ബഹിരാകാശ പര്യവേഷണങ്ങള്‍ നമ്മുടെ അനുദിന ജീവിതത്തെ എങ്ങനെ സഹായിക്കുന്നു?

260

space_in_daytoday_life_boolokam
ബഹിരാകാശ ഗവേഷണ രംഗത്തെ ഒരു വന്‍ ശക്തിയായി നമ്മുടെ രാജ്യം വളര്‍ന്നു കഴിഞ്ഞു. എന്നാല്‍, ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകളും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ചോദ്യമുണ്ട് : ‘ഇന്ത്യ ബഹിരാകാശ ഗവേഷണത്തിന് ചിലവഴിക്കുന്ന തുക ജനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനായി ഉപയോഗിച്ചുകൂടേ?’. തീര്‍ച്ചയായും ഇതൊരു കുഴയ്ക്കുന്ന ചോദ്യം തന്നെയാണ് ആദ്യനോട്ടത്തില്‍. എന്നെങ്കിലും ഒരിക്കല്‍ മനുഷ്യര്‍ മറ്റ് ഗ്രഹങ്ങളിലേയ്ക്ക് ചേക്കേറിയേക്കാം. പക്ഷെ, ഇപ്പോള്‍ പ്രത്യക്ഷത്തില്‍ എന്ത് പ്രയോജനം ആണ് മനുഷ്യര്‍ക്ക് ലഭിക്കുന്നത് എന്ന് ചോദിക്കുമ്പോള്‍ നമ്മളും ‘അത് ശരിയാണല്ലോ!’ എന്ന് ചിന്തിച്ചു പോവുകതന്നെ ചെയ്യും.

എന്നാല്‍, ബഹിരാകാശ ഗവേഷണങ്ങള്‍ മൂലം നമ്മുടെ അനുദിന ജീവിതത്തില്‍ പല കാര്യങ്ങളും കൂടുതല്‍ എളുപ്പമായി തീരുന്നുണ്ട് എന്ന് എത്ര പേര്‍ക്കറിയാം? നമ്മള്‍ ഇന്ന് ഉപയോഗിക്കുന്ന സൗകര്യങ്ങളും ഉപകരണങ്ങളും പലതും ബഹിരാകശഗവേഷകര്‍ കണ്ടെത്തിയ വസ്തുക്കളുടെ പിന്മുറക്കാര്‍ ആണെന്ന് എത്ര പേര്‍ക്ക് അറിയാം? എം.ആര്‍.ഐ. സ്‌കാനിലും ക്യാറ്റ് സ്‌കാനിലും ഉപയോഗിക്കുന്ന ഡിജിറ്റല്‍ സിഗ്‌നല്‍ പ്രോസസിംഗ് ടെക്‌നോളജി, പോറല്‍ ഏല്‍ക്കാത്ത ലെന്‍സുകള്‍, പെയ്‌സ്‌മേയ്ക്കറുകള്‍, കൃതിമപല്ലുകള്‍, ക്യാമറകളിലെ CMOS സെന്‍സറുകള്‍ അങ്ങിനെ നീളുന്നു ആ നിര.

ഐ.എസ്.ആര്‍.ഓ.യുടെ തലവന്‍ ഡോ.എ.എസ്.കിരണ്‍ കുമാര്‍ കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രസംഗത്തില്‍ പറഞ്ഞത് ബഹിരാകശയാത്രകള്‍ക്ക് വേണ്ടി ആദ്യമായി കണ്ടുപിടിക്കപ്പെടുകയും പിന്നീട് നമ്മുടെ അനുദിന ജീവിതത്തിലെ ഉപകരങ്ങളുടെ ഭാഗമായി മാറുകയും ചെയ്ത ആയിരത്തിഅറുനൂറില്‍ അധികം സാങ്കേതിക വിദ്യകള്‍ നമ്മുക്കുണ്ട് എന്നാണ്. ചില സാങ്കേതികവിദ്യകള്‍ പ്രശസ്തമാകുവാനും ബഹിരാകാശയാത്രകള്‍ക്ക് വേണ്ടിയുള്ള ഗവേഷണങ്ങള്‍ സഹായിച്ചിട്ടുണ്ട്. ‘വെല്‍ക്രോ’ എന്താണെന്ന് ഇന്ന് എല്ലാവര്ക്കും അറിയാം. 1940കളില്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ആണ് ഇത് കണ്ടെത്തുന്നത്. എന്നാല്‍ ഏറെ പ്രശസ്തമായ അപ്പോളോ ദൗത്യത്തില്‍ ഉപയോഗിച്ചപ്പോള്‍ ആണ് ഈ ചെറിയ കണ്ടുപിടുത്തം ലോകമൊക്കെ അറിയപ്പെടാന്‍ തുടങ്ങിയത്. അങ്ങനെ അനേകം ഉദാഹരണങ്ങള്‍.

ഏതു ശാസ്ത്രശാഖയോ സാങ്കേതികവിദ്യയോ ആയിരുന്നാലും അവ പ്രത്യക്ഷമായി അല്ലെങ്കില്‍ പരോക്ഷമായെങ്കിലും മനുഷ്യന്റെ പുരോഗതിയെ സഹായിക്കാതിരുന്നിട്ടില്ല. അത് മനസിലാക്കുവാനുള്ള ക്ഷമ നമ്മള്‍ കാണിക്കണം എന്ന് മാത്രം.