ബജ്രംഗി ഭായ്ജാന്‍: റിവ്യു – മുഹമ്മദ് യാസര്‍

0
352

00205_371331

സാധാരണ സല്‍മാന്‍ ചിത്രങ്ങള്‍ കണ്ടാല്‍, അദ്ദേഹം ജയിക്കുകയും ഞാന്‍ തോല്‍ക്കുകയുമാണ് പതിവ്. എന്നിരുന്നാലും സല്‍മാന്‍ ചിത്രങ്ങള്‍ കാണുന്നത് മുടക്കാറുമില്ല. വീണ്ടും വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് എന്നെ വീണ്ടും പിടിച്ചിരുത്തും. അങ്ങനെ ഒട്ടും പ്രതീക്ഷ ഇല്ലാതെയാണ് ബജ്രംഗി ഭായ്ജാന്‍ കാണാനിരുന്നത്. ഒരു മാസ് മസാലക്കപ്പുറം ഒരു കഥയും രാഷ്ട്രീയവും പ്രതീക്ഷിച്ചുമില്ല.

കാബുള്‍ എക്‌സ്‌പ്രെസ്സ് തൊട്ട് കബീര്‍ ഖാന്റെ സിനിമകളും കാണുന്നുണ്ട്. എന്ത്‌കൊണ്ടോ ന്യൂ യോര്‍ക്ക് മാത്രമാണ് അല്പമെങ്കിലും എന്നെ ആകര്‍ഷിച്ചത്. കബീറും സല്‍മാനും ഒന്നിച്ച ഏക് ഥാ ടൈഗര്‍ ബോറന്‍ പടമായാണ് അനുഭവപ്പെട്ടതും.

പവന്‍ കുമാര്‍ ചതുര്‍വേദി എന്ന ഇന്ത്യക്കാരനും ഹനുമാന്‍ (ബജ്രംഗ് ബലി) ഭക്തനുമായ ഒന്നിനും കൊള്ളാത്തവന്‍ എന്ന് അച്ഛന്‍ പോലും എഴുതിത്തള്ളിയ ഒരു യുവാവ്, ഇന്ത്യയില്‍ ഒറ്റപ്പെട്ടുപോയ സംസാര ശേഷിയില്ലാത്ത ഷാഹിദ എന്ന പാക്കിസ്ഥാന്‍ പെണ്‍കുട്ടിയെ തന്റെ മാതാപിതാക്കളുടെ അടുത്ത് എത്തിക്കാന്‍ പാകിസ്ഥാനിലേക്ക് നടത്തുന്ന സാഹസിക യാത്രയാണ് ബജ്രംഗി ഭൈജാന്‍ പറയുന്നത്. അതിവൈകാരിക മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ നടത്തിയ ചില ശ്രമങ്ങളോട് നമ്മുടെ യുക്തി ചില ചോദ്യങ്ങള്‍ ഉയര്‍ത്തുമെങ്കിലും, കഥയുടെ ഭംഗിക്ക് തല്‍ക്കാലം അവ അവഗണിക്കാവുന്നതെ ഉള്ളൂ.

ഒന്നാം പകുതി ഏകദേശം പൂര്‍ണ്ണമായും കഥാപാത്ര പരിചയപ്പെടുത്തലിനു മാറ്റി വെച്ചതിനാല്‍, സിനിമ ചലിക്കുന്നത് രണ്ടാം പകുതിയിലാണ്. രണ്ടു രാജ്യങ്ങളുടെയും അനുമതി വാങ്ങി ഒരു ഇന്‍ഡോ-പാക് കഥ പറയാന്‍ പറ്റുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത (ഏക് ഥാ ടൈഗര്‍, പാക് അനുമതി നിഷേധിക്കപ്പെട്ട സിനിമ ആയിരുന്നു.) ക്രിക്കറ്റും, ഭക്ഷണ ശീലങ്ങളുമാണ് ഈ രണ്ടു രാജ്യങ്ങളിലെ ജനങ്ങളെ തിരിച്ചറിയാന്‍ ഉപയോഗിച്ചിരിക്കുന്നത്(ന്യൂ യോര്‍ക്കിന്റെ സംവിധായകന്‍ എന്ന നിലയില്‍ കബീര്‍ ഖാന്റെ ഉദ്ദേശ്യ ശുദ്ധി ചോദ്യം ചെയ്യുന്നില്ല). ശാഹിദ / മുന്നി ആയി അഭിനയിച്ച കുഞ്ഞു ഹര്‍ശാലി, തന്റെ റോള്‍ മനോഹരമാക്കിയിരിക്കുന്നു. ബദ് ലപുറിനു ശേഷം ചാന്ദ് നവാസ് എന്ന പത്ര പ്രവര്‍ത്തകന്റെ റോളില്‍ നവാസുദ്ധീന്‍ സിദ്ധീക്കി പിന്നെയും വിസ്മയിപ്പിച്ചു. ഏതു നടിക്കും ചെയ്യാനാവുന്ന റോളില്‍ കരീനയ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കശ്മീരിന്റെ ഭംഗി ഒപ്പിയെടുത്ത ഹെലികോപ്റ്റര്‍ ഷോട്ടുകള്‍ സിനിമക്ക് മിഴിവേകുന്നുണ്ട്. പ്രിതം ഒരുക്കിയ പാട്ടുകള്‍ മുഷിപ്പിക്കുന്നില്ല. മെലിഞ്ഞുണങ്ങിയെങ്കിലും അദ്‌നാന്‍ സമിയുടെ ശബ്ദം അങ്ങനെയൊക്കെത്തന്നെ ഉണ്ട് എന്നത് അദ്ദേഹം പാടി അഭിനയിച്ച ഖവാലിയെ വ്യത്യസ്തമാക്കുന്നു.

മൊത്തത്തില്‍, സല്‍മാന്‍ ഖാന്റെ കണ്ടിരിക്കാവുന്ന സിനിമ തന്നെയാണ് ബജ്രംഗി ഭായ്ജാന്‍.