പ്ലസ് ടു കഴിഞ്ഞു: ഇനിയെന്ത്?

1519

career-guidence

പരീക്ഷകളുടെ ഒരു നീണ്ട കാലം കഴിഞ്ഞു അവധി ആസ്വദിക്കുകയാണ് കൊച്ചു കൂട്ടുകാര്‍ എല്ലാവരും. എന്നാല്‍ പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ അവധിക്കാലം എത്രത്തോളം ആസ്വദിക്കുന്നുണ്ട്? ഭൂരിഭാഗം പേരുടെയും മനസ്സില്‍ ഭാവിയെക്കുറിച്ചുള്ള ആശങ്കകളാണ്. ഏതു കോഴ്‌സ് എടുക്കണം, ഏതു കോഴ്‌സിനാണ് കൂടുതല്‍ ജോലി സാധ്യതകള്‍ ഉള്ളത്, എവിടെ പഠിക്കണം തുടങ്ങി ഒട്ടനേകം ചോദ്യങ്ങള്‍ മനസിലൂടെ ചുറ്റിക്കറങ്ങുകയാണ്. വേറെ ചിലര്‍ക്കാണെങ്കില്‍ ഒരു ആശങ്കയും ഇല്ല. കാരണം അവര്‍ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നു പോലുമില്ല. നമ്മുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും നമ്മെക്കാള്‍ ഏറെ നമ്മുടെ മാതാപിതാക്കളും ചുറ്റുമുള്ളവരും സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തില്‍ ആണ് നാം ജീവിക്കുന്നത്. പലരും ഉപരിപഠനമേഖല തിരഞ്ഞെടുക്കുന്നത് ഇതുപോലെ മറ്റുള്ളവരുടെ ഇഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍ ആണ്. മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ സ്വപ്‌നങ്ങള്‍ നമ്മുടേത് മാത്രമായിരിക്കട്ടെ.

വ്യത്യസ്ത ഉപരിപഠനസാധ്യതകളെക്കാള്‍ ഉപരി പഠനമേഖല തിരഞ്ഞെടുക്കുമ്പോള്‍ വരുന്ന ചില സാധാരണ പ്രശ്‌നങ്ങളെ എങ്ങനെ ശരിയായി കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. പഠനമേഖല തിരഞ്ഞെടുത്തവര്‍ക്ക് ആ തീരുമാനം ശരിയാണോ എന്ന് വിലയിരുത്തുവാനും, ഇനിയും തിരഞ്ഞെടുത്തിട്ടില്ലാത്തവര്‍ക്ക് വളരെ ശാന്തമായി ആ തീരുമാനം എടുക്കാനും ഈ ലേഖനം തീര്‍ച്ചയായും ഉപകരിക്കും. ഉപരിപഠനമേഖലകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ മുന്നില്‍ വരാവുന്ന ചില സാധ്യതകള്‍ ആണ് താഴെ അവതരിപ്പിക്കുന്നത്. ഇതില്‍ ഇതാണ് നിങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യം എന്ന് ചിന്തിക്കുക. അത് പ്രാവര്‍ത്തികം ആക്കുക.

1. ഇതുവരെ പഠിച്ച മേഖലയില്‍ ഉപരിപഠനം നടത്തുക

ഭാവിയെക്കുറിച്ച് നല്ല കാഴ്ച്ചപ്പാടുകള്‍ ഉള്ള ഭൂരിഭാഗം ആളുകളും ചെയ്യുന്നത് ഇതാവും. കാരണം പ്ലസ് ടുവിന് അഡ്മിഷന്‍ എടുക്കുമ്പോള്‍ തന്നെ ഇന്ന കോഴ്‌സ് ചെയ്യണം എന്നാ ലക്ഷ്യം അവര്‍ക്ക് ഉണ്ടാവും. മറ്റുചിലര്‍ക്ക് ചില പഠനവിഷയങ്ങളോട് താല്പര്യം തോന്നിത്തുടങ്ങുന്നത് പ്ലസ് ടുവില്‍ അവ പഠിച്ചതിനു ശേഷം ആയിരിക്കും. ഇനിയും വേറെ ചിലര്‍ വളരെ ദീര്‍ഘവീക്ഷണം ഉള്ളവര്‍ ആയിരിക്കും. ഉദാഹരണത്തിന്, ചിത്രകാരന്‍ ആവാന്‍ ആഗ്രഹിക്കുന്ന ഒരു കുട്ടി എക്കണോമിക്‌സ് പഠിച്ചാലും അവന്റെ സ്വപ്‌നങ്ങള്‍ നേടിയെടുക്കാം. എന്നാല്‍ കണക്കില്‍ ലഭിക്കുന്ന അളവുകളെക്കുറിച്ചുള്ള അറിവും ബയോളജിയില്‍ കിട്ടുന്ന മനുഷ്യമൃഗ ശരീരങ്ങളുടെ ഘടനയെക്കുറിച്ചുള്ള അറിവും തനിക്കു ചിത്രകലയില്‍ മുതല്‍ക്കൂട്ടാവുമെന്ന് അവനു മുന്‍കൂട്ടികാണാന്‍ കഴിഞ്ഞാല്‍, അവനു ദീഘവീക്ഷണം ഉണ്ട്. ഏറ്റവും പരിതാപകരം വേറെ ഒരു കൂട്ടരുടെ അവസ്ഥയാണ്. സയന്‍സ് പഠിച്ചത് കൊണ്ട് ഞാന്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ മെഡിസിന്‍ ചെയ്യും എന്ന് തീരുമാനിക്കുന്നവര്‍ ആണ് ഇക്കൂട്ടര്‍. അവര്‍ ആണ് ഭാവിയെക്കുറിച്ച് നന്നായി ചിന്തിക്കേണ്ടവര്‍.

2. പുതിയ ഒരു പഠനമേഖല കണ്ടെത്തുക

പലര്‍ക്കും ആവശ്യമായത് ഇതാണ്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ പല സ്‌കൂളുകളിലും വളരെ പരിമിതമായ ചോയിസുകളെ പ്ലസ് ടുവില്‍ കുട്ടികള്‍ക്ക് ലഭിക്കുന്നുള്ളൂ. അതുപോലെ, ഉപരിപഠനത്തിനു ലഭ്യമായ വ്യത്യസ്ഥ മേഖലകളെക്കുറിച്ച് അവര്‍ക്ക് ശരിയായ അറിവ് ലഭിക്കുന്നുമില്ല. ഇത് വരെ പഠിച്ചിരുന്നത് നിങ്ങളെ സംതൃപ്തന്‍ ആക്കുന്നില്ലേ? ഞാന്‍ ഇതല്ല പഠിക്കേണ്ടത് എന്ന് തോന്നല്‍ നിങ്ങളുടെ ഉള്ളില്‍ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? എങ്കില്‍ നിങ്ങള്ക്ക് ഇനിയും സമയമുണ്ട് മാറി ചിന്തിക്കുവാന്‍. വളരെയേറെ ഉപരിപഠനസാധ്യതകള്‍ ഇന്ന് നമ്മുടെ മുന്നിലുണ്ട്. അവയില്‍ നിങ്ങള്ക്ക് ഏറ്റവും യോജിക്കുന്നത് ഏതെന്നു കണ്ടെത്തുക. അതിനു വേണ്ടി പരിശ്രമിക്കുക. (വ്യത്യസ്ത ഉപരി പഠന സാധ്യതകളെക്കുറിച്ച് വരും ലേഖനങ്ങളില്‍ നമ്മുക്ക് കാണാം)

3.എന്ട്രന്‍സ് പരീക്ഷകള്‍ എഴുതുക

നിങ്ങള്‍ ഒരു പ്രത്യേക മേഖല തിരഞ്ഞെടുത്തു എന്ന് വിചാരിക്കുക. എന്നാല്‍ നിങ്ങള്ക്ക് അത് ചെയ്യാന്‍ പറ്റും എന്ന് എങ്ങനെയാണ് മനസിലാക്കാന്‍ ആവുക? അതിനുള്ള ഒരു വഴിയാണ് വിവിധ പ്രവേശന പരീക്ഷകള്‍. പ്രവേശന പരീക്ഷകളെക്കുറിച്ച് നമ്മുടെ മനോഭാവം തന്നെ മാറേണ്ടതുണ്ട്. നമ്മുക്ക് കിട്ടും എന്ന് ഉറപ്പുള്ള പരീക്ഷകള്‍ മാത്രമാണ് ഇന്ന് പലരും എഴുതുന്നത്. എന്നാല്‍ അങ്ങനെ അല്ല ചെയ്യേണ്ടത്. ഉദാഹരണത്തിന്, നിങ്ങള്ക്ക് രാട് വ്യത്യസ്ത പഠനമേഖലകില്‍ താല്പര്യം ഉണ്ടെന്നു വയ്ക്കുക. ഇന്ന് എല്ലാ മേഖലകളിലും പ്രവേശന പരീക്ഷകള്‍ ഉണ്ട്. നിങ്ങള്ക്ക് ആഗ്രഹം ഉള്ള രണ്ടു മേഖലകളിലെയും ഏറ്റവും ഉയര്‍ന്ന പ്രവേശന പരീക്ഷകള്‍ എഴുതുക. ഇതിനു രണ്ടു ഗുണങ്ങള്‍ ഉണ്ട്. ഒന്ന്, പഠിക്കുവാന്‍ പോകുന്ന മേഖലയെക്കുറിച്ച് എത്രത്തോളം അറിവ് നിങ്ങള്ക്ക് ഉണ്ട് എന്ന് മനസിലാക്കാം. രണ്ടു, വേണ്ടി വന്നാല്‍ തീരുമാനത്തില്‍ ഒരു നല്ല മാറ്റം സ്വീകരിക്കുകായും ചെയ്യാം. എന്നാല്‍, ചിലപ്പോള്‍ നമ്മുക്കിഷ്ടമുള്ള മേഖലയിലെ പരീക്ഷയിലും നമ്മള്‍ പരാജയപ്പെട്ടെന്ന് വരാം. അങ്ങനെ ഉള്ളപ്പോള്‍ വേണ്ടി വന്നാല്‍ നന്നായി തയ്യാറെടുത്തു ഒരു തവണ കൂടി പരിശ്രമിക്കുക.

എപ്പോഴും ഒരു ബാക്ക് അപ്പ് പ്ലാന്‍ ഉണ്ടായിരിക്കുക

മുന്‍പ് പറഞ്ഞത് പോലെ ആവശ്യമെങ്കില്‍ വീണ്ടും പരിശ്രമിച്ചു നമ്മുക്കിഷ്ടമുള്ള മേഖലയില്‍ തന്നെ ഉപരിപഠനം നടത്താന്‍ നമ്മുക്ക് കഴിയും. എന്നാല്‍ ചിലപ്പോള്‍ സാഹചര്യങ്ങള്‍ അതിനു അനുകൂലമായി വന്ന് എന്ന് വരികയില്ല. അങ്ങനെ സംഭവിച്ചാല്‍ ഇനി എന്ത് എന്ന് ആലോചിച്ചു പകച്ചുപോകാന്‍ ഇടകൊടുക്കാതിരിക്കുവാന്‍ ഇപ്പോഴും ഒരു ബാക്ക് അപ്പ പ്ലാന്‍ മനസ്സില്‍ ഉണ്ടാവുക. ഓര്‍ക്കുക, നിങ്ങള്ക്ക് ഇഷ്ടമുള്ള മേഖലയില്‍ ആണ് നിങ്ങള്ക്ക് ഏറ്റവും നന്നായി ശോഭിക്കാന്‍ ആവുക. വേറെ ഏതെങ്കിലും ഒരു സ്ഥലത്ത് നിങ്ങള്‍ എത്തിപ്പെട്ടാലും നിങ്ങളുടെ മനസ് മുഴുവന്‍ നിങ്ങളുടെ ഇഷ്ട മേഖലയില്‍ ആയിരിക്കും. അതിനാല്‍ എന്ത് വിലകൊടുത്തും, എത്ര കാത്തിരിക്കേണ്ടി വന്നാലും, നിങ്ങള്ക്ക് ഇഷ്ടമുള്ള മേഖല തന്നെ തിരഞ്ഞെടുക്കുക.

ഇപ്പോഴും മുഴുവന്‍ കാര്യങ്ങള്‍ പറഞ്ഞിട്ടില്ല എന്നറിയാം. അവ പറയുന്നതിന് മുന്‍പ്, നിങ്ങള്‍ നിങ്ങളുടെ ചിന്തകളെ ഒന്ന് അവലോകനം ചെയ്യുക. ഞാന്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം ശരിയാണോ എന്ന് സ്വയം ചോദിക്കുക. തീര്‍ച്ചയായും നിങ്ങള്‍ക്ക് ഉത്തരം ലഭിക്കുക തന്നെ ചെയ്യും.

Advertisements