ബൈജു എന്‍ നായര്‍ പ്രാഹില്‍ നിന്നും…

0
450

47387_1176831756966_7762444_n

അല്‍പം മുമ്പ് ബൈജു എന്‍ നായരുമായി ബൂലോകം ചാറ്റില്‍ ബൂലോകം ബന്ധപ്പെടുകയുണ്ടായി. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഹ് ( പ്രാഗ് ) എന്ന സ്ഥലത്താണ് അദ്ദേഹമിപ്പോള്‍ ഉള്ളത്. ജെയിംസ് ബ്രൈറ്റും ജിക്കു വര്‍ഗീസുമാണ് അദ്ദേഹത്തോട് ചാറ്റില്‍ ബന്ധപ്പെട്ടത്


 

“ഹലോ ബൈജൂ ..സുഖം തന്നെയല്ലേ? പുതിയ വാര്‍ത്തകള്‍ ..?”

”ഇപ്പോഴും പ്രാഹില്‍ തന്നെയാണ്. ഒരുപാട് കാര്യങ്ങള്‍ ഇവിടെ ഇനിയും കാണുവാനുണ്ട്.”

”അതെയോ ?”

”അതെ . ഞായറാഴ്ച ഇവിടെ നിന്നും ഡെന്മാര്‍ക്കില്‍ പോകും .”

”എപ്പോള്‍ ആവും നാട്ടില്‍ പോവുക ?”

”ഓഗസ്റ്റ് മാസം പകുതിയോടെ എന്നാണ് ഇപ്പോള്‍ കരുതുന്നത് ”

”അവിടെ ഒരു മലയാളി ഹോട്ടല്‍ സന്ദര്‍ശിച്ചതായി കണ്ടു. അവിടെ ധാരാളം മലയാളികള്‍ ഉണ്ടോ ?”

”ഇവിടെ അധികം മലയാളികള്‍ ഇല്ല . ആകെ ഒരു പതിനഞ്ചു പേരോളം മാത്രമേ ഉള്ളു. അധികം പേരും പ്രാഗ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ ആണ്. പല വിദ്യാര്‍ഥികളും ഇവിടെ ബിസിനസ് സംരംഭങ്ങളും തുടങ്ങിയിട്ടുണ്ട്.”

”അവിടെ ചെന്നപ്പോള്‍ ഭാഷ ഒരു പ്രശ്‌നമായി തോന്നിയോ? എങ്ങിനെയാണ് ഭാഷാ പ്രശ്‌നം കൈകാര്യം
ചെയ്യുന്നത് ?”

”ഭാഷ ഒരു പ്രശ്‌നമാണ് . പിന്നെ അല്പം കഥകളി പ്രയോഗങ്ങള്‍ ഒക്കെ നടത്തേണ്ടി വരുന്നുണ്ട് . പക്ഷെ ഹോട്ടലുകളിലെ റിസപ്ഷനിസ്റ്റുകള്‍ മിക്കവരും ഇംഗ്ലീഷ് നല്ലത് പോലെ സംസാരിക്കുന്നവരാണ്. പോകേണ്ടുന്ന സ്ഥലങ്ങളിലേക്കുള്ള വഴിയും മറ്റും അവരോട് ചോദിച്ച് ഉറപ്പുവരുത്തും.”

”ഒരു ഇന്ത്യാക്കാരനായ താങ്കളോട് അവിടെയുള്ള ആളുകളുടെ സമീപനം എങ്ങിനെയാണ് ?”

”ഒരുവിധം ആളുകള്‍ എല്ലാം തന്നെ ഇന്ത്യന്‍ സിനിമയുടെ ആരാധകരാണ്. ന്യൂ ജെനെറേഷന്‍ നടന്മാരായ ഋതിക് റോഷനെ വരെ ഇവിടുത്തുകാര്‍ക്ക് നല്ല പരിചയം ആണ്. ഒരു പാട് ഹിന്ദി സിനിമകള്‍ ഇവിടെ വച്ച് ചിത്രീകരിക്കപ്പെടുന്നു.”

”അവര്‍ക്ക് ഹിന്ദി സിനിമയിലെ പാട്ടുകള്‍ വല്ലതും പാടാന്‍ അറിയാമോ ?”

”പാട്ടുകള്‍ പാടിയില്ല എങ്കില്‍ പോലും, ഇവര്‍ക്ക് ഹിന്ദി സിനിമയെ പറ്റി നല്ല ഗ്രാഹ്യം ഉണ്ട്.”

”താങ്കള്‍ ഇന്ത്യയില്‍ നിന്നുമാണ് വരുന്നതെന്ന് പറയുമ്പോള്‍ ആളുകള്‍ എന്താണ് ആദ്യമായി പറയുക?”

”ഒന്നാമതായി ഇതാണ് പറയുവാന്‍ ഉള്ളത്. ഇവിടെ ആരും എന്നെ തുറിച്ച് നോക്കുന്നതായി എനിക്ക് അനുഭവപ്പെട്ടില്ല. ഇന്ത്യാക്കാരെ ഇവര്‍ക്ക് ഇഷ്ടമാണെന്ന് തോന്നുന്നു. വംശീയ വികാരം ആരും പ്രകടിപ്പിച്ചതായി തോന്നിയില്ല. ഇവിടെ ഉള്ള ഒരു വിഭാഗം ജിപ്‌സികള്‍ കണ്ടാല്‍ നമ്മെപ്പോലെ ഇരിക്കും.”

”ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ ഏകാന്തത അനുഭവപ്പെടുകയുണ്ടായോ ?”

”ഒരിക്കലുമില്ല . ഞാന്‍ പണ്ടും ഒറ്റക്ക് യാത്ര ചെയ്യാറുള്ള ആളാണ്. സത്യത്തില്‍ ഈ ഒറ്റക്കുള്ള യാത്ര എനിക്കൊരുപാട് സ്വാതന്ത്ര്യം തരുന്നുണ്ട്. ഉദാഹരണമായി ഞാനിപ്പോള്‍ സ്‌കോഡ മ്യൂസിയം സന്ദര്‍ശിക്കുവാനായി പോവുകയാണ്. ഒരു പക്ഷെ മറ്റുള്ളവര്‍ക്ക് അതില്‍ അധികം താല്‍പര്യം ഉണ്ടായിരുന്നിരിക്കാന്‍ ഇടയില്ല.”

”ഈസ്റ്റ് യൂറോപ്പിലെ കാറുകളെ പറ്റി എന്ത് പറയുന്നു?”

”വോക്‌സ് വാഗണ്‍, ഷവര്‍ലെ, സ്‌കോഡ, മെഴ്‌സിഡിസ്, ഔഡി തുടങ്ങിയവയിലെ തന്നെ മീഡിയം സൈസ് കാറുകള്‍ ആണ് ഇവിടെ അധികവും. ചൈനയിലെ പോലെ എസ് .യു .വി കള്‍ ഇവിടെ അധികമായി ഇല്ല.”

”കാറുകളുടെ കാര്യത്തില്‍ നമ്മുടെ രാജ്യവുമായി ചെക്ക് ഈസ്റ്റ് യൂറോപ്പിനെ എങ്ങിനെ താരതമ്യം ചെയ്യാം?”

”നമുക്ക് അധികം ചോയ്‌സ് ഇല്ല. ഉദാഹരണമായി ടയോട്ട കമ്പനിയുടെ കാര്യം തന്നെ നോക്കു. ഗള്‍ഫില്‍ അവരുടെ 25 മോഡലുകള്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ നമ്മുടെ രാജ്യത്ത് വെറും 7 മോഡലുകള്‍ മാത്രമേയുള്ളൂ.”

”സോഷ്യല്‍ മീഡിയയുടെ സാധ്യത താങ്കള്‍ യാത്രയില്‍ എത്രമാത്രം ഉപയോഗപ്പെടുത്തി?”

”ഞാന്‍ അത് വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ല എന്ന് തന്നെ വേണമെങ്കില പറയാം. ലാലു (ലാല്‍ ജോസ് ) ഒപ്പമുണ്ടായിരുന്നപ്പോള്‍ ലാലുവിന്റെ സോഷ്യല്‍ മീഡിയ ഒരുപാട് മലയാളികളെ കണ്ടെത്തുവാന്‍ സഹായിക്കുകയുണ്ടായി.”

”താങ്കള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു സെന്‍സേഷന്‍ തന്നെ ആയിക്കഴിഞ്ഞിരിക്കുന്നു.”

”ഗ്രൂപ്പില്‍ നിന്നും മാറിയതിനുശേഷം എന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളില്‍ നിന്നും ഒരുപാട് സഹായങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്നു. കുറെ പേര്‍ക്ക് ശരിയായ സ്‌നേഹം, കുറെ പേര്‍ക്ക് ബാലിയാടിനോടുള്ള സഹതാപം, കുറെ ആളുകള്‍ക്ക് ഞങ്ങളുടെ യാത്ര ഇങ്ങിനെ ആയതില്‍ ഉള്ള സന്തോഷം..ബഹുജനം പലവിധം….”

ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോള്‍ ചാറ്റ് ബന്ധം മുറിഞ്ഞു പോയി എങ്കിലും അദ്ദേഹം വീണ്ടും നമ്മളോട് സംസാരിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

ബൈജു എന്‍ നായര്‍, പ്രാഹില്‍ നിന്നും പകര്‍ത്തിയ ചില ചിത്രങ്ങളിലൂടെ…