സ്വന്തം വ്യക്തിത്വം വെളിവാക്കാതെ ഇന്റെര്‍നെറ്റിലും ഫേസ്ബുക്കിലും വ്യാജ പ്രൊഫയിലുമായി വിലസുന്നവര്‍ പലതരക്കാരാണ്. ഇവരില്‍ വളരെ അപകടകാരികളായ തീവ്രവാദികള്‍, ലൈംഗിക ഇരയെത്തേടുന്ന ക്രിമിനലുകള്‍ എന്നിവര്‍ മുതല്‍; സമൂഹത്തിനെ ഭയക്കുന്ന പേടിത്തൊണ്ടന്‍മാരും അപകര്‍ഷതാ ബോധം മുന്നിട്ടുനില്‍ക്കുന്ന പെണ്‍കിടാങ്ങളും വരെ ഉണ്ടെന്ന്‍ അറിയുമ്പോള്‍ എല്ലാ ഫേസ്ബുക്ക് ഫേക്കുകളും നാം വിചാരിക്കുന്നതുപോലെ അപകടകാരികളല്ല.
ചെന്നൈയിലെ ഐ ടി പ്രൊഫെഷണല്‍ ആയ യുവതി’ അസൂയമൂത്ത് തന്‍റെ കാമുകന്‍ പലപ്പോഴും സംസാരിക്കാറുള്ള ഓഫീസിലെ സഹജീവനക്കാരിയുടെ പ്രൊഫൈല്‍ [ഫോണ്‍നമ്പരും ഫോട്ടോയും സഹിതം ‘ലൈംഗിക പങ്കാളിയെ വേണം’ എന്ന ആവശ്യവുമായി] ഫേസ്ബുക്കില്‍ നിര്‍മ്മിച്ചതും; മോഹന്‍ലാല്‍ ദേവാസുരത്തില്‍ പറഞ്ഞതുപോലെ ‘പൂശാന്‍ മുട്ടി’ നില്‍ക്കുന്ന ആശാന്മാര്‍ ആ പാവം പെണ്‍കുട്ടിയെക്കയറി വട്ടംപിടിച്ചതും നാം അറിഞ്ഞല്ലോ. വ്യാജപ്രൊഫൈല്‍ നിര്‍മ്മിച്ച യുവതി സംശയരോഗം എന്ന മാനസിക വൈകല്യത്തിന് ഉടമയായിരുന്നെങ്കിലും, ക്രിമനല്‍വഴിയിലൂടെ നീങ്ങി പോലീസ് പിടിയിലായി. ഇങ്ങനെ വിരളമായെങ്കിലും മറ്റുള്ളവരുടെ പ്രൊഫൈല്‍ ഉണ്ടാക്കി കുടുങ്ങന്നവര്‍ ഉണ്ടെങ്കിലും കൂടുതല്‍ വ്യാജന്മാരും സ്വാര്‍ത്ഥലാഭത്തിനു വേണ്ടി ഒരു വ്യാജമുഖത്തിനു പിന്നില്‍ മറഞ്ഞിരിക്കുന്നവര്‍ ആണ്.
ഇതില്‍ത്തന്നെ നല്ലൊരു പങ്കും ലൈംഗികചൂഷണത്തിന് സോഷ്യല്‍ നെറ്റ് വര്‍ക്ക് ഉപയോഗിക്കുന്നവര്‍ അത്രേ. ചൂഷണത്തിന് വിധേയരാകുന്നവര്‍ പലരും ഇത് പുറത്ത് പറയാറും ഇല്ലാത്തതിനാല്‍ ഈ പ്രശ്നം ഇതുവരെ ശരിയായ ആഴത്തില്‍ പഠന വിധേയം ആക്കപ്പെട്ടിട്ടില്ല. താലിബാന്‍, സുന്ദരികളായ പെണ്‍കുട്ടികളുടെ പ്രൊഫൈല്‍ ഉപയോഗിച്ചു ഓസ്ട്രെലിയന്‍ സൈനികരുമായി ചങ്ങാത്തം കൂടി സൈനിക രഹ്യങ്ങള്‍ ചോര്‍ത്താന്‍ശ്രമിക്കുന്നതും, ബാലപീഡകര്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് കുഞ്ഞുങ്ങളെ വേട്ടയാടുന്നതും മാധ്യമങ്ങളിലൂടെ നാമറിയുന്ന സത്യങ്ങളാണ്.
ചാറ്റിലെ പഞ്ചാര അടിയില്‍ തുടങ്ങി, പ്രേമം മൂത്ത് യഥാര്‍ത്ഥ പ്രൊഫൈല്‍ വെളിവാക്കേണ്ടി വരും എന്ന അവസ്ഥയില്‍ വ്യാജപ്രോഫയിലും ഡിലീറ്റു ചെയ്തു മുങ്ങുന്ന ആണ്‍-പെണ്‍ ഞരമ്പുരോഗികളും, അപ്രതീക്ഷിതമായ ഈ തിരസ്കരണത്തെ [റിജെക്ഷന്‍] തുടര്‍ന്ന് വിഷാദരോഗ ലക്ഷണങ്ങളുമായി മനോരോഗവിദഗ്ദ്ധന്റെ സന്നിധിയില്‍ എത്തിച്ചേരുന്ന കമിതാക്കളും ഇന്നു കുറവല്ല. സമൂഹത്തിലെ മാന്യസ്ഥാനം അലങ്കരിക്കുന്ന ഉദ്യോഗസ്ഥര്‍, വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്നവര്‍, അതീവമാന്യര്‍ എന്ന് കരുതപ്പെടുന്ന വീട്ടമ്മമാര്‍ ഇങ്ങനെ വ്യാജപ്രോഫയിലുകളില്‍ ഇരതേടുന്നവര്‍ അനേകരുണ്ട്.
ഭാര്യയോ ഭര്‍ത്താവോ അറിയാതെ വ്യാജ പ്രോഫയിലുകളിലൂടെ ഇണയെത്തേടി അലയുന്നവരും, ഇണയെ [ഇണകളെ] കണ്ടെത്തി ഓണ്‍ലൈന്‍ ‘കൊണാപ്പ്ളിക്കേഷന്‍ ‘ നടത്തിക്കൊണ്ടിരിക്കുന്നവരും പലപ്പോഴും കണ്ടുപിടിക്കപ്പെടുമ്പോള്‍ , ദാമ്പത്യം വിവാഹമോചനത്തില്‍ എത്തിച്ചേരുന്നതും പാശ്ചാത്യ രാജ്യങ്ങളില്‍ എന്നതുപോലെ നമ്മുടെ നാട്ടിലും സാധാരണയായിരിക്കുന്നു. സൈബര്‍ സ്പേസില്‍ മാതാപിതാക്കളെക്കാള്‍ അറിവും പരിജ്ഞാനവും ഉള്ള കുട്ടികള്‍, അവര്‍ക്ക് കിട്ടുന്ന സൈബര്‍ സ്വാതന്ത്രം ദുരുപയോഗിച്ചു വ്യാജന്മാരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കഥകളും നമ്മെ ഞെട്ടിക്കുന്നു. സ്വന്തം ബിസിനസ് പ്രൊഫൈല്‍ വ്യാപിപ്പിക്കാനും, തങ്ങള്‍ പ്രചരിപ്പിക്കുന്ന ആശയങ്ങളെ പിന്താങ്ങാനും വ്യാജപ്രൊഫയില്‍ ഉപയോഗിക്കുന്നവരും ഫേസ്ബുക്കില്‍ വ്യാപകമാണ്. മലയാളത്തിലുള്ള സൂപ്പെര്‍സ്റ്റാറുകള്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളും, രാഷ്ട്രീയക്കാരും അവരുടെ പിണിയാളുകളും ഈ ആരോപണത്തിന്റെ നിഴലില്‍ ആണല്ലോ!
ഇങ്ങനെയൊക്കെ വ്യാജമുഖങ്ങള്‍ക്കു പിന്നില്‍ മറഞ്ഞിരിക്കുന്നവരെയും അവരുടെ ഉദ്ദേശ-ലക്ഷ്യങ്ങളെയും കണ്ടെത്തുക വിഷമകരമാണെങ്കിലും വ്യാജന്മാരും വ്യാജകളുമായി അടുത്തിടപെടേണ്ടി വരുന്നവര്‍ക്ക് തന്ത്രപരവും മനശാസ്ത്രപരവുമായ സമീപനത്തിലൂടെ വ്യാജന്മാരെ തിരിച്ചറിഞ്ഞുകൈകാര്യംചെയ്യുവാന്‍ സാധിക്കും. വ്യാജ പ്രോഫയിലുകളെ തിരിച്ചറിയാനുള്ള വഴികള്‍ നമുക്ക് പരിശോധിക്കാം. ഈ കാര്യത്തില്‍ പുലികളായ അണ്ണന്മാരും അമ്മായിമാരും ക്ഷമിക്കുക. ഇത് സൈബര്‍ ലോകത്തെ താരതമ്യേന ശിശുക്കള്‍ക്ക് വേണ്ടിയുള്ള ഉപദേശങ്ങളാണ്.
ബഹുഭൂരിഭാഗം വ്യാജപ്രോഫയിലുകളും പെണ്‍കുട്ടികളുടെ പേരില്‍ ആയിരിക്കും. നെറ്റില്‍ നിന്നും അടിച്ചുമാറ്റിയ പ്രൊഫൈല്‍ മുഖവുമായി നിങ്ങളെ വരവേല്‍ക്കുന്നത്, മുല്ലപ്പൂ ചൂടിയ മലയാളിപെണ്‍കൊടിയോ, മാംസളമായ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയില്‍ വസ്ത്രംധരിച്ച മോഡെണ്‍പെണ്കുട്ടിയോ ആകട്ടെ. പരീക്ഷിക്കാന്‍ ഒരുക്കമാണെങ്കില്‍ [അല്പം റിസ്കി ഇടപാടാണ്, സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം ചെയ്യുക; യാതൊരുവിധ ഉത്തരവാദിത്വവും ഈ ലേഖകന്‍ ഏറ്റെടുക്കുന്നതല്ല], ഒരു അല്പം ആഭാസകരമായ ഒരു പദമോ, കാഠിന്യം കുറഞ്ഞ തെറിയുടെ ഒരു രൂപമോ മെസ്സെജായി അയച്ചു നോക്കൂ ! ഉദാഹരണത്തിന് ‘ യു ആര്‍ എ ബിച്ച് ‘. അല്പം മാന്യതയുള്ള ഏതു മലയാളിപ്പെണ്‍കുട്ടിയും നിങ്ങളെ ഫ്രണ്ട് ലിസ്റ്റില്‍ നിന്നും ഒഴിവാക്കും. ഇവള്‍ നിങ്ങളെ ഒഴിവാക്കിയില്ലെങ്കില്‍ ഏതാണ്ട് ഉറപ്പിക്കാം. ‘അവള്‍ ‘ ഫേക്ക്. [മുന്‍പ് പറഞ്ഞതുപോലെ ആത്മവിശ്വാസക്കുറവുമൂലം ഒളിഞ്ഞിരിക്കുന്ന ഒരു പെണ്‍കുട്ടിയാണെങ്കില്‍ അവള്‍ മറ്റു രീതിയില്‍ പ്രതികരിക്കില്ല, പക്ഷെ ഉറപ്പായും നിങ്ങളെ ഒഴിവാക്കും. നിങ്ങളുടെ കഷ്ടകാലത്തിനു അതൊരു യഥാര്‍ത്ഥ പ്രൊഫൈല്‍ ആണെങ്കില്‍, അവരുടെ ഭര്‍ത്താവ്, ആങ്ങളമാര്‍,സൈബര്‍പോലീസ് തുടങ്ങിയ ഉപാധികളിലൂടെ അവള്‍ വ്യാജ അല്ല എന്നുറപ്പാക്കാനും നിങ്ങള്ക്ക് സാധിക്കും. പ്രൊഫൈല്‍ ടെസ്റ്റ് ചെയ്യുക എന്നതായിരുന്നല്ലോ നിങ്ങളുടെ പ്രധാനആവശ്യം. അത് നടപ്പായി എന്ന് സമാധാനിക്കുക.
അവളുടെ പ്രൊഫൈല്‍ ഫോട്ടോ ഗൂഗിള്‍ ഇമേജ് സേര്‍ച്ച് വഴി സെര്‍ച്ച് ചെയ്തു നോക്കുക. വിവിധ പ്രോഫയിലുകളില്‍ അത് ഉപയോഗിച്ചതായി കാണുന്നു എങ്കില്‍ വ്യാജം എന്നുറപ്പിക്കാം. പക്ഷെ ഫോട്ടോയുടെ യഥാര്‍ത്ഥ ഉടമയും ഫേസ് ബുക്കില്‍ എവിടെയെങ്കിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
വ്യാജ പ്രൊഫൈലുകള്‍ സൗന്ദര്യത്തിന്റെയുംപൌരുഷത്തിന്റെയും മറ്റും പ്രതീകങ്ങളായ യുവതീ -യുവാക്കളുടെ [സിക്സ് പായ്ക്ക് മസില്‍, മോഡല്കളുടെ ശരീര ഭാഗങ്ങളുടെ ഫോട്ടോഷോപ്പ് റീമിക്സ്] പടങ്ങള്‍ ആയിരിക്കും ഉപയോഗിക്കുന്നത്. എല്ലാ സൌന്ദര്യവും തികഞ്ഞ അത്തരക്കാര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടെങ്കില്‍ നാം അവരെ മറ്റു മാര്‍ഗങ്ങളിലൂടെ എന്നെ മനസ്സിലാക്കേണ്ടതായിരുന്നു. പോണോഗ്രഫിക് രീതിയുള്ള ഒരു പടം മാത്രമുള്ള പ്രൊഫൈലുകള്‍ വ്യാജമായിരിക്കാന്‍ സാദ്ധ്യത കൂടുതലാണ്.
ഫോട്ടോ ആല്‍ബത്തില്‍ തങ്ങളുടെ ഫോട്ടോകള്‍ക്ക് പകരം, ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്യപ്പെടുന്ന ഫോട്ടോകള്‍ മാത്രം സൂക്ഷിക്കുന്നവര്‍ വ്യാജന്മാര്‍ ആകാനുള്ള സാദ്ധ്യത കൂടുതലാണ്. എന്നാല്‍ ഫേസ്ബുക്കില്‍ പുതുതായി ചേര്‍ന്നവരും അധികമായി ഉപയോഗിക്കാത്തവരും യഥാര്‍ത്ഥ പ്രോഫയിലുകളിലും ഇത്തരത്തില്‍ കാണപ്പെടാറുണ്ട്.
എല്ലാ ഫേക്ക് പ്രോഫയിലുകളും തന്നെ എല്ലാവര്‍ക്കുമായി ഓപ്പണ്‍ ആയിരിക്കും. കൂടുതലായി ആളുകളെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ വ്യാജന്മാര്‍ തന്ത്രപരമായി പ്രൊഫൈല്‍ ഓപ്പണ്‍ ആക്കിയിടുന്നു. പടങ്ങളും ലിങ്കുകളും എല്ലാവര്‍ക്കും കാണുവാന്‍ സാധിക്കും. ചുരുങ്ങിയ സമയത്തിനുള്ളില്‍ ലോകമെമ്പാടും ധാരാളം സുഹൃത്തുക്കളെ സമ്പാദിക്കുന്ന ആളുകള്‍ സെലിബ്രിറ്റി ആയി അറിയപ്പെന്നവര്‍ അല്ലെങ്കില്‍, ഫേക്ക് ആകാന്‍ സാധ്യതയുണ്ട്.
യഥാര്‍ത്ഥ പ്രൊഫൈല്‍ ഉള്ളവര്‍ മറ്റുള്ളവര്‍ക്കും കൂടി ചെക്ക് ചെയ്തു ബോധ്യപ്പെടാന്‍ പാകത്തില്‍ തങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ഏതാണ്ട് പൂര്‍ണമായും നല്‍കും. വ്യാജ പ്രൊഫയിലുകളിലെ വിവരങ്ങള്‍ അപൂര്‍ണ്ണവും, ഇണകളെ തേടുന്നു എന്ന രീതിയില്‍ ഉള്ളതും ആയിരിക്കും. ഫേക്ക്പ്രോഫയിലുകളുടെ സ്റ്റാറ്റസ് അപ്ഡേറ്റ്കള്‍ക്ക്ക്ക് ലൈക്കും കമന്റും തുലോം കുറവായിരിക്കും. ഫേക്ക് പ്രൊഫൈല്‍ തങ്ങളുടെ ചിത്രങ്ങള്‍ക്ക് പകരം കാര്ട്ടൂണ്കളും, സെലിബ്രിറ്റിപടങ്ങളും ടാഗ് ചെയ്യുന്നു. അവര്‍ കൂടുതലായി തങ്ങളുടെ പ്രോഫയിലുമായി ബന്ധമില്ലാത്തതും വെളിയില്‍ നിന്നുള്ളതുമായ ലിങ്കുകള്‍ ഷയര്‍ ചെയ്യുന്നു.
ഫ്രീ ഹിറ്റ് : നല്ല പെണ്‍കുട്ടികള്‍ അപരിചിതര്‍ക്ക് ഫ്രണ്ട് അപേക്ഷ അയക്കാറില്ല. അതുകൊണ്ട് ആണ്‍കുട്ടികള്‍ക്ക് പരിചയമില്ലാത്ത നല്ല പെണ്‍പ്രോഫയിലുകളില്‍ നിന്ന് അഭ്യര്‍ഥന വന്നാല്‍ ഫേക്ക് ആണെന്ന് ഉറപ്പിക്കാം. എന്നാല്‍ ആണ്‍കുട്ടികള്‍ സുന്ദരികളായ പെണ്‍കുട്ടികളുടെ പ്രോഫയിലിലേക്ക് സൌഹൃദ അഭ്യര്‍ത്ഥന നടത്താറുണ്ട്. എന്നിരുന്നാലും നിങ്ങള്‍ അത്ര സുന്ദരിയല്ലാത്ത ഒരു കുട്ടിയാണെങ്കില്‍, ഒരു കാമദേവന്‍ തുടരെ റിക്വെസ്റ്റ് അയച്ചു നിങ്ങളുടെ ഉറക്കം കെടുത്തുന്നു എങ്കില്‍ സൂക്ഷിക്കുക. ആ സുന്ദര മുഖത്തിന് പിന്നില്‍ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ഒരു ഞരമ്പുരോഗി ആകാം.