ഫേസ്ബുക്ക് സന്ദര്‍ശിക്കുന്നതിന് ഒരു നിരക്ക്; ഗൂഗിളിനു വേറെയും; ബഷീര്‍ വള്ളിക്കുന്ന് എഴുതുന്നു

what-is-net-neutrality-video-blocked

ശ്രീ. ബഷീര്‍ വള്ളിക്കുന്ന് തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ഷെയര്‍ ചെയ്തത്

ഇന്റര്‍നെറ്റ് ഉപയോഗം ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയ സ്ഥിതിക്ക് ഒരു പൗരന്റെ അടിസ്ഥാന അവകാശമായി അതിനെ പരിഗണിക്കുവാന്‍ സര്‍ക്കാറുകള്‍ നിയമ നിര്‍മാണങ്ങള്‍ ഉണ്ടാക്കിയേ തീരൂ. ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള പൗരന്റെ അവകാശത്തെ വന്‍കിട ഇന്റര്‍നെറ്റ് സര്‍വീസ് കമ്പനികളുടെ വ്യവസായ താത്പര്യത്തിലേക്ക് എറിഞ്ഞു കൊടുക്കുവാന്‍ സര്‍ക്കാറുകള്‍ തയ്യാറാകരുത്. അത്തരം ഏത് നീക്കങ്ങള്‍ക്കെതിരിലും ജനകീയ പ്രതിഷേധവും അവബോധവും ഉയര്‍ന്ന് വരണം. ‘നെറ്റ് ന്യൂട്രാലിറ്റി’ക്ക് വേണ്ടിയുള്ള ബോധവത്കരണം പ്രസക്തമാകുന്നത് ഈയൊരു തലത്തിലാണ്.

നമ്മള്‍ ഏത് വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നു എന്ന് നോക്കി അതിനനുസരിച്ച് പണം ഈടാക്കാനുള്ള സേവന ദാതാക്കളുടെ നീക്കത്തിനെതിരെയുള്ള പ്രക്ഷോഭമാണ് ‘നെറ്റ് ന്യൂട്രാലിറ്റി’ (ഇന്റര്‍നെറ്റ് സ്ഥിതിസമത്വം) ഉയര്‍ത്തുന്നത്. നിങ്ങള്‍ ഫേസ്ബുക്ക് തുറന്നാല്‍ ഒരു നിരക്ക്, ഗൂഗിള്‍ നോക്കിയാല്‍ മറ്റൊരു നിരക്ക്, എന്റെ ബ്ലോഗ് തുറന്നാല്‍ വേറൊരു ചാര്‍ജ് എന്നിങ്ങനെ സേവനദാതാക്കള്‍ നിരക്ക് നിശ്ചയിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയാല്‍ എന്താകും അവസ്ഥ. നിങ്ങളുടെ ലാന്‍ഡ് ഫോണില്‍ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുമ്പോള്‍ ഒരു നിരക്ക്, അതിന്റെ തൊട്ടടുത്തുള്ള തുണിഷാപ്പിലേക്ക് വിളിക്കുമ്പോള്‍ മറ്റൊരു നിരക്ക് എന്നിങ്ങനെ വരുന്നത് പോലെ.. ഓടുന്ന പട്ടിക്ക് ഒരു മുഴം നീട്ടി എറിയുന്ന പോലെ ഇങ്ങനെയൊരു അസംബന്ധ നിയമ നിര്‍മാണത്തെക്കുറിച്ച് ആലോചിക്കാന്‍ പോലും സര്‍ക്കാറുകള്‍ക്ക് അവസരം കൊടുക്കാത്ത വിധം നാം അല്പം നീട്ടിയെറിയണം. നെറ്റ് ന്യൂട്രാലിറ്റി പൗരാവകാശമാണ്. അതിനു വേണ്ടി വ്യാപകമായ ശബ്ദമുയര്‍ത്തുക. #NetNeturaltiy