ബാലചികിത്സ – മോഹന്‍ പൂവത്തിങ്കല്‍

0
309

pediatrics

‘ബാലനാം രോദനം ബലം’എന്ന ആപ്ത വാക്യം പലരും ഇന്ന് വിസ്മരിച്ചിരിക്കുന്ന കാലമാണ്. കുഞ്ഞുങ്ങളെ ചികിത്സിക്കുമ്പോള്‍ അവരുടെ മാതാപിതാക്കളുടെ ദേഹസ്ഥിതി, കുഞ്ഞുങ്ങളുടെ ദേഹ പ്രകൃതി, ഭയവും ശാഠ്യവും, അതിസ്പര്‍ശവും, ആഹാരത്തിന്റെ ഇഷ്ടാനിഷ്ടങ്ങളും, പ്രത്യേക രോഗ ലക്ഷണങ്ങളും എല്ലാം ശ്രദ്ധിച്ചിരിക്കണം.

കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന എന്തെങ്കിലും കാരണങ്ങള്‍ കൊണ്ടാകണം അവര്‍ കരയുന്നത്. കുഞ്ഞുങ്ങളുടെ കരച്ചിലിന്റെ രീതിയും സ്വഭാവവും മനസ്സിലാക്കുകയും, കൈകാലുകളുടെ ചലനവും മുഖഭാവം നല്ലതുപോലെ ശ്രദ്ധിക്കുകയും ചെയ്താല്‍ രോഗ ലക്ഷണങ്ങള്‍ ഊഹിക്കുവാന്‍ കഴിയും.

കുഞ്ഞുങ്ങള്‍ ഇടക്കിടെ കൈ ചെവിക്കടുത്തു കൊണ്ടു പോകുകയും ചെവിയുടെ ഭാഗം ചുവന്നിരിക്കുകയും ചെയ്താല്‍ ആ കുഞ്ഞ് ചെവി വേദന കൊണ്ടാണ് കരയുന്നത് എന്ന് മനസ്സിലാക്കാം.

വയര്‍ പതഞ്ഞു കയറുകയും, കാല്‍ മുട്ടുകള്‍ മടക്കി വയറിനോട് ചേര്‍ത്ത് പിടിക്കുകയും, അതിശാഠ്യം പിടക്കുകയും, എടുത്തുകൊണ്ട് വയറു ഭാഗം ചേര്‍ത്തു കൊണ്ട് നടക്കുകയും ചെയ്താല്‍ മാത്രം കരച്ചില്‍ നിറുത്തുകയും ചെയ്താല്‍ വയറുവേദനയാണെന്ന് മനസ്സിലാക്കാം.

ഉറക്കത്തില്‍ പല്ല് കടിക്കുക, തൊണ്ടയനക്കുക, ചവക്കുക, കല്ല്, മണ്ണ്, കരി തുടങ്ങീ ദഹിക്കാത്ത സാധനങ്ങള്‍ കഴിക്കുക, ഞെട്ടുക, മൂക്കലേക്ക് വിടല്‍ ഇടുക, വെറുതെ വാശി പിടിക്കുക, മലദ്വാരം ചൊറിയുക, വയറും കൈപത്തിയും മാത്രം പനിക്കുക എന്നിവ കണ്ടാല്‍ കൃമിശല്യം ഉണ്ടെന്ന് മനസ്സിലാക്കണം.

16 വയസ്സ് തികയാത്ത കുട്ടികളെ ബാലന്‍ എന്നാണ് പറയുന്നത്. കുട്ടികളെ പരിചരിക്കുന്നതിലുള്ള അശ്രദ്ധയും, അമ്മമാരുടെ ക്രമരഹിതമായ ജീവിതചര്യകളും നമ്മുടെ കുട്ടികളെ രോഗികളാക്കി തീര്‍ക്കുന്നു. കുട്ടികള്‍ക്ക് 10 മാസം തികയുന്നതു വരേയും മുലപാലല്ലാതെ മറ്റൊന്നും കൊടുക്കരുത്. മുലയൂട്ടുന്ന കാലമത്രയും മാതവ് മിതമായ പോഷകാഹാരം കഴിക്കണം. ബാലന്മാരെ മൂന്നായി തരം തിരിച്ചിരിക്കുന്നു. 1. മുലപ്പാല്‍ മാത്രം കഴിക്കുന്ന കുഞ്ഞുങ്ങള്‍, 2, മുലപ്പാലും അന്നവും കൂടി കഴിക്കുന്നവര്‍, 3. അന്നം മാത്രം കഴിക്കുന്നവര്‍.

മുലപാല്‍ മാത്രം കുടിക്കുന്ന കുഞ്ഞിന് രോഗമുണ്ടായാല്‍ സകല ഔഷധങ്ങളും അമ്മ മാത്രം കഴിച്ചാല്‍ മതിയാകും. രണ്ടും കൂടി കഴിക്കുന്ന കുട്ടികള്‍ക്ക് അമ്മയും കുട്ടിയും കുടി കഴിക്കണം.

ബാലഗ്രഹം: ഇതിനെ ഗ്രഹബാധ എന്നും കൂടി പറയുന്നു. വൃത്തിഹീനിത കൊണ്ട് വരുന്നതാണ് ഈ രോഗം. പനിയെ തുടര്‍ന്ന് കരച്ചില്‍ കണ്ടാല്‍ ഗ്രഹബാധയാണെന്ന് ഊഹിക്കാം. ഞെട്ടിത്തറിക്കല്‍ ദേഹ നാറ്റം, ചുണ്ട് കടിക്കുക, ഒച്ച മാറ്റുക, ഉറക്കമില്ലാതെ വരിക എന്നിവ ഇവയുടെ ലക്ഷണങ്ങളാണ്.ഇതിന് ബ്രഹ്മി അരച്ച് സൂര്യന്‍ ഉദിച്ചു വരുന്ന നേരത്ത് പാലില്‍ ചേര്‍ത്ത് കൊടുക്കുക. അരത്ത, ശ്രാവണി, ഇരുവേലി ഇവ സമം ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കുളിപ്പിക്കുക. ഉള്ളി തൊലി, കായം, കൊട്ടം, വയമ്പ് ഇവ പൊടിച്ച് നെയ്യു കൂട്ടി പുക കൊള്ളിക്കുക.

ബാലപീഡ: ഇതിനെ പക്ഷിപീഡ എന്നും പറയപ്പെടുന്നു. ബാലഗ്രഹത്തിന്റെ വകയില്‍ പെടുന്ന ഒരു തരം രോഗം തന്നെയാണിത്. കുട്ടി ഭക്ഷണം ക്രമാതീതമായി കഴിക്കുകയും, കുട്ടി മെലിയുകയും, വയര്‍ ഉന്തി വീര്‍ത്ത് വരുകയും, കൈകാലുകള്‍ ശോഷിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ ലക്ഷണങ്ങള്‍. കരളിന്റെ പ്രവര്‍ത്തന തകരാറുകൊണ്ടാണ് ഈ രോഗം ഉണ്ടാകുന്നത്.

മുള്ളന്‍കോല്‍, വരട്ടു മഞ്ഞള്‍ ഇവ സമം വറുത്തു പൊടിച്ച് ആവണക്കെണ്ണയില്‍ ചാലിച്ച് കുഴമ്പാക്കി നെറുകയില്‍ ഇടുന്നത് ഉത്തമമമാണ്.