ഫേസ്ബുക്കിലെ ഫേയ്ക്കുകള്‍ അഥവാ ഫ്രോഡുകള്‍!

590

ഈ ബ്ലോഗ്ഗ് പോസ്റ്റിനു ഫേസ്ബുക്കില്‍ നിന്നും കിട്ടിയ ഒരു കമന്റ് ആമുഖമായി കൊടുക്കുന്നു

“അതെ..ഇതാപ്പണി തന്നെ..എന്നെ ചൂണ്ടി നിന്നെ പറഞ്ഞ് അവനിട്ട് കൊള്ളിക്കുന്ന ശ്രീനിവാസ തന്ത്രം!”

ഹായ് ഫ്രെണ്ട്സ്….സുപ്രഭാതം നേരുന്നു!

8:15AM . Like

ഹായ് സ്വീറ്റീ.. എവിടേയായിരുന്നു..കുറച്ച് ദിവസമായല്ലോ കണ്ടിട്ട്.. :-))

8:17AM . Like

ഓഹ് മൈ ഗോഡ്! ഈ ചിത്രം എന്റെ കണ്ണു നനയിക്കുന്നു.
പട്ടിണിക്കോലങ്ങളായ ഈ ആഫ്രിക്കന്‍ കുട്ടികളുടെ ചിത്രം ഇനി ഒരു പാട് നാളത്തേക്ക്
എന്റെ മനസ്സില്‍ തികട്ടി വരും………റിയലി അയാം സോ സാഡ്…..

8:21AM . Like

എന്റെ വിശ്വാസത്തെ ഞാന്‍ നിങ്ങളുടെ മേല്‍ അടിച്ചേല്പ്പിക്കുന്നില്ല എന്നതു പോലെ
നിങ്ങള്‍ നിങ്ങളുടെ വിശ്വാസത്തെ മറ്റൊരാളുടെ മേല്‍ അടിച്ചേപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യരുത് സുഹൃത്തേ.സ്വന്തം ഇച്ഛകള്‍ക്കനുസരിച്ച് അപരന്‍ ചലിക്കണം എന്ന് ശഠിക്കാന്‍ നമുക്കവകാശമില്ല അതുപോലെ അവന്റെ നാശത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാനും.
നിങ്ങള്‍ എന്നെ എത്ര വിമര്‍ശിച്ചാലും ഞാന്‍ എന്റെ എതിരാളികള്‍ക്ക് പോലും നന്മ വരട്ടെ അവര്‍ക്ക് നല്ല മനസ്സുണ്ടാവട്ടെ എന്നേ പ്രാര്‍ത്ഥിക്കൂ.

8:25AM . Like

ഈ വിഭവ സമൃദ്ധമായ ഭക്ഷണത്തിന്റെ ചിത്രം കാണുമ്പോള്‍ നാവില്‍ ആര്‍ക്കും വെള്ളമൂറും.
ലോകത്ത് എന്തെന്തു വിഭവങ്ങളാണ് മനുഷ്യനു കഴിക്കാന്‍!
എത്രയെത്ര തരം പാചകരീതികളാണ്!
ഒന്നോര്‍ത്തു നോക്കിക്കേ..
ഈ രുചികളെല്ലാം ഒന്നാസ്വദിക്കാനായെങ്കില്‍! ഹൊ!

8:28AM . Like

ഡേയ്..  നീ എന്റെ വാളില്‍ കയറി എന്നെ ഒരു മാതിരി ഹരാസ് ചെയ്യുന്നത് ഇത് രണ്ടാം തവണയാ കെട്ടോ… നീ പണി വാങ്ങിക്കുമേ..
നിനക്കെന്റെ തനിക്കൊണം അറിയില്ലാ കെട്ടോ..
പറഞ്ഞില്ലാന്ന് വേണ്ടാ…

8:30AM . Like

അയ്യോ..വളരെ വിഷമം തോന്നുന്നു ഡിയര്‍…..
കുടുംബ ജീവിതം എന്നൊക്കെ പറയുന്നത് പരസ്പരം അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് കൊണ്ടു പോവേണ്ടതു തന്നെയാണ്. ഏഴും എട്ടും മണിക്കൂര്‍ നിങ്ങള്‍ ചാറ്റിംഗിനിരിക്കുന്നതും പിള്ളാരെ സ്കൂളിലെ പഠിപ്പ് ശ്രദ്ധിക്കാന്‍ പോലും സമയമില്ല എന്നൊക്കെ പരാതി പറഞ്ഞ് ഭര്‍ത്താവ് കണ്ണുരുട്ടുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ കറുത്ത് ഇടുങ്ങിയ മനസ്സിനെ തന്നെയാണ്
കാണിക്കുന്നത്. ഇക്കാലത്തും ഇങ്ങനെത്തെ മനുഷ്യര്‍ ഉണ്ടല്ലോ എന്ന് ഞാന്‍ അല്‍ഭുതപ്പെടുന്നു. സഹോദരി ധൈര്യമായി മുന്നോട്ട് പോവണം എന്നാണ് എനിക്ക് പറയാനുള്ളത്.

8:34AM . Like

അളിയാ…
യെസ്..
ദാ ഇപ്പം ഇങ്ങ് ചാറ്റിക്കഴിഞ്ഞതേ ഉള്ളൂ!
ഓ..ഹ ഹ ഹ ..
അതൊക്കെ അടിപൊളിയായ് പോകുന്നുണ്ട്..
ഹും..
മിക്കവാറും അടുത്ത് തന്നെ അത് തുറന്ന് പറയുമെടാ….
പിന്നെ..
അപാര ചരക്ക് തന്നെ! ഹൊ!!
പിന്നെ മറ്റവള്  ലൈനില്‍ വരുന്നുണ്ട്..
ഞാന്‍ ഒന്നു കൊത്തിനോക്കട്ടെ
ഞാന്‍ പിന്നെ കാണാവേ…

8:37AM . Like

ഈ സിനിമ മലയാളിയുടെ മൂല്യച്യുതിയുടെ ബാക്കി പത്രമാണ്.
വിഷയാസക്തിയുള്ള നായകനെ അനുകരിക്കുന്ന ഒരു യുവ സമൂഹം തുറന്ന് വെക്കുന്നത്
സദാചാര വിരുദ്ധതയുടെ ചീഞ്ഞളിഞ്ഞ അരാജകത്വം  നിറഞ്ഞ ഒരു മുഖം തന്നെയാണ്.
നമ്മുടെ യുവ സമൂഹത്തെ വഴിതെറ്റിക്കുന്ന ഇത്തരം സിനിമകള്‍ക്ക് നേരേയും അതിലെ നായകനെ ഊറ്റത്തോടെ ഉള്‍ക്കൊള്ളുന്ന സൂപ്പര്‍ താരങ്ങളേയും നാം മനസ്സ്കൊണ്ടെങ്കിലും വിലക്കിയേ പറ്റൂ.
കിന്നാരത്തുമ്പികള്‍ പോലുള്ള സിനിമകള്‍ എങ്ങനെ യുവമനസ്സുകളില്‍ എങ്ങനെ അഗമ്യ ഗമനത്തിന്റെ വിഷം കുത്തിവെച്ചുവോ
അതിന്റെ മുന്തിയ ഇനം വിഷമാണ് ഈ സിനിമ യുവതലമുറക്ക് പ്രദാനം ചെയ്യാന്‍ പോകുന്നത്!.

8:44AM . Like

ഡേയ്…നീയാ സിനിമേടെ  ടോറന്റ് ലിങ്ക് അയക്കാമെന്ന് പറഞ്ഞിട്ട് കിട്ടിയില്ല കെട്ടോ..
ഇവിടെല്ലാം ബ്ലോക്കിയിരിക്കുന്നെടാ ഉവ്വേ…
ഇവമ്മാര് നല്ല നാല് പീസുകാണാനും സമ്മതിക്കില്ലാന്ന് വെച്ചാ!

8:50AM . Like

സുഹൃത്തേ ..
താങ്കളുടെ കഥ വായിച്ചു.
മരവിച്ചു പോകുന്ന യാഥാര്‍ത്ഥ്യ സത്യങ്ങള്‍ക്കിടയിലും
വരണ്ടുണങ്ങിയ  സ്വപ്ന സങ്കല്പ്പങ്ങള്‍ക്കിടയിലും
മരിക്കാത്ത സചേതനായ പ്രതികരണത്തിന്റെ
ജ്വലിക്കുന്ന തീ നാളങ്ങളെ ആത്മാവില്‍ പ്രതിഷ്ഠിച്ച
താങ്കളുടെ വരികള്‍ ഇപ്പോള്‍ എന്റെ ഹൃദയത്തെ കഴുകനെപ്പോലെ കൊത്തിവലിക്കുന്നു….
കൊഴുന്നനെയുള്ള ചലം നിറഞ്ഞ് ദ്രവം വന്ന രക്തചാലുകളില്‍ മുങ്ങിയ
ആത്മനിന്ദയുടെ പാപക്കറ എന്റെ പുരണ്‍ട കൈകളെ നോക്കി ഞാന്‍ വിലപിക്കുന്നു!.
ഈകഥ സമകാലികതയുടെ സമൂഹ പരിച്ഛേദമാണെന്ന് ഞാന്‍ ഉറക്കെ ഉറക്കെ വിളിച്ചു പറയാന്‍ ആഗ്രഹിക്കുകയാണ്..

8:58AM . Like

യെസ്..അവന്റെ പുതിയ കഥ ഞാന്‍ വായിച്ചു..
എവടെ ഭായ്..എനിക്കത് മുഴുവനാക്കാനേ കഴിഞ്ഞില്ല.. ഹെന്തൊരു ബോറ്!
ഒടുക്കത്തെ കത്തിയെന്ന് പറഞ്ഞാ മതിയല്ലോ!
അല്ലാ അവനിതെന്തിന്റെ സൂക്കേടാ…?
മനുഷ്യനു മനസ്സിലാവുന്ന ഭാഷയിലെഴുതരുതോ..
എന്തായാലും ഞാന്‍ എന്തൊക്കെയോ കമന്റിട്ട് ഇങ്ങ് പോന്നു..
എനിക്കു തന്നെ പിടികിട്ടിയിട്ടില്ല ഞാനെന്താ എഴുതിയതെന്ന്!!
അല്ല പിന്നെ!
(നീ അനോണിയായ് അവിടെ ചെന്ന് വേണ്ട രീതിയില്‍ കൊടുക്കുമെന്നെനിക്കറിയാം ..കള്ളാ! ഹ ഹ ഹ)

9:05AM . Like

ഭയങ്കര വര്‍ക്കിലാ മാഷേ
നിന്നു തിരിയാന്‍ സമയമില്ല..:-(
നമുക്ക് പിന്നെ ചാറ്റ് ചെയ്യാം..
റിയലി സോറി കെട്ടോ മാഷേ..

9:09AM . Like

കഷ്ടം തന്നെ..ഇത്തരം പാവപ്പെട്ടവരുടെ ഉന്നമനത്തിനും സഹായത്തിനുമായി
എല്ലാവരുംമുന്നിട്ടിറങ്ങണം. നമ്മള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ നടക്കാത്ത കാര്യമുണ്ടോ?
എന്നാല്‍ കഴിയുന്നത് ഞാന്‍ ചെയ്യാം. ജോലിയില്‍ സം പ്രോബ്ലെംസ് ഉള്ളതിനാല്‍ എന്റെ ഷെയര്‍ കുറഞ്ഞാലും ഒന്നും തോന്നരുത് കെട്ടോ..
ഞാനും ഈ വാര്‍ത്ത പരമാവധി ആളുകളിലേക്കിത് എത്തിക്കാം..
നിങ്ങള്‍ കവറിംഗ് ആരംഭിച്ചോളൂ. നമ്മില്‍ നഷ്ടപ്പെട്ട് പോവാത്ത കാരുണ്യം , ദയ തുടങ്ങിയവയാണ് നമ്മളെ മനുഷ്യന്‍ എന്ന പദത്തിനര്‍ഹമാക്കുന്നത്….

9:12AM . Like

ഇല്ല. എടേയ് നമുക്കത് അടുത്ത ആഴ്ചയിലേക്ക് മാറ്റാം.മനു ഗള്‍ഫീന്ന് വരുന്നുണ്ട്.
അവന്‍ നല്ല ഒന്നാന്തരം ഫോറിന്‍ ഓഫര്‍ ചെയ്തിട്ടുണ്ട്.
അതെ ഡോണ്ട് വെറി..ചെലവെല്ലാം എന്റേ വക തന്നെ..ഐ ഹാവ് ഇനഫ് മണി മാന്‍!

9:15AM . Like

റിയലി ഷോക്കിംഗ്!
ഈ വാര്‍ത്ത എന്നെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു.
ഇന്നലെ വരെ നമുക്കിടയില്‍ കമന്റ് കോളങ്ങളില്‍ നിറഞ്ഞു നിന്ന ഒരാള്‍…
പരസ്പരം കണ്ടിട്ടില്ലാ എങ്കിലും തമാശകളും പൊട്ടിച്ചിരികളുമായി വന്ന് നമ്മെ വല്ലാതെ കരയിച്ച് ഈ കമന്റ് കോളത്തെ ശൂന്യമാക്കി വിടപറയുമ്പോള്‍..
സുഹൃത്തേ നിനക്ക് വിട!
നിനക്ക് വിട!!
നിനക്ക് വിട!!

9:18AM . Like

ഹോ ! എന്നാ കിടിലന്‍ പടമാണെടേയ്!
എന്നാ ഒരു ഷേയ്പ്പ്!!
കണ്ടിട്ടങ്ങ് കൊതിയാവുന്നു..
അല്ല ഇവളുമാരൊക്കെ എങ്ങനെ സഹിച്ചോണ്ടു നിക്കണ്..
ഒരൊന്നന്നര സാധനം തന്നെയാണെടേയ്!!!!
ഉം…….മ്മ…

9:19AM . Like

പറയൂ..എന്തുപകാരമാണ് വേണ്ടത്?
അടുത്ത കഥക്ക് ഒരു കാര്‍ട്ടൂണ്‍ വരച്ച് തരണമെന്നോ?

അയ്യോ മൈ ബോസ് കമിംഗ്!!………!!

ക്ണിം!!

9:22AM . Like

(ഓഫ് ലൈന്‍!))!!