ഫ്ലിപ്പ് കാര്‍ട്ട് കേരളത്തിലേക്ക്..!!!

  0
  301

  flipkar
  ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്ക് മനസിലായി തുടങ്ങി കേരളം നല്ല വളക്കൂര്‍ ഉള്ള സ്ഥലമാണ് എന്ന്..!!! അവര്‍ എല്ലാം കൂട്ടത്തോടെ കേരളത്തിലേക്ക് വരുന്നു.

  ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ റീട്ടെയില്‍ വ്യാപാരം കൈയടക്കുന്നത് സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് മിന്ത്ര എറണാകുളത്ത് വില്‍പ്പന നികുതി രജിസ്‌ട്രേഷനെടുത്തു. എറണാകുളം സര്‍ക്കിള്‍ ഓഫീസില്‍ ഇവര്‍ കഴിഞ്ഞ മൂന്നുമാസം കൊണ്ട് ഒന്നര കോടിയോളം രൂപ നികുതിയും അടച്ചിട്ടുണ്ട്. രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ അധീനതയിലുള്ളതാണ് ഇപ്പോള്‍ മിന്ത്ര. വെക്ടര്‍ ഇ കോമേഴ്‌സ് എന്ന കമ്പനിയുടെ പേരിലാണ് മിന്ത്രയ്ക്ക് വേണ്ടി രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ളത്.

  കേരളത്തില്‍ ഗോഡൗണ്‍ തുറന്ന് ബില്ലിംഗ് ഇവിടെ നിന്നാക്കിയാല്‍ വില്‍പ്പനനികുതി കേരളത്തിന് ലഭിക്കും. രാജ്യത്തെ ഏറ്റവുമധികം ഇബിസിനസ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതുകൊണ്ട് തന്നെ കേരളത്തില്‍ നിയമപ്രശ്‌നങ്ങളില്‍ കുരുങ്ങാതെ ബിസിനസ് തുടരാനുള്ള ശ്രമങ്ങളാണ് ഇവര്‍ നടത്തുന്നത്.

  ഫ്‌ളിപ്കാര്‍ട്ട് ഉള്‍പ്പടെ മറ്റ് ചില കമ്പനികളും കേരളത്തില്‍ ഗോഡൗണ്‍ തുറന്ന് വില്‍പ്പന നികുതി രജിസ്‌ട്രേഷന്‍ എടുക്കാനൊരുങ്ങുന്നതായാണ് സൂചന. കളമശേരിയില്‍ വലിയ ഗോഡൗണും നികുതിരജിസ്‌ട്രേഷനും വേണ്ടി ഒരു പ്രമുഖ കമ്പനി നടപടികളാരംഭിച്ചിട്ടുണ്ട്.

  ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ സംസ്ഥാനഖജനാവിന് ശതകോടികളുടെ വില്‍പ്പനനികുതി നഷ്ടം സംഭവിക്കുന്നുണ്ടെന്ന പരാതികളെ തുടര്‍ന്ന് കമ്പനികള്‍ക്കെതിരെ വകുപ്പ് അന്വേഷണങ്ങളും നടപടികളും ആരംഭിച്ചിരുന്നു. സാധനങ്ങള്‍ എത്തുമ്പോള്‍ ഉപഭോക്താവ് പണം നല്‍കുന്ന വ്യവസ്ഥയിലുള്ള ഇടപാടില്‍ മാത്രമേ നിലവിലുള്ള നിയമപ്രകാരം വില്‍പ്പന നികുതി വകുപ്പിന് ഇടപെടാനാവൂ. ഇങ്ങിനെ സാധനങ്ങള്‍ കൊണ്ടുവന്ന ബ്‌ളൂഡാര്‍ട്ട് കൊരിയര്‍ കമ്പനിക്കെതിരെയാണ് പാലക്കാടും കൊച്ചിയിലും കേസുകളുണ്ടായത്. മൂന്നുകോടിയോളം രൂപ ഇവര്‍ക്ക് പിഴയിടുകയും ചെയ്തു. പ്രമുഖ കമ്പനികള്‍ കേരളത്തിലേക്ക് കാഷ് ഓണ്‍ ഡെലിവറി സമ്പ്രദായത്തില്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതും നിറുത്തി വെച്ചിരിക്കുകയാണ്.

  ഫ്‌ളിപ്കാര്‍ട്ട്, ഇബേ, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ ഓണ്‍ലൈനിലൂടെ മാത്രമേ പണം സ്വീകരിക്കുന്നുള്ളൂ.