ഫെസ്ബുക്കും പ്രൈവസിയും : പേരോ മെയില്‍ ഐഡിയോ പോലും ഇല്ലാതെ നിങ്ങളുടെ പ്രൊഫൈല്‍ കണ്ടെത്താം

428

Facebook
ഫെയ്‌സ്ബുക്ക് തങ്ങളുടെ യൂസര്‍മാരുടെ പേഴ്‌സണല്‍ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ എപ്പോഴും കൃത്യമായ സുരക്ഷാസംവിധാനങ്ങള്‍ പാലിക്കാറുണ്ട്. ഒരുപക്ഷെ, ഒരു സോഷ്യല്‍ മീഡിയയ്ക്ക് ആവശ്യമുള്ളതില്‍ അതികം സുരക്ഷ ഈ മേഖലയില്‍ ഫേസ്ബുക്ക് നല്‍കാറും ഉണ്ട്. എന്നാല്‍, തങ്ങള്‍ക്കുള്ള ഈ നല്ല പേര് കളഞ്ഞു കുളിക്കാന്‍ തയ്യാറെടുക്കുകയാണ് മാര്‍ക്ക് സുക്കന്‍ബെര്‍ഗിന്റെ കമ്പനി. ഫെയ്‌സ്ബുക്കുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പറുകള്‍ അറിയാമെങ്കില്‍ അതുമായി ബന്ധപ്പെട്ട യൂസറുടെ പ്രൊഫൈല്‍ സേര്‍ച്ചില്‍ കണ്ടെത്തുവാന്‍ കഴിയും. ഈ സൗകര്യമാണ് ഇപ്പോള്‍ ഫേസ്ബുക്കിന് വിനയായി ഭവിച്ചിരിക്കുന്നത്.

കേള്‍ക്കുമ്പോള്‍ കാര്യം നിസാരമാണ്. എന്റെ മൊബൈല്‍ നമ്പര്‍ അറിയാവുന്നവര്‍ക്ക് മാത്രമേ എന്റെ പ്രൊഫൈല്‍ കാണാന്‍ കഴിയുകയുള്ളൂ എന്ന് വേണമെങ്കില്‍ സമാധാനിക്കാം. എന്നാല്‍, അത്ര നിസാരമല്ല കാര്യങ്ങളുടെ കിടപ്പ് എന്ന് തെളിവ് സഹിതം സ്ഥാപിച്ചു കഴിഞ്ഞു സാള്‍ട്ട് ഏജന്‍സി എന്ന ടെക്ക് കമ്പനിയുടെ സ്ഥാപകനായ റേസാ. റാന്‍ഡം ആയി മൊബൈല്‍ നമ്പരുകള്‍ സൃഷ്ടിക്കുന്ന ഒരു പ്രോഗ്രാം വഴി ലഭിച്ച നമ്പരുകള്‍ ഫെയ്‌സ്ബുക്കില്‍ സേര്‍ച്ച് ചെയ്ത് അവയോടു ബന്ധപ്പെട്ട പ്രൊഫൈല്‍ ഇന്‍ഫോ ലഭ്യമാണെങ്കില്‍ അവ ചോര്‍ത്തിയെടുക്കുകയാണ് റേസാ ചെയ്തത്. അതായത്, ഫെയ്‌സ്ബുക്കില്‍ എന്തെങ്കിലും കാര്യങ്ങളുടെ പ്രചാരണത്തിനായി കൂടുതല്‍ പ്രൊഫൈലുകള്‍ ആവശ്യമുള്ളവര്‍ക്ക് ഈ വഴി ഉപയോഗിച്ച് കാര്യം നേടാം എന്ന് ചുരുക്കം.

അതോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ് നമ്മുടെ മൊബൈല്‍ നമ്പര്‍ എവിടെയൊക്കെ നമ്മള്‍ നല്കിയിട്ടുണ്ടാവും എന്ന്. ഇന്ന്, ഫീഡ്ബാക്ക് ഫോമുകളിലും ഇന്‍ഫോര്‍മേഷന്‍ സേവനങ്ങളിലും സൈറ്റുകളുടെ സൈന്‍ അപ്പിന് വേണ്ടിയുമൊക്കെ നമ്മുടെ മൊബൈല്‍ നമ്പര്‍ നമ്മള്‍ വളരെ കൂള്‍ ആയി നല്‍കാറുണ്ട്. അപ്പോള്‍, ഇങ്ങനെ ലഭിക്കുന്ന നമ്പരുകളില്‍ നിന്നും നമ്മുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലേയ്ക്ക് എത്തിപ്പെടാന്‍ ആര്‍ക്കും അധികം പണിപ്പെടേണ്ടി വരില്ല എന്ന് ചുരുക്കം.

ഇതിനിപ്പോ ഒരു പരിഹാരം എന്താണെന്ന് ചോദിച്ചാല്‍ അതിനു സുക്കന്‍ ബെര്‍ഗ് തമ്പുരാന്‍ കനിയെണ്ടി വരും എന്നതല്ലാതെ വേറെ ഒരു പരിഹാരം എന്റെ കൈയ്യില്‍ ഇല്ല. റേസാ താന്‍ കണ്ടെത്തിയ ഈ പിഴവ് ഫേസ്ബുക്കിന്റെ ശ്രദ്ധയില്‍ പെടുത്തിയതാണ്. രണ്ടു തവണ, എന്നാല്‍, ഇതൊരു വലിയ സുരക്ഷാ പാളിച്ച അല്ലെന്നും യൂസര്‍മാരുടെ വിവരങ്ങള്‍ നഷ്ടപ്പെടാതെ സംരക്ഷിക്കുവാന്‍ ഫേസ്ബുക്ക് ഇപ്പോഴും പര്യാപ്തം ആണെന്നും ആണ് ഫേസ്ബുക്ക് നല്‍കിയ മറുപടി. അതായത്, ഇതില്‍ കൂടുതല്‍ ഒന്നും അവര്‍ ചെയ്യാന്‍ താല്‍പര്യപ്പെടുന്നില്ല എന്ന് സാരം. ഏതായാലും, നിങ്ങളുടെ ഫേസ്ബുക്ക് സെക്യൂരിറ്റി ഓപ്ഷനുകള്‍ എല്ലാം ഒരിക്കല്‍ കൂടി പരിശോധിച്ച് നിങ്ങളുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിക്കൊള്ളൂ.