്രാക്കുള കോട്ട ശാസ്ത്രത്തിനു ഒരു വെല്ലുവിളിയായി ഇന്നും നിലകൊള്ളുന്നു.
നിലാവുള്ള രാത്രികളില്‍ നീളം കൂടിയ ഒഴുക്കന്‍ വസ്ത്രങ്ങളുമായി, മൂടല്‍ മഞ്ഞിന്റെ അകമ്പടിയോടെ അന്തരീക്ഷത്തില്‍ ഒഴുകിവരുന്ന സ്ത്രീരൂപത്തെ അവിടെ ഒരു രാത്രി തങ്ങിയിട്ടുള്ള പലരും കണ്ടിട്ടുണ്ട്. ശില്പങ്ങള് സൂക്ഷിച്ചിട്ടുള്ള ഗാലറിക്കു സമീപം പലരും കണ്ടിടുള്ള ഈ സ്ത്രീ രൂപം ആരുടെ പ്രേതമായിരിക്കും എന്നതിനെക്കുറിച്ച് ഇന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു. ക്രൂരപീഡനത്തിനു ഇരയായി മരിച്ച ഒരു ഇരുപതുകാരി പ്രഭ്വി പ്രതികാരവുമായി ചുറ്റിത്തിരിയുന്ന കഥക്ക് ആണ് ഏറ്റവും പ്രചാരം. ഇരുട്ട് മൂടിയ ഇടനാഴികളില്‍ സഞ്ചരിക്കുന്ന നിഴല്‍ രൂപങ്ങളും, അസാധാരണമായ ശബ്ദങ്ങളും രാത്രികാലങ്ങളില്‍ പതിവാണത്രെ. കഴിഞ്ഞ ഒന്നര നൂറ്റാണ്ടില്‍ ഇവിടെ രാത്രി തങ്ങിയിട്ടുള്ള അനേകം ആളുകള്‍ തങ്ങള്‍ക്കു നേരിട്ട ഭീകരാനുഭവങ്ങള്‍ രേഖപ്പെടുത്തിയ പുസ്തകങ്ങള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
ഗവേഷക സംഘങ്ങള്‍ നൈറ്റ് വിഷന്‍ ക്യാമറകള്‍, നെഗറ്റീവ് അയോണ്‍ ഡിറ്റെക്ടെര്, മോഷന്‍ സെന്‍സറുകള്‍, ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററുകള്‍ തുടങ്ങിയ ആധുനിക യന്ത്ര സംവിധാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ഗവേഷണങ്ങള്‍, വിശദീകരിക്കനാവാത്ത ചലനങ്ങളും, ഊര്ജപ്രയാണങ്ങളും ഇവിടെ കണ്ടെത്തുകയുണ്ടായി എന്ന് ബീ ബീ സീ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിനോദ സഞ്ചാരികള്‍ എടുത്ത ചിത്രങ്ങളില്‍, അവ്യക്തമായ മനുഷ്യശരീരസമാനമായ രൂപങ്ങള്‍ നിഴലായും വെളിച്ചമായും പതിയുന്നത് ഇവിടെ നിത്യേന സംഭവിക്കാറുണ്ട്. വലിയ മരഗോവണിക്ക് നടുവിലായി, വൃത്താകാരത്തില്‍ ഫ്രെയിമുള്ള വൈദ്യുത വിളക്കുകള്‍ക്കു മുകളിലായി കാണപ്പെട്ട അവ്യക്തമായ മുഖവും, കളിപ്പാട്ടങ്ങളും മറ്റും സൂക്ഷിച്ച മുറിയുടെ ചുവരില്‍ ഫോട്ടോയില്‍ തെളിഞ്ഞു കാണപ്പെട്ട, തല മൂടിയ രൂപവും ഇവയില്‍ ചിലത് മാത്രം.
എമിലിയുടെ പ്രേതം
പടിഞ്ഞാറന്‍ സസ്സെക്സില്‍ ഉള്ള ആംബെര്ളി കാസിലില്‍ കുടികൊള്ളുന്ന ‘എമിലിയുടെ പ്രേതം’ ബ്രിട്ടനില്‍ പ്രസിദ്ധി നേടിയ പ്രേതങ്ങളില്‍ ഒന്നാണ്. എമിലി എന്ന, പാവപ്പെട്ടവള്‍ എങ്കിലും അതിസുന്ദരിയായ വേലക്കാരിപ്പെണ്ണിനെ പ്രലോഭനങ്ങളിലൂടെയും, ഇക്കിളികഥകളിലൂടെയും മയക്കിയെടുത്ത ഒരു കാമഭ്രാന്തനായ ബിഷപ്പ് ആയിരുന്നു ഈ കൊട്ടാരത്തിന്റെ ഉടമ. രാത്രിയുടെ അന്ത്യയാമങ്ങളില്‍ വേലക്കാരി പെണ്ണ് ഉറങ്ങുന്ന ചെറിയ മുറിയില്‍ ആരാരും അറിയാതെയെത്തിയിരുന്ന ബിഷപ്പിന്റെ കാമലീലകള്ക്കൊടുവില് ഗര്‍ഭിണിയായ ആ കിളിന്തുപെണ്ണിനെ നിഷ്കരുണം തള്ളിപ്പറഞ്ഞ ആ നരാധമന് നേരം പുലര്‍ന്നാല്‍ ഈ ദുര് നടത്തക്കാരിയെ ചൂലിനടിച്ച് വെളിയില്‍ ആക്കുവാന് കിങ്കരന്മാരോട് ആജ്ഞാപിച്ചു. അങ്ങനെ രാത്രി മുഴുവന്‍ പരിശുദ്ധ പിതാവിന്റെ ഊ …ധളത്തരങ്ങള്ക്ക് പ വിധേയയായും, പകല്‍ അദ്ദേഹത്തില്‍ നിന്നും ഉപദേശം സ്വീകരിച്ചും കഴിഞ്ഞ പാവം എമിലി സങ്കടവും അപമാനവും സഹിക്കവയ്യാതെ, കോട്ടയുടെ ഗോപുരത്തില്‍ നിന്നും താഴേക്കു ചാടി ആത്മഹത്യ ചെയ്തു.
പിന്നീടു ആ കോട്ടയില്‍ ജോലിക്കാരികളും ഒത്തു ‘ഊണും ഉപദേശവും’ ഒന്നിച്ചു നടത്തി കഴിയാന്‍ ആഗ്രഹിച്ച പരിശുദ്ധ പിതാക്കന്മാര്‍ക്കെല്ലാം പേടി സ്വപ്നമായി എമിലിയുടെ ആത്മാവ് അവിടെ ചുറ്റിത്തിരിയുന്നു. അവളുടെ മരണശേഷം പീഡനവഴിയില് സഞ്ചരിച്ച ആ പരിശുദ്ധ പിതാവിന് സമാധാനമായി വേലക്കരികള്ക്ക് കുര്ബാനകൊടുക്കാനോ, അവരെ കുമ്പസാരിപ്പിക്കാനോ കഴിയാത്തതിനാല്‍ ആകണം അയാളും ഭ്രാന്തു പിടിച്ചു ഈ കോട്ടയില്‍ കെട്ടിതൂങ്ങി മരിക്കുകയായിരുന്നു അത്രേ. എമിലിയുടെ ആത്മാവ് ഇന്നും തേങ്ങിക്കരഞ്ഞു അവിടെ ചുറ്റിത്തിരിയുന്നു. നിലാവുള്ള രാത്രികളുടെ അന്ത്യയാമങ്ങളില്‍ വേലക്കാരികളുടെ മുറിയില്‍ ഇക്കിളിയിട്ട് ചിരിക്കുകയും, ഗോപുരത്തില്‍ തേങ്ങിക്കരയുകയും ചെയ്യുന്ന എമിലിയുടെ സാന്നിധ്യം ഇന്നും അവിടെ അനുഭവവേദ്യമാകുന്നു.
കുഞ്ഞിനെ കയ്യിലേന്തിയ സ്ത്രീയുടെ പ്രേതം.
വടക്കന്‍ ഇംഗ്ലണ്ട് പ്രദേശത്തെ തടാകങ്ങളുടെ നാട്ടിലെ കാര്‍ലയില്‍ കാസില്‍, കുഞ്ഞിനെ കയ്യിലേന്തിയ ഒരു സ്ത്രീയുടെ പ്രേതസാന്നിധ്യം കൊണ്ട് കുപ്രസിദ്ധി നേടിയിരിക്കുന്നു. ഈ സ്ത്രീ രൂപത്തെ ബയണറ്റു കൊണ്ട് കുത്തി ആക്രമിക്കാന്‍ ശ്രമിച്ച ഒരു സൈനികന്, സ്ത്രീരൂപം തുളച്ചു ബയനട്ടു ഭിത്തിയില്‍ തറഞ്ഞു കയറുകയും, സ്ത്രീ നടന്നു നീങ്ങുകയും ചെയ്യുന്ന കാഴ്ച കണ്ടു, പേടിച്ചു മരിച്ചു അത്രേ. ആയിരത്തി എണ്ണൂറ്റി ഇരുപതില്‍, ഈ കോട്ടയിലെ ക്യാപ്ടന്‍സ് ഗോപുരത്തില്‍ നിന്നും ഒരു കുഞ്ഞിന്റെ അസ്ഥികൂടം കയ്യിലേന്തി നില്ക്കുന്ന സ്ത്രീയുടെ അസ്ഥികൂടം കണ്ടെടുത്തു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടില്‍ കാസ്സിലിനു മുന്പില് സ്ഥാപിച്ച മോഷന്‍ സെന്‍സറുകള്‍ അസാധാരണമായ ചലനങ്ങള്‍ രേഖപ്പെടുത്തി.
പച്ച പ്രഭ്വി
സ്കൊട്ലെണ്ടിലെ ബെരോഗില് കാസില്‍ കര്‍ഷകനെ പ്രേമിച്ച പ്രഭ്വിയുടെ പ്രേതത്തിന്റെ താവളം ആണ്. യുവതിയായ എലിസബത്ത് സിങ്ക്ലയര്‍ പ്രഭ്വി, പാടത്തെ ഉഴവുകാരന് പയ്യനെ പ്രേമിച്ചത് അറിഞ്ഞ പിതാവ് അവരെ ഗോപുരത്തില്‍ തടവിലാക്കി. കാമുകനെ കാണുവാന്‍ ജനലിലൂടെ എത്തിനോക്കിയ അവര്‍ താഴേക്കു വീണു മരിച്ചു.
ഇന്നും കാസിലിന്റെ പൂന്തോട്ടത്തിലും, ഗോപുരത്തിലും പച്ച വസ്ത്രം ധരിച്ച അതി സുന്ദരിയായ ഒരു യുവതിയെ ഇടയ്ക്കിടെ ദര്‍ശിക്കുന്നു അത്രേ.
നീലക്കുട്ടന്
കൊടും ക്രൂരതകള്‍ക്ക് സാക്ഷ്യം വഹിച്ച ചില്ലിങ്ങാം കൊട്ടാരത്തില്‍ അനേകം പ്രസിദ്ധ പ്രേതങ്ങള്‍ ഉണ്ട്. രക്തം വാര്‍ന്നു പോകാന്‍ ചാല് കീറിയ നിലവറയിലെ പീഡന അറയില്‍ എഴായിരത്തോളം പേരെ കഴുത്തു അറിഞ്ഞു കൊന്ന കൊടും ക്രൂരന് ജോണ്‍ സേജ്, കൈക്കുഞ്ഞിനെയും തന്നെയും തനിച്ചാക്കി, തന്റെ അനുജത്തിയില്‍ അനുരക്തനായി നാടുവിട്ട ഭര്‍ത്താവിനെ തേടി നടക്കുന്ന ബെര്കിലി പ്രഭ്വി തുടങ്ങി അനേകം പ്രേതങ്ങള്‍ ഇവിടെയുണ്ടെങ്കിലും ഒരു ‘നീലക്കുട്ടന്’ ആണ് ഇവിടുത്തെ പ്രശസ്തന്‍. പിങ്ക് കിടപ്പുമുറി എന്നറിയപ്പെടുന്ന മുറിയില്‍ ചെറിയ ഒരു ആണ്‍കുട്ടിയുടെ അലറിക്കരചിലും, അതെ തുടര്‍ന്നു നീല പ്രഭ പരത്തി പ്രത്യക്ഷം ആകുന്ന ആണ്‍കുട്ടിയും ആണ് ഭീതി ജനിപ്പച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊട്ടാരം പൊളിച്ചു പണിതപ്പോള്‍, ഭിത്തിക്കടിയില്‍ നിന്നും, ചെറിയ ഒരു ആണ്‍കുട്ടിയുടെ നീല നിറം കലര്‍ന്ന എല്ലുകള്‍ കണ്ടെടുക്കുയുണ്ടായി. അത് അടുത്തുള്ള ഒരു ശ്മശാനത്തില്‍ അടക്കം ചെയ്തശേഷം നീലക്കുട്ടനെ ആരും കണ്ടിട്ടില്ല അത്രേ.
ഭൌതിക ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത അനേകം സംഭവങ്ങള്‍ നിരന്തരം റിപ്പോര്‍ട് ചെയ്യപ്പെടുന്ന ബ്രിട്ടനിലെ മധ്യകാലഘട്ട കാസിലുകള്‍ അവിടെ നടന്ന കൊടുംക്രൂരതകളില്‍ മരണപ്പെട്ടവരുടെ ആത്മാക്കളുടെ താവളങ്ങള്‍ ആണോ?. അല്ലെങ്കില്‍ അവിടങ്ങളിലൊക്കെ ആധുനിക യന്ത്രസംവിധാനങ്ങളില്‍ രേഖപ്പെടുത്തുന്ന അസാധാരണമായ ഊര്‍ജ്ജ പ്രവാഹത്തിന്റെയും, സന്ദര്‍ശകര്‍ക്ക് അനുഭവഗോചരകുന്ന ഭീതിജന്യമായ സംവേദനങ്ങളുടെയും കാരണമെന്ത് ? ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങള്‍ ഉയരുമ്പോഴും കറുത്തിരുണ്ട രാത്രികളില്‍ ഈ കോട്ടഭിത്തികള്ക്കുള്ളില് തേങ്ങിക്കരച്ചിലിന്റെ ഈണത്തില്‍ നിഴല്‍ രൂപങ്ങള്‍ ഒഴുകി നീങ്ങുന്നു.
122 total views, 1 views today