മലയാളത്തിലെ ആരോഗ്യ സംബന്ധമായ പംക്തികള്‍ ഏറെ അനായാസമായി കൈകാര്യം ചെയ്തിരുന്ന ആരോഗ്യ ലേഖകനും, കവിയും, ജ്ഞാനിയും ഒരു നല്ല മനുഷ്യനും ആയിരുന്ന ശ്രീ. ബോബന് ജോസഫ് അന്തരിച്ചു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത അമ്പരപ്പോടെ ആണ് മലയാളം സൈബര്‍ ലോകം ശ്രവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് നെരുള്‍ നവി മുംബൈയില്‍ വച്ചായിരുന്നു ആ തൂലികയുടെ അന്ത്യം. ആലപ്പുഴ എടത്വ സ്വദേശിയായ ബോബന് PCTS എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു . ജോസഫീന ബോബന് ഭാര്യയും, ട്രീസ (13), ടീന (6), എന്നിവര്‍ മക്കളുമാണ്.
ബോബന്റെ മലയാളം കവിതകളും ലേഖനങ്ങളും ബൂലോകത്തെ മാനസികമായി വളര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ചു എന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യ ബുക്സ് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ ‘കാവ്യവസന്ത’ത്തിലെ ‘മാവേലി മന്നന്റെ മനസ്സ്’ എന്ന ആദ്യ കവിത ഏറെ ശ്രദ്ധിക്കപ്പെട്ടു. ഞെട്ടലോടെയാണ് ബ്ലോഗ്ഗര്മാര് ബോബന്റെ മരണ വാര്‍ത്ത! ശ്രവിച്ചത്. സംസ്കാരം നവംബര്‍ 5ന് വൈകീട്ട് 4 മണിക്ക് നെരുള്നവി മുംബൈ ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ചില്‍ നടക്കും.
ലോകം മാറുന്നു, പ്രപഞ്ചം മാറുന്നു, ജീവിതം മാറുന്നു. ഈ ലോകത്തിലുള്ളതെല്ലാം മാറ്റങ്ങള്‍ക് വിധേയം. അങ്ങിനെ ഈ ഉള്ളവനും ഒരു മാറ്റത്തിന് വേണ്ടി ബൂലോകം എന്ന സ്ഥലതെതിയിരിക്കിന്നു. നിങ്ങളെയെല്ലാം പരിചയപ്പെടാന്‍.
ഇങ്ങനെയാണ് ഈ പ്രതിഭ ബൂലോകത്തില്‍ ആദ്യമായി വരുന്നത്. കൃത്യമായി പറഞ്ഞാല്‍ 2011 ഫെബ്രുവരി 15നു ആയിരുന്നു ആ ആദ്യ ലേഖനം. പിന്നീടിങ്ങോട്ട് മനസ്സിനെ കുറിച്ചും ശാരീരിക രോഗങ്ങളെ കുറിച്ചും ലഹരി മരുന്നിന് അടിമപ്പെടുന്നതിനെ കുറിച്ചും റോഡപകടങ്ങളെ കുറിച്ചും ആത്മഹത്യയെ കുറിച്ചും ജ്യോതിഷത്തെ കുറിച്ചും ഉത്കണ്ട രോഗങ്ങളെ കുറിച്ചും വിഷാദ രോഗത്തെ കുറിച്ചും മരണത്തെ കുറിച്ച് പോലും എഴുതി ബോബന് ബൂലോകത്തെ ലേഖനങ്ങള്‍ കൊണ്ട് നിറച്ചു.
ശ്രീ. ബോബന് ജോസഫ് ബൂലോകത്തില്‍ എഴുതിയ ലേഖനങ്ങള്‍ ഈ ലിങ്കില്‍ പോയാല്‍ വായിക്കാം.

ബോബനെ കുറിച്ച് പറയുവാന്‍ വാക്കുകള്‍ ഇല്ലാതെ എന്ത് പറയണം എന്നറിയാതെ ബൂലോകം ടീം നില്‍ക്കുകയാണ്. ബൂലോകത്തിനു തന്റെ പ്രൌഢഗംഭീരമായ ലേഖനങ്ങള്‍ കൊണ്ട് സമ്പുഷ്ടമാക്കിയ ബോബനെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നും അദ്ദേഹത്തിന്റെ ലേഖനങ്ങളാല്‍ നമ്മുടെ മനസ്സില്‍ നിലനില്ക്കും എന്നറിയിക്കട്ടെ.
ശ്രീ ബോബന് ജോസഫിനോടുള്ള ആദര സൂചകമായി ഈ വര്‍ഷം മുതല്‍ അദ്ദേഹത്തിന്റെ പേരില്‍ ഒരു അവാര്‍ഡും ഏര്‍പ്പെടുത്താന്‍ ബൂലോകം ടീം തീരുമാനിച്ചിട്ടുണ്ട് എന്നറിയിക്കട്ടെ. അവാര്‍ഡിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളെ വഴിയെ പുറത്തു വിടും.
നിര്‍ത്തുകയാണ്… ബോബന് നിങ്ങള്‍ക്ക് മരണമില്ല.
അഞ്ജാന നാളിലീ ജീവിതനൌകയില്‍
അതിരേതും കാണാത്തോരനുഭവങ്ങള്‍
അനുഭവമേറെ പഠിപ്പിച്ചു എങ്കിലും
മൂടിക്കിടക്കും നിനയ്ക്കാത്ത മുറുവുകള്മരണമേ നിന്നെ ഞാനൊരുനാളില്‍ നേരിട്ട
നിമിഷങ്ങളെന്നും ഞാനോര്‍ത്തു പോകും…
ബോബന്റെ വരികള്‍ തന്നെ പറഞ്ഞു കൊണ്ട് ഈ ലേഖനം ഇവിടെ അവസാനിപ്പിക്കട്ടെ. ബോബന് ബൂലോകം ടീമിന്റെ ആദരാഞ്ജലികള്‍