Featured
ഫേസ്ബുക്കില്‍ യോഗി കയറി
ധ്യാനത്തില്‍ നിന്നുണര്‍ന്നു യോഗി ഇന്റര്‍നെറ്റിലേക്ക് നോക്കി. ധ്യാന ഭംഗം വരുത്തിയ മോസില്ല ഫയര്‍ ഫോക്സിനെ ഒരു വടി എടുത്തു അടിച്ചോടിച്ച ശേഷം ഫേസ് ബുക്കില്‍ ഒരു അക്കൗണ്ട് തുടങ്ങി യോഗി തന്റെ പ്രോഫയിലിലേക്ക് പരകായപ്രവേശം നടത്തി. തനിക്കു ഫ്രണ്ട് ആയിക്കിട്ടിയ നാര്സിസ്സസ്സിന്റെ പ്രൊഫൈല്‍ യോഗി വെറുതെ നോക്കി.
107 total views

ധ്യാനത്തില്‍ നിന്നുണര്‍ന്നു യോഗി ഇന്റര്‍നെറ്റിലേക്ക് നോക്കി. ധ്യാന ഭംഗം വരുത്തിയ മോസില്ല ഫയര്‍ ഫോക്സിനെ ഒരു വടി എടുത്തു അടിച്ചോടിച്ച ശേഷം ഫേസ് ബുക്കില്‍ ഒരു അക്കൗണ്ട് തുടങ്ങി യോഗി തന്റെ പ്രോഫയിലിലേക്ക് പരകായപ്രവേശം നടത്തി. തനിക്കു ഫ്രണ്ട് ആയിക്കിട്ടിയ നാര്സിസ്സസ്സിന്റെ പ്രൊഫൈല്‍ യോഗി വെറുതെ നോക്കി.
യോഗിക്ക് നാര്സിസ്സസ്സിന്റെ കഥ അറിയാമായിരുന്നു.
ഫേസ്ബുക്കിന്റെ മുന്നില്‍ ദിവസവും തന്റെ ഭംഗിയുള്ള പ്രൊഫൈല്‍ പിക്ചര്‍ നോക്കി, തളിര്‍ക്കുന്ന സൌഹൃദങ്ങള്‍ തേടി, തനിക്കു കിട്ടുന്ന ലൈക്കുകളും കമന്റുകളും കണ്ടു തന്റെ പ്രൊഫൈലിന്റെ ബ്യൂട്ടി ആസ്വദിച്ചിരുന്ന ഒരു യുവാവ്.. നാര്‍സിസ്സസ്.. ഫോട്ടോഷോപ്പില്‍ അടിച്ചുണ്ടാക്കിയ സ്വന്തം പ്രൊഫൈല്‍ പിക്ചര്‍ കണ്ടുകണ്ടു മനം മയങ്ങി, കമന്റുകള്‍ കേട്ട് മനം കുളിര്‍ത്തു, ലൈക്കുകള്‍ കണ്ടു മതിമറന്നു, ഒരു ദിവസം അവന് ഫേസ്ബുക്ക് എന്ന നീലത്തടാകത്തിലേക്കു ചാടി അപ്രത്യക്ഷനായി. അവന്റെ പ്രൊഫൈല്‍ ഫോട്ടോയുടെ സ്ഥാനത്തു മനോഹരമായ നാര്സിസ്സിസ്സ് എന്ന പുഷ്പത്തിന്റെ ചിത്രം തെളിഞ്ഞു.
നാര്‍സിസ്സിസ് അപ്രത്യക്ഷനായ ദിവസം ഫേസ്ബുക്കില്‍ അവന്റെ പ്രൊഫൈലില്‍ ഇന്റര്‍നെറ്റ് ദേവത പ്രത്യക്ഷപ്പെട്ടു. കണ്ണീര്‍ച്ചാലുപോലെ ഒഴുകുന്ന സൌഹൃദങ്ങള്‍ക്ക് ഇടയിലൂടെ കാലില്‍ അഴുക്കു പുരളാതെ ശ്രദ്ധിച്ചു നടന്നു നീങ്ങിയ ദേവത കവിളില്‍ കണ്ണീരുണങ്ങിയ അയ്യായിരത്തോളം സൌഹൃദങ്ങളെക്കണ്ടു. തേങ്ങലുകളും കേട്ടു.
സൌഹൃദങ്ങളേ.. നിങ്ങള്‍ എന്തിനു തേങ്ങിക്കരയുന്നു ? ദേവത ചോദിച്ചു !
ഞങ്ങള്‍ നാര്സിസ്സസ്സിനെ ഓര്‍ത്തു തേങ്ങിക്കരയുന്നു. അവര്‍ ഒന്നായി മൊഴിഞ്ഞു.
‘എനിക്ക് അത്ഭുതമില്ല’ ദേവത പറഞ്ഞു.’ആരും കരഞ്ഞു പോകും, നാര്‍സിസസിന്റെ അനുപമമായ സൌന്ദര്യവും, ഊഷ്മളമായ സൌഹൃദവും നിങ്ങളെപ്പോലെ ആസ്വദിച്ചവര്വേറെയില്ലല്ലോ’
എന്ത് ! നാര്‍സിസ്സസ് ഒരു സുന്ദരനായിരുന്നോ ? സൌഹൃദങ്ങള്‍ ഞെട്ടി. അവന്റെ സൌഹൃദത്തിനു ഇളം ചൂടുണ്ടായിരുന്നോ ?
അത് നിങ്ങളെക്കാള്‍ നന്നായി അറിയാവുന്നവരുണ്ടോ ? ദേവത അത്ഭുതം കൂറി. നിങ്ങളുടെ പ്രോഫയിലുകള്ക്ക് മുന്പില് അവന് എത്ര രാത്രികള്‍ ചെലവഴിച്ചു, നിങ്ങളുടെ സൌഹൃദങ്ങളുടെ തിളക്കത്തില്‍ അവന് അവന്റെ സൌന്ദര്യം എത്രമാത്രം ആസ്വദിച്ചു !
ദീര്‍ഘമായ മൌനത്തിനും നിശ്വാസത്തിനും ശേഷം സൌഹൃദങ്ങള്‍ പറഞ്ഞു ‘ഞങ്ങള്‍ നാര്‍സിസസ്സിനു വേണ്ടി കരയുന്നു. എന്നാല്‍ ഞങ്ങള്‍ അവന് ഒരു സുന്ദരനായിരുന്ന കാര്യം അറിഞ്ഞതേയില്ല. ഓരോതവണയും അവന് ഞങളുടെ പ്രൊഫൈലില്‍ നോക്കിയപ്പോള്‍ ഞങ്ങള്‍ അവന്റെ കണ്ണുകളില്‍ ഞങ്ങളുടെ സൌന്ദര്യമാണ് കണ്ടത്. ഞങ്ങളുടെ പ്രൊഫൈലിന്റെ തണുപ്പില്‍ അവന്റെ സ്നേഹത്തിന്റെ ഊഷ്മളത ഞങ്ങള്‍ അറിഞ്ഞതേയില്ല.
യോഗി ഫേസ്ബുക്ക് ലോഗ് ഔട്ട് ചെയ്തു വീണ്ടും ധ്യാനത്തില്‍ മുഴുകി.
[പ്രചോദനം :പാവ്ലോ കൊയ്ലോ]
ഇത് ഉത്തരാധുനികോത്തര കഥയുടെ മകുടോദാഹരണമായി വാഴ്ത്തപ്പെടട്ടെ, ആമേന്‍
108 total views, 1 views today