ബൂലോകം അവാര്‍ഡുകള്‍ 2012

മാന്യരേ,

ബൂലോകം അതിന്റെ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്ന വിവരം വളരെ സന്തോഷത്തോടെ എല്ലാവരെയും  അറിയിക്കുകയാണ്. സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡിനൊപ്പം ഈ വര്ഷം സിനിമാ രംഗത്ത്‌ രണ്ടായിരത്തി പന്ത്രണ്ടില്‍  ഏറ്റവും കൂടുതല്‍ തിളങ്ങിയ പ്രതിഭകളെ കണ്ടെത്തുവാനായി ഒരു തെരഞ്ഞെടുപ്പ് കൂടി നടത്തുന്നുണ്ട്. ആദ്യമായാണ്‌ ബൂലോകം സിനിമയിലെ പ്രതിഭകളെ കൂടി ഓണ്‍ലൈന്‍ വോട്ടിങ്ങില്‍ ഉള്‍പ്പെടുത്തുന്നത്.

രണ്ടായിരത്തി ഒന്‍പതില്‍ ആണ് ബൂലോകം ആദ്യമായി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി നടന്നുവരുന്ന സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് ഓണ്‍ ലൈന്‍ എഴുത്തുകാര്‍ക്കായി കേരളത്തില്‍ നിലവിലുള്ള ഏറ്റവും പ്രധാനപ്പെട്ട അവാര്‍ഡ് ആണ്. അത്യന്തം വാശിയേറിയ ഈ മത്സരങ്ങളില്‍ ആയിരക്കണക്കിന് വായനക്കാര്‍ എല്ലാ വര്‍ഷവും പങ്കെടുത്തുവരുന്നു. ഈ വര്‍ഷത്തെ അവാര്‍ഡുകളുടെ വിശദ വിവരങ്ങള്‍ താഴെ പറയുന്നു.

  • വോട്ടിംഗ് ആരംഭിച്ചു; 2012 ലെ സൂപ്പര്‍ ബ്ലോഗ്ഗറെ തെരഞ്ഞെടുക്കുവാന്‍ ഇവിടെ വോട്ട് ചെയ്യൂ

ബൂലോകം ഇന്റര്‍നെറ്റ് ഫിലിം അവാര്‍ഡ് (BIFA 2012)

ഈ വര്ഷം മലയാള സിനിമയില്‍ ഏറ്റവും തിളങ്ങിയ കലാകാരന്മാരെ തിരഞ്ഞെടുക്കുകയാണ് ഈ അവാര്‍ഡിന്റെ ലക്‌ഷ്യം. ഇന്ന് മലയാളത്തില്‍ മറ്റു പല അവാര്‍ഡുകളും ഉണ്ടെങ്കിലും ഓണ്‍ലൈന്‍ വോട്ടിംഗ് നടത്തി വിജയികളെ പ്രഖ്യാപിക്കുന്ന രീതി വളരെ വിരളമാണ്. മലയാള ഇന്റര്‍നെറ്റ് വായനക്കാര്‍ ഇക്കഴിഞ്ഞ വര്ഷം ഇറങ്ങിയ സിനിമകളെയും അതിനുവേണ്ടി പ്രവര്‍ത്തിച്ച കലാകാരന്മാരെയും എങ്ങിനെയാണ് വിലയിരുത്തുന്നത് എന്ന് ഈ ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പുകൊണ്ട് ഒരു പരിധി വരെ അറിയുവാന്‍ കഴിയും എന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ.

ഏതൊക്കെ ഇനങ്ങളില്‍ ആണ് മത്സരം?

നല്ല നടന്‍, സംവിധായകന്‍, നല്ല സിനിമ എന്നീ ഇനങ്ങള്‍ ആണ് ഈ വര്ഷം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നല്ല നടന്‍

ഈ വര്ഷം ഇറങ്ങിയ മലയാള സിനിമകളില്‍ നിന്നും ഏറ്റവും നല്ല അഭിനയം കാഴ്ചവച്ച നടനെയാണ് നിങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്. നോമിനേഷനില്‍ വരുന്ന പല നടന്മാരും ചിലപ്പോള്‍ മുന്‍കാലങ്ങളില്‍ വളരെ നല്ല അഭിനയം കാഴ്ച്ചവച്ചവര്‍ ആയിരിക്കാം. ഈ അവാര്‍ഡിന് ഒരു നടന്റെ ഈ വര്‍ഷത്തെ പ്രകടനം മാത്രമായിരിക്കും ആധാരം എന്ന വസ്തുത പ്രത്യേകമായി ഓര്മ്മിക്കുക. നിങ്ങള്ക്ക് ഇഷ്ട നടന്റെ പേര് ഇതിനായി നിര്‍ദ്ദേശിക്കാം.

നല്ല സംവിധായകന്‍

ഈ വര്ഷം നിങ്ങള്ക്ക് മലയാള സിനിമയില്‍ ഇഷ്ടപ്പെട്ട സംവിധായകനെ കണ്ടെത്തുവാനുള്ള അവസരമാണ് ഇത്. ഈ വര്ഷം മലയാള സിനിമയില്‍ കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ഒരുപാട് മാറ്റങ്ങള്‍ നാം കണ്ടു കഴിഞ്ഞു. ന്യൂ ജെനെറേഷന്‍ സിനിമ എന്ന ഒരു പുതിയ പദം  തന്നെ മലയാള സിനിമയില്‍ ഈ വര്ഷം ഉണ്ടായി. മലയാളത്തിലെ ഇന്റര്‍നെറ്റ് സമൂഹം ഇവരെ എങ്ങിനെ വിലയിരുത്തുന്നു എന്ന് നമുക്ക് നോക്കാം.

നല്ല സിനിമ

ഈ വര്ഷം മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും നല്ല സിനിമയെ ഇത്തരം ഒരു വോട്ടിങ്ങിലൂടെ കണ്ടുപിടിക്കുക എന്നത് വളരെ നല്ല ഒരാശയം ആയി ബൂലോകം കരുതുന്നു. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ആസ്വാദകര്‍ക്കും ഇന്നിറങ്ങുന്ന സിനിമകളെ സ്വാധീനിക്കുവാന്‍ കഴിയുന്നു. ഇന്റര്‍നെറ്റ് സിനിമാ ആസ്വാദകര്‍ക്ക് ഇന്ന് വളരെയേറെ പ്രാധാന്യം ഉണ്ട്. സിനിമ ജനകീയമായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ഒരു തെളിവായി നമുക്കിതിനെ കാണുവാന്‍ കഴിയും. ഈ വോട്ടിംഗ് രണ്ടായിരത്തി പന്ത്രണ്ടില്‍ ഇറങ്ങിയ ഏറ്റവും ജനപ്രിയമായ സിനിമയെ കണ്ടെത്തുവാനുള്ള എളിയ ശ്രമമായി കണക്കാക്കുവാന്‍ അപേക്ഷ.

സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് 2012

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ബൂലോകം നടത്തിവരുന്ന അവാര്‍ഡ് ആണ് സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ്. മലയാളത്തിലെ ഇ- എഴുത്തിലെ ഈ വര്‍ഷത്തിലെ ഏറ്റവും നല്ല പ്രതിഭയെ കണ്ടെത്തുവാനുള്ള ഒരവസരം ആണ് ഇത്. എല്ലാ വര്‍ഷങ്ങളിലും ബൂലോകത്തില്‍ എഴുതുന്നവര്‍ക്ക് വേണ്ടി മാത്രമായിരുന്നു ഈ അവാര്‍ഡ് എങ്കിലും ഈ വര്ഷം അതിന് മാറ്റം വരുത്തിയിട്ടുണ്ട്.  ഈ വര്ഷം ഇ -എഴുത്ത് മേഖലയിലെ ഏത് എഴുത്തുകാരനെയും എഴുത്തുകാരിയും ഈ അവാര്‍ഡിനായി പരിഗണിക്കും.

എങ്ങിനെയാണ് വിജയികളെ തിരഞ്ഞെടുക്കുക ?

ഓണ്‍ലൈന്‍ വോട്ടിംഗ് അന്പതു ശതമാനവും ബൂലോകം ജഡ്ജിംഗ് പാനലിന്റെ തീരുമാനം അന്പത് ശതമാനവും വിജയികളെ കണ്ടെത്തുവാനായി ഉപയോഗിക്കും. അവാര്‍ഡ് സംബന്ധിച്ച അവസാന തീരുമാനങ്ങള്‍ ബൂലോകം.കോമില്‍ നിക്ഷിപ്തമായിരിക്കുന്നതാണ്.

നോമിനേഷനുകള്‍

ആര്‍ക്കും നോമിനേഷനുകള്‍ കമന്റായോ മെയിലായോ സമര്‍പ്പിക്കാവുന്നതാണ്. ഈ മാസം പതിനഞ്ചാം തീയതി വരെ നോമിനേഷനുകള്‍ സ്വീകരിക്കും. ആദ്യ റൌണ്ട് വോട്ടെടുപ്പുകള്‍ പതിനഞ്ചാം തീയതി തുടങ്ങുകയും ഇരുപതാം തീയതി അവസാനിക്കുകയും ചെയ്യും. അന്ന് തന്നെ ഫൈനല്‍ റൌണ്ട് വോട്ടുകള്‍ ആരംഭിക്കുന്നതാണ്. രണ്ടായിരത്തി പതിമൂന്ന് ജനുവരി മാസം ഒന്നാം തീയതി തന്നെ ഫല പ്രഖ്യാപനം ഉണ്ടാവും. ഈ മത്സരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വീണ്ടും പോസ്റ്റുകളിലൂടെ അറിയിക്കുന്നതാണ്. മാന്യ വായനക്കാര്‍ സഹകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

Advertisements