ബ്ലാക്ക് ജാക്ക്

  455

  “അങ്കിൾ, നമ്മൾ ഏതൊരു കാര്യം ചെയ്യുന്നതിനു മുൻപ് അതിൻ്റെ probability( സാധ്യത) നോക്കണം എന്തിനും അതിന്റേതായ strategy( ഉപായം ) കാണുമല്ലോ?” സായ്‌പിന്റെ നാട്ടിൽ വളർന്ന അവൻ്റെ ഓരോ കാര്യത്തോടുള്ള സമീപനത്തിൽ, മതിപ്പ് തോന്നിയ അദ്ദേഹവും ഒരു ‘നേരം പോക്കിന്’ ഇത്രയും പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ അല്ലെങ്കിൽ കാര്യങ്ങൾ ഒന്നും മനസ്സിലാവാതെ കൂട്ടത്തിലെ ആന്റിയായ ഈ ഞാനും.

  ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തിന്നണം എന്നാണല്ലോ, ലോകത്തിന്‍റെ തന്നെ പേര് കേട്ട ‘ലാസ് വെഗാസ് ‘ യിലെ കാസിനോ യിൽ ചെന്നാൽ പിന്നെ എല്ലാം ആ രീതിയിൽ എന്ന മട്ടിലാണ്,അങ്കിൾ. ദൈവത്തിന്റെ കൃപ കൊണ്ട് ചൂതുകളിയിൽ പോയിട്ട് ഭാഗ്യത്തിന്റെ പേരിൽ പോലും ഒരു പെൻസിൽ കിട്ടാത്ത എനിക്ക് ഇതിനോടെല്ലാം എതിർപ്പാണ്.

  ഇരുപത് വയസ്സുള്ള അവന്‍ ഞങ്ങളോടപ്പം കാസിനോനകത്ത് വരാൻ പറ്റുമോ എന്ന് സംശയം ഉണ്ടായിരുന്നെങ്കിലും ഞങ്ങളോട് ആരും id ഒന്നും ചോദിച്ചില്ല. ഏതെങ്കിലും കളികൾ കളിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് ഇരുപത്തിയൊന്ന് വയസ്സാകണം അല്ലാത്തവർക്ക് കളികൾ അധികസമയം നോക്കിനിൽക്കാനും പാടില്ല എന്നാണ് നിയമം.കാസിനോകളിൽ പ്രസിദ്ധമായ ‘ ബ്ലാക്ക് ജാക്ക് / 21 ‘കളിക്കാന്‍ തീരുമാനിച്ചു. ആ കളിയെപ്പറ്റി യാതൊന്നും അറിയാത്ത ഞങ്ങൾക്ക് പിന്നീട് അര – മുക്കാൽ മണിക്കൂർ നേരം അവൻ്റെ വക ‘ക്രാഷ് കോഴ്സ് ‘ പോലത്തെ ക്ലാസ്സ് ആയിരുന്നു.ചീട്ടിലെ 10, J, Q, K കൾക്ക് 10 പോയിന്റ് വെച്ചും Aക്ക് 1 അല്ലെങ്കിൽ 10 പോയിന്റുമാണ്. 2 മുതൽ 9 വരെ ആ സംഖ്യ യുടെ വില തന്നെയാണ്. തന്നിരിക്കുന്ന ചീട്ടുകളിലെ സംഖ്യകൾ കൂട്ടുമ്പോള്‍ 21 ആകണം. ഇനിയും ചീട്ട് വേണമെന്നുണ്ടെങ്കിൽ മേശമേൽ കൊട്ടണം- hit, stand, split …അങ്ങനത്തെ ചില നിയമങ്ങള്‍ വേറെയും.എല്ലാം കേട്ടും സംശയങ്ങള്‍ ചോദിച്ചും മനസ്സിലാക്കി വന്നപ്പോള്‍ തലക്കകത്ത് ഒരു മരവിപ്പായിരുന്നു.

  ഇതില്‍ എന്‍റെ ഒരു ‘strategy’ എന്ന് പറയുന്നത്, പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ അദ്ധ്യാപിക ചോദ്യം ചോദിക്കുമ്പോള്‍, സാധാരണ അടുത്തിരിക്കുന്ന കുട്ടികളൊക്കെ ഉത്തരം പറഞ്ഞു സഹായിക്കുമായിരുന്നു. പലപ്പോഴും ചുണ്ട് അനക്കാതെ ആയിരിക്കും ഉത്തരം പറയുക. ഞാനാണെങ്കില്‍ അങ്ങനത്തെ വല്ല രീതികളും അവനെ പഠിപ്പിക്കാനായിട്ട് ശ്രമിക്കുകയായിരുന്നു. പാശ്ചാത്യസംസ്കാരത്തില്‍ വളര്‍ന്നതുകൊണ്ടായിരിക്കാം നിയമങ്ങളോടെല്ലാം ആദരവ് പുലര്‍ത്തുന്നുണ്ട്. നമ്മുക്കാണെങ്കിൽ ഇല്ലാത്തതും അതു തന്നെയാണ്. അന്നൊക്കെ ക്ലാസ്സിൽ ബോറടിക്കുമ്പോൾ ചുണ്ടനക്കാതെ ഞങ്ങൾ സിനിമാക്കഥകളൊക്കെ പറയുമായിരുന്നു. എന്തായാലും അവനെ ആ ശൈലി പഠിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ്, ഇന്നും ആ കാര്യത്തിൽ ഞാൻ ഒരു മിടുക്കിയാണെന്ന് മനസ്സിലായത്.

  അവൻ പറഞ്ഞു തന്ന കാര്യങ്ങൾ എന്തൊക്കെയോ ഉരുവിട്ടും ഓർത്തെടുത്തതും കളിക്കാനായിട്ടുള്ള മേശയുടെ അടുത്തെത്തി. 10 ഡോളർ വെച്ച് രണ്ടുപേരും കൊടുത്തു. നമ്മൾ അവിടത്തെ ഇടപാടുകാരനുമായിട്ടാണ്
  കളിക്കുന്നത്.ചീട്ട് തന്നു നോക്കി , പോയി …ഹു ..ഹാ ..ഹി … അടുത്ത ഘട്ടത്തിനായി ഇനിയും കാശ് ഇറക്കണം. അതേ, എല്ലാം വളരെ പെട്ടെന്നായിരുന്നു. 10 ഡോളർ പോയത് മാത്രം മനസ്സിലായി മറ്റൊന്നും മനസ്സിലായില്ല എന്ന് പറയാം. കളി മതിയാക്കി ഞങ്ങൾ അയാളോട് ‘റ്റാ റ്റാ ‘ പറഞ്ഞു.അവൻ, അയാളെടുത്ത ‘strategy’ കുറിച്ച് വാചാലനാവുന്നുണ്ട്. എനിക്കാണെങ്കിൽ രക്ഷപ്പെട്ടു എന്ന നിലപാടിലായിരുന്നു.

  കാസിനോ, ബ്ളാക്ക് ജാക്ക് ‘ നു പുറമെ പലതരം കളിക്കാനുളള മെഷീനുകളും ദീപാലങ്കാരങ്ങളും പാട്ടുമൊക്കെയായി വലിയ ഒരു ഉത്സവപ്പറമ്പിനെ ഓർമ്മപ്പെടുത്തുന്നത് പോലെ തോന്നി പക്ഷെ ഒരു കെട്ടിടത്തിനകത്താണെന്നു മാത്രം. ചില കളികളുടെ സമ്മാനം എന്ന് പറയുന്നത് ആ കളി പിന്നെയും കളിക്കാം എന്നുള്ളതാണ്.പ്രവൃത്തി ദിനം ആയതു കൊണ്ടായിരിക്കാം, ഞങ്ങളെ പ്പോലെ ഏതാനും വിനോദസഞ്ചാരികളും അവിടെ തന്നെയുള്ള പരിഷ്‌കൃതമായ വേഷം ധരിച്ച ഏതാനും വയസ്സായവരേയുമാണ് കണ്ടത്. വളരെ ഗൗരവത്തോടെ ഇരുന്ന് കളിക്കുന്ന ചില വയസ്സികളേയും കണ്ടപ്പോൾ, അറിയാതെ തന്നെ നെറ്റി ചുളിഞ്ഞു പോയി. ‘ഇവർക്കൊന്നും വീട്ടിൽ പണിയില്ലേ ഇവിടെയിരുന്ന് കളിക്കുകയാണോ? ‘ എന്നാണ് സ്വയമറിയാതെ ചോദിച്ചു പോയത്. കൂടെ വന്ന അവനാണ് മറുപടി പറഞ്ഞത്, ചിലപ്പോൾ അവർ തന്നെയായിരിക്കും താമസിക്കുന്നത് അല്ലെങ്കിൽ മക്കളും പേരക്കുട്ടികളുമൊക്കെ തിരക്കിലായിരിക്കും.അവരുടെ ഏകാന്തതയിൽ നിന്നും ഒരു രക്ഷ എന്ന നിലയിൽ വന്നിരിക്കുന്നവരാണ്. പറഞ്ഞത് അബന്ധമായോ തോന്നി പോയി. സഹതാപത്തോടെ അവരെ നോക്കി ചിരിച്ചെങ്കിലും അവരെല്ലാം ആ കളികളിലെ തിരക്കിലാണ്. ആത്മാഭിമാനത്തിന്റെ കാര്യത്തിൽ അവർ എന്നും ഒരു പടി മുന്നിലാണല്ലോ?

  ശരിയാണ് വാര്‍ദ്ധ്യകത്തിലെ ഏകാന്തത ഭീകരമായ അവസ്ഥയാണ്. ഇന്ന് പല പ്രായം ചെന്നവർക്കുമുള്ള ആവലാതിയും അതു തന്നെയാണ്. ഒരു നിമിഷം ഞാൻ എൻ്റെ വാർദ്ധ്യകത്തെ കുറിച്ച് ചിന്തിക്കുകയായിരുന്നു.അവരിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്നുള്ള പ്രതീക്ഷ ഇല്ല. അതെ ഞാനും അതിന്റെ probability & strategy യെ പറ്റി ആലോചിക്കുകയായിരുന്നു. എന്തിനും ഏതിനും സായിപ്പിന്റെ ശീലങ്ങൾ പിന്തുടരുന്ന നമ്മൾക്ക് ‘ബ്ലാക്ക് ജാക്ക് & കാസിനോ ‘ കളായിരിക്കുമോ രക്ഷ ?