ബിയര്‍ ബോട്ടിലില്‍ ഗാന്ധി ; കേസിന് പിന്നാലെ അമേരിക്കന്‍ കമ്പനി മാപ്പു പറഞ്ഞു

ttt

ഗാന്ധിയുടെ ചിത്രം ഉപയോഗിച്ച് ബിയര്‍ നിര്‍മാണം നടത്തിയ അമേരിക്കന്‍ കമ്പനി മാപ്പ് പറഞ്ഞു. രാഷ്ട്ര പിതാവിനെ അപമാനിച്ചതില്‍ കമ്പനിക്കെതിരെ ഹൈദരബാദ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ബിയര്‍ നിര്‍മാതാക്കളായ ന്യൂ ഇംഗ്ലണ്ട് ബ്രൂയിംങ് കമ്പനി മാപ്പ് പറഞ്ഞിരിക്കുന്നത്. ഹൈദരാബാദിലെ നമ്പള്ളി കോടതിയില്‍ അഭിഭാഷകനായ ജനാര്‍ദനന്‍ എന്നയാളായിരുന്നു ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

ഗാന്ധിജിയെ അപമാനിക്കുന്നതിനല്ല, മറിച്ച് ആദരിക്കുന്നതിനും സമാധാനത്തിന്റെ അപ്പോസ്‌തോലന്‍ എന്ന നിലയില്‍ പ്രകീര്‍ത്തിക്കുന്നതിനുമാണ് ഉദ്ദേശിച്ചത്. ഗാന്ധിജിയുടെ കൊച്ചുമക്കള്‍ തങ്ങളുടെ പ്രവര്‍ത്തികളെ പ്രശംസിച്ചിരുന്നതായും യുഎസ് കമ്പനി പറഞ്ഞു.

തങ്ങളുടെ ഗാന്ധിബോട്ട് ലേബല്‍ ഇന്ത്യയിലെ നല്ലവരായ ആളുകള്‍ക്ക് ഗാന്ധിയെ അപമാനിക്കലായി തോന്നിയിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. ആരെയും ദ്രോഹിക്കാനായിരുന്നില്ല ഞങ്ങളുടെ ഉദ്ദേശ്യം, ഞങ്ങള്‍ ഏറെ ആദരിക്കുന്ന ഒരു മനുഷ്യനെ ആദരിക്കലായിരുന്നു ലക്ഷ്യമെന്നും കമ്പനിയുടെ പാര്‍ട്ണറുമായ മാറ്റ് വെസ്റ്റ്‌ഫോള്‍ പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം (ഐപിസി സെക്ഷന്‍ 124എ) രാജ്യത്തിന്റെ ആദരവിന് കളങ്കം വരുത്തി എന്നീ കുറ്റങ്ങള്‍ ആരോപിച്ചായിരുന്നു അഡ്വ ജനാര്‍ദന്‍ കമ്പനിക്കെതിരെ കേസ് നല്‍കിയിരുന്നത്. തിങ്കളാഴ്ചയാണ് കേസില്‍ വിധി വാദം കേള്‍ക്കുന്നത്.

Advertisements