02

തന്റെ 8 വയസ്സുകാരന്‍ സഹോദരന്റെ ബര്‍ത്ത്ഡേ പാര്‍ട്ടിക്കിടെ കേവലം 8 മാസം മാത്രം പ്രായമുള്ള കുഞ്ഞിനു ദാരുണമായ അന്ത്യം. കുഞ്ഞിനു അമ്മ പാല് കൊടുക്കവെ മദ്യപിച്ചു ലക്കുകെട്ട അമ്മയുടെ കസിന്‍സ് നടത്തിയ പരാക്രമമാണ് കുഞ്ഞിന്റെ അന്ത്യത്തില്‍ കലാശിച്ചത്. കുഞ്ഞിന്റെ ശരീരത്തില്‍ അമ്മയുടെ 20 വയസ്സുള്ള കസിന്‍ എറിഞ്ഞ മരക്കൊമ്പ് വന്നിടിക്കുകയായിരുന്നു. പ്രിയാന്‍ഷു എന്ന് പേരുള്ള കുഞ്ഞിനേയും കൊണ്ട് വീട്ടുകാര്‍ ഉടനെ ആശുപത്രിയിലേക്ക് പോയെങ്കിലും രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. നോയിഡയിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അമ്മ തന്റെ മൂത്ത മകന്റെ ജന്മദിനം ആഘോഷിക്കുവാന്‍ ബന്ധുക്കളെ ക്ഷണിക്കുകയായിരുന്നു. പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പടെ മിക്കവാറും പേരും മദ്യ ലഹരിയില്‍ ആയിരുന്നു അപ്പോള്‍. അതിനിടയിലാണ് 20 കാരന്‍ സോനു എന്ന് പേരുള്ള യുവാവും സോനുവിന്റെ സഹോദരന്‍ വിജയ്‌യും അളിയന്‍ ധരം സിംഗും മദ്യപിച്ചു ബഹളമുണ്ടാക്കാന്‍ തുടങ്ങിയത്. അതിനിടയില്‍ കയ്യില്‍ കിട്ടിയ മരക്കൊമ്പ് എടുത്ത് സോനു ആര്‍ക്കോ നേരെ എറിയുകയായിരുന്നു. അതാണ്‌ നേരെ വന്നു കുഞ്ഞിന്റെ തലക്ക് കൊണ്ടത്.

പോലിസ് മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ മൂന്നു പേരും മറ്റു അതിഥികളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്നു ബന്ധുക്കള്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

Advertisements