യോഗ ഒരു വ്യായാമം എന്നതിനേക്കാള്‍ ഒരു ജീവിതരീതിയാണ്. യോഗ നമ്മുടെ പൈതൃക സ്വത്താണ്. യോഗ ആധുനിക ലോകത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഒരുത്തമ പരിഹാരമാണ്. അതുകൊണ്ടാണ് ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ അന്താരാഷ്ട്ര യോഗാദിനമായി ജൂണ്‍ 21 പ്രഖ്യാപിക്കുവാന്‍ ആവശ്യപ്പെട്ടത്. യോഗയുടെ പ്രാധാന്യം ലോകമെമ്പാടും അംഗീകരിക്കപ്പെട്ടുകഴിഞ്ഞു എന്നതിന് തെളിവാണ് 177 രാജ്യങ്ങളുടെ പിന്തുണയോടെ ഈ ആവശ്യത്തിനു ഐക്യരാഷ്ട്രസഭ പച്ചക്കൊടി കാണിച്ചത്.
ഇതനുസരിച്ച് ജൂണ്‍ 21ന് രാജ്യത്തെ സ്കൂളുകളില്‍ എല്ലാം കുട്ടികള്‍ യോഗ ചെയ്യണം എന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. എന്നാല്‍, ഇപ്പോഴിതാ ഇന്ത്യയും കടന്ന് പോവുകയാണ് യോഗ. യൂറോപ്യന്‍ രാഷ്ട്രമായ ബെല്‍ജിയം അവിടുത്തെ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചു ജൂണ്‍ 21ന് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ എല്ലാം സൗജന്യ യോഗാക്ലാസുകള്‍ നടത്തുവാന്‍ തീരുമാനിച്ചു കഴിഞ്ഞു. ബ്രസല്‍സ്, ആന്റ്വെര്‍പ്പ് തുടങ്ങി പ്രധാന നഗരങ്ങളിലെ എല്ലാം ഇതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ജനങ്ങള്‍ ഏറെ സന്തോഷത്തോടെയാണ് ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നത്. ഏതായാലും യോഗ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കട്ടെ. അതോടൊപ്പം ഭാരതീയ സംസ്കാരവും.