Featured
ഫിനിക്സ് പക്ഷി

പുരാണേതിഹാസങ്ങളില്‍ കാണാവുന്ന ഒരു പക്ഷിയുണ്ട്, ഐതിഹ്യവുമായി ബന്ധപെട്ട പക്ഷി,വര്‍ണ്ണക്കൂട്ടുള്ള തൂവല്‍പ്പൂടയും കനകം പോലെ വാല്‍ഭാഗവുമുള്ള ഈ പക്ഷിയുടെ പ്രത്യേകത സെഞ്ച്വറികള്‍ ജീവിക്കും, പ്രായമാകുന്നതോടെ സ്വന്തമായി കൂട് നിര്‍മ്മിച്ച് അതിനു തീപിടിപ്പിക്കും. കൂടും പക്ഷിയും ചാരമായിതീര്‍ന്നാല്‍ ചാരം ഒരു പുതിയ പക്ഷിയുടെ മുട്ടയായിമാറുകയും യൌവ്വനത്തോടെ പക്ഷി പുനര്‍ജനിക്കുകയും ചെയ്യും.
ഈ പൌരാണിക പ്രതീകാത്മകപക്ഷിയെ പോലെ സ്വന്തമായി നശിക്കുന്നതല്ലെങ്കിലും നാശനഷ്ടങ്ങളുണ്ടായാല്‍ അതിന്റെ ചാരങ്ങളില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഫിനിക്സ് പക്ഷിയെപോലെയാണ് ജപ്പാനെന്നു ചരിത്രത്തില്‍ അവര്‍ സ്വപ്രയത്നങ്ങള്‍കൊണ്ട് വീണ്ടും രേഖപെടുത്തി കഴിഞ്ഞു.ആറ്റൊമിക് ബോംബിന്റെ നാശനഷ്ടങ്ങളെ തരണം ചെയ്തു ജപ്പാനെന്ന രാഷ്ട്രംഉയര്ത്തെഴുന്നേല്പ്പിന്റെ രാഷ്ട്രമാണെന്നു തെളിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഭൂകമ്പവുംസുനാമിയും ജപ്പാന്റെ ഒരു ഭാഗം വിഴുങ്ങിയപ്പോള്‍ ലോകം പ്രാര്‍ത്ഥിച്ചു, ഫിനിക്സ്പക്ഷിയെപോലെ വീണ്ടും ഉയര്‍ന്നുവരട്ടെ എന്ന്. ലോകത്തിനു പ്രതീക്ഷയുണ്ട്, ആപ്രതീക്ഷകള്ക്കനുസരിച്ച് ജപ്പാന് കുതിച്ചുയര്‍ന്നിരിക്കുന്നു.
കഴിഞ്ഞ മാര്‍ച്ചിലാണ് ജപ്പാന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍ പ്രകൃതിദുരന്തമുണ്ടായത്. അത് തീരപ്രദേശങ്ങളില്‍ കനത്ത നാശമുണ്ടാക്കി. ഫുകുഷിമ ന്യൂക് റിയാക്ടറിന്റെ തകര്‍ച്ചയും ന്യൂക്ലിയര്‍ റേഡിയേഷനും വലിയ പ്രശ്നമായി ലോകത്തിനെ ഭീതിയില്‍ നിറുത്തി. പ്രകൃതി ദുരന്തത്തില്‍ ഇരുപതിനായിരത്തില്‍ പരം മരിക്കുകയോ മിസ്സാവുകയോ ചെയ്തു. റേഡിയേഷന് ഭയപെട്ട് ഒരു ലക്ഷത്തില്‍ പരം ആളുകള്‍ എല്ലാം ത്യജിച്ചു ജീവനുംകൊണ്ട് രക്ഷപെട്ടു. ലോകത്തിന്റെ പല ഭാഗത്തുനിന്നും സഹായാനുഭൂതികളുണര്ന്നു. കുടുംബകാര്യങ്ങളേക്കാള്പ്രധാന്യത്തോടെ ഈ പ്രശ്നം കൈകാര്യം ചെയ്യും, ദുരന്തസ്ഥലം പുനര്‍നിര്‍മ്മിക്കുമെന്നും ഭരണാധികാരികള്‍ പറഞ്ഞു.
അധികാരികള്‍ ബൃഹത്തായ പദ്ധതികള്‍ നടപ്പില്‍ വരുത്തി, ഒലിച്ചുപോയതും തകര്‍ന്നതുമായ വീടുകളും റോഡുകളും സ്ഥാപനങ്ങളും പുനര്‍നിര്‍മ്മിച്ചു, അതേ സ്ഥലത്ത് അതേ രൂപത്തില്‍. ഒരു വലിയ പ്രദേശത്തെ ദുരന്ത അവശിഷ്ടങ്ങളെല്ലാം മാറ്റി വൃത്തിയാക്കി. തകര്‍ന്നുപോയ വാഹനങ്ങളും വിമാനങ്ങളും ബോട്ടുകളുമായി 23 മില്ല്യന്‍ ടണ്‍ അവശിഷ്ടങ്ങളുണ്ടായിരുന്നു. പ്രധാനപെട്ട റോഡുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുനര്‍ നിര്‍മ്മിച്ചത് വാര്‍ത്തയായിരുന്നു.രാജ്യത്തെ മന്ത്രിസഭ 50 ബില്ല്യണ്‍ യു,എസ്. ഡോളറിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് അനുവദിച്ചു. ഹിരോഷിമയേയും നാഗസാക്കിയേയും അറ്റോമിക് ബോംബ് തകര്‍ത്തപ്പോള്‍ പുനര്‍ നിര്‍മ്മാണത്തിനു നല്‍കിയതിനു ശേഷം ഇപ്പോഴാണ് ഇത്രയും വലിയ ഒരു പ്രൊജക്റ്റിനു മന്ത്രിസഭ അംഗീകാരം നല്‍കുന്നത്. കഴിഞ്ഞ ദുരന്തത്തെ മൂല്ല്യനിര്‍ണ്ണയം നടത്തിയത് 3000ബില്ല്യണിന്റെ പൂര്‍ണ്ണമായ നാശമാണ്.
പറഞ്ഞുവരുന്നത്, ഒരു ജനതയുടെ ഇച്ഛാശക്തിയെ പ്രകൃതി ദുരന്തങ്ങള്‍കൊണ്ട് കീഴടക്കാനായില്ല എന്നതാണ്. ആകെ ഉണ്ടായിരുന്ന പ്രശ്നം വിദേശ മാധ്യമങ്ങളുടെ ഇടപെടല്‍ മാത്രമായിരുന്നു. ന്യൂക്ക് വിഷയം കുത്തിനിറച്ചു ഊഹ കഥകളുമായി ചര്‍ച്ചകളും വാര്‍ത്തകളുമായി നീങ്ങിയപ്പോള്‍ ദുരന്ത കഥാപാത്രം ഉറക്കമൊഴിച്ച് തങ്ങള്‍ക്ക് നഷ്ടപെട്ടവ തിരിച്ചുപിടിക്കാനുള്ള കഠിന പ്രയത്നത്തിലേര്പെട്ടു കഴിയാവുന്നതൊക്കെ തിരിച്ചുപിടിച്ചു.കുറച്ചു സംസാരിക്കുക, കൂടുതല്‍ പ്രവര്‍ത്തിക്കുക ലക്ഷ്യം കാണുക എന്നതായിരുന്നു ജപ്പാനികളുടെ പോളിസി എങ്കില്‍ നമ്മുടെ പോളിസി തിരിച്ചാണ്. നമുക്ക് ചര്‍ച്ചകള്‍ക്കും സെമിനാറുകള്‍ക്കും മാത്രമെ സമയമുള്ളൂ.
മുല്ലപെരിയാറിനെ പോലുള്ള ജനങ്ങളെ നേരിട്ടുബാധിക്കുന്ന അധിക വിഷയങ്ങളും അങ്ങിനെയാണല്ലൊ. സാധാരണക്കാരെനെ ബാധിക്കുന്ന വിഷയങ്ങളില്‍ അത്രയൊക്കെ മതി. നമ്മുടെ നാട്ടിലുണ്ടായ ഭൂകമ്പങ്ങളിലും സുനാമികളിലും തകര്‍ന്നടിഞ്ഞിരുന്നത് കോര്‍പ്പറേറ്റ് ആസ്ഥാനങ്ങളായിരുന്നെങ്കില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും മന്ത്രിമാര്‍ സഹായം നല്കിയേനെ, എന്നാല്‍ പുനര്നിമ്മിക്കേണ്ടത് പാവപെട്ടവരുടേതായതിനാല് സര്‍ക്കാര്‍ ഖജനാവില്‍ കാശില്ലാതെയാവുന്നു. ബദല്‍ സംവിധാനമായി ആള് ദൈവങ്ങളും മാധ്യമ രാജാക്കന്മാരുമാണിന്ന് പുനര്‍നിര്‍മ്മാണം കൈകാര്യം ചെയ്യുന്നത്.
ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന ദുരിതാശ്വാസനിധികള്‍ തങ്ങളുടെ പല പ്രൊജക്റ്റുകളിലും ഉപയോഗപെടുത്തി റോട്ടേഷന്‍ ബിസിനസ്സ് നടത്തുന്നു. കോടികള്‍ മാസങ്ങളോളം ബേങ്കിലിട്ടാല്‍ കിട്ടുന്ന പലിശ, അതല്ലെങ്കില്‍ ബിസിനസ്സിലിറക്കി കാശുണ്ടാക്കിയതിനു ശേഷം കുറച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടത്തിയിട്ട് നാലനുഭാവികളെ കൂട്ടി ഫോട്ടൊയും നല്ല ഹെഡിങ്ങും വെച്ചൊരൂ ന്യൂസ് വിട്ടാല്‍ ജനങ്ങള്‍ക്ക് നല്‍കേണ്ട ബാധ്യതയും കണക്കും തീര്‍ന്നു.ഉദ്ഘാടനത്തിനു ഭരണാധികാരികളേ കൂട്ടിയാല്‍ രാഷ്ട്രീയ ശിങ്കിടികളുടെ വായക്കും ലോക്ക്വീഴും. പ്രശ്നങ്ങള്‍ ‘വേണ്ടവിധം ഉപയോഗപെടുത്താന്‍’ നമ്മുടെ സര്‍ക്കാറിനെ പോലെമാധ്യമങ്ങള്ക്കും കഴിയുമെന്ന് തെളിയിക്കപെടുന്നു. കോട്ടയം മുത്തശ്ശി മുതല്‍ വഴിത്തിരിവ് വാഗ്ദാനം ചെയ്തവര്‍ പോലും കോടികളുടെ ദുരിതാശ്വാസനിധി പല ബിസിനസ്സിലുംഉപയോഗപെടുത്തുന്നു എന്നത് അനൌദ്യോഗികമായി ലഭിച്ച വിവരമാണ്.സത്യമായിട്ടാണെനിക്ക് തോന്നിയതും.
കിട്ടുന്ന ലാഭങ്ങളുടെ കണക്കുകള്‍ കൊണ്ട് മറ്റു പല പ്രൊജക്ടുകളും നടത്തി അവസാനം പേരിനു നാല് ഇഷ്ടിക കട്ടകള്‍ കൊണ്ട് പാവപെട്ടവന് ‘മണിമന്ദിര’മുണ്ടാക്കി കണക്ക് നിരത്തും. ഇതല്ലെ നമ്മുക്കിടയില്‍ കാണുന്ന ദുരിതാശ്വാസ പ്രവര്‍ത്തനം? അതൊക്കെ ശ്രദ്ധിക്കാന്‍ ആരുണ്ട്? അധികാരികളുടെ അശ്രദ്ധയാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കാരണം.മനുഷ്യ സമൂഹത്തെ ബാധിക്കുന്ന അതി ഗൌരവ വിഷയങ്ങളെ അശ്രദ്ധയോടെ കൈകാര്യം ചെയ്തതായിരുന്നല്ലൊ ഭോപ്പാല്‍ ദുരന്തത്തിനു കാരണം. പ്രതിസ്ഥാനത്ത് നഷ്ടപരിഹാരം നല്‍കേണ്ടത് കുത്തക കമ്പനികളായതിനാല്‍ നഷ്ടപരിഹാരങ്ങള്‍ മരീചികയായി. ഗവണ്മെന്റ് നല്‍കേണ്ട സഹായത്തെ കുറിച്ച് പറയുമ്പോള്‍ കുത്തക കമ്പനികളിലേക്ക് വിഷയം ഡൈവേര്‍ട്ട് ചെയ്യപെടുന്നു. കുത്തക കമ്പനികളോട് മൃദുസമീപനവും സ്വീകരിക്കുന്നു. നമ്മുടെ ‘പാവം'(!)ഭരണകൂടം സ്വന്തം ജനതക്ക് വേണ്ടി ഇങ്ങിനെ കഷ്ടപെടുന്നത് കണ്ടാല്‍ എല്ലാം നഷ്ടപെട്ടവര്‍ പോലും ഒന്നും വേണ്ടെന്ന് തീറെഴുതികൊടുക്കും.
പതിറ്റാണ്ടുകള്‍ കഴിഞ്ഞു, നഷ്ടപരിഹാരം കൊടുക്കേണ്ടവരെ രക്ഷപെടുത്തി അവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്കി രക്ഷപെടുത്തിയതിനു ശേഷം വീണ്ടും ഇറങ്ങിയിരിക്കുന്നു ലണ്ടന്‍ ഒളിമ്പിക്സിനിടയില് ഭോപ്പാല്‍ ബോംബുമായി. ജനശ്രദ്ധ തെറ്റിക്കേണ്ട വല്ല പദ്ധതികളും ഉണ്ടാവും, അപ്പഴാണല്ലൊ ഇത്തരം വാര്‍ത്തകള്‍ വിഷയമാകുന്നത്. അതില്‍ ജനങ്ങളെ കെട്ടിയിടാന്‍ മാധ്യമങ്ങളും വരും. ലോകത്തെ എറ്റവും വലിയ ധനാഢ്യന്മാരുള്ള ഇന്ത്യക്കാര്‍ക്കിടയിലാണ് 60 ശതമാനം ദരിദ്രരുള്ളത്. സാമ്പത്തിക ദുര്‍വിനിയോഗവും അഴിമതികളുമാണ് കുറച്ചു ധനികരെയും കുറേ ദരിദ്രന്മാരെയും സൃഷ്ടിക്കുന്നത്. ഈ ഒരു അവസ്ഥ ലോകത്തിന്റെ പല ഭാഗങ്ങളിലും കാണാവുന്നതാണ്. ലോകത്തിലെ വമ്പന്മാരായ അമേരിക്കയില്‍ 99 ശതമാനം ആളുകളേക്കാള്‍ കാശ് കിടക്കുന്നത് ഒരു ശതമാനം വരുന്ന ഭരണ കോര്‍പറേറ്റുകളിലാണ്.
ദുരന്തങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തും സംഭവിക്കാറുണ്ട്. സാമ്പത്തിക കാര്യക്ഷമതയല്ല ഫിനിക്സ് പക്ഷികളെ സൃഷ്ടിക്കുന്നത്, മാനസ്സികമായ ഇച്ഛാശക്തിയും സമൂഹത്തോടുള്ള ബാധ്യതമനസ്സിലാക്കിയ ഭരണകൂടവും നന്മനിറഞ്ഞ മനസ്സുമാണ് വേണ്ടത്. ലോകപോലീസായ അമേരിക്കയില്‍ കത്രീന ബഹാമസില്‍ നിന്നും തുടങ്ങി ഗള്‍ഫ് മെക്സികൊ വരെതകര്ത്താടിയപ്പോള് ന്യൂ ഓര്ല്യന്, ലൂസിയാന തുടങ്ങിയ സ്റ്റേറ്റുകളില്‍ ജനങ്ങളുടെപരിതാപകരമായ അവസ്ഥ ലോകം കണ്ടതാണ്. മുമ്പ് ബെലാറുസ്, റഷ്യന്‍ ഫെഡറേഷന്,ഉെ്രെകന് തുടങ്ങിയവയെ കാര്യമായി ബാധിച്ച ചെര്‍ണോബില്‍ ദുരന്തത്തിന്റെ അലയടികള്‍ വര്‍ഷങ്ങളോളം നിറഞ്ഞുനിന്നു. ലോകത്ത് പല ഭാഗത്തും അത്യാഹിതങ്ങളുണ്ടാകാറുണ്ട്. എന്നാള്‍ പ്രകൃതി ദുരന്തങ്ങള്‍കൊണ്ട് വേട്ടയാടപെടുന്ന ജപ്പാനെ പോലെ മനക്കരുത്തോടെ അവയെ നേരിടുകയും ജനങ്ങളുടെ പ്രശ്നം പരിഹരിക്കുകയും ചെയ്യുന്നവര്‍ വളരെ കുറവാണ്.
ഗ്രീക്ക്, നൈല്‍, പേര്‍ഷ്യ, റോമന്‍, അറബ്, മങ്കോളിയ തുടങ്ങിയ ദേശങ്ങളിലെ ഐതിഹ്യങ്ങളില്‍ ഫിനിക്സ് പക്ഷികളുണ്ടായിരുന്നു എങ്കില്‍ യഥാര്‍ത്ഥ്യ ലോകത്ത് ഒറ്റപെട്ട ഈ ഫിനിക്സ് പക്ഷികളെ ഉള്ളൂ.
NB: വളരെ പഠനാര്‍ഹമായ ഈ ലേഖനം വായിച്ചതിനു ശേഷം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാന്‍ മറക്കില്ലല്ലോ?
477 total views, 3 views today