Featured
ബൂലോക വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി – എങ്ങും കനത്ത ജാഗ്രത

ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ബൂലോകം സൂപ്പര്‍ ബ്ലോഗ്ഗര്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഉള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി അറിയാന്‍ കഴിയുന്നു. വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ചെസ്റ്റെര്‍ എന്ന സ്ഥലത്തിന് അടുത്തുള്ള ഒരു രഹസ്യ കേന്ദ്രത്തില്‍ ആയിരിക്കും വോട്ടെണ്ണല്‍ എന്നാണ് ഒടുവില്‍ കിട്ടിയ വിവരം.
മാഞ്ചെസ്റെരിനു സുമാര്‍ അമ്പതു മൈല്‍ പടിഞ്ഞാറും, ലിവര്‍പൂളിന് ഇരുപതു മൈല്‍ തെക്കും ഉള്ള ഈ കേന്ദ്രത്തില്‍ സീല്‍ ചെയ്ത ബാലറ്റ് പെട്ടികള്‍ അന്‍പതോളം രാജ്യങ്ങളില്‍ നിന്നും എത്തിക്കാന്‍ ഉള്ള ചുമതല ജെ. ജെ. എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ബൂലോകത്തിന്റെ സാങ്കേതിക വിഭാഗതലവന്‍ ആണെന്ന് കരുതപ്പെടുന്നു . കോഴിക്കോടിനു അടുത്തുള്ള ഒരു അജ്ഞാതഭൂഗര്ഭ അറയില്‍ ഇരുന്നുകൊണ്ട് പ്രവര്‍ത്തിക്കുന്നു എന്ന് കരുതപ്പെടുന്ന ഇദ്ദേഹം അത്യാധുനിക റോബോട്ടുകളെ ഉപയോഗിച്ചായിരിക്കും, ബ്രിട്ടീഷ് സമയം പന്ത്രണ്ടു മണിയും ഒരു സെക്കണ്ടും ആകുമ്പോള്‍ വോട്ടുപെട്ടികള്‍ ചെസ്റ്റെരില് എത്തിക്കുന്നത് എന്ന് കരുതപ്പെടുന്നു.
കനത്ത ബെന്തവ്സ്സില് ആയിരിക്കുന്ന രഹസ്യ കേന്ദ്രത്തിന്റെ സംരക്ഷണത്തിന് വേണ്ടിവന്നാല്‍ സ്കോട്ട്ലെണ്ട് യാര്‍ഡിന്റെ സഹായവും തേടും എന്ന് ചീഫ് ഇലക്ഷന് കമ്മീഷണര്‍ ലിവര്‍പൂളില്‍ അറിയിച്ചു. ഒരു പത്ര സമ്മേളനത്തിന് വിസമ്മതിച്ച ഇദ്ദേഹം ചില ചാനല്‍ പ്രതിനിധികളെ ആട്ടിയോടിക്കുകയും ഉണ്ടായി. ഇദ്ദേഹത്തിന്റെ ശരീരത്ത് ടീ .എന്‍. ശേഷന്റെ പ്രേതം കയറിയതായും മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ പിന്നാമ്പുറ സംസാരം ഉണ്ട്.
ബൂലോകം എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളോട് വൈകുന്നേരം ബ്രിട്ടീഷ് സമയം ഏഴുമണിക്ക് [ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടര] മുമ്പായി ഈ രഹസ്യ കേന്ദ്രത്തില്‍ എത്താനും ആവ്ശ്യപ്പെട്ടിടുണ്ട് എന്നറിയുന്നു. വോട്ടുപെട്ടി പൊട്ടിക്കുന്നതിനു മുന്‍പായി എല്ലാ വന്‍കരകളിലും ഉള്ള നിരീക്ഷകരുമായി [സ്പോന്സര് ചെയ്യപ്പെട്ടവര്‍ ] കമ്മീഷണര്‍ വീഡിയോ ചാറ്റിലൂടെ തെരെഞ്ഞെടുപ്പ് അവലോകനവും നടത്തുന്നതായി അറിയുന്നു . ബൂലോകം പ്രവര്‍ത്തകര്‍ക്ക് മാധ്യമങ്ങളുമായി സംസാരത്തിന് കടുത്ത വിലക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് .ഫോണ്‍, ഇ മെയില്‍ , ചാറ്റ് , ഫേസ്ബൂക്കിലൂടെ സംസാരം ഇവ ഇന്ന് വൈകുന്നേരം ഏഴു മണി മുതല്‍ ഫലപ്രഖ്യാപനം കഴിയുന്നത് വരെ നടത്താന്‍ പാടില്ല എന്നാണു ഉത്തരവ് എന്ന് പേര് വെളിപ്പെടുത്താത്ത ഒരു പ്രവര്ത്തകന് ബൂലോകം ഡോട്ട് കോമിനോട് പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസമായി ബൂലോകത്ത് നടന്നു വന്ന അക്രമ സംഭവങ്ങളുടെ വെളിച്ചത്തില്‍ , ഫലപ്രഖ്യാപനം ഇന്ത്യന്‍ സമയം രാവിലെ ആറുമണിയോട് [ബ്രിട്ടിഷ് സമയം രാത്രി പന്ത്രണ്ടര ] കൂടി ഉണ്ടാകുമോ എന്ന് പറയാന്‍ കഴിയില്ല എന്നാണ് ഒടുവില്‍ കിട്ടിയ വിവരം . വോട്ടിങ്ങിന്റെ പുരോഗതി വിലയിരുത്തിയ ശേഷം ബ്രിട്ടീഷ് സമയം രാത്രി ഏഴരയോടെ ഫലപ്രഖ്യാപന സമയം ഒരു പത്രക്കുറിപ്പിലൂടെ വ്യക്തമാക്കും എന്നും അറിയാന്‍ കഴിഞ്ഞു.
അതിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള പോളിംഗ് ബൂത്തുകളില്‍ അഭൂതപൂര്‍വമായ തിരക്കാണ് കഴിഞ്ഞ മൂന്ന് ദിവസം ആയി അനുഭവപ്പെടുന്നത്. അമേരിക്കയിലും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലും ഇന്നലെ രാത്രി വൈകിയും വെളുപ്പാന്‍ കാലത്തും നീണ്ട ക്യൂ കാണപ്പെട്ടു. സൗദി അറേബ്യ, ഖത്തര്‍, ബഹറിന്‍, ദുബായ് ഇവിടങ്ങളിലും കനത്ത പോളിംഗ് നടക്കുന്നു. ഇന്ത്യയില്‍ വന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചു വോട്ടെര്മാരുടെ കുത്തൊഴുക്ക് തുടരുന്നു. എറണാകുളം , തിരുവനന്തപുരം ,കോഴിക്കോട് ,മലപ്പുറം എന്നിവിടങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ സൈബര്‍ പോലീസ് പലവട്ടം രംഗത്തിറങ്ങി. ബാന്ഗ്ലൂര്, ഡല്‍ഹി എന്നിവിടങ്ങളിലും കനത്ത പോളിംഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ രാജ്യങ്ങളിലും നിന്നായി വോട്ടു ചെയ്തവരുടെ എണ്ണം പതിനായിരം കടന്നിട്ടുണ്ട് എന്ന് കണക്കാക്കപ്പെടുന്നു.
ലിസ്റ്റില്‍ പേരില്ലാത്തവരും, വിരലില്‍ നിന്നും ഐ പീ അഡ്രസ് മായിച്ചവരും ചില കേന്ദ്രങ്ങളില്‍ വോട്ടു ചെയ്യാന്‍ എത്തിയെങ്കിലും, വ്യാപകം ആയി കള്ളവോട്ട് നടന്നതായി കരുതപ്പെടുന്നില്ല എന്ന് കമ്മീഷന്റെ വക്താക്കള്‍ വ്യക്തമാക്കി. എങ്കിലും ഫേസ് ബുക്കിലും മറ്റും ഡിലീറ്റ് ചെയ്യപ്പെട്ട അക്കൌന്റ് ഉള്ള ചിലരെയും, എക്സ്പെയറി ആകാറായ ചിലരെയും ചില സ്ഥാനാര്‍ഥികള്‍ താങ്ങിപ്പിടിച്ചു ബൂത്തില്‍ എത്തിക്കുന്നുണ്ട്. അവസാന നിമിഷത്തില്‍ ഉള്ള ഈ അഭൂത പൂര്‍വമായ തിരക്കിനു കാരണം ഇതും, വള്ളികുന്നാനന്ദനെ പോലെ ജനപിന്തുണയുള്ള ചില നേതാക്കള്‍ പ്രചാരണ രംഗത്ത് എത്തിയതും ആണെന്ന് കരുതപ്പെടുന്നു. ഗ്രൂപ്പ് തിരിഞ്ഞുള്ള വോട്ടു പിടുത്തവും നടക്കുന്നതായി അറിയാന്‍ കഴിഞ്ഞു.
കഴിഞ്ഞ മൂന്നു ദിവസമായി വിവിധ പാര്‍ട്ടികള്‍ തമ്മില്‍ നടന്നുവന്ന അക്രമ സംഭവങ്ങള്‍ക്ക് ശേഷം ബൂലോകം ശാന്തമായി തുടങ്ങി എന്ന് അനുമാനിക്കാറായിട്ടില്ല. പലയിടങ്ങളിലും സ്ഫോടനാത്മകമായ അന്തരീക്ഷം ആണ് നിലനില്‍ക്കുന്നത്. ബൂലോകത്തെ ചെറുതും വലുതും ആയ പാര്‍ട്ടികള്‍ അവസാന നിമിഷം പ്രചാരണത്തിനായി നടത്തിയ കൂട്ടപ്പൊരിച്ചില്‍ ആണ് അക്രമത്തിനു വഴിവെച്ചത്.
ബൂലോക യൂണിയന് ബ്ലോഗു ലീഗ് [വള്ളിക്കുന്ന് ഗ്രൂപ്പും], ബൂലോക നാഷണല്‍ ലീഗ് [എയുതസ്സന്] ഗ്രൂപ്പും തമ്മില്‍ ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍ ഫേസ്ബുക്ക് തെരുവ്കളിലും കമന്റു കവലകളിലും ഇപ്പോഴും റിപ്പോര്‍ട് ചെയ്യപ്പെടുന്നു. മത്സരരംഗത്തുള്ള ബ്ലോഗേരാ കൊണ്ഗ്രസ്സ് [വോള്‍ട്ടെജു വിഭാഗം], ബ്ലോഗാധിപത്യ സംരക്ഷണ സമിതി [മൌരിയമ്മ], റീഡര്‍ സുഖിപ്പിക്കല്‍ പാര്‍ടി [ആര് എസ് പീ-വിജയന് കോവൂര്‍], അണ്ണ ബ്ലോഗര്‍ മുന്നേറ്റ കഴകം [ജയലച്ചുമി], ക്ഷമയില്ലാത്ത ബ്ലോഗെരാമി [വരയന്‍ ഉസ്താദ് വിഭാഗം], കമ്മ്യൂണിസ്റ്റ് മാനവിക പാര്‍ടി [ ആനമല ഗ്രൂപ്പ് ], വല്ലപെരിയാര് നശീകരണ കൊണ്ഗ്രെസ്സ് [സാക്ഷരന്‍ വിഭാഗം], ബ്ലോഗരാ കൊണ്ഗ്രസ്സ് [മങ്കൂസ് വിഭാഗം], നക്സലയിറ്റ് [പാഞ്ചാലി വിഭാഗം] എന്നിവയും, ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍ക്ക് വഴി വെക്കുന്നുണ്ട്.
സ്ഥിതി വിശേഷം സ്ഫോടനാത്മകം ആയി തുടരുന്നതിനാല്‍, സന്ധ്യക്ക് ശേഷം എല്ലാവരും ബ്ലോഗു കടകള്‍ അടച്ചു ബൂലോകം ടീവിയുടെ മുന്പില് നിന്നും മാറാതെ ഇരിക്കാന്‍ സൈബര്‍ പോലീസ് അഭ്യര്‍ത്ഥിക്കുന്നു. പാതിരായ്ക്ക് ശേഷം തുറന്നു വെയ്ക്കുന്ന ബ്ലോഗു കടകള്‍ ബലമായി അടപ്പിക്കുന്നതാണ് എന്നും പോലീസ് അറിയിച്ചു. എന്ത് പ്രകോപനം ഉണ്ടായാലും മറ്റുള്ളവരുടെ ബ്ലോഗു കടയില്‍ കമന്റു എറിയുക തുടങ്ങിയ ഹീനമായ പ്രവര്‍ത്തികളില്‍ നിന്നും വിട്ടുനില്‍ക്കാനും സൈബര്‍ പോലീസ് അഭ്യര്‍ത്ഥിക്കുന്നു . ഫേസ്ബുക്കിലെ ഷാപ്പുകളും ,ബാറുകളും നാളെ മുടക്കം ആയിരിക്കും. പാതിരക്ക് ശേഷം തുറന്നു പ്രവര്‍ത്തിക്കുന്ന ഷാപ്പുകള്‍ക്ക് എതിരെ നിയമ നടപടിയും ഉണ്ടായിരിക്കുന്നതാണ്.
345 total views, 3 views today