Share The Article

PREMAM

വളരെ നാള്‍ കൂടി ഒരു പടം റിലീസ് ദിനം തന്നെ കണ്ടു. അല്‍ഫോന്‍സ്‌ പുത്രന്‍റെ ‘പ്രേമം’… വന്‍ ജനാവലിയുടെ ഇടയിലൂടെ ടിക്കറ്റ്‌ എടുത്ത് എന്ട്രന്‍സ്ലേക്ക് നടക്കുമ്പോള്‍ കാണാന്‍ കഴിഞ്ഞത് മാറ്റിനി കഴിഞ്ഞിറങ്ങുന്ന ആള്‍ക്കാരെയാണ്. ‘പൊളിച്ച പടം മച്ചാനെ’, ‘കിടിലന്‍’, ‘മരണ മാസ്സ്’ എന്നിങ്ങനെ പോകുന്നു കമന്റ്സ്.

പ്രേമം പൈങ്കിളിയാണ്. അത് എക്കാലത്തും അങ്ങനെയൊക്കെ തന്നെയാണ്. ലോക സിനിമ ചരിത്രത്തില്‍ പുതുമയൊന്നുമില്ലാത്ത രണ്ടാമത്തെ മലയാള ചിത്രം എന്ന പ്രഖ്യാപനവുമായി പ്രേമം എന്ന സിനിമ നഷ്ട്ടപ്പെട്ട പ്രേമങ്ങളുടെ കഥയാണ്; പ്രേമിക്കാന്‍ കൂട്ട് നിന്ന കൂടുകാരുടെ കഥയാണ്.

കഴിഞ്ഞ 15 വര്‍ഷക്കാലത്തിനിടെ ജോര്‍ജ് ഡേവിഡ് എന്ന യുവാവിന്റെ ജീവിതത്തിലെ മൂന്നു പ്രണയകാലങ്ങളിലൂടെയാണ് അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം സഞ്ചരിക്കുന്നത്. മൊബൈല്‍ ഫോണിന്റെ ആവിര്‍ഭാവത്തിന് മുമ്പ് നാട്ടിന്‍പുറങ്ങളില്‍ പൊട്ടിവിടര്‍ന്ന പ്രണയത്തിന്റെ നേര്‍ക്കാഴ്ച പകരുന്ന ആദ്യകാലം. കോളജ് ജീവിതത്തിലെ സഹൃദവും റാഗിങ്ങും, കാന്റീന്‍ വെടിവെട്ടങ്ങളും, സംഘര്‍ഷവും നിറയുന്ന യൗവനകാലം. സ്വപ്‌നങ്ങള്‍ മാത്രം കണ്ടകാലത്ത് നിന്ന് സ്വന്തം തൊഴിലുമായി ഉത്തരവാദിത്വത്തിലേക്ക് ചുരുങ്ങുന്ന മൂന്നാം ഘട്ടം. ഈ മൂന്നുകാലത്തും ജോര്‍ജിന് ഓരോ പ്രണയങ്ങളുണ്ട്.

സംവിധായകന്‍ പറഞ്ഞതുപോലെ ഇതില്‍ യുദ്ധമില്ല പ്രണയവും കുറച്ചുതമാശകളും മാത്രമേയുള്ളൂ. ബുദ്ധിജീവി ഡയലോഗുകളില്ല. കൃത്രിമത്വം തോന്നുന്ന ഒരു സീന്‍ പോലുമില്ല, കപടനാട്യങ്ങളെക്കാള്‍ സംഭാഷണത്തിലും ദൃശ്യങ്ങളും പ്രേമം ടീം പുലര്‍ത്തുന്ന സത്യസന്ധതയ്ക്ക് എത്ര മാര്‍ക്ക് കൊടുത്താലും മതിയാകില്ല. പറന്നുനടക്കാന്‍ പറ്റാത്ത പൂക്കളാണ് പൂമ്പാറ്റകളായി മാറുന്നതെന്ന് ചിത്രത്തിന്റെ അന്ത്യത്തില്‍ ഒരു കൂട്ടിച്ചേര്‍ക്കലുമുണ്ട്. റിയലിസ്റ്റിക്കായും സിനിമാറ്റിക്കായും മാറിമറിയുന്ന ആഖ്യാനശൈലിയാണ് സിനിമയുടെ രസവേഗം. ട്രീറ്റ്‌മെന്റുകൊണ്ടും സിനിമ വിജയിക്കും എന്നതിന് പ്രേമം വീണ്ടും ഉദാഹരണമാകുന്നു. ഒരു ന്യൂനതയെങ്കിലും എടുത്തുപറയണം എന്നുണ്ടെങ്കില്‍ സിനിമയുടെ ദൈര്‍ഘ്യം പറയാം. രണ്ട് മണിക്കൂര്‍ 45 മിനിറ്റാണ് ദൈര്‍ഘ്യം.

പടം കണ്ടിറങ്ങിയപ്പോള്‍ ആണ് മനസ്സില്‍ ഒരു സംശയം മുള പൊട്ടിയത്. ഒരു ചെറുപ്പക്കാരന്‍, അവന്റെ ജീവിതത്തില്‍ പല കാലഘട്ടത്തില്‍ കടന്നു വരുന്ന പ്രണയങ്ങള്‍. ഒരു പാട് വട്ടം കേട്ട തീം.. പുതുമകള്‍ ഇല്ലാത്ത കഥ എന്ന് സംവിധായകന്‍ തന്നെ പറഞ്ഞിരിക്കുന്നു എങ്കിലും ഇങ്ങനെ ഒരു കഥ പണ്ടെങ്ങോ ബൂലോകത്തില്‍ വായിച്ചതു പോലെ. വീട്ടില്‍ വന്ന പാടെ boolokam.com എടുത്തു ആ കഥ തപ്പാന്‍ ആരംഭിച്ചു. ഒടുവില്‍ അത് കിട്ടി.

എന്‍റെ പ്രണയാന്വേഷണ പരീക്ഷണങ്ങള്‍https://boolokam.com/archives/159212

ബംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജോലി രാജി വെച്ച്, സിനിമ സംവിധാനം തലയ്ക്കു പിടിച്ചു ഷൂട്ടിംഗ് ലൊക്കേഷനില്‍ പോയി സംവിധായകന്മാരെ കണ്ടു കഥ പറഞ്ഞു നിരാശനായി മടങ്ങുന്ന ചെറുപ്പക്കാരന്‍. സംവിധായകന്മാര്‍ നിരസിച്ച ആദ്യ കഥ – ആദ്യത്തെ കഥ – ‘എന്‍റെ പ്രണയാന്വേഷണ പരീക്ഷണങ്ങള്‍’  – തന്‍റെ ജീവിതത്തില്‍ പല കാലഘട്ടങ്ങളില്‍ കടന്നു പോയ 4 പെണ്‍കുട്ടികളെ കുറിച്ചുള്ള കഥ എഴുതാന്‍ യാത്രയില്‍ പരിചയപെട്ട യുവാവിനെ ഏല്‍പ്പിക്കുന്നു. രണ്ടാമത്തെ കഥ, ‘ഒടുവില്‍ ഞാന്‍ പ്രണയത്തെ കണ്ടെത്തിയപ്പോള്‍’  എഴുതി, സിനിമ ആക്കി അത് സൂപ്പര്‍ ഹിറ്റ്‌ ആയി ഓടുന്ന കഥ.

പക്ഷെ ആമുഖവും, കഥയുടെ ആദ്യ ഭാഗവുമായ ആദ്യാനുരാഗം (https://boolokam.com/archives/160994) വായിച്ച ഞാന്‍ നിരാശനായി. ബാക്കി 3 ഭാഗങ്ങള്‍ ഇല്ല. തുടര്‍ന്ന് കഥയില്‍ പറഞ്ഞ ലിങ്ക് പ്രകാരം http://www.entepranayanewshanapareekshanangal.blogspot.in/ എന്ന ബ്ലോഗില്‍ പോയി നോക്കിയെങ്കിലും അതിലും അവസാന മൂന്നു പ്രണയങ്ങളുടെ കഥ കണ്ടില്ല. പക്ഷെ പത്തില്‍ പതിഞ്ഞ പ്രണയം, മിണ്ടാപൂച്ച കലമുടച്ചു, കോളേജ് പ്രണയം, അടിക്കുറിപ്പ് എന്നിങ്ങനെ ടൈറ്റില്‍ നല്‍കിയിട്ടുണ്ട് എന്നതല്ലാതെ കഥ ഇല്ല.

ഇത്രയും വായിച്ചപ്പോള്‍ എനിക്ക് ഒരു സംശയം. ബൂലോകത്തില്‍ 2014 ജൂണില്‍ പ്രസിദ്ധീകരിച്ച കഥയുടെ ബാക്കിയുള്ള 3 പ്രണയങ്ങള്‍ ആണോ ‘പ്രേമം’? തട്ടത്തില്‍ മറയത്തിലെ ഡൈലോഗ് പറഞ്ഞു തുടങ്ങുന്ന ആദ്യ പ്രണയത്തിലെ നായിക ഷെഹനയുടെ പിന്മുറക്കാര്‍ ആണോ മേരിയും, മലരും, സെലിനും? ജോര്‍ജ് ഡേവിഡ്‌ എന്ന യുവാവ് ആയിരുന്നോ ആ ബസ്‌ യാത്രികന്‍?

ചോദ്യങ്ങള്‍ ഇനിയും ബാക്കി..