ബിറ്റ് കോയിന്‍ (Bitcoin): ഒരു ആമുഖം

361

01

ബിറ്റ് കോയിനെ (Bitcoin) പരിചയപ്പെടുത്തലാണ് ഈ പോസ്റ്റ്.

ബിറ്റ് കോയിന്‍ ഒരു ആധുനിക ഇലക്ട്രോണിക് അധിഷ്ടിത ധനവിനിമയ മാര്‍ഗ്ഗമാണ്. ക്രഡിറ്റ് കാര്‍ഡ്, ഡബിറ്റ് കാര്‍ഡ് മുതലായ നമുക്ക് സുപരിചിതങ്ങളായ ഇലക്ട്രോണിക് ധനവിനിമയങ്ങളില്‍ അവയ്ക്ക് പിന്‍ബലമായി ഏതെങ്കിലും കറന്‍സികള്‍ ഉണ്ടാവും. നമ്മള്‍ രൂപയിലോ ഡോളറിലോ ഒക്കെ തന്നെയാണല്ലോ അവിടെ ഇടപാടുകള്‍ നടത്തുന്നത്. എന്നാല്‍ ബിറ്റ്‌കോയിനില്‍ നിലവിലുള്ള കറന്‍സികള്‍ ഒന്നും പിന്‍ബലമായില്ല. അത് അതിന്റെ രീതിയില്‍ തന്നെ ഒരു സ്വതന്ത്ര കറന്‍സിയാണ്. എന്നാല്‍ സാധാരണ കറന്‍സികളില്‍ നിന്നും വളരെ വ്യത്യസ്ഥമാണ് ബിറ്റ്‌കോയിന്‍. ഏറ്റവും പ്രധാനം അത് ഏതെങ്കിലും ഒരു കേന്ദ്രീകൃത ഏജന്‍സിയാല്‍ നിയന്ത്രിക്കപ്പെടുന്നില്ല എന്നതാണ്. (ഉദാഹരണം; നമ്മുടെ രൂപ, റിസര്‍വ്വ് ബാങ്കിനാല്‍ നിയന്ത്രിക്കപ്പെടുന്നുണ്ടല്ലോ.)

നിലവിലുള്ള കറന്‍സികള്‍ക്ക് മിക്കവാറും തന്നെ ഈടായി സ്വര്‍ണ്ണശേഖരം സര്‍ക്കാരും റിസര്‍വ്വ് ബാങ്കുകളും സൂക്ഷിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു ഈടും ബിറ്റ്‌കോയിന്റെ കാര്യത്തിലില്ല എന്നതാണ് രസകരം. പിന്നെ ഈ പണത്തിന് എങ്ങിനെ മൂല്യമുണ്ടാവും? ചില ധനതത്വശാസ്ത്രജ്ഞരുടെ ഉത്തരം രസകരമാണ്. ‘മറ്റെല്ലാ പണത്തിനുമുള്ളതു പോലെ. അവയ്ക്ക് മൂല്യമുണ്ട് എന്ന് ആളുകള്‍ വിശ്വസിക്കുന്നു, അതുകൊണ്ട് അവയ്ക്ക് മൂല്യമുണ്ട്. അതുപോലെ തന്നെ ഇതിനും!’

ബിറ്റ്‌കോയിന്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക് മറ്റു കറന്‍സികളിലെ പോലെ ദേശാന്തര പരിമിതികളില്ല. ആര്‍ക്കും എവിടേയും ഇത് ഉപയോഗിച്ച് ഇടപാടുകള്‍ നടത്താം. നമ്മളുടെ സേവനദാദാവ് അല്ലെങ്കില്‍ വില്‍പ്പനക്കാരന്‍ അവ സ്വീകരിക്കുന്ന ആളായിരിക്കണം എന്നു മാത്രം. കാലം കഴിയും തോറും കൂടുതല്‍ കൂടുതല്‍ പേര്‍ അവ സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. നമുക്ക് ഇന്‍ഡ്യയില്‍ നിന്ന് അമേരിക്കയില്‍ പണമടയ്ക്കണം എന്നുണ്ടെങ്കില്‍ ഇടനിലക്കാര്‍ ഒന്നുമില്ലാതെ നേരിട്ട് അത് ചെയ്യാന്‍ പറ്റും. ഒരിക്കലെങ്കിലും അത് നിലവിലുള്ള മാര്‍ഗ്ഗത്തില്‍ ചെയ്തവര്‍ക്കറിയാം എത്ര പണം കമ്മീഷന്‍ ഇനത്തില്‍ നമുക്ക് നഷ്ടമാണെന്ന്. ആ പണവും നമ്മള്‍ ലാഭിക്കുകയാണ്.

സതോഷി നകാമോട്ടോ എന്ന പേരില്‍ ഒരു അജ്ഞാതന് /സംഘം ആണ് ആദ്യമായി ബിറ്റ്‌കോയിന്റെ ആശയം അവതരിപ്പിച്ചത്. 2008ഇല്‍. അടുത്ത വര്‍ഷം തന്നെ ബിറ്റ്‌കോയിന്‍ നെറ്റ്വര്‍ക്ക് നിലവില്‍ വന്നു. ആദ്യത്തെ 23 വര്‍ഷങ്ങളില്‍ സതോഷി നകാമോട്ടോ അതിന്റെ സോഫ്‌റ്റ്വേര്‍ നിര്‍മ്മാണത്തിലും ഫോറങ്ങളിലും സജീവമായിരുന്നെങ്കിലും പിന്നീട് പിന്‍ വലിയുകയാണുണ്ടായത്. വാസ്തവത്തില്‍ സതോഷി ആരായിരുന്നു എന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു.

ഇനി, എങ്ങിനെയാണ് നമ്മള്‍ ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ നടത്തുന്നത്? അതിന് നമുക്ക് ഒരു കമ്പ്യൂട്ടറോ സ്മാര്‍ട്ട് ഫോണോ കൂടിയേ കഴിയൂ.. (ഇതൊരു ഇലക്ട്രോണിക് ധനവിനിമയമാണന്ന് നേരത്തേ തന്നെ പറഞ്ഞിരുന്നല്ലോ?) അതില്‍ നമ്മള്‍ ഒരു ‘വാലറ്റ് ആപ്ലിക്കേഷന്‍’ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. ഈ പ്രോഗ്രാമാണ് നമ്മുടെ കയ്യിലുള്ള ബിറ്റ്‌കോയിനുകളുടെ കണക്ക് സൂക്ഷിക്കുന്നത്. ഇനി നമ്മള്‍ ബിറ്റ്‌കോയിനുകള്‍ വാങ്ങിക്കണം. അത് നമുക്ക് നിലവിലുള്ള കാര്‍ഡുകള്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ തികച്ചും സ്വകാര്യമായി പണമുപയോഗിച്ചോ നിര്‍ദ്ദിഷ്ട ഏജന്റുമാരില്‍ നിന്നും വാങ്ങാം. ഒരിക്കല്‍ വാങ്ങിച്ചു കഴിഞ്ഞാല്‍ നമ്മുടെ വാലറ്റ് ആപ്ലിക്കേഷന്‍ വളരെ സൂക്ഷ്മമായ ഒരു രഹസ്യാലേഖന സങ്കേതം വഴി നമ്മുടെ പേരില്‍ വരവു വെയ്ക്കും.

കേന്ദ്രീകൃതമായ ഒരു നിയന്ത്രണം ബിറ്റ്‌കോയിന്റെ കാര്യത്തിലില്ല എന്നു പറഞ്ഞു. അപ്പോള്‍ പിന്നെ നമ്മുടെ ഇടപാടുകള്‍ എങ്ങിനെയാണ് സാധൂകരിക്കുന്നത്? നമ്മള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറും എതിര്‍ കക്ഷിയുടെ കമ്പ്യൂട്ടറുമുള്‍പ്പടെ ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ നടക്കുന്ന സകല കമ്പ്യൂട്ടറുകളും ഉള്‍പ്പെടുന്ന ഒരു നെറ്റ്വര്‍ക്കാണ് ഇത് ചെയ്യുന്നത്. എല്ലാ ഇടപാടുകളും ഓരോ അതുല്യമായ ബിറ്റ്‌കോയിന്‍ വിലാസത്തില്‍ ആണ് നടക്കുന്നത്. ഉദാഹരണത്തിന് സുരേഷ് രമേഷിനോട് ഒരു സാധനം വാങ്ങുന്നു എന്നു കരുതുക. വിലയായി രമേഷിന്റെ അക്കൗണ്ടില്‍ സുരേഷ് പണം അടയ്ക്കണം. ബിറ്റ്‌കോയിന്‍ ഇടപാടാണെങ്കില്‍ രമേഷിന്റെ കമ്പ്യൂട്ടര്‍ ഒരു പ്രത്യേക വിലാസം നിര്‍മ്മിച്ച് അത് സുരേഷിന്റെ കമ്പ്യൂട്ടറിലേയ്ക്ക് അയയ്ക്കും. തുടര്‍ന്ന് സുരേഷിന്റെ വാലറ്റ് പ്രോഗ്രാം ഈ വിലാസത്തിലേയ്ക്ക് കൈവശമുള്ള കോയിനില്‍ നിന്ന് ആവശ്യമുള്ള തുക കൈമാറും. ഈ ഇടപാടിന്റെ വിശദാംശങ്ങള്‍ അതായത് വിലാസങ്ങള്‍, ബിറ്റ്‌കോയിന്‍ തിരിച്ചറിയല്‍ വിവരങ്ങള്‍ എന്നിവ നെറ്റ്വര്‍ക്കിലുള്ള എല്ലാ കമ്പ്യൂട്ടറുകള്‍ക്കും കൈമാറും. ഈ വിവരങ്ങള്‍ ‘ബ്ലോക്ക് ചെയിന്‍’ എന്ന പേരില്‍ രേഖപ്പെടുത്തി വെയ്ക്കും. ഇതൊരു തുടര്‍ച്ചയായ പ്രക്രിയയാണ്. നെറ്റ്വര്‍ക്കിലുള്ള എല്ലാ സര്‍വറുകളും ഇതില്‍ ഭാഗഭാക്കാവുന്നു. ഇങ്ങിനെ പലയിടത്ത് തുടര്‍ച്ചയായി രേഖപ്പെടുത്തല്‍ നടക്കുന്നതിനാല്‍ ഇടപാടുകളിലെ കള്ളത്തരങ്ങള്‍ക്കും പിശകുകള്‍ക്കും സാധ്യത ഇല്ലതന്നെ.

ശരാശരി പത്തു മിനിറ്റ് കൂടുമ്പോള്‍ അതുവരെയുള്ള വിവരങ്ങള്‍ ഒരു ‘ബ്ലോക്ക്’ ആയി ഉറപ്പിക്കും. ഈ ഒരു ബ്ലൊക്കില്‍ നിന്നാണ് അടുത്ത ബ്ലോക്കിനുള്ള നിര്‍മ്മാണം ആരംഭിക്കുന്നത്. അതിനാല്‍ കോയിനുകളുടെ ഒഴുക്ക് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നു. കള്ള നാണയങ്ങള്‍ ഇടയ്ക്ക് കയറാതിരിക്കാന്‍ ഇത് അത്യന്താപേക്ഷിതമാണ്. ഇങ്ങിനെ ഉറപ്പിക്കല്‍ നടക്കുമ്പോള്‍ കുറച്ച് ബിറ്റ്‌കോയിനുകള്‍ നിര്‍മ്മിക്കപ്പെടുന്നു. ഇതിന് സാങ്കേതികമായി ‘മൈനിങ്ങ്’ (ഖനനം) എന്നാണു പറയുന്നത്. ആദ്യം ഇത്തരം ഉറപ്പിക്കല്‍ കൃത്യമായി പൂര്‍ത്തിയാക്കുന്ന സര്‍വറിന്റെ ഉടമയ്ക്ക്ക്കാണ് ഈ കോയിനുകളുടെ അവകാശം. അയാള്‍ക്ക് അത് സൂക്ഷിക്കാനോ വില്‍ക്കാനോ അവകാശമുണ്ട്. മൈനിങ്ങ് നടത്താന്‍ പ്രത്യേക പ്രോഗ്രാമുകള്‍ വേണം എന്നല്ലാതെ പ്രത്യേക അനുമതി ഒന്നും ആവശ്യമില്ല. ആര്‍ക്കും മൈനിങ്ങ് ശ്രമിക്കാം.

സത്യത്തില്‍ ഇത് സ്വര്‍ണ്ണഖനനത്തിനു സമാനമാണ്. സ്വര്‍ണ്ണമാണല്ലോ മിക്കവാറും കറന്‍സികളിലെ ഈട്. എന്നാലിവിടെ അത് കമ്പ്യൂട്ടര്‍ കണക്കുകൂട്ടലുകളാണ്. മറ്റൊരു സാമ്യം ലഭ്യതയിലാണ്. സ്വര്‍ണ്ണഖനനത്തിലെന്നപോലെ തുടക്കത്തില്‍ ബിറ്റ്‌കോയിന്‍ ഖനനവും എളുപ്പമായിരുന്നു. എന്നാല്‍ കൂടുതല്‍ കൂടുതല്‍ ഖനനം ചെയ്ത് എടുക്കുംതോറും പിന്നീടുള്ള ലഭ്യത കുറയും. കണക്കുകൂട്ടലുകള്‍ കൂടുതല്‍ ദുഷ്‌കരമാക്കിയാണ് ഇത് സാധിക്കുന്നത്. ഈ ഘട്ടത്തില്‍ ഖനനം മെച്ചപ്പെടുത്താന്‍ കമ്പ്യൂട്ടറുകളുടെ ശേഷി ഉയര്‍ത്തുക എന്നതാണ് മാര്‍ഗ്ഗം. അതിനാല്‍ ഒരു വാശി പോലെ പലരും കൂടുതല്‍ കൂടുതല്‍ ശക്തിയേറിയ കമ്പ്യൂട്ടറുകള്‍ ഇതിനായി ഉപയോഗിക്കുന്നു. വലിയ കോര്‍പ്പറേറ്റ് കമ്പ്യൂട്ടറുകളില്‍ നെറ്റ്‌ബോട്ടുകള്‍ ഉപയോഗിച്ച് നുഴഞ്ഞുകയറി രഹസ്യമായി മൈനിങ്ങ് നടത്തുന്ന വിരുതന്മാരുമുണ്ട്. അടുത്തിടെ നടന്ന ഒരു വിശകലനത്തില്‍ കണ്ടത് ലോകത്തിലെ ആദ്യത്തെ 500 സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ മൊത്തം ചേര്‍ന്നാല്‍ ഉള്ളതില്‍ അധികം ശക്തി മൈനിങ്ങിനുവേണ്ടി ബിറ്റ്‌കോയിന്‍ സര്‍വറുകള്‍ ഉപയോഗിക്കുന്നു എന്നാണ്. അതുപോലെ അമേരിക്കയിലെ 32000 വീടുകള്‍ക്ക് വേണ്ടിവരുന്ന വൈദ്യുതിയാണ് ഒരു ദിവസം മൈനിങ്ങിനു വേണ്ടി ഉപയോഗിക്കപ്പെടുന്നത്.

(ഒരു ആധുനിക ബിറ്റ്‌കോയിന്‍ റിഗ്ഗ്)

ഇത്രമാത്രം കഷ്ടപ്പെടുമ്പോള്‍ എത്ര കോയിനുകള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട്? ഇപ്പോള്‍ ശരാശരി 25 കോയിനുകള്‍ 10 മിനിറ്റില്‍ മൈന്‍ ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ‘പണപ്പെരുപ്പം’ ഉണ്ടാകാതിരിക്കാന്‍ കോയിനുകളുടെ ഉത്പാദനം നിയന്ത്രിക്കാന്‍ സംവിധാനമുണ്ട്. നിലവിലുള്ള ഉത്പാദനം 4 വര്‍ഷം കൂടുമ്പോള്‍ പകുതിയാക്കും. അതായത് 2017 ആകുമ്പോള്‍ 10 മിനിറ്റില്‍ 12.5 കോയിനുകളേ മൈന്‍ ചെയ്യാനാവൂ. 2140 ഇല്‍ ഏകദേശം 21 മില്യണ്‍ കോയിനുകള്‍ ആകുമ്പോള്‍ മൈനിങ്ങ് നിഷ്ഫലമാകും. 21 മില്യണ്‍ എന്ന ലക്ഷ്യത്തിന്റെ പകുതിയും 2012 നവംബറോടെ മൈന്‍ ചെയ്തു കഴിഞ്ഞു.

ഇത്രയും അറിഞ്ഞ സ്ഥിതിക്ക് ഒരു ബിറ്റ്‌കോയിന്റെ വിനിമയ നിരക്ക് എത്രയാണെന്ന് അറിയാന്‍ താല്പര്യം ഉണ്ടാവും. 2009 ഇല്‍ ആദ്യം ഇറങ്ങുമ്പോള്‍ ഏതാനും സെന്റുകള്‍ മാത്രമായിരുന്നു ഇതിന്റെ മൂല്യം. ഇതിനിടെ അത്യധികം കയറ്റിയിറക്കങ്ങള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ മാത്രം 100 നും 260 നും ഇടയ്ക്ക് ഡോളര്‍ മൂല്യം ഉണ്ടായിരുന്നു. അതു പ്രകാരം ഇപ്പോള്‍ ഒരു ബില്യണ്‍ ഡോളറിനു തുല്യമായ ബിറ്റ്‌കോയിനുകള്‍ വിനിമയത്തിലുണ്ട്. ചെറിയ ഇടപാടുകള്‍ക്കായി ഒരു ബിറ്റ്‌കോയിന്റെ പത്തുകോടിയില്‍ ഒരു ഭാഗം വരുന്ന ചെറിയ യൂണിറ്റുകളുണ്ട്. അവയ്ക്ക് ‘സതോഷി’ എന്നാണ് പേര്. നമ്മുടെ രൂപയും പൈസയും പോലെ.

ബിറ്റ്‌കോയിന്‍ ഇടപാടുകളുടെ അതീവ രഹസ്യസ്വഭാവമാണ് ഇതിന്റെ പ്രധാന ഗുണവും ദോഷവും. കോയിനുകള്‍ കൃത്യമായി പിന്തുടരപ്പെടുന്നുണ്ടെങ്കിലും അവ കൈമറിയുന്ന വിലാസങ്ങള്‍ ഗൂഢാലേഖനസങ്കേതത്താല്‍ സുരക്ഷിതമാണ്. നമ്മള്‍ക്ക് ഒരു വാലറ്റേയുള്ളുവെങ്കിലും പല ഇടപാടുകള്‍ പല വിലാസങ്ങളില്‍ നടത്താന്‍ സാധിക്കും. സത്യത്തില്‍ അങ്ങിനെ ചെയ്യുന്നതാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നതും. ഇടപാടുകള്‍ക്ക് ഇടനിലക്കാര്‍ ആവശ്യമില്ല എന്നതാണ് അടുത്ത പ്രധാന ഗുണം. കമ്മീഷന്‍ ഇനത്തില്‍ ധാരാളം പണം ഇടപാടുകാര്‍ക്ക് ലാഭിക്കാന്‍ സാധിക്കും. വേഗതയേറിയ ഉറപ്പാക്കലിന് അപൂര്‍വ്വം അവസരങ്ങളില്‍ ചെറിയ കമ്മീഷന്‍ വല്ലതും വേണ്ടി വന്നാലായി.

ഇടപാടുകളുടെ രഹസ്യസ്വഭാവം കൊണ്ടു തന്നെ അവ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും അധികമാണ്. മയക്കുമരുന്നുകള്‍, ആയുധങ്ങള്‍, നിയമ വിരുദ്ധ പണഇടപാടുകള്‍ മുതലായവയ്ക്ക് ഒക്കെ ഇപ്പോള്‍ തന്നെ ബിറ്റ്‌കോയിനുകള്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. നികുതി വെട്ടിപ്പിനും വലിയ സാധ്യതകളാണ് ഉള്ളത്. അതുകൊണ്ടു തന്നെ പല രാജ്യങ്ങളും ബിറ്റ്‌കോയിന്‍ ഇടപാടുകളെ നിയന്ത്രിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. അമേരിക്കയില്‍ ഇടപാടുകാരെ വെറുതെ വിട്ടെങ്കിലും മൈനിങ്ങ്കാരെ ‘മണി ലോണ്ടറിങ്ങ് ആക്റ്റ്’ നിര്‍വചനത്തിനുള്ളിലാക്കിയിട്ടുണ്ട്. എപ്പോള്‍ വേണമെങ്കിലും തകരാവുന്ന ഒരു കുമിള ആയാണ് പല ധനതത്വശാസ്ത്രജ്ഞരും ബിറ്റ്‌കോയിനെ കാണുന്നത്. വിശ്വാസം ഉള്ളവര്‍ പോലും തല്‍ക്കാലം ചെറിയ തുകകള്‍ മാത്രം നിക്ഷേപിക്കുന്നതാവും ബുദ്ധി എന്ന പക്ഷക്കാരാണ്.

ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ അത്യധികം സുരക്ഷിതമായാണ് സംവിധാനം ചെയ്തിരിക്കുന്നതെങ്കിലും വിരലിലെണ്ണാവുന്ന വീഴ്ചകള്‍ കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ മറ്റെല്ലാ കാര്യത്തിലുമെന്നപോലെ ബിറ്റ്‌കോയിനും 100% കുറ്റമറ്റതാണെന്നു പറയുക വയ്യ.

ബിറ്റ്‌കോയിന്‍ ഭാവിയുടെ കറന്‍സി ആകുമോ? കാത്തിരുന്നു തന്നെ കാണണം.