ഫെഡററോ നഡാലോ ? (ടെന്നീസ് ലേഖനം) – സുനില്‍ എം എസ്സ്

205

Untitled-1

ടെന്നീസിലെ എക്കാലത്തേയും ചക്രവര്‍ത്തി എന്ന പദത്തിന് റോജര്‍ ഫെഡററോ അതോ നഡാലോ അര്‍ഹന്‍ എന്നു നിര്‍ണ്ണയിയ്ക്കലാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

ഇന്നിപ്പോള്‍ ലോകഒന്നാം നമ്പര്‍ ടെന്നീസ് കളിക്കാരന്‍ ആര് എന്ന ചോദ്യത്തിനുത്തരം 12500 പോയിന്റുള്ള റാഫേല്‍ നഡാല്‍ തന്നെ. രണ്ടാം റാങ്കുള്ള നൊവാക് ജ്യോക്കോവിച്ച് 170 പോയിന്റു പിന്നിലാണ്. റോജര്‍ ഫെഡറര്‍ ഉള്‍പ്പെടെയുള്ള മറ്റു കളിക്കാരെല്ലാം ഈ രണ്ടു കളിക്കാരേക്കാള്‍ അയ്യായിരത്തിലേറെ പോയിന്റുകള്‍ക്കു പിന്നിലാണ്. ഒന്നാം റാങ്ക് ആര്‍ക്കാണോ ഉള്ളത് അയാളെ ടെന്നീസിന്റെ ഇപ്പോഴത്തെ രാജാവെന്നോ ചക്രവര്‍ത്തിയെന്നോ വിശേഷിപ്പിയ്ക്കുന്നതില്‍ തെറ്റില്ല. അതനുസരിച്ച് നഡാല്‍ ഇപ്പോഴത്തെ ചക്രവര്‍ത്തിയാണ്. എന്നാല്‍ എക്കാലത്തേയും ടെന്നീസ് ചക്രവര്‍ത്തിയെന്ന വിശേഷണം നഡാല്‍ അര്‍ഹിയ്ക്കുന്നില്ല. ചില കണക്കുകള്‍ താഴെ കൊടുക്കുന്നു:

റോജര്‍ ഫെഡറര്‍ 302 ആഴ്ച ലോക ഒന്നാംനമ്പര്‍ താരമായിരുന്നു. ഇത് ലോകറെക്കോര്‍ഡാണ്. റഫേല്‍ നഡാലിന് ആകെ 141 ആഴ്ച മാത്രമാണ് ലോക ഒന്നാം നമ്പര്‍ സ്ഥാനമുണ്ടായിട്ടുള്ളത്. അപ്പപ്പോഴത്തെ ലോക ഒന്നാം നമ്പര്‍ പദവി അപ്പപ്പോഴത്തെ (ടെന്നീസ്) ചക്രവര്‍ത്തി പദമാണെങ്കില്‍ ഫെഡറര്‍ 302 ആഴ്ച (ആറു വര്‍ഷത്തിനടുത്ത്) ചക്രവര്‍ത്തിയായിരുന്നിട്ടുണ്ട്. നഡാലാകട്ടെ 141 ആഴ്ച (മൂന്നു വര്‍ഷത്തിനടുത്ത്) മാത്രവും.

ഫെഡറര്‍ 237 ആഴ്ച തുടര്‍ച്ചയായി ലോക ഒന്നാം നമ്പര്‍ താരമായിരുന്നു. 2004 ഫെബ്രുവരി 2 മുതല്‍ 2008 ആഗസ്റ്റ് 17 വരെ. ഇതും ലോകറെക്കോര്‍ഡാണ്. നഡാലാകട്ടെ വെറും 56 ആഴ്ച മാത്രവും. നഡാലിന്റെ നാലിരട്ടിക്കാലം ഫെഡറര്‍ തുടര്‍ച്ചയായി ചക്രവര്‍ത്തിപദം അലങ്കരിച്ചു. നഡാല്‍ ഉശിരോടെ കളിച്ചുകൊണ്ടിരുന്ന സമയത്തു തന്നെയായിരുന്നു, ഫെഡറര്‍ 237 ആഴ്ച തുടര്‍ച്ചയായി ചക്രവര്‍ത്തിപദം അലങ്കരിച്ചിരുന്നതെന്നോര്‍ക്കണം. (നഡാല്‍ 2001ല്‍ പ്രൊഫഷണല്‍ കളിക്കാരനായി.)

ഏറ്റവും നീണ്ടകാലം ചക്രവര്‍ത്തിപദം അലങ്കരിച്ചത് റോജര്‍ ഫെഡററായിരിയ്‌ക്കെ, നഡാല്‍ എക്കാലത്തേയും ചക്രവര്‍ത്തിയായി കണക്കാക്കപ്പെടാന്‍ അര്‍ഹനല്ല.

ഇരുവരും വിജയിച്ചിരിയ്ക്കുന്ന ആകെ കളികളുടെ എണ്ണമെടുക്കാം. ഫെഡറര്‍ 957 കളികള്‍ ജയിച്ചു. നഡാല്‍ 699 കളികളില്‍ മാത്രവും. ലോകത്തിലെ ആദ്യ പത്തു സ്ഥാനങ്ങളിലുള്ള കളിക്കാരുടെ മേല്‍ നേടിയ വിജയങ്ങളുടെ കണക്കിതാ: ഫെഡറര്‍ 171, നഡാല്‍ 129.

ടെന്നീസ് പ്രധാനമായും മൂന്നു തരത്തിലുള്ള കോര്‍ട്ടുകളിലാണു കളിയ്ക്കുന്നത്: ക്ലേ, ഗ്രാസ്സ്, ഹാര്‍ഡ്. 2000 പോയിന്റു വീതം കിട്ടുന്ന നാലു ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റുകളാണുള്ളത്: ഫ്രഞ്ച് ഓപ്പന്‍ ക്ലേ കോര്‍ട്ടുകളിലും വിംബിള്‍ഡന്‍ ഗ്രാസ്സ് കോര്‍ട്ടുകളിലും ആസ്‌ട്രേലിയന്‍ ഓപ്പനും യു എസ് ഓപ്പനും ഹാര്‍ഡ് കോര്‍ട്ടുകളിലുമാണു കളിയ്ക്കുന്നത്. ഫെഡററുടേയും നഡാലിന്റേയും ഗ്രാന്റ് സ്ലാം നേട്ടങ്ങളെ താരതമ്യപ്പെടുത്തി നോക്കാം:

ആസ്‌ട്രേലിയന്‍ ഓപ്പന്‍ (ഹാര്‍ഡ്) ഫെഡറര്‍ 4 തവണ, നഡാല്‍ 1 തവണ
വിംബിള്‍ഡണ്‍ (ഗ്രാസ്സ്) ഫെഡറര്‍ 7 തവണ, നഡാല്‍ 2 തവണ
യു എസ് ഓപ്പന്‍ (ഹാര്‍ഡ്) ഫെഡറര്‍ 5 തവണ, നഡാല്‍ 2 തവണ
ഫ്രഞ്ച് ഓപ്പന്‍ (ക്ലേ) ഫെഡറര്‍ 1 തവണ, നഡാല്‍ 9 തവണ

ഗ്രാസ്സ് കോര്‍ട്ട് ഗ്രാന്റ് സ്ലാമുകള്‍ ഫെഡറര്‍ 7 തവണ, നഡാല്‍ 2 തവണ
ഹാര്‍ഡ് കോര്‍ട്ട് ഗ്രാന്റ് സ്ലാമുകള്‍ ഫെഡറര്‍ 9 തവണ, നഡാല്‍ 3 തവണ
ക്ലേ കോര്‍ട്ട് ഗ്രാന്റ് സ്ലാമുകള്‍ ഫെഡറര്‍ 1 തവണ, നഡാല്‍ 9 തവണ

ക്ലേ കോര്‍ട്ട് ഗ്രാന്റ് സ്ലാം ഒന്‍പതു തവണ നഡാല്‍ നേടി ലോകറെക്കോര്‍ഡ് സ്ഥാപിച്ചിരിയ്ക്കുന്നതു കൊണ്ട് നഡാലിനെ ‘കിങ്ങ് ഓഫ് ക്ലേ’ എന്നു പറയുന്നതില്‍ തെറ്റില്ല. മറ്റു രണ്ട് ഉപരിതലങ്ങളിലും ഫെഡറര്‍ നഡാലിനേക്കാള്‍ വളരെ മുന്നിലാണെന്ന് മുകളിലുദ്ധരിച്ച കണക്കുകള്‍ കാണിയ്ക്കുന്നു.

പന്തിന് ഏറ്റവുമധികം വേഗതയുള്ളത് ഗ്രാസ്സ് കോര്‍ട്ടിലാണ്. വിംബിള്‍ഡണ്‍ ഏറ്റവും പ്രശസ്തമായിത്തീര്‍ന്നതിനുള്ള ഒരു കാരണം അതു തന്നെ. ഫെഡററത് ഏഴു തവണ നേടിക്കഴിഞ്ഞു. നഡാല്‍ രണ്ടു തവണ മാത്രവും. ഗ്രാസ്സ് കോര്‍ട്ടിനേക്കാള്‍ വേഗത കുറവാണ് ഹാര്‍ഡ് കോര്‍ട്ടുകളില്‍ (ആസ്‌ട്രേലിയന്‍ ഓപ്പന്‍, യു എസ് ഓപ്പന്‍). എന്നാല്‍ അവിടേയും ഫെഡറര്‍ തന്നെ നഡാലിനേക്കാള്‍ മുന്നില്‍. പന്തിന്റെ വേഗത ഏറ്റവും കുറഞ്ഞ ക്ലേ കോര്‍ട്ടുകളില്‍ മാത്രമാണ് (ഫ്രഞ്ച് ഓപ്പന്‍) നഡാലിന്നു മേല്‍ക്കോയ്മയുള്ളത്. നമ്മുടെ വിശ്വനാഥന്‍ ആനന്ദ് റാപ്പിഡ് ചെസ്സില്‍ ലോകചാമ്പ്യനായിരുന്നതു പോലെ, വേഗത കൂടിയ ഗ്രാന്റ് സ്ലാമുകളിലെല്ലാം ഫെഡറര്‍ക്കായിരുന്നു ആധിപത്യം.

ഒരു സുപ്രധാനമായ വസ്തുത കൂടി: ഓരോ വര്‍ഷത്തിന്റേയും അവസാനം ഏറ്റവും ഉയര്‍ന്ന റാങ്കുള്ള എട്ടു കളിക്കാരെ മാത്രം ഉള്‍ക്കൊള്ളിച്ചു നടത്തുന്ന ടൂര്‍ണമെന്റാണ് ഏ ടി പി വേള്‍ഡ് ടൂര്‍ ഫൈനല്‍സ്. ഫെഡററിത് ആറു തവണയാണു നേടിയിരിയ്ക്കുന്നത്. നഡാലാകട്ടെ ഒരു പ്രാവശ്യം പോലും ഇതു നേടിയിട്ടില്ല.

പ്രേക്ഷകരെ ഏറ്റവുമധികം ആകര്‍ഷിയ്ക്കുന്ന ഒന്നാണ് ഏയ്‌സുകള്‍. എതിരാളിയ്ക്ക് സ്പര്‍ശിയ്ക്കാന്‍ പോലും പറ്റാത്ത തരം സെര്‍വ്വുകള്‍ക്കാണ് ഏയ്‌സ് എന്നു പറയുന്നത്. ഫെഡറര്‍ ഇതുവരെയായി 8561 ഏയ്‌സുകള്‍ ഉതിര്‍ത്തിട്ടുണ്ട്. നഡാലാകട്ടെ 2375 ഏയ്‌സുകള്‍ മാത്രവും. ഇക്കാര്യത്തില്‍ ഫെഡററുടെ റാങ്ക് 4, നഡാലിന്റേത് 99. നഡാലിന്റെ ഏകദേശം നാലിരട്ടിയോളം ഏയ്‌സുകള്‍ ഫെഡറര്‍ ചെയ്തിരിയ്ക്കുന്നു.

ചുരുക്കത്തില്‍, നഡാല്‍ ടെന്നീസിലെ എക്കാലത്തേയും ചക്രവര്‍ത്തിയല്ല. ഇപ്പോഴത്തെ ലോക നമ്പര്‍ ഒന്നാം താരം മാത്രമാണ്.

മേലുദ്ധരിച്ചിരിയ്ക്കുന്ന കണക്കുകളനുസരിച്ച് ഫെഡറര്‍ നഡാലിനേക്കാള്‍ വളരെ മുന്നിലാണെങ്കിലും, ഞാന്‍ ഫെഡററെ എക്കാലത്തേയും ടെന്നീസ് ചക്രവര്‍ത്തിയായി വിശേഷിപ്പിയ്ക്കുകയില്ല. അതിനുള്ള ഒരു കാരണം നഡാല്‍ തന്നെ. ഇവര്‍ രണ്ടു പേരും ആകെ 33 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. നഡാല്‍ 23 തവണ ജയിച്ചപ്പോള്‍ ഫെഡറര്‍ 10 തവണ മാത്രമേ ജയിച്ചിട്ടുള്ളു.

പീറ്റ് സാമ്പ്രസ് ഫ്രഞ്ച് ഓപ്പന്‍ ഒരിയ്ക്കലും നേടിയില്ല. മറ്റുള്ള കളിക്കാര്‍ക്കെല്ലാം ഗ്രാന്റ് സ്ലാം വിജയങ്ങള്‍ ഫെഡറര്‍, നഡാല്‍, സാമ്പ്രസ് എന്നിവരേക്കാള്‍ കുറവായിരുന്നു. പതിനൊന്നു തവണ ഗ്രാന്റ്സ്ലാം നേടിയ ബ്യോണ്‍ ബോര്‍ഗ്ഗാകട്ടെ, ആസ്‌ട്രേല്യന്‍ ഓപ്പനും യു എസ് ഓപ്പനും ഒരിയ്ക്കലും നേടിയില്ല. ചുരുക്കത്തില്‍ എക്കാലത്തേയും ചക്രവര്‍ത്തി എന്നു വിശേഷിപ്പിയ്ക്കാന്‍ ടെന്നീസില്‍ ആരുമില്ല.