ഫ്‌ലോറന്റിനോ പെരസ് : റയല്‍ മാഡ്രിഡില്‍ ‘ഗലാക്റ്റിക്കോസ്’ വസന്തം വിരിയിച്ച ഭാവനാശാലി

368
perez1
Image Courtesy : Real Madrid FC

കാല്‍പന്തുകളി എന്നത് ഒരു കായികവിനോദം മാത്രമല്ല. കാല്‍പ്പന്തിനെ സ്‌നേഹിക്കുന്നവര്‍ക്ക് അതൊരു വികാരവും വിശ്വാസവുമാണ്. ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അവരുടേതായ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടാവുക സ്വാഭാവികം. ഇന്ത്യ ലോകക്കപ്പ് കളിക്കുന്നില്ലാത്തത് കൊണ്ടും ഉടനെയെങ്ങും അങ്ങനെ ഒരു സ്ഥിതിയിലേയ്ക്ക് എത്തുമെന്ന് നമ്മള്‍ പോലും കരുതാത്തത് കൊണ്ടും വിദേശ ടീമുകളോട് ആണ് മലയാളിക്കെന്നും പ്രിയം. അതില്‍ത്തന്നെ രാഷ്ട്രങ്ങളുടെ ദേശീയ ടീമുകളോട് ലോകക്കപ്പ് പോലെയുള്ള അവസരങ്ങളില്‍ മാത്രമേ നമ്മുക്ക് മമതയുള്ളൂ. എന്നാല്‍, വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ക്ലബ് ഫുട്‌ബോള്‍ മത്സരങ്ങള്‍ എക്കാലവും നമ്മുക്ക് പ്രിയപ്പെട്ടവയാണ്.

ഫുട്‌ബോള്‍ പ്രേമികള്‍ തമ്മില്‍ കണ്ടാല്‍ ആദ്യം ഉണ്ടാകുന്ന സംവാദം മേസിയാണോ റൊണാള്‍ഡോയാണോ കേമന്‍ എന്നവുമെന്നതില്‍ സംശയമില്ല. എന്നാല്‍, അതിനേക്കാള്‍ ചൂട് പിടിക്കുന്ന ഒരു രണ്ടാമത്തെ തര്‍ക്കവിഷയമുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ആണോ സ്പാനിഷ് പ്രിമേറ ലീഗ് ആണോ മികച്ചത് എന്നാണ് ആ ചോദ്യം. രണ്ടുഭാഗത്തിനും അവരുടേതായ ന്യായങ്ങള്‍ ഉണ്ടാകുമെങ്കിലും ഇ.പി.എല്‍. പവര്‍ ഫുട്‌ബോള്‍ ആസ്വദിക്കുന്നവര്‍ക്ക് ഉള്ളതാണ്. സ്പാനിഷ് ലീഗ് കാല്‍പന്തുകളിയുടെ കാവ്യാത്മകത കാണാന്‍ കഴിയുന്നവര്‍ക്കും. താരനിബിഡമാണ് സ്പാനിഷ് ലീഗ്. ഏറ്റവും പ്രശസ്തരായവരെ റാഞ്ചിയെടുക്കാന്‍ ടീമുകള്‍ മത്സരിക്കുമ്പോള്‍ സ്വാഭാവികമായും കളി കാര്യമാകും. സ്പാനിഷ് ലീഗെന്നാല്‍ ബാഴ്‌സലോണയും റയല്‍മാഡ്രിഡും മാത്രമല്ല. പക്ഷെ, സ്പാനിഷ് ലീഗിന്റെ ആവേശം മനസിലാക്കാന്‍ ഈ രണ്ടു ടീമുകളെ ശ്രദ്ധിച്ചാല്‍ മതി താനും.

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാര്‍ സ്പാനിഷ് ലീഗില്‍ അരങ്ങുതകര്‍ക്കാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. എന്നാല്‍, ഒരു കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തരായ ആളുകളെക്കൊണ്ട് ടീമുകള്‍ നിറയാന്‍ തുടങ്ങിയ ശീലത്തിന് പിന്നില്‍ ഒരേയൊരു പേരേ ഉള്ളു. റയാല്‍ മാഡ്രിഡിന്റെ സ്വന്തം പ്രസിഡന്റ്ഫ്‌ലോറന്റിനോ പെരസ്.’ഗലാക്റ്റിക്കോസ്’ വസന്തത്തിന്റെ തലതൊട്ടപ്പന്‍. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസം, അതായത് 2000 ജൂലൈ 16നാണ് പെരസ് ആദ്യമായി റയലിന്റെ പ്രസിഡന്റ് പദവിയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. 15 വര്‍ഷങ്ങള്‍ കൊണ്ട് റയല്‍ നേടിയതിനെല്ലാം ഈ മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു.

റയല്‍മാഡ്രിഡ് പെരെസിന് മുന്‍പ്

മുന്‍പ് സൂചിപ്പിച്ചത് പോലെ,ഫ്‌ലോറന്റിനോ പെരസ് ആദ്യമായി റയലിന്റെ സാരഥ്യം ഏറ്റെടുക്കുന്നത് 2000ല്‍ ആണ്. എന്നാല്‍, അതിനും 5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെരെസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചിരുന്നു. അന്ന് റാമോണ്‍ മെന്‍ഡോസയുടെ ചിട്ടയില്ലാത്ത നടത്തിപ്പിന് എതിരെ ശബ്ദമുയര്‍ത്തിയാണ് മത്സരിച്ചതെങ്കിലും പരാജയം ആയിരുന്നു ഫലം. പേരെസിന്റെ എതിരാളി ലോറെന്‍സോ സാന്‍സ് ക്ലബ് പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടു. 2000ല്‍ വീണ്ടും ക്ലബ് നടത്തിപ്പിലെ ക്രമക്കേടുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് പെരെസ് മത്സരിക്കാന്‍ ഇറങ്ങിയത്. സാന്‍സ് പ്രസിഡന്റ് ആയതിനു ശേഷം രണ്ടു തവണ ക്ലബ് യൂറോപ്യന്‍ കപ്പ് സ്വന്തമാക്കിയെങ്കിലും ലീഗ് കിരീടം 1997ന് ശേഷം റയലിന് കിട്ടാക്കനി ആയിരുന്നു. 2000ല്‍ ലീഗില്‍ അഞ്ചാം സ്ഥാനത്താണ് ക്ലബ് ഫിനിഷ് ചെയ്തത്. ഈ അവസ്ഥയിലാണ് ക്ലബ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പെരെസ് രണ്ടാം വട്ടം മത്സരിക്കാന്‍ ഒരുങ്ങിയത്. അതും, ബാഴ്‌സലോണയില്‍ നിന്ന് ലൂയി ഫീഗോയെ റയലില്‍ എത്തിക്കാം എന്ന വാഗ്ദാനവും നല്‍കിക്കൊണ്ട്!

ഫ്‌ലോറന്റിനോ പെരസ് എന്ന സമര്‍ത്ഥനായ എഞ്ചിനീയര്‍

പഠിച്ചത് സിവില്‍ എഞ്ചിനീയറിംഗ്. സ്‌പെയിനിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനികളില്‍ ഒന്നിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ എന്ന പദവി. ഇവിടെ നിന്നാണ് റയല്‍ മാഡ്രിഡ് എന്ന ഭീമന്‍ ഫുട്‌ബോള്‍ ക്ലബിന്റെ സാരഥ്യം ഏറ്റെടുക്കാന്‍ പെരെസ് എത്തുന്നത്. എന്നാല്‍ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളെ അണിനിരത്തി എതിരാളികള്‍ ഭയത്തോടെ മാത്രം നോക്കിയിരുന്ന ഒരു റയല്‍ മാഡ്രിഡിന് രൂപം കൊടുത്തുകൊണ്ട് താന്‍ മികവുറ്റ ഒരു എഞ്ചിനീയര്‍ ആണെന്ന് ഫുട്‌ബോള്‍ ലോകത്തിനും പെരെസ് കാണിച്ചുകൊടുത്തു.

View post on imgur.com

പ്രസിഡന്റ് ആയി സ്ഥാനമേറ്റ ഉടന്‍ തന്നെ ഫീഗോയെ ക്ലബ്ബില്‍ എത്തിച്ച് പെരെസ് വാക്കുപാലിച്ചു. എന്നാല്‍, കൂടുതല്‍ അത്ഭുതങ്ങള്‍ വരാന്‍ ഇരിക്കുകയായിരുന്നു. തലക്കെട്ടില്‍ പറഞ്ഞ ഗലാക്റ്റിക്കോസ് വസന്തത്തിന്റെ ആദ്യ കണ്ണി മാത്രമായിരുന്നു ഫീഗോയുടെ ആഗമനം. എല്ലാ വര്‍ഷവും ഒരു സൂപ്പര്‍ താരത്തെ വീതം ക്ലബ്ബില്‍ എത്തിക്കുക എന്നതായിരുന്നു പെരെസിന്റെ ലക്ഷ്യം. അതില്‍ പെരെസ് വിജയിക്കുക തന്നെ ചെയ്തു. 2001ല്‍ സിനദിന്‍ സിദാന്‍, 2002ല്‍ റൊണാള്‍ഡോ, 2003ല്‍ ഡേവിഡ് ബെക്കാം, 2004ല്‍ മൈക്കല്‍ ഓവന്‍, 2005ല്‍ റോബിഞ്ഞോ എന്നിവര്‍ റയല്‍ തട്ടകത്തില്‍ എത്തിച്ചേര്‍ന്നു. സൈഡ് ബെഞ്ച് പോലും സൂപ്പര്‍ താരങ്ങളാല്‍ നിറഞ്ഞ അവസ്ഥ. ഈ തന്ത്രം ഫലിച്ചു എന്നതിന്റെ സൂചകമായിരുന്നു 2001ലും 2003ളും റയല്‍ നേടിയ ലീഗ് കിരീടങ്ങളും ഇതിനിടെ സ്വന്തമാക്കിയ ചാമ്പ്യന്‍സ് ട്രോഫിയും. എന്നാല്‍, പിന്നീട് പെരെസിന്റെ തന്ത്രങ്ങള്‍ പതിയെ പതിയെ തിരിച്ചടിക്കുവാന്‍ തുടങ്ങി. ഒത്തിണക്കം ഇല്ലാതെ കളിച്ച സൂപ്പര്‍ താരങ്ങള്‍ ക്ലബ്ബിനൊരു തലവേദന തന്നെയായി. അത് 2006ല്‍ പെരെസിന്റെ രാജിയിലാണ് കലാശിച്ചത്.

View post on imgur.com

അനിവാര്യമായ തിരിച്ചു വരവ്

റയലിന് പേരെസിനെയും പെരെസിന് റയലിനെയും ഉപേക്ഷിക്കുക അത്ര എളുപ്പമായിരുന്നില്ല. 2009ല്‍ വീണ്ടും റയലിന്റെ പ്രസിഡന്റ് ആയി പെരെസ് തിരഞ്ഞെടുക്കപ്പെട്ടു. സ്ഥാനമേറ്റ ഉടന്‍ പെരസ് ആദ്യം ചെയ്തത് തന്റെ പഴയ ശൈലി വീണ്ടും നടപ്പാക്കുകയായിരുന്നു. അങ്ങനെയാണ് കക്ക, ക്രിസ്ത്യാനോ റൊണാള്‍ഡോ, റൌള്‍ ആല്‍ബിയോള്‍, കരിം ബെന്‍സേമ, സാബി അലോണ്‍സോ എന്നിവര്‍ റയലില്‍ എത്തുന്നത്. അക്കൊല്ലം ബാഴ്‌സലോണയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനം ആയിപ്പോയെങ്കിലും 2012ല്‍ റയല്‍ ലീഗ് കിരീടം തിരികെപ്പിടിച്ചു. 2013ല്‍ നടന്ന റീഇലക്ഷനിലും പെരെസ് പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തി. 2014ല്‍ റയലിന്റെ പത്താം ചാമ്പ്യന്‍സ് ട്രോഫി നേടിക്കൊടുക്കുകയും ചെയ്തു.

റയല്‍ മാഡ്രിഡ് എന്ന ടീമിനെ ഇന്നത്തെ അത്രയും ജനപ്രിയമാക്കുന്നതില്‍ പെരെസ് വഹിച്ച പങ്ക് വലുതാണ്. ഇപ്പോഴും റയലിന്റെ പടയോട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പെരെസിന് ക്ലബ്ബിനെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുവാനുള്ള കഴിവും ശേഷിയും യൗവനവും ഇനിയുമുണ്ട്. റയലിനെ സ്‌നേഹിക്കുന്നവര്‍ക്ക്, റയലിനെ ഒരു വികാരമായി മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക്, ഈ ലേഖനം സമര്‍പ്പിക്കുന്നു.