Narmam
ഫൂട്ട് ലൂസ്
അസംഘടിത മേഖല എന്ന് പറയുന്നത് വ്യാവസായിക രൂപാന്തരീകരണത്തിന്റെ ആദ്യഘട്ടത്തില്‍ ഉത്ഭവിക്കുന്ന ഒന്നാണെന്നും , പിന്നീട് വാണിജ്യവത്ക്കരണം, വ്യവസായവത്ക്കരണം എന്നിവയില്‍ നിന്നും പ്രാപ്യമാകുന്ന ദ്രവ്യലാഭങ്ങളുടെ ഏകീകരണഫലമായി ഈ മേഖല അപ്രത്യക്ഷമാകും എന്നും ഒരു ക്രമീകൃത വ്യവസായ മേഖലയ്ക്കു രൂപം കൊടുക്കും എന്നും ഉള്ള പൊതുധനശാസ്ത്ര മതം ഞാന്‍ ഉരുവിട്ട് പഠിച്ചതാണ് പല തവണ.
അത് ശരിയല്ല എന്ന് പറഞ്ഞു തന്നു ,ഉച്ച വെയിലത്ത് ആടിനെ മേയ്ച്ചു കൊണ്ടു പോയ ഫൂട്ട് ലൂസ് ചേട്ടന് . കക്ഷി പുലിയാണ്, ദളിതനാണ്, ഉത്തരേന്ത്യന്‍ നഗരവാസിയാണ് (പത്തനം ആറു മാസം, കൊഞ്ഞനം ആറു മാസം)…
പാശ്ചാത്യ നാടുകളെപ്പോലെയല്ല മുതലാളിത്തം വൈകിയ ഭാരതം , ചേട്ടന് മൊഴിഞ്ഞു. ജനപ്പെരുപ്പം(കോണ്ടം വില്‍ക്കുന്ന ആയിരക്കണക്കിന് അസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉണ്ടായിട്ടു കൂടി ) ആണത്രേ ഈ പിന്നോക്ക, അവികസിത രാജ്യത്ത് അസംഘടിത മേഖല, ഫൂട്ട് ലൂസ് കര്മ്മകരന്മാര് എന്നിവരെ സൃഷ്ടിച്ചു- പാലിച്ചു കൊണ്ടിരിക്കുന്നത്…
നവ ലിബറലിസം എന്ന സാമ്പത്തികനയമാതൃക തൊഴില്ചന്തയുടെ അനൗപചാരികസ്വഭാവത്തിനും യൗക്തികരീതികള്‍ക്കും സഭ്യത കൂട്ടിക്കൊടുക്കുന്ന പിമ്പ് ആവുന്നു, ആട് മോങ്ങി. സംഘടിത മേഖലയില്‍ പോലും നവ ലിബറലിസം സ്ഥിര കര്‍മ്മകരന്‍മാരെ ചവിട്ടിപുറത്താക്കി ‘ഒപ്പന്ത’ കര്‍മ്മകരന്‍മാരെ വാതില്‍ തുറന്നു വിളിച്ചു കേറ്റുന്നു.
ഈ അനൗപചാരിക അസംഘടിതത്വം ആണത്രേ ഫൂട്ട് ലൂസ് കര്‍മ്മകരന്റെ ഇടതു(?) കാല് ഒടിച്ചത്.
ചുരുക്കിപ്പറഞ്ഞാല്‍, ഒരു നവ ലിബറല്‍ ഭരണക്രമത്തില്‍ ,ഉത്പാദന, വിതരണ വ്യവസ്ഥകളുടെ വരേണ്യ ഘടകകക്ഷി മൂലധന ഉപചയം തന്നെയാണ്. എത്ര സരളം.
ഫൂട്ട് ലൂസ് ചേട്ടനോട് ‘ഇന്ന് വീട്ടിലേക്കു പാല് വേണ്ട” എന്ന് മൊഴിഞ്ഞു ഞാന്‍ ഒരു കോള കുടിക്കാന്‍ ചിയാപാസ് ചന്തയിലേക്ക് നടന്നു.
246 total views, 3 views today