2

കഴിഞ്ഞു പോയ വര്‍ഷം മലയാളത്തിലെ ഈ- എഴുത്തിനെ സംബന്ധിച്ച് നേട്ടങ്ങളുടെ വര്‍ഷം തന്നെ ആയിരുന്നു . ആയിരങ്ങളിലും പതിനായിരങ്ങളിലും ഒതുങ്ങി നിന്നിരുന്ന മലയാളത്തിലെ എലെക്ട്രോണിക്ക്‌ വായനക്കാര്‍ ലക്ഷങ്ങളിലേക്കും ദശലക്ഷങ്ങളിലെക്കും കുതിക്കുന്നത് നാം കാണുകയുണ്ടായി . തല്‍ഫലമായി വാര്‍ത്താവിതരണത്തിലും ; സമൂഹത്തിന്‍റെ അഭിപ്രായ രൂപീകരണത്തിലും മലയാളത്തിലെ സോഷ്യല്‍ മീഡിയ അവഗണിക്കാനാവാത്ത ഒരു സ്ഥാനം കരസ്ഥമാക്കി .ഫേസ് ബുക്കിലൂടെയും മറ്റും ഉരുത്തിരിഞ്ഞു വരുന്ന അഭിപ്രായങ്ങള്‍ മുഖ്യധാര എന്ന് ഇതുവരെ അഭിമാനിച്ചിരുന്ന പ്രിന്‍റ് മാദ്ധ്യമങ്ങളും ടെലിവിഷന്‍ ചാനലുകളും ആഘോഷമാക്കിയപ്പോള്‍ , അന്താരാഷ്ട്ര വാര്‍ത്തകളും മറ്റും നമ്മുടെ മുത്തശ്ശിപ്പത്രങ്ങള്‍ പോലും വെബ്‌സൈറ്റുകളില്‍ നിന്നും തര്‍ജ്ജമ ചെയ്തിടുക എന്നത് ഒരു കീഴ്വഴക്കവുമായി .

1

ഇങ്ങനെ പ്രധാനമായും മൈക്രോ ബ്ലോഗ്ഗിങ്ങിലൂടെ ഫേസ്ബുക്കും ,റ്റ്വിട്ടെരും; മികവുറ്റ വാര്‍ത്തകളിലൂടെയും കാലികപ്രാധാന്യവും വിജ്ഞാനപ്രദവുമായ എഴുത്തുകളിലൂടെയും പല വെബ്‌സൈറ്റ്കളും മലയാള ഈ -എഴുത്തുരംഗത്തെ മുഖ്യധാരയില്‍ എത്തിക്കുവാന്‍ കിണഞ്ഞു ശ്രമിക്കുമ്പോഴും തനതായ ഒരു സ്വാധീനം ഉണ്ടാക്കാനാവാതെ മലയാളത്തിലെ ബ്ലോഗ്‌ എഴുത്ത് രംഗം പിറകോട്ടു പോകുന്ന ദയനീയമായ കാഴ്ച്ചക്ക് നാം സാക്ഷ്യം വഹിക്കുന്നു .

പല രീതിയിലും ഇന്റര്‍നെറ്റ്‌ ‘ശ്രദ്ധയാകര്‍ഷിക്കലിന്റെ ‘കേന്ദ്രമാണല്ലോ ! എഴുതുന്നവരില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നവന്‍/ അവള്‍ സ്വാഭാവികമായും ഈ രംഗത്ത് വിജയിയായി കണക്കാക്കപ്പെടുന്നു . ഫേസ്ബുക്കിലോ ബ്ലോഗ്ഗിലോ ആകട്ടെ ഏറ്റവും കൂടുതല്‍ കമന്റുകളോ ലൈക്ക്‌കളോ ലഭിക്കുന്നവന് കൂടുതല്‍ സംതൃപ്തിയും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ലഭിക്കുന്നു എന്നതില്‍ തര്‍ക്കമില്ല .

ഫേസ്ബുക്ക് , റ്റ്വിട്ടെര്‌ എന്നീ നവമാദ്ധ്യമങ്ങള്‍ എഴുത്തിലൂടെയും ദൃശ്യ ,ശ്രവ്യ സംവേ ദനങ്ങളിലൂടെയും ചുരുങ്ങിയ സമയം കൊണ്ട് ഒരു ആശയത്തെ ക്യാപ്സ്യൂള്‍ രൂപത്തില്‍ അനുവാചകന്റെ ചിന്തയിലേക്ക് കടത്തിവിടുകയും , അതിനു ദ്രുതമായ ഒരു പ്രതികരണം [ കേവലം അടിസ്ഥാനപരമായ ലൈക്‌ / ഡിസ് ലൈക്‌] രൂപപ്പെടുത്താന്‍ അവനെ പ്രേരിപ്പിക്കുകയും ചെയ്യുമ്പോള്‍ ; ഇന്റര്‍നെറ്റില്‍ തനിക്കു ലഭിക്കുന്ന പരിമിതമായ സമയത്തിനുള്ളില്‍ അനേകം ആശയങ്ങളുമായി സംവദിക്കാന്‍ വായനക്കാരന് കഴിയുന്നു .

എന്നാല്‍ ബ്ലോഗുകളാകട്ടെ അല്പം കൂടി സങ്കുചിതമായ താല്‍പര്യങ്ങളില്‍ ഊന്നി പ്രവര്‍ത്തിക്കുന്നതും വ്യക്തിപരമായ ആശയ പ്രകാശത്തിനുതകുന്നതുമായ ഒരു സംഘം എഴുത്തുകാരായ വായനക്കാരുടെ ചെറു കമ്മ്യൂണിറ്റി എന്ന പരിവേഷത്തില്‍ നിന്നും പുറത്തു വരുന്നില്ല .വ്യത്യസ്തമായ എഴുത്ത് – വായനാ അഭിരുചികള്‍ ഉള്ള ഈ സംഘത്തിലെ അംഗങ്ങള്‍ ആന്തരികമായ ഒരു നിയമാവലിക്ക് വിധേയമായി അഭിപ്രായങ്ങളുടെ നിര്‍ബന്ധമായ ഒരു കൊടുക്കല്‍ -വാങ്ങല്‍ പ്രക്രിയക്ക് വിധേയമാകുന്നു . ഈ അലിഖിത നിയമങ്ങളുടെ പരിമിതിയില്‍ നിന്നുകൊണ്ട് തങ്ങള്‍ക്കു അറിവോ പരിചയമോ പോലുമില്ലാത്ത വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ നിര്‍ബന്ധിതരാകുന്ന എഴുത്തുകാര്‍ അധികകാലം കഴിയും മുന്‍പേ പ്രവചനകരമായ രീതിയില്‍ സ്ഥിരമായി ലഭിക്കുന്ന അഭിപ്രായങ്ങളില്‍ നിന്നും പ്രചോദനം ലഭിക്കുവാന്‍ കഴിയാത്ത ഒരു അവസ്ഥയിലേക്ക് [ ഹാബിച്ചുവേഷന്‍] എത്തിപ്പെടുകയും ആശയങ്ങളുടെ മുരടിപ്പ് ബാധിച്ചു പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി യാത്രയകുകയും ചെയ്യുന്നു .

തങ്ങളുടെ രചനകള്‍ സമാനമനസ്കരായ വായനക്കാരുടെ അടുത്തെത്തിച്ചു ,ഒരു ആസ്വാദകവൃന്തത്തെ സൃഷ്ടിക്കുവാന്‍ പല ബ്ലോഗ്ഗെര്‍മാര്‍ക്കും സാധിക്കാറുണ്ടെങ്കിലും ,തങ്ങളുടെ വായനക്കാരെ സ്ഥിരമായി തൃപ്തിപ്പെടുത്തുമാറു സമ്പുഷ്ടമായ രചനകള്‍ നിര്‍വഹിക്കുവാന്‍ പലര്‍ക്കും കഴിയാറില്ല .
അപ്പോള്‍ വിശാലമായ സാമൂഹ്യ നെറ്റ് വര്‍ക്കിംഗ് ലോകത്ത് ബ്ലോഗുകള്‍ക്ക്‌ പ്രസക്തി നഷ്ടപ്പെട്ടു എന്ന് അര്‍ത്ഥമാക്കാമോ ? ഒരിക്കലുമില്ല !
ചില പ്രത്യേക മേഖലകളില്‍ വിജ്ഞാനവും വിനോദവും പകര്‍ന്നു കൊടുക്കുവാന്‍ നെറ്റ് ലോകത്ത് ബ്ലോഗുകള്‍ക്ക്‌ മാത്രമേ കഴിയൂ . ഇന്നും ലോകത്തെ ഒന്നാം നമ്പര്‍ സേര്‍ച്ച്‌ എന്‍ജിന്‍ ഗൂഗിള്‍ ആണെന്ന കാരണത്താല്‍ കീ വാക്കുകള്‍ ഉപയോഗിച്ചു സേര്‍ച്ച്‌ ചെയ്തു വിവരാന്വേഷണം നടത്തുന്നവര്‍ സാധാരണയായി എത്തിപ്പെടുന്നത് ബ്ലോഗുകളിലാണ് . നിലവാരമുള്ള ബ്ലോഗുകള്‍ ഇത്തരം സാഹചര്യങ്ങളില്‍ ചെയ്യുന്ന സേവനം ചില്ലറയല്ല എന്ന് നമുക്കെല്ലാം പലപ്പോഴും ബോധ്യപ്പെട്ടിട്ടുണ്ട് .

മലയാളിയുടെ സവിശേഷമായ സാഹിത്യ അഭിരുചിയും നമ്മുടെ ഭാഷയിലെ ബ്ലോഗുകള്‍ക്ക്‌ പ്രോത്സാഹനം ലഭ്യമാക്കുന്നുണ്ട് . എന്നിരുന്നാലും ആവര്‍ത്തന വിരസവും , മനം മടുപ്പിക്കുന്നതുമായ രാഷ്ട്രീയ -സാമൂഹ്യ വിശകലനങ്ങള്‍,അഭിപ്രായം ഇരുമ്പുലക്ക എന്ന രീതിയില്‍ അവതരിപ്പിക്കുന്നതിനും ; സാഹിത്യത്തില്‍ അനുകരണങ്ങളെ ലിങ്ക് രൂപത്തില്‍ വിതരണം ചെയ്യുന്നതിനുമപ്പുറം മലയാള ബ്ലോഗിങ്ങ് രംഗം ഇന്നും വളര്‍ന്നിട്ടില്ല എന്നത് കടുത്ത നിരാശയുളവാക്കുന്ന ഒരു വസ്തുതയാണ് .

You May Also Like

തിയേറ്ററുകൾ തുറന്നാലും സിനിമാക്കാർക്ക് പ്രിയം ഒടിടി

തിയേറ്ററുകൾ തുറന്നാലും സിനിമാക്കാർക്ക് പ്രിയം ഒടിടി കോവിഡ് പ്രതിസന്ധിയിലാക്കിയ തിയേറ്റർ വ്യവസായം ഉടനെയൊന്നും പഴയ നിലയിലേക്ക്…

സെര്‍ച്ച്‌ ഓപ്ഷനുമായി ഇന്‍സ്റ്റഗ്രാം വെബ്‌

  പുറത്ത് ഇറങ്ങി ഏകദേശം മൂന്നു വര്‍ഷങ്ങള്‍ക്ക് ഒടുവില്‍ ഇന്‍സ്റ്റഗ്രാം തങ്ങളുടെ ഡസ്ക്ടോപ്പ് വേര്‍ഷന് സെര്‍ച്ച്‌ ഓപ്ഷന്‍…

ഹൃദയസ്പര്‍ശിയായ ഒരു പരസ്യചിത്രം – ഇത് നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കും, തീര്‍ച്ച..

അന്താരാഷ്ട്ര പരസ്യചിത്ര നിര്‍മാതാവ് പീയുഷ് പാണ്ഡെ ഒരുക്കിയ ഈ പരസ്യം തീര്‍ചയായും നിങ്ങളുടെ കണ്ണ് നനക്കാതിരിക്കില്ല. കൂടുതലൊന്നും പറയുന്നില്ല.ഇതൊന്ന് കണ്ട് നോക്കൂ…

വീണ്ടും വരുന്നു ‘നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍’

ശരാശരി വിവരമുള്ള ആര്‍ക്കും ഉത്തരം പറയാന്‍ സാധിക്കുമെന്നു തോന്നിപ്പിക്കുന്ന ചോദ്യങ്ങള്‍. അതുകൊണ്ടു തന്നെ പങ്കെടുക്കാന്‍ താത്പര്യപ്പെടുന്നവരുടെ വന്‍ എസ്.എം.എസ്സ് തള്ളിക്കയറ്റം.എസ്.എം.എസ്സ് വരുമാനം മാത്രം ദിവസം നാലു കോടി.