Featured
ഫേസ്ബുക്ക് കമ്മ്യൂണിറ്റികളില്‍ അലമ്പുണ്ടാകുന്നതെങ്ങനെ ?
ഇന്ന് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന നല്ലൊരുശതമാനം മലയാളികളുടെ ജീവിതത്തില്‍ ഫേസ്ബുക്ക് ഒരു അവിഭാജ്യഘടകം ആയി മാറിയിരിക്കുകയാണ്. സാമൂഹ്യജീവി എന്ന നിര്‍വചനത്തില്‍ നിന്നും ആധുനികമനുഷ്യന് സാമൂഹ്യമാധ്യമജീവി എന്ന ഒരു നിര്‍വചനത്തിലേക്ക് മാറ്റപ്പെടുവാന്‍ കാരണമായത് പ്രധാനമായും ഫേസ്ബുക്ക് ആണ് എന്നകാര്യത്തില്‍ ആരും വിയോജിക്കുവാന്‍ ഇടയില്ല. അങ്ങനെ പുരാതനമനുഷ്യന് നദീതടങ്ങളില്‍ സമൂഹത്തെ വളര്‍ത്തിക്കൊണ്ട് വന്നതുപോലെ അത്യന്താധുനിക മനുഷ്യന് ഫേസ്ബുക്കില്‍ കമ്മ്യൂണിറ്റികളെ വളര്‍ത്തുന്നു. ഈ സാമൂഹ്യമാധ്യമ കമ്മ്യൂണിറ്റികളില്‍ ദിവസത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്ന മനുഷ്യര്‍ക്ക് തങ്ങളുടെ വ്യക്തിത്വത്തിലും കാതലായ മാറ്റങ്ങള്‍ വരാം എന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
117 total views, 1 views today

ഇന്ന് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന നല്ലൊരുശതമാനം മലയാളികളുടെ ജീവിതത്തില്‍ ഫേസ്ബുക്ക് ഒരു അവിഭാജ്യഘടകം ആയി മാറിയിരിക്കുകയാണ്. സാമൂഹ്യജീവി എന്ന നിര്‍വചനത്തില്‍ നിന്നും ആധുനികമനുഷ്യന് സാമൂഹ്യമാധ്യമജീവി എന്ന ഒരു നിര്‍വചനത്തിലേക്ക് മാറ്റപ്പെടുവാന്‍ കാരണമായത് പ്രധാനമായും ഫേസ്ബുക്ക് ആണ് എന്നകാര്യത്തില്‍ ആരും വിയോജിക്കുവാന്‍ ഇടയില്ല. അങ്ങനെ പുരാതനമനുഷ്യന് നദീതടങ്ങളില്‍ സമൂഹത്തെ വളര്‍ത്തിക്കൊണ്ട് വന്നതുപോലെ അത്യന്താധുനിക മനുഷ്യന് ഫേസ്ബുക്കില്‍ കമ്മ്യൂണിറ്റികളെ വളര്‍ത്തുന്നു. ഈ സാമൂഹ്യമാധ്യമ കമ്മ്യൂണിറ്റികളില്‍ ദിവസത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്ന മനുഷ്യര്‍ക്ക് തങ്ങളുടെ വ്യക്തിത്വത്തിലും കാതലായ മാറ്റങ്ങള്‍ വരാം എന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
തങ്ങളുടെ മറ്റു സാമൂഹ്യ എസ്ടാബ്ലീഷ്മെന്റുകളായ കുടുംബം, ജോലിസ്ഥലം തുടങ്ങിയവയില്‍ തങ്ങള്‍ക്കുണ്ടായിരുന്ന ഉത്തരവാദിത്വങ്ങളുടെ ഭാരം ലഘൂകരിക്കാന്‍ അറിഞ്ഞോ അറിയാതെയോ അവന് ശ്രമിക്കുന്നു . അമിതമായ സോഷ്യല്‍മീഡിയ ഉപയോഗത്തിന് അടിപ്പെടുന്നവര്‍ അതിനെ വിമര്‍ശിക്കുന്നവരോട് അകാരണമായി ദേഷ്യപ്പെടുക, മൊബൈലും മറ്റും ഒളിച്ചുവെച്ചു മറ്റുള്ളവരുടെ ദൃഷ്ടിയില് നിന്നു മാറി ഫേസ്ബുക്ക് ഉപയോഗിക്കുക തുടങ്ങി ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരില്‍ കാണപ്പെടുന്ന സങ്കുചിതചിന്താസരണിയിലേക്കും, ചുരുങ്ങിയ പ്രവൃത്തിമണ്ഡലത്തിലേക്കും ഒതുങ്ങുന്നു. മദ്യപന്മാരിലുംമറ്റും കാണുന്ന തരത്തില്‍; ഫേസ്ബുക്ക് അഡിക്റ്റ്കള്ക്ക് തങ്ങളുടെ സര്‍ഗ്ഗാത്മകതയിലും സാരമായ കുറവുണ്ടാകുന്നു എങ്കിലും അതെപ്പറ്റി അവര്‍ക്കുണ്ടാകേണ്ട അവബോധം [ഇന്‍സൈറ്റ്] ഉണ്ടാകുന്നില്ല എന്നും കാണപ്പെടുന്നു. അതായത് തങ്ങളുടെ എഴുതാനും മറ്റുമുള്ള കഴിവ് കൂടുന്നു എന്നും പ്രശ്നങ്ങളെ അവലോകനം ചെയാനുള്ള കഴിവു കൂടുന്നു എന്നും ഒരു ഫേസ്ബുക്ക് സാഹിത്യകാരന് സ്വയം തോന്നുന്നു എങ്കില്‍പോലും, അയാള്‍ക്ക് ചുരുങ്ങിയ ചിന്താപഥത്തിലുള്ള ചുറ്റിത്തിരിയലും സാരമായ വായനയുടെ അഭാവവും മൂലം ആശയസങ്കോചം അനുഭവപ്പെടുകയും; നിത്യജീവിതത്തിലെ യഥാര്ത്ഥസാമൂഹികതയോട് വിരക്തി തോന്നി ഒരു വിര്‍ച്വല്‍ സാമൂഹികതയില്‍ അവന് അഭയം തേടുകയും ചെയ്യുന്നു.
അത്തരത്തിലുള്ള വ്യക്തിത്വ പരിണാമത്തിനു വിധേയരായ വിര്‍ച്ച്വല്‍ സാമൂഹ്യ ജീവികളുടെ കൂട്ടായ്മയത്രെ നാം ഇന്ന് കാണുന്ന മിക്ക ഫേസ്ബുക്ക് കമ്മ്യൂണിറ്റികളും ! നിത്യജീവിതത്തില്‍ ഒരുമാന്യസ്ഥാനം അതീവമായി കാംക്ഷിക്കുകയും എന്നാല്‍ സ്വന്തം കഴിവിനെക്കുറിച്ച് ആത്മവിശ്വാസം ഇല്ലാതിരിക്കുകയും ചെയ്യുന്ന അപര്യാപ്തമായ വ്യക്തിത്വങ്ങള്‍ [ഇന്നടിക്ക്വേറ്റ് പേഴ്സണാലിറ്റി] വിര്‍ച്വല്‍ കമ്മ്യൂണിറ്റികളില്‍ ഊതിപ്പെരുപ്പിച്ച വ്യക്തിത്വവുമായി അവതരിച്ചു ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് ‘കൊണാണ്ടര്’ [ഈ പദം മുന്‍പെഴുതിയ ഒരു ലേഖനത്തില്‍ നിര്‍വചിച്ചിട്ടുണ്ട്] ആയി മാറുകയും ചെയ്യുന്നുവെത്രേ !
അങ്ങനെയുള്ള കൊണാണ്ടര്ഷിപ്പിന് കീഴില്‍ വളര്‍ന്നു വരുന്ന ഒരു ഫേസ്ബുക്ക് കമ്മ്യൂണിറ്റിയില്‍ ‘അലമ്പ് ‘ [കോണ്‍ഫ്ലിക്റ്റ്] ഒരു സാധാരണ സംഭവം ആയി മാറുന്നു. ഇങ്ങനെ അലമ്പ് സംഭവിക്കുവാനുള്ള കാരണങ്ങള്‍ നമുക്ക് വിശദമായി പരിശോധിക്കാം.
ആശയസംഘര്‍ഷം മൂലമുള്ള അലമ്പ്
ഫേസ്ബുക്ക് കമ്മ്യൂണിറ്റിയിലുള്ള കൊണാണ്ടര്‍മാരും അംഗങ്ങളും തമ്മിലുള്ള ആശയവൈരുധ്യം ഇരുകൂട്ടരുടെയും കമ്മ്യൂണിറ്റിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. ചെറിയ ഉരസലുകളില്‍ തുടങ്ങുന്ന അലമ്പ് പൊട്ടിത്തെറിയില്‍ എത്തിച്ചേരുകയും കമ്മ്യൂണിറ്റിയുടെ പതനത്തിനുപോലും വഴിവെക്കുകയും ചെയ്യാറുണ്ടെങ്കിലും; അത് വെറും തെറികൊണ്ട് അവസാനിക്കാറുമുണ്ട്. തങ്ങളുടെ കമ്മ്യൂണിറ്റികളില്‍ അലമ്പില്ല എന്ന് ഉത്ഘോഷിക്കുന്ന കൊണാണ്ടര്മാരെയും കണ്ടുവരാറുണ്ട്. എന്നാല്‍ അലമ്പില്ലാതെ ഒരുമയോടെ കഴിയുന്നു എന്ന് പറയപ്പെടുന്ന ഗ്രൂപ്പുകളും രോഗാതുരമത്രേ. അല്പന്മാരും അക്ഷരാഭ്യാസം ഇല്ലാത്തവരും, ഊതിപ്പെരുപ്പിച്ച വ്യക്തിത്വം ഉള്ളവരുമായ കൊണാണ്ടര്‍മാര്‍ പിടിമുറുക്കുന്ന ഈ കമ്മ്യൂണിറ്റികളില്‍ മറ്റിടങ്ങളില്‍ സ്ഥാനമില്ലാത്തവരോ, ബൌദ്ധികമായി താഴ്ന്ന നിലവാരത്തിലുള്ളവരോ മേധാവിത്വം പുലര്‍ത്തുകയും മറ്റുള്ളവര്‍ അടങ്ങി ഒതുങ്ങി അഭിപ്രായം പ്രകടിപ്പിക്കാതെ ഒഴിഞ്ഞുമാറി നില്‍ക്കുകയോ ആണ് പതിവ്. ഇങ്ങനെ ബൌദ്ധികമായി താണനിലവാരം പുലര്‍ത്തുന്ന കൊണാണ്ടര്‍മാര്‍ ഗ്രൂപ്പിന് പുറത്തുള്ള വ്യക്തികളെയോ സ്ഥാപനങ്ങളെയോ കമ്മ്യൂണിറ്റിയുടെ പൊതുശത്രുവായി മുദ്രകുത്തി പ്രകോപനങ്ങളിലൂടെയും തേജോവധങ്ങളിലൂടെയും ഗ്രൂപ്പിനെ ഒരുമിപ്പിച്ചു നിര്‍ത്തുവാന്‍ ശ്രമിക്കുന്നു. ആശയപരമായി പ്രശ്നങ്ങളെ സമീപിക്കുവാനോ, സമചിത്തതയോടെ കാര്യങ്ങളെ വീക്ഷിക്കുവാണോ ഇവര്‍ക്ക് സാധാരണയായി കഴിയാറില്ല. പക്വതയുള്ള ഗ്രൂപ്പ് നേതാക്കള്‍ പാര്ശ്വവല്ക്കരിക്കപ്പെടുകയും കെടുകാര്യസ്ഥത കൈമുതലാക്കിയ അല്പഞാനികള് അരങ്ങു വാഴുകയും ചെയ്യുന്നു.
വികലവ്യക്തിത്വങ്ങള്‍ മൂലമുള്ള അലമ്പ്
സോഷ്യല്‍ മീഡിയയിലെ വികലവ്യക്തിത്വങ്ങള്‍ എന്ന പോസ്റ്റില്‍ വിവിധതരം വ്യക്തി വൈകല്യങ്ങള്‍ വിശദമായി പ്രതിപാദിച്ചിരുന്നല്ലോ. ഗ്രൂപ്പില്‍ അലമ്പുണ്ടാക്കുന്ന വികലവ്യക്തിത്വങ്ങളില് പ്രധാനം സങ്കുചിതമായ ചിന്താഗതിയും, വികലമായ വിദ്യാഭ്യാസവും കൈമുതലായ വ്യക്തികളായിരിക്കും. ഇവര്‍ മറ്റുള്ളവര്‍ നല്കുന്ന സന്ദേശങ്ങളെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കുവാന്‍ പര്യാപ്തമായ ബുദ്ധിവൈഭവം ഉള്ളവര്‍ ആയിരിക്കില്ല. തങ്ങളുടെ പരിമിതികളെ അന്ഗീകരിക്കാത്ത ഇക്കൂട്ടര്‍ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും തരംതാണ ഇകഴ്ത്തല്‍ വഴി ജനശ്രദ്ധ ആകര്‍ഷിക്കുവാന്‍ ശ്രമിക്കുകയും മറ്റു ഗ്രൂപ്പ് മെമ്പര്‍മാരുടെ അപ്രീതിക്ക് പാത്രങ്ങള്‍ ആകുകയും ചെയ്യും. അസൂയയും കുശുമ്പും കൊടികുത്തി വാഴുന്ന ഇടങ്ങളില്‍ ഇത്തരക്കാര്‍ കൂപമണ്ടൂകങ്ങള്‍ ആയി വിലസും.
മാധ്യമപരമായ പരിമിതികള്‍ മൂലമുള്ള അലമ്പ്
കമ്മ്യൂണിറ്റികളുടെ ലക്ഷ്യങ്ങള്‍ക്കനുസരിച്ചു സോഷ്യല്‍ മാധ്യമത്തിന്റെ തെരഞ്ഞെടുപ്പു അത്യന്താപേക്ഷിതമാണ്. പക്വതയില്ലാത്ത അംഗങ്ങള്‍ സാമൂഹ്യ ബോധമില്ലാതെ പെരുമാറുന്നു എങ്കില്‍ നിയന്ത്രണത്തിനുള്ള ഉപാധികളും ആവശ്യമാണ് . പക്വതയാര്‍ന്ന മൌനത്തെപ്പോലും ബലഹീനതയായിക്കാണുന്ന അല്പബുദ്ധികള്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അത് കമ്മ്യൂണിറ്റിയുടെ പതനത്തിനു വഴിവെക്കും.
വികാരപരമായ അലമ്പ്
വികാരജീവികളുടെ സാന്നിധ്യവും അമിതവികാര പ്രകടനവും മൂലം ഫേസ് ബുക്ക് അലമ്പുകള്‍ സംഭവിക്കാം. തങ്ങള്‍ക്കു കമ്മ്യൂണിറ്റികളില്‍ നീതി ലഭിക്കുന്നില്ല എന്ന തോന്നലും മുന്‍വിധികളോടെയുള്ള പെരുമാറ്റവും അധികാരക്കൊതിയും അലമ്പുകള്‍ക്ക് വഴിവെക്കുന്നു.
ഫ്രീഹിറ്റ് : ഈ ലിസ്റ്റ് പൂര്‍ണ്ണമല്ല. ഇതിനു കിട്ടുന്ന പ്രതികരണങ്ങളെ വിശകലം ചെയ്തു അലമ്പിന്റെ മറ്റു കാരണങ്ങള്‍ കണ്ടെത്തി താമസിയാതെ അതും പ്രസിദ്ധീകരിക്കുന്നതാണ്.
118 total views, 2 views today