ഫ്രെറ്റ്പെന്‍: ലോകത്തിലെ ഏറ്റവും ചെറിയ ഗിറ്റാര്‍

0
235

02

ഗിറ്റാര്‍ ഇഷ്ടപ്പെടുന്ന, ഗിറ്റാര്‍ ഉപയോഗിക്കാന്‍ അറിയാവുന്ന ഒട്ടേറെ ആളുകള്‍ നമ്മുടെ ഇടയിലുണ്ട്. എത്ര വലിയ ടെന്‍ഷന്‍ അലട്ടുന്ന സമയമായാലും ഗിറ്റാറില്‍ നിന്നുള്ള ശബ്ദം കേട്ടാല്‍ ആരും ഒന്ന് തണുക്കും. യാത്ര പോകുമ്പോഴും കൂട്ടുകാരുടെ ഒപ്പം സമയം ചിലവിടുമ്പോഴും അല്പം ഗിറ്റാര്‍ സംഗീതം കൂടി ഉണ്ടെങ്കില്‍ എന്ന് കൊതിക്കാത്തവര്‍ ഉണ്ടാവില്ല. പക്ഷെ അങ്ങനെ എളുപ്പം കൈയ്യില്‍ കൊണ്ടുനടക്കാവുന്ന സാധനം അല്ലാത്തതിനാല്‍ ആ ആഗ്രഹങ്ങള്‍ ഒക്കെ മിക്കവാറും മനസില്‍ത്തന്നെ ഇരിക്കാറാണ് പതിവ്. എന്നാല്‍ അതിനും പ്രതിവിധി ദാ തയ്യാര്‍.

ഈ ചെറു ഗിറ്റാറിന്റെ പേര് ഫ്രെറ്റ്പെന്‍. അമേരിക്കയില്‍ നിന്നാണ് ഈ കുഞ്ഞന്റെ വരവ്. പേര് സൂചിപ്പിക്കുന്നപോലെ ഒരു പേനയുടെ രൂപത്തിലാണ് ഈ ഗിറ്റാര്‍ എത്തുന്നത്. കുറച്ചു ചെറിയ ഭാഗങ്ങള്‍ എളുപ്പത്തില്‍ കൂട്ടിച്ചേര്‍ത്താല്‍ ഗിറ്റാര്‍ പ്രവര്‍ത്തനക്ഷമം ആകും. ഇതിനുവേണ്ടി തയ്യാറാക്കിയിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ മൊബൈല്‍ ഫോണിനെ ഒരു ആമ്പ്ലിഫയര്‍ ആയി ഉപയോഗിക്കാം. ഒരു കമ്പി മാത്രമേ ഈ കുഞ്ഞന്‍ ഗിറ്റാറിനുള്ളൂ. പക്ഷെ വലുപ്പമില്ലായ്മ ഇതിന്റെ പ്രവര്‍ത്തനത്തെ ഒരുതരത്തിലും ബാധിക്കുന്നില്ല. ഗിറ്റാര്‍ ഉപയോഗിച്ച് പരിചയമുള്ള ആര്‍ക്കും ഈ കുഞ്ഞന്‍ ഗിറ്റാര്‍ എളുപ്പത്തില്‍ ഉപയോഗിക്കാം.

പേരില്‍ മാത്രമല്ല പേന ഉള്ളത്. ഇത് ഒരു പേന ആയിക്കൂടി ഉപയോഗിക്കാം. ഗിറ്റാറില്‍ പുതിയ ഈണം കണ്ടെത്തുമ്പോള്‍ അത് കുറിച്ച് വെക്കാന്‍ ഇനി പേന തപ്പിപ്പോകേണ്ട ആവശ്യമില്ലെന്ന് സാരം. ഈ കുഞ്ഞന്‍ ഗിറ്റാര്‍ വിപണിയില്‍ എത്താന്‍ ഇത്തിരി താമസിക്കും. പക്ഷെ ഇപ്പോള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്‌താല്‍ നവംബറില്‍ പുറത്തിറങ്ങുമ്പോള്‍ ആദ്യം തന്നെ ഈ ഇത്തിരിക്കുഞ്ഞന്‍ നിങ്ങളുടെ കൈകളില്‍ എത്തും. ഇനി വായിച്ചിട്ട് വിശ്വാസം വരുന്നില്ലെങ്കില്‍ ദാ കണ്ടു നോക്കിക്കോളൂ ഈ സൂപ്പര്‍സ്റ്റാര്‍ ഗിറ്റാറിന്റെ പെര്‍ഫോമന്‍സ്.

Advertisements