ഫവാസ് സയാനിയുടെ “വണ്‍ ഡേ” : അഭിമുഖം

  380

  11150383_965628310134629_8556819070971621493_n

  ഡോക്ടര്‍ ജെയിംസ്‌ ബ്രൈറ്റ് രചന നിര്‍വഹിച്ചു സുനില്‍ പണിക്കര്‍ സംവിധാനം ചെയ്യുന്ന വണ്‍ ഡേ എന്നാ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വരുന്ന പുതുമുഖ നായകനാണ് ഫവാസ് സയാനിയെന്ന സായി. ശക്തി എന്ന തമിഴ് സീരിയലിലൂടെ തമിഴ് പ്രേക്ഷകകരുടെ ഇഷ്ട നായകനായി മാറിയ ഫവാസ് സയാനി എന്ന കോഴിക്കോടുകാരന്‍ മോഡലിംഗ് രംഗത്ത് നിന്നുമാണ് സീരിയലിലും ഇപ്പോള്‍ സിനിമയിലും എത്തി നില്‍ക്കുന്നത്.

  ഫവാസ് സയാനി എന്ന സാധരണക്കാരനായ കോഴിക്കോടുകാരനെ പറ്റിയും വണ്‍ ഡേ എന്ന ചിത്രത്തെ പറ്റിയും സായി ഇവിടെ മനസ്സ് തുറക്കുന്നു…

  1. ഫവാസ് സയാനി എന്ന നടന്റെ കുടുംബം ? 

  ഞാന്‍ ഒരു കോഴിക്കോടുകാരനാണ്. അച്ഛനും അമ്മയും അനുജത്തിയും അടങ്ങുന്ന കുടുംബം. അവര്‍ എല്ലാം വിദേശത്താണ്. പെങ്ങള്‍ കല്യാണം കഴിച്ചു ഭര്‍ത്താവിന്റെ ഒപ്പം സൗദിയില്‍ താമസിക്കുന്നു.

  2. കോളേജ് ജീവിതം ? 

  നാഷണല്‍ കോളേജില്‍ ഡിഗ്രി കമ്പ്ലീറ്റ് ചെയ്തു. കൂടെ അനിമേഷനും. പിന്നെ മോഡലിംഗ് രംഗത്തേക്ക് പ്രവേശിച്ചു. റാമ്പ് ഷോകള്‍ വഴിയാണ്  മോഡലിംഗ് രംഗത്തേക്ക് എത്തുന്നത്.

  3.  മോഡലിംഗ് വഴി റാമ്പ് ഷോകള്‍. അവിടെ നിന്നും എങ്ങനെ ശക്തിയില്‍ എത്തി ? 

  മോഡലിംഗ് രംഗത്ത് സജീവമായി തുടങ്ങിയപ്പോള്‍ എനിക്ക് ഒരുപാട് റാമ്പ് ഷോകള്‍ ചെയ്യാന്‍ അവസരം ലഭിച്ചു. അവിടെ നിന്നും പ്രിന്‍റ് പരസ്യങ്ങള്‍, പിന്നെ വീഡിയോ പരസ്യങ്ങള്‍, ടെലി-ഫിലിം, ഷോര്‍ട്ട് ഫിലിം, അവസാനം ആ യാത്ര അവസാനിച്ചത് ശക്തിയിലാണ്.

  4. സായി ചെയ്ത പരസ്യങ്ങള്‍, ഹൃസ്വ ചിത്രങ്ങള്‍ ?

  പോലീസിനു വേണ്ടി ഒരു ടെലിഫിലിം ചെയ്തിട്ടുണ്ട്, ‘കുഞ്ഞൂസ് നെവെര്‍ ഏന്‍ഡ്സ്’ എന്ന ഷോര്‍ട്ട് ഫിലിം, പിന്നെ ഇപ്പോള്‍ അവസാനമായി ചെയ്ത പത്രപരസ്യം എന്ന് പറയുന്നത് കല്യാണ്‍ സില്‍ക്സിന് വേണ്ടി ചെയ്തതാണ്.

  5. സായി എങ്ങനെ ഒരു മോഡലായി ? ഒരു മോഡലാകാന്‍ സായിയെ പ്രേരിപ്പിച്ച ഖടകം?

  ഐ ലവ് മൈസെല്‍ഫ്. എല്ലാവരിലും നിന്നും വ്യത്യസ്തനായി ഇരിക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. എല്ലാവരും എന്റെ മുഖം കാണണം, എന്നെ ലോകം തിരിച്ചറിയണം എന്നൊക്കെ ഞാന്‍ ആഗ്രഹിച്ചു. പിന്നെ എല്ലാം വിധി.

  22699 965628456801281 2928270915395794356 n

  6. കോഴിക്കോടുകാരന്‍ ഫവാസ് സയാനി സണ്‍ നെറ്റ് വര്‍ക്കിന്റെ “ശക്തിയില്‍” എത്തിയ കഥ ? 

  എന്റെ ഒരു അടുത്ത സുഹൃത്ത് വഴിയാണ് ഈ സീരിയലിലേക്ക് പുതുമുഖങ്ങളെ തേടുന്നുവെന്നു അറിയാന്‍ കഴിഞ്ഞത്. അതിനു വേണ്ടി നടത്തിയ ഓഡിഷനില്‍ ഞാനും പങ്കെടുത്തു. എന്റെ ഭാഗ്യം കൊണ്ട് എനിക്ക് അതില്‍ അവസരം ലഭിച്ചു.

  7. ശക്തിയിലെ വേഷം ?

  ജീവ എന്ന് പേരുള്ള നായക വേഷമാണ് ഞാന്‍ ശക്തിയില്‍ ചെയ്തത്. ഒരു ഫോട്ടോഗ്രാഫറുടെ വേഷമാണ്. സണ്‍ നെറ്റ് വര്‍ക്ക് ചെയ്ത ഏറ്റവും മികച്ച സീരിയലുകളില്‍ ഒന്നാണ് ശക്തി. ഈ സീരിയലിലെ അഭിനയത്തിന് എനിക്ക് ഏറ്റവും മികച്ച നടനുള്ള സണ്‍ അവാര്‍ഡ്‌ ലഭിച്ചു.

  8. എന്താണ് വണ്‍ ഡേ എന്ന സിനിമ മലയാളി പ്രേക്ഷകര്‍ക്കായി കാത്തു വച്ചിരിക്കുന്നത്?

  ഡോക്ടര്‍ ജെയിംസ്‌ ബ്രൈറ്റ് രചന നിര്‍വഹിച്ചു ബൂലോകം മൂവീസിന്റെ ബാനറില്‍ സുനില്‍ പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്‍ ഡേ. ഇത് ഒരു സസ്പന്‍സ് ത്രില്ലര്‍ സിനിമയാണ്. ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ ജീവിതത്തില്‍ 24 മണിക്കൂര്‍ കൊണ്ട് സംഭവിക്കുന്ന സംഭവ വികാസങ്ങളുടെ കഥ.  2 മണിക്കൂര്‍ തീയറ്ററില്‍ പോയി ഇരുന്നു “അയ്യോ, എന്റെ പൈസ പോയില്ലേ” എന്ന് പറയാതെ കാണാന്‍ കഴിയുന്ന ഒരു സിനിമ.

  9. ആരാണ് സ്റ്റീഫന്‍ പോള്‍ ? 

  ഇതിലെ എന്റെ കഥാപാത്രത്തിന്റെ പേര് സ്റ്റീഫന്‍ പോള്‍ എന്നാണ്. തന്റെ ജോലിയോട് അങ്ങേയറ്റം ആത്മാര്‍ഥത പുലര്‍ത്തുന്ന ഒരു എസ്ഐയാണ് സ്റ്റീഫന്‍. സമാധാനപരമായ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു ദിവസം ചില കാര്യങ്ങള്‍ സംഭവിക്കുന്നു. തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെ സിനിമ മുന്നോട്ട് നീങ്ങുന്നു.

  10. എങ്ങനെയാണ് വണ്‍ ഡേയില്‍ എത്തിയത് ? 

  സിനിമയില്‍ ഒക്കെ കാണും പോലെ ദുസഹമായ യാത്ര തന്നെയായിരുന്നു എന്‍റെയും. ഒരുപാട് കഷ്ടപ്പെട്ടും അവസരങ്ങള്‍ക്ക് വേണ്ടി കാത്തിരുന്നും ഒക്കെയാണ് ഞാന്‍ ഇവിടെ വരെ എത്തിയത്. വണ്‍ ഡേയുടെ സംവിധായകന്‍ സുനില്‍ പണിക്കര്‍ക്ക് എന്നെ ഒരു മോഡല്‍ എന്നാ രീതിയില്‍ അറിയാമായിരുന്നു. ഈ ചിത്രത്തിന് വേണ്ടി ഒരു പുതുമുഖത്തെ തേടിയപ്പോള്‍ അദ്ദേഹം എന്നെ സെലക്റ്റ് ചെയ്തു.?

  11. ആദ്യം മോഡലിംഗ്, പിന്നെ സീരിയല്‍, ഇപ്പോള്‍ സിനിമ…എങ്ങനെ നോക്കി കാണുന്നു ?

  എല്ലായിടത്തും അഭിനയം ഒന്ന് തന്നെ. മോഡലിംഗ് രംഗത്ത് ഇപ്പോള്‍ പിടിച്ചു നില്‍ക്കുക ബുദ്ധിമുട്ടാണ്. കാരണം ഓരോ ദിവസവും ഓരോ പുതിയ മോഡല്‍ രംഗപ്രവേശനം ചെയ്യുകയാണ്. സ്വന്തമായി ഒരു സ്റ്റൈല്‍ ഉണ്ടെങ്കില്‍ മാത്രമേ ഇവിടെ പിടിച്ചു നില്ക്കാന്‍ സാധിക്കുകയുള്ളൂ.

  സീരിയലില്‍ സിനിമയെക്കാള്‍ കൂടുതല്‍ ‘സീനുകള്‍’ ഉണ്ട് എന്നത് മാത്രമാണ് വ്യത്യാസം എന്ന് എനിക്ക് തോന്നുന്നു.

  12. നായികാ ദിശ ദിനകര്‍. താങ്കളെ പോലെ മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക്.? 

  ഞാനും ദിശയും പഴയ കൂട്ടുകാരാണ്. അത്കൊണ്ട് തന്നെ ഈ ചിത്രത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചപ്പോള്‍, വലിയ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. തികച്ചും സാധരണ ഗതിയില്‍ ഞങ്ങളെ കൊണ്ട് പറ്റുന്നതിന്റെ മാക്സിമം ഞങ്ങള്‍ ചെയ്തിട്ടുണ്ട്.

  13. ഷൂട്ടിനിടെ താങ്കള്‍ ദിശയ്ക്കിട്ട് ഒരു അടി കൊടുത്തു എന്ന് സെറ്റില്‍ ഒരു സംസാരം ഉണ്ട്…

  അയ്യോ…അത് ഒരു വല്ലാത്ത അനുഭവം തന്നെയായിരുന്നു. നായികയെ നായകന്‍ അടിക്കുന്ന ഒരു സീന്‍ ഉണ്ട്. ഇതിനു വേണ്ടി ദിശയെ ഞാന്‍ ഒരു ‘കൈ അകലം’ നീക്കി നിര്‍ത്തിയിരുന്നു. പക്ഷെ സീന്‍ എടുത്തപ്പോള്‍ കണക്കുകൂട്ടലുകള്‍ ചെറുതായി ഒന്ന് പിഴച്ചു. എന്റെ കൈ അവളുടെ ചെകിടത്ത് ചെറുതായി ഒന്ന് കൊണ്ടു..

  11156154 965628333467960 8463468090163737371 n

  14. അടി കൊടുത്തത് ഒഴിച്ചാല്‍ ഷൂട്ടിനിടെ സംഭവിച്ച രസകരമായ മറ്റൊരു അനുഭവം എന്താണ്? 

  ഞാനും ദിശയും പരസ്പരം കെട്ടിപിടിക്കുന്ന രംഗമുണ്ട്. ഈ സീനിനു വേണ്ടി ഞങ്ങള്‍ ഇങ്ങനെ കെട്ടിപിടിച്ചു നില്‍ക്കുകയാണ്. ഇത് അഭിനയിക്കുന്നതിന്റെ ഇടയില്‍ സംവിധായകന്‍ കട്ട്‌ പറയാന്‍ വിട്ടു പോയി. ക്യാമറയും മറ്റു പ്രവര്‍ത്തകരും അടുത്ത സീന്‍ സെറ്റ് ചെയ്യാന്‍ തുടങ്ങിയിട്ടുംഞങ്ങള്‍ ‘അഭിനയം’ തുടര്‍ന്നു…

  15. ഫവാസ് സയാനിയെന്ന നടനെ രൂപപെടുത്തിയത് ?

  തീര്‍ച്ചയായിട്ടും ശക്തി തന്നെയാണ്. എന്റെ സംവിധായകന്‍ തന്നെയാണ് എന്നിലെ നടനെ രൂപപ്പെടുത്തിയത്.

  16. ഫവാസ് ചെയ്യാന്‍ ആഗ്രഹിച്ച ഒരു ചിത്രം ഉണ്ടോ?

  ഉണ്ട്. അന്‍വര്‍. അതിന്റെ പ്രിഥ്വിരാജിന്റെ വേഷം.

  17. മമ്മൂക്കയുടെ പടത്തില്‍ ഒരു അഥിതി വേഷം ചെയ്യാന്‍ സായിക്ക് അവസരം ലഭിക്കുന്നു. അതെ സമയം ലാലേട്ടന്റെ പടത്തില്‍ മുഴുനീള വേഷത്തിനും അവസരം ലഭിക്കുന്നു. സായി ഏത് സിനിമ തിരഞ്ഞെടുക്കും?

  മമ്മൂക്കയും ലാലേട്ടനും ഓരോ മലയാളിക്കും ഒരു പോലെ ഇഷ്ടമാണ്. പക്ഷെ ഈ ഒരു അവസരത്തില്‍ ഞാന്‍ ലാലേട്ടന്റെ സിനിമ തിരഞ്ഞെടുക്കും. കാരണം മമ്മൂക്കയുടെ കൂടെ ഒരു സീനില്‍ അഭിനയിച്ചാല്‍ ഒരു പുതുമുഖം ആയ എന്നെ ചിലപ്പോള്‍ ലോകം തിരിച്ചറിയില്ല. പക്ഷെ ലാലേട്ടന്റെ കൂടെയുള്ള ഫുള്‍ ടൈം വേഷം എന്നെ മലയാളികള്‍ക്ക് സുപരിചിതാനാക്കും.

  18. ശക്തി സീരിയല്‍ തമിഴ് നാട്ടില്‍ ആരാധകരെ നേടി തന്നിട്ടുണ്ടോ? 

  ഒരുപാട്. എനിക്ക് ഒരുപാട് പ്രണയലേഘനങ്ങളും മെസ്സേജുകളും ഒക്കെ ലഭിക്കാറുണ്ട്. ഇപ്പോള്‍ ഷൂട്ടിനു വേണ്ടി ചെന്നൈ പോകുമ്പോള്‍ അവിടെ ഓട്ടോക്കാര്‍ എന്റെ കൈയ്യില്‍ നിന്നും പൈസ വാങ്ങാറില്ല. ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിക്കുമ്പോഴും ഇതാണ് അവസ്ഥ. എന്റെ സ്വകര്യതയേ ഞാന്‍ പ്രണയിക്കുന്നു. അത് കൊണ്ട് ഇത്തരം കാര്യങ്ങള്‍ കഴിയുന്നതും ഞാന്‍ ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ട്.

  19. തങ്ങളുടെ ഏറ്റവും മികച്ച ഒരു സ്വഭാവം എന്താണ് ? മോശപ്പെട്ടതും…

  ഞാന്‍ ഒരു സ്വപ്ന ജീവിയാണ്. ആളുകള്‍ എന്നെ ജാഡ, റഫ് എന്നൊക്കെ പറയുമെങ്കിലും ശരിക്കും ഞാന്‍ ഒരു പാവമാണ്. ഉള്ളത് ഉള്ളത് പോലെ പറയാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. ആരില്‍ നിന്നും എനിക്ക് ഒന്നും ഒളിക്കാന്‍മ ഇല്ല. ഇതു തന്നെയാണ് എന്റെ ഏറ്റവും മികച്ചതും മോശമായതുമായ സ്വഭാവം.

  20. താരങ്ങള്‍ അവരുടെ പ്രായത്തിനു അനുസരിച്ചുള്ള വേഷങ്ങള്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂ എന്ന് തങ്ങള്‍ക്ക് തോന്നുണ്ടോ?

  ഇല്ല. സിനിമ എന്ന് പറയുന്നത് ഒരു വ്യവസായമാണ്. ആളുകള്‍ താരങ്ങളെ അവര്‍ ചെയ്യുന്ന എലാ വേഷങ്ങളിലും ഇഷ്ടപ്പെടുന്നുവെങ്കില്‍ പിന്നെ അവര്‍ പ്രായത്തിന്റെ പുറകെ പോകേണ്ട കാര്യം എന്താണ്?

  123

  21. സായി ഇഷ്ടപ്പെടുന്ന താരങ്ങള്‍?

  താരം എന്നതില്‍ ഉപരി ഒരു സാധാരണക്കാരനായിയിരിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. കലാഭവന്‍ മണിയും, അജിത്തും ഒക്കെ ഇന്നും അവരുടെ നാട്ടിലെ ‘സാധാരണക്കാരനാണ്’. അജിത്‌ ഇപ്പോഴും മലക്കറി വാങ്ങാന്‍ സ്വന്തം ബൈക്കില്‍ കടയില്‍ പോകുന്ന ഒരു വ്യക്തിയാണ്. ഇവരെയൊക്കെ പോലെ ഒരു സാധാരണക്കാരനായി ജീവിക്കാനാണ് എനിക്കും ഇഷ്ടം.

  22. സായിയുടെ സൌഹൃദങ്ങള്‍?

  മുന്‍പ് ജീവിതത്തില്‍ സംഭവിച്ച ചില തിരിച്ചടികള്‍ കാരണം ഇപ്പോള്‍ ഞാന്‍ സൌഹൃദങ്ങളില്‍ വിശ്വസിക്കുന്നില്ല. എങ്കിലും ശക്തിയുടെ സെറ്റില്‍ നിന്നും എനിക്ക് ലഭിച്ച രണ്ടു കൂട്ടുകാര്‍, അല്ലെങ്കില്‍ സഹോദരങ്ങള്‍ എന്ന് തന്നെ പറയാന്‍ സാധിക്കുന്ന മനു മുരളിയും ആദര്‍ശും എന്റെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ്.

  23. സായി ഇന്ന് ഇവിടെ എത്തിയതിനു ആരോടാണ് നന്ദി പറയുന്നത്?

  ഈശ്വരനോടും പിന്നെ ദൈവത്തോടും. എപ്പോഴും എന്തിനും എന്റെ കൂടെ നിന്ന വ്യക്തിയാണ് എന്റെ അച്ഛന്‍. അദ്ദേഹം എനിക്ക് നല്‍കിയ സ്വതന്ത്രയമാണ് ഇന്ന് എന്നെ ഇവിടെ എത്തിച്ചത്. 

  24. ഇതുവരെയുള്ള ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ “ഞാന്‍ ഇവരോട് എന്നും കടപ്പെട്ടിരിക്കുന്നു” എന്ന് പറയുന്നുവെങ്കില്‍ അത് ആരാണ്? സുഹൃത്തുക്കള്‍, കുടുംബങ്ങള്‍, അങ്ങനെ ആരെങ്കിലും, സായിയുടെ ജീവിതത്തിലെ മറക്കാന്‍ സാധിക്കാത്ത സാനിധ്യം? 

  ഏറ്റവും കടപ്പാട് എനിക്ക് ഉള്ളത് ഞാന്‍ നേരത്തെ പറഞ്ഞ പോലെ എന്റെ അച്ഛനോടും ദൈവത്തോടുമാണ്. ഇവരെ കൂടാതെ എനിക്ക്, എന്റെ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത രണ്ടുപേര്‍ കൂടിയുണ്ട്. ഞാന്‍ മാനസികമായും സാമ്പത്തികമായും തകര്‍ന്നു നിന്ന ഒരു അവസ്ഥയില്‍ എന്നെ കൈപിടിച്ചു ഉയര്‍ത്തിയ രതീഷ്‌ കുറുപ്പും ഫാസില്‍ പാച്ചുവും. അവരുടെ ഒപ്പം എന്റെ അളിയന്‍ ഷെന്‍ഹറും എനിക്ക് എന്നും സപ്പോര്‍ട്ട് തന്നിട്ടുള്ള വ്യക്തിയാണ്. ഇവര്‍ ഒന്നും ഇല്ലായിരുന്നുവെങ്കില്‍ ഇന്ന് ഞാന്‍ ഒരിടത്തും എത്തില്ലായിരുന്നു.

  25. സായി ഇന്ന്‍ ഇപ്പോള്‍ എവിടെ?

  ശക്തിയുടെ ഷൂട്ട്‌ അവസാനിച്ചു. വണ്‍ ഡേ മെയ്‌ മാസത്തില്‍ റിലീസ് ചെയ്യും. ഇപ്പോള്‍ ഞാന്‍ കുറച്ചു പരസ്യങ്ങളില്‍ അഭിനയിക്കുന്നു. ചുമ്മാതെ ഇരിക്കാന്‍ ഇഷ്ടമില്ലാത്ത ഒരു വ്യക്തിയാണ് ഞാന്‍. ഇനി റിലീസ് സമയത്ത് വീണ്ടും തിരുവനന്തപുരത്ത് എത്തി വണ്‍ ഡേ ടീമിന്റെ ഒപ്പം ഇരുന്നു സിനിമ കാണണം.