© നൗഷാദ് അകമ്പാടം

ചില കാര്യങ്ങള്‍ പറയാന്‍ സമയവും സന്ദര്‍ഭവും നോക്കണം, ചിലപ്പോള്‍ സന്ദര്‍ഭം നോക്കാതെയും പറയണം. സൂപ്പര്‍ ബ്ലോഗ്ഗര്‍ മത്സരം നടക്കുമ്പോള്‍ ബ്ലോഗിനെ വിലയിരുത്തുകയോ ബ്ലോഗിനെപ്പറ്റി സംസാരിക്കുകയോ ചെയ്യരുത് എന്ന ഉപദേശം പലരില്‍ നിന്നും ലഭിച്ചു. അനുചിതം തന്നെ! എന്നിരുന്നാലും മലയാളികളുടെ ഒരു പൊതുസ്വഭാവം ഉണ്ടല്ലോ. ഉദാഹരണത്തിന്  ‘ഇവിടെ മൂത്രം ഒഴിക്കരുത്’ എന്ന് എഴുതിയിട്ടുണ്ടെങ്കില്‍, മൂത്രം ഒഴിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലം അതാണെന്ന് നാം മനസിലാക്കുന്നു. ‘മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്’ എന്ന് അറിയിപ്പുള്ള സ്ഥലം വളരെ സ്വസ്ഥം ആയി തന്നെ  മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പറ്റിയത്  ആണെന്നും  നമുക്ക് അറിയാം. ആ തത്വം ഉപയോഗിക്കുമ്പോള്‍ ബ്ലോഗ്ഗിനെ വിമര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സമയം സൂപ്പര്‍  ബ്ലോഗ്ഗര്‍ വോട്ടിംഗ്  നടക്കുമ്പോള്‍ തന്നെ അല്ലേ? ബൂലോകം ഇലക്ഷന്‍  കമ്മീഷന്‍; നിയന്ത്രണങ്ങള്‍ ഒന്നും ഇതുവരെ ഏര്‍പ്പെടുത്താത്തത്  നമുക്ക് സ്വാതന്ത്ര്യം  തരുന്നു എന്ന് വ്യാഖ്യാനിക്കുകയും ആവാം.

പിന്നെ ഇത് ഒരു വ്യക്തിയുടെ വീക്ഷണകോണകം ആണോ, ബൂലോകത്തിന്റെ വീക്ഷണകോണകം ആണോ എന്ന് ഗവേഷണം നടത്തി ബ്ലോഗ്‌ ഗുരുക്കന്മാര്‍ രോഷാകുലര്‍ ആകേണ്ട കാര്യവുമില്ല. ബൂലോകത്തിന്റെ വീക്ഷണത്തിന്റെ ആകെത്തുക ‘കൊട്ടയിലും കൊള്ളില്ല കോണകത്തിലും കൊള്ളില്ല’ എന്ന അത്രയും വലുതായതിനാല്‍, ഒരു വ്യക്തി ഒരു കോണകത്തില്‍ കൊള്ളിക്കാന്‍ മാത്രം സങ്കുചിതം ആയ ഒരു വീക്ഷണം നടത്തി എന്ന് ബ്ലോഗ്‌ ഗുരുക്കള്‍ കരുതുന്നതിലും തെറ്റില്ല. [അമ്പ്‌ കൊള്ളാത്തവര്‍  ഇല്ല ഗുരുക്കളില്‍..]

സൂപ്പര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡിനോട്  അനുബന്ധിച്ചുള്ള  പോസ്റ്റുകളിലും, കമന്റുകളിലും, ഫേസ്ബുക്കിലെ ചിലപേജുകളിലും സൂപ്പര്‍ ബ്ലോഗ്ഗറുടെ  യോഗ്യതകള്‍, ഇത്തരം ഒരു മത്സരത്തിനു വേണ്ട മാനദണ്ഡങ്ങള്‍  തുടങ്ങിയവ കൂലംകഷമായി ചര്‍ച്ച ചെയ്യപ്പെടുന്നത് നിരീക്ഷിക്കുകയുണ്ടായി. ജനസമ്മതിയുടെ ബലത്തില്‍ മാത്രം സൂപ്പര്‍ ബ്ലോഗ്ഗറെ നിര്‍ണ്ണയിക്കുന്നതില്‍ ഉള്ള അപാകതകളും ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ഒരു ബ്ലോഗാധിപത്യസംവിധാനത്തില്‍, ബ്ലോഗ്ഗെര്മാരാല്‍ മാത്രം തെരഞ്ഞെടുക്കപ്പെടുന്ന സൂപ്പര്‍ ബ്ലോഗര്‍ എന്ന കണ്‌സെപ്റ്റ് വളരെ വലുതാണെങ്കിലും, ബൂലോകം അതിന്റെ എഴുത്തുകാര്‍ക്കും, വായനക്കാര്‍ക്കും വോട്ടിങ്ങില്‍ തുല്യ പ്രാധാന്യം നല്‍കി ക്രമീകരിച്ചിരിക്കുന്ന തെരഞ്ഞെടുപ്പുസംവിധാനം, ജനാധിപത്യപരമായി ഏറ്റവും ഉത്തമം എങ്കിലും, അതില്‍ പോരായ്മകള്‍ അനേകം ഉണ്ടെന്നു പലരും ചൂണ്ടിക്കാണിക്കുന്നു.

വോട്ടിലൂടെ  തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ എമ്മെല്ലേമാരും, മന്ത്രിമാരും ഏറ്റവും യോഗ്യര്‍ ആയവര്‍ തന്നെയോ എന്നൊക്കെ ചോദിക്കാം എങ്കിലും, രാഷ്ടീയത്തെ അപേക്ഷിച്ച് സാംസ്‌കാരിക രംഗത്ത് മാനദണ്ഡങ്ങള് അനുവര്‍ത്തിക്കുക എന്നത് കൂടുതല്‍ നടപ്പാകുന്നു എന്ന വാദവും ഈ അവസരത്തില്‍ നാം മനസ്സിലാക്കണം. ഏറ്റവും ഉത്തമം എന്നും, പക്ഷപാതരഹിതം എന്നും അംഗീകരിക്കപ്പെട്ടിട്ടുള്ള ജനാധിപത്യ രീതിയുള്ള തെരഞ്ഞെടുപ്പു; പരാജയം ആയി മാറുന്നു എന്ന് പരാതിപ്പെടുന്നതിനു മുന്‍പ് ഈ അവസ്ഥ സംജാതം ആയിട്ടുണ്ടെങ്കില്‍! അതിന് കാരണം നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ പ്രകടമായിട്ടുള്ള മൂല്യച്യുതി ബ്ലോഗാധിപത്യസംവിധാനത്തിനെയും പിടികൂടിയതല്ലേ എന്ന് ചിന്തിക്കണം .

ഈ മൂല്യച്യുതിയിലേക്ക് വിരല്‍ചൂണ്ടുന്ന അപ്രിയ സത്യങ്ങള്‍ ആരെങ്കിലും, മുഖത്തുനോക്കി പറഞ്ഞില്ലെങ്കില്‍; നമുക്കിടയിലും പുറത്തുമുള്ള സാംസ്‌കാരികനായകന്മാര്‍ ദീര്‍ഘവീക്ഷണസ്വഭാവത്തോടെ ചൂണ്ടിക്കാണിച്ചതുപോലെ  മലയാളം ബ്ലോഗറന്മാര്‍ എന്ന നാം വലുതെന്നും മറ്റുള്ളവര്‍ ചെറുതെന്നും കരുതുന്ന വിഭാഗം, ഒരു കോമാളിക്കൂട്ടം ആയി അധ:പതിക്കാനും മതി. തെറ്റെങ്കില്‍ തെറ്റെന്നും ശരിയെങ്കില്‍ ശരിയെന്നും ചൂണ്ടിക്കാണിക്കാനും, വിമര്‍ശനങ്ങളെ  മാനിക്കാനും, നന്മയെ  വളര്‍ത്താനും,  തിന്മയെ ചെറുക്കാനും ആര്‍ജവം ഉണ്ടായിരുന്ന ഒരുപറ്റം സാഹിത്യകുതുകികളിലൂടെ  വളര്‍ന്ന  മലയാളം ബ്ലോഗ് പ്രസ്ഥാനം ആ പാതയില്‍ നിന്നും വ്യതിചലിക്കുകയും, ഗ്രൂപ്പുകളുടെയും പക്ഷപാതങ്ങളുടെയും തടവറയില്‍ പെട്ട് ഉഴലുകയും ചെയ്യുമ്പോള്‍, നാളത്തെ തലമുറയ്ക്ക് വേണ്ടി നാം പാഠപുസ്തകങ്ങില്‍ ഒളിപ്പിച്ചു വെച്ച ശുദ്ധമലയാളത്തിന്റെ മയില്‍പ്പീലിക്ക് തിളക്കം മങ്ങുന്നതും നാം അറിയണം. ഈ ഗ്രൂപ്പുകളുടെ സമവാക്യങ്ങള്‍ക്കിടയില്‍ ആരെ തള്ളണം ആരെ കൊള്ളണം എന്നറിയാതെ പാതിവഴിയില്‍ പടം മടക്കുന്ന പ്രതിഭകളും, അംഗീകാരത്തിനുവേണ്ടി ആശയങ്ങള്‍ പണയം വെച്ച് എഴുതുന്ന ഒരു പുതുതലമുറയും ഉണ്ടെന്നുള്ള വസ്തുതയും നാം മറക്കരുത്. ഇന്റെര്‍നെറ്റിലൂടെ എങ്കിലും നമ്മുടെ ഭാഷയെ നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായ   ഒരു ന്യൂനപക്ഷത്തിനെങ്കിലും ഈ പ്രവണതകള്‍ വേദനാജനകമായി തോന്നിയേക്കാം .

മലയാളം ബ്ലോഗ്ഗിനെ ഇത്തരുണത്തില്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ പ്രവണതകളെ നിര്‍വചിക്കാനും, തിരുത്താനും ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ ആളല്ല എങ്കിലും, ഭാവിതലമുറക്കായി മലയാള സാഹിത്യത്തെ  വളര്‍ത്താനും, സംരക്ഷിക്കാനും വ്യക്തമായ ബാധ്യതയുള്ള ഒരു പ്രസ്ഥാനത്തിന്റെ ഭാഗം എന്ന നിലയില്‍ ചിലതൊക്കെ തുറന്നുകാട്ടാതിരിക്കാനും ആവില്ല. മലയാള ബ്ലോഗിന്റെ നിലവാരം  തകര്‍ക്കുന്ന പ്രവണതകളെ നിരീക്ഷിക്കുമ്പോള്‍! അവ സമകാലീന മലയാള സാഹിത്യത്തില്‍ ബ്ലോഗിനെ എവിടെക്കൊണ്ട് എത്തിക്കുന്നു എന്നും പരിശോധിക്കാം. പ്രശസ്ത സാഹിത്യകാരി ഇന്ദുമേനോന്‍ ബ്ലോഗിനെ കക്കൂസ് സാഹിത്യം എന്ന് വിശേഷിപ്പിച്ചു എന്ന  തെറ്റിധാരണയുടെ  ഫലമായി നാം ഒന്നടങ്കം അവരെ ആക്രമിക്കുകയും, ബ്ലോഗിന് ഗുമ്മു കുറയുന്നു എന്ന് ബെര്‍ളി  ആരോപിച്ചപ്പോള്‍ അതിനെ ശക്തമായി ഒന്നിച്ചു ചെറുക്കുകയും ചെയ്തു. എന്നിരുന്നാലും ആ പ്രസ്താവനകളില്‍ സത്യത്തിന്റെ ഒരു അംശം ഉണ്ടോ എന്ന സന്ദേഹം കൂടിയല്ലേ നമ്മെ ഇത്രമാത്രം ചൊടിപ്പിച്ചത്.

മുഖ്യധാരാ മലയാള സാഹിത്യം പല ഗുണനിലവാര പരിശോധനകളും കഴിഞ്ഞാണ് പ്രസാധകനിലൂടെ നമ്മുടെ മുന്‍പില്‍ എത്തുന്നതെങ്കില്‍, ബ്ലോഗില്‍ രചയിതാവും പ്രസാധകനും ഒരാള്‍ തന്നെ എന്നിരിക്കെ ആ ഗുണനിലവാരം ഉറപ്പാക്കേണ്ട കടമയും രചയിതാവിനുണ്ട്. അക്ഷരപിശാചു  മുതല്‍ അനാകര്‍ഷകവും അരോചകവുമായ കെട്ടും മട്ടുംവരെ നിറഞ്ഞു നില്‍ക്കുന്ന ബ്ലോഗുകളുടെ ‘മൊയലാളിമാര്‍ ‘ താന്‍ സൂപ്പര്‍  ബ്ലോഗ്ഗര്‍ ജനുസ്സില്‍ പെട്ട വിശുദ്ധ പശുവാണ് എന്നൊക്കെ ആക്രോശിക്കുമ്പോള്‍, സാധാരണ വായനക്കാര്‍ അത് കോമാളിത്തം ആയി കണക്കാക്കിയാല്‍ അത്ഭുതപ്പെടേണ്ട കാര്യമെന്ത് ? ഗുണനിലവാരം സ്വയം ഉറപ്പാക്കാതെ മറ്റുള്ളവര്‍ താന്‍ എഴുതുന്നതെന്തും  വായിക്കണം എന്നും, തന്നെ അംഗീകരിക്കണം എന്നും വാശിപിടിച്ചാല്‍ അത് ഏത് കൊടികുത്തിയ ബ്ലോഗ്ഗര്‍ ആണെങ്കിലും ബാലിശം എന്നെ വിശേഷിപ്പിക്കാനാവൂ.
ഇത്തരുണത്തില്‍ പുതുതലമുറയിലെ ബ്ലോഗറന്മാരില്‍ ഒരാള്‍ ബൂലോകത്തില്‍ എഴുതിയ ഒരു അഭിപ്രായവും വിശകലനം ചെയേണ്ടത് ഉണ്ട്.

സ്വന്തം കഴിവിനേക്കാള്‍ കൂടുതല്‍ എഴുതാനുള്ള ആഗ്രഹമാണ് പലരെയും ബ്ലോഗ് എഴുത്തിലേക്ക് നയിക്കുന്നത്. ഇത്തരം ആഗ്രഹങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ മുഖ്യധാര മാധ്യമങ്ങള്‍ക്കോ, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കോ വിവിധ കാരണങ്ങള്‍ കൊണ്ട് കഴിയുന്നില്ല.

ഇത് ഒരു വാസ്തവം ആണെങ്കിലും അങ്ങനെ എഴുതാന്‍ ആഗ്രഹം ഉള്ള എല്ലാവരും, താന്‍ എഴുതുന്നത് മഹത്തരം ആണെന്ന് വിളിച്ചോതി, അത് മറ്റുള്ളവരെക്കൊണ്ട് വായിപ്പിച്ചേ അടങ്ങൂ എന്നും, അങ്ങനെ വായിക്കുന്നവര്‍ നല്ല അഭിപ്രായം മാത്രമേ  പറയാവൂ എന്നും ശഠിച്ചാല്‍ എന്താകും അവസ്ഥ? ഈ ആഗ്രഹങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ മുഖ്യധാര മാധ്യമങ്ങള്‍ക്ക് കഴിയാത്തതിന് ഒരു മുഖ്യകാരണം കൃതികളുടെ നിലവാരം ഇല്ലായ്മ അല്ലേ? യേശുദാസിനെപ്പോലെ പാടണം എന്ന് മനസ്സില്‍ ആഗ്രഹം ഇല്ലാത്ത ഏതെങ്കിലും മലയാളി ഉണ്ടോ? അങ്ങനെ ആഗ്രഹം ഉള്ളവരെല്ലാം സ്വന്തം ചിലവില്‍ മൈക്കും കെട്ടിവച്ചു നാല്കവലകളില്‍ പാട്ടുകച്ചേരിയും ഗാനമേളയും നടത്തിയാല്‍, ജനം ഏത് രീതിയില്‍ അവരെ ‘അംഗീകരിക്കും ‘ എന്ന് പറഞ്ഞു മനസ്സിലാക്കണമോ? പിന്നെ ശക്തമായ ഒരു  സംഘത്തിന്റെ പിന്‍ബലം നേടിയാല്‍ കൊലപാതകം മുതല്‍ ബലാത്സഗം വരെ മാന്യതയായി കരുതുന്ന ഇന്നത്തെ  നമ്മുടെ സമൂഹത്തില്‍, ആ പിന്‍ബലം നേടിയെടുത്താല്‍  നാലാംകിട സാഹിത്യവും ഉദാത്തം ആയി വാഴ്ത്തപ്പെടുമല്ലോ!!

ബ്ലോഗ്ഗിന്റെ ഗുണനിലവാരം താഴ്ത്തുന്നതും, ബ്ലോഗ്ഗര്‍മാരെ മൂഡസ്വര്‍ഗത്തില്‍ പ്രതിഷ്ട്ടിച്ചു, ലോകത്തിന്റെ മുന്‍പില്‍ പരിഹാസ പാത്രങ്ങള്‍ ആകുന്നതും ആയ ചില പ്രവണതകള്‍ താഴെ വര്‍ണ്ണിക്കുന്നു.

ഗ്രൂപ്പുകളി

തിരുവാതിരകളി, മാര്‍ഗംകളി, ദഫ്മുട്ടുകളി  എന്നൊക്കെ വിവിധ മത, സാംസ്‌കാരിക വിഭാഗങ്ങള്‍ക്ക് തനതായ കളികള്‍ ഉള്ളതുപോലെ ബ്ലോഗ്ഗിനുമുണ്ട് ഒരു ദേശീയ കളി. അതാണ് ഗ്രൂപ്പുകളി. ബ്ലോഗ് എഴുതാറുണ്ട് എന്ന് ഈ രംഗവും ആയി പരിചയം ഉള്ള ആരോട് പറഞ്ഞാലും  ‘നിങ്ങളുടെ ഗ്രൂപ്പില്‍ ആരൊക്കെയുണ്ട് ?എന്നായിരിക്കും മറുചോദ്യം. അങ്ങനെ മതം, പ്രാദേശികം, ജാതി, രാഷ്ട്രീയം തുടങ്ങിയവ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ഒരു ഗ്രൂപ്പില്‍ അംഗത്വം എടുക്കുന്ന നവബ്ലോഗ്ഗര്‍ ബ്ലോഗു ഗുരുക്കന്മാരുടെ അനുഗ്രഹം കാംക്ഷിച്ചുള്ള ക്യൂവില്‍ റാഗിങ്ങ്, മാന്തല്‍  തുടങ്ങിയ കലാപരിപാടികള്‍ക്ക്  വിധേയനായി തലച്ചോറിനെ  ആ ഗ്രൂപ്പിന് പാകത്തില്‍ പരുവപ്പെടുത്തി എടുക്കുന്നു.

പുറംചൊറിയല്‍

ഗ്രൂപ്പുകളിയുടെ നടനം മറ്റുഗ്രൂപ്പുകളെ ഒതുക്കുക എന്നതാണെങ്കില്‍ അതിന്റെ പശ്ചാത്തല സംഗീതമാകുന്നു പുറം ചൊറിയല്‍. പുറം ചൊറിയല്‍ എന്ന കല ഗ്രൂപ്പുഗുരുക്കന്മാരില്‍ നിന്നും സൌജന്യം ആയി അഭ്യസിക്കാം. ഗ്രൂപ്പുഗുരുക്കന്മ്മാര്‍ എഴുതുന്ന കച്ചറ ചരക്കുകള്‍ക്ക് കമന്റിടുക എന്നതാണ് തുടക്കം. വൈക്കം മുഹമ്മദ് ബഷീറിന്റെ ശൈലി, അഭിനവ വീ കെ എന്‍, തുടങ്ങിയവ! ഗുരുക്കന്മാരുടെ ശൈലിക്ക് വിശേഷണങ്ങള്‍ ആയി നല്‍കുമ്പോള്‍ പുറംചൊറിയല്‍ അതിന്റെ പരമകാഷ്ടയില്‍ എത്തിയതായി കരുതാം. വായന അടയാളപ്പെടുത്തിയിരിക്കുന്നു വട്ടത്തലയന്‍, ഭായീ നന്നായിരിക്കുന്നു, വിശദമായി വായിച്ചിട്ട് പിന്നീട് വിശദമായി കമന്റിടാം, പൊട്ടുകൊണാപ്പന്‍;  തുടങ്ങിയ കമന്റുകളും, വട്ടത്തലയാ  നന്ദി, പൊട്ടുകൊണാപ്പാ നന്ദി വീണ്ടും വരുമല്ലോ തുടങ്ങിയ മറുപടികളും ചേര്‍ന്ന് നൂറു തികഞ്ഞാല്‍ സൂപ്പര്‍  ബ്ലോഗ്ഗര്‍ ആയി എന്നും കരുതപെടുന്നു. അങ്ങനെ പുറം ചൊറിയലില്‍കൂടി നവ വൈക്കം മുഹമ്മദു ബഷീറും, എം ടി യും സ്വപ്ന സാമ്രാജ്യത്തില്‍ തങ്ങളുടെ സുല്‍ത്താന്‍ പട്ടം ഉറപ്പിക്കുന്നു. ഇതൊക്കെ കാണാന്‍ ആരെങ്കിലും പുറത്തുനിന്നും അവിടെ പ്രവേശിച്ചാല്‍ പലപ്പോഴും അരോചകമായി തോന്നാം എങ്കിലും. വരുന്നവര്‍ ഒക്കെ നമസ്‌കരിച്ചിട്ട് പോണം എന്ന ഭാവത്തില്‍ ഇരിക്കുന്ന സ്വപ്ന സാമ്രാജ്യത്തിലെ ചക്രവര്‍ത്തിക്ക് മാത്രം അത് എന്തുകൊണ്ട് എന്ന് മനസ്സിലാകുകയില്ല.

കാല്‍നക്കല്‍

ഞാന്‍ പോസ്റ്റ് ഇട്ടിടുണ്ട്, എന്റെ പോസ്റ്റ് ഒന്ന് വായിച്ചു ഒരു കമന്റിടാമോ? ദയവായി ഇടണേ.. ഇങ്ങനെ കേണു വീണു അപേക്ഷിക്കുന്നവരോട് എന്ത് പറയാന്‍. നല്ല കൃതികള്‍ വായനക്കാരനെ തേടിയെത്തും എന്ന ലോകനീതിയുണ്ട്. അവ താളിയോലയില്‍ എഴുതിയാലും, കക്കൂസിന്റെ ചുവരില്‍ എഴുതിയാലും അംഗീകരിക്കപെടും. പ്രതിഭയുള്ള നാളെയുടെ വാഗ്ദാനങ്ങള്‍ ആയ രചയിതാക്കള്‍ എങ്കിലും ഈ നടപടികളില്‍ നിന്നും പിന്മാറണം. ഒരു പബ്ലീഷര്‍  എന്ന നിലയില്‍ ബ്ലോഗ്ഗെര്‍ക്ക് സ്വന്തം രചന പരസ്യം ചെയ്യാനുള്ള അവകാശത്തെ ചോദ്യം ചെയുന്നില്ല എങ്കിലും, രചനകള്‍ ആയിരങ്ങളുടെ മുന്‍പില്‍ എത്തിക്കാന്‍ മാര്‍ഗം ഉള്ളപ്പോള്‍, കമന്റിടുക തുടങ്ങിയ  അവകാശങ്ങള്‍ വായനക്കാരന് വിടുകയല്ലേ നല്ലത്. ഇടുന്ന കമന്റുകളെ  ഹൃദയ വിശാലതയോടെ സ്വീകരിക്കുകാനുള്ള ഒരു മനോഭാവം ഉണ്ടാവുകയെ വേണ്ടൂ, നല്ല രചനകള്‍ അംഗീകരിക്കപ്പെടും.

വെട്ടുക്കിളി ആക്രമണം

അറിയപ്പെടുന്ന ഒരു സാഹിത്യകാരനോ, സാഹിത്യകാരിയോ ഇലക്ട്രോണിക് ലോകത്തേക്ക് കാലെടുത്തു വെച്ചാല്‍ വെട്ടുകിളികളെപോലെ സംഘം ചേര്‍ന്ന് ആക്രമിച്ചു പുറത്താക്കുക എന്നതൊക്കെ നല്ല നടപടികള്‍ ആണെന്ന് തോന്നുന്നില്ല. മലയാളത്തിനു തനതായ സംഭാവന നല്‍കിയവര്‍ ഈ മാധ്യമത്തിനെ മനസ്സിലാക്കുന്നത്  നമുക്കും അഭിമാനമുള്ള കാര്യം തന്നെ  അല്ലേ? അവരോടു സഹകരിച്ചു പ്രവര്‍ത്തിക്കുക എന്നത് നമ്മുടെ ഭാഷയ്ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ ഒരു പ്രോത്സാഹനമല്ലേ?

പെണ്ണെഴുത്ത്

പെണ്ണെഴുത്ത് എന്നൊക്കെ വിളിപ്പേരുമായി ബ്ലോഗ് ഗുരുക്കള്‍ ചില ബ്ലോഗുകളുടെ സമീപത്തു ചുറ്റിപ്പറ്റി നില്‍ക്കുന്നതും, ഇത്രനല്ല പെണ്ണെഴുത്ത് ഇതിനുമുന്‍പ് കണ്ടിട്ടില്ല എന്നൊക്കെ അലറിക്കൂവുന്നതും ഒരു പിടി നല്ല സാഹിത്യകാരികളെ അപമാനിക്കല്‍ ആയിപ്പോലും തോന്നുന്നു. കൃതി നല്ലതെങ്കില്‍ അത് ആണെഴുതിയോ, പെണ്ണ് എഴുതിയോ, നപുംസകം എഴുതിയോ എന്നൊക്കെ നോക്കേണ്ട കാര്യം ഉണ്ടോ? നല്ലതിനെ നല്ലതായി കാണുന്നതിനു  പകരം അതിനു സംവരണം ചാര്‍ത്തി കൊടുക്കുന്നത് പുരുഷ മേധാവിത്വത്തിന്റെ ചിന്തകള്‍ മനസ്സില്‍  കൊണ്ടുനടക്കുന്നവരും, വികലമായ ചിന്തകളെ  പേറി നടക്കുന്നവരും ആവാനേ തരമുള്ളൂ.

എഴുത്ത് ഏത്  മാധ്യമത്തില്‍ ആയാലും ഏത് സാഹിത്യ രൂപത്തില്‍ ആയാലും, അതിനു വേണ്ട ചില അടിസ്ഥാന ഗുണങ്ങള്‍ ഉണ്ടെന്നും, ഭാഷാശുദ്ധി, പറയേണ്ട കാര്യങ്ങള്‍ക്ക് അനുയോജ്യമായ രചനാ രൂപത്തിന്റെ തെരഞ്ഞെടുപ്പ്, ആംഗലേയ അക്ഷരങ്ങളുപയോഗിച്ചുള്ള മലയാളം രചനയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നാണെങ്കില്‍ പോലും അനുയോജ്യമായ പദപ്രയോഗം ഇവയൊക്കെ ഗുണനിലവാരത്തിന്റെ  മാതൃകകള്‍  ആണെന്നും ഉള്ള തിരിച്ചറിവ് ഒരു എഴുത്തുകാരന് അത്യന്താപേക്ഷിതം ആണ്. തന്റെ പരിമിതികള്‍ മനസ്സിലാക്കാനും അതിനുള്ളില്‍ നിന്നുകൊണ്ട് തങ്ങളാല്‍ ആവുന്നത്ര മനോഹരമായി രചനകള്‍ നടത്താനുള്ള ഉള്‍ക്കരുത്തും, ഗുണദോഷ വിചാരണയെ ഹൃദയവിശാലതയോടെ സമീപിക്കുവാനുള്ള ആര്‍ജവവും ഉള്ള ഒരു ബ്ലോഗ്ഗെര്‍ക്കും നിലനില്‍പ്പിനായി ഒരു ഗ്രൂപ്പിന്റെയും ക്‌ളിക്കിന്റെയും പിന്‍ബലം ആവശ്യം ഉള്ളതായി കാണുന്നില്ല. ‘ന്റെ ഉപ്പാപ്പക്ക് ഒരു ആന ണ്ടാര്‍ന്ന് ‘എന്നെഴുതിയ കഥാകാരന്‍ ഒരു നൂറ്റാണ്ടില്‍ സംഭവിക്കുന്ന പ്രതിഭാസം ആണെന്നും, പയ്യന്‍ കഥകള്‍ എഴുതിയതു  ഒരു വിശ്വോത്തരപ്രതിഭ ആണെന്നും ഉള്ള സാമാന്യബോധം പോലും ഇല്ലാത്തവര്‍ അല്ലെ അവരെ  അനുകരിച്ചു, ‘ഞാനും ഉപ്പാപ്പാനും ഒരു സ്ടയില്‍ തന്നെയാ’, എന്നും ‘ഞാന്‍  വിളിച്ചാലും  നാണ്വാരു വരും’  എന്നൊക്കെ വീമ്പിളക്കൂ. ഇനിയെങ്കിലും തിരിച്ചറിവോടുകൂടി മുമ്പോട്ട്  പോകുകയും നല്ലതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്താല്‍ ഒരുപിടി ഉന്നതമായ കലാസൃഷ്ടികള്‍ അടുത്ത തലമുറക്കായി നമുക്ക് ബൂലോകത്ത് സൂക്ഷിക്കാനാവും.

You May Also Like

രാജാധിരാജ – അസംബന്ധം എന്ന് ഒറ്റവാക്കില്‍ പറയാവുന്ന ചിത്രമോ ? – റിവ്യൂ

2000ല്‍ ഇറങ്ങിയ നരസിംഹം എന്ന തമിഴ് ശൈലിയിലുള്ള സൂപ്പര്‍ താര ഫോര്‍മുലാ നിര്‍മ്മിതിയുടെ വിജയത്തിനു ശേഷം മോഹന്‍ലാലിനും മമ്മൂട്ടിക്കും വേണ്ടി നിരന്തരമായി മത്സരിച്ചു നിര്‍മ്മിക്കപ്പെട്ട അസംബന്ധ സൂപ്പര്‍ താര ഗിമ്മിക്കുകളുടെ ശ്രേണിയിലേക്ക് (വല്ല്യേട്ടന്‍, ഉസ്താദ്, രാവണപ്രഭു, നാട്ടുരാജാവ്, ദ്രോണ) ചേര്‍ത്തുവക്കാവുന്ന ചിത്രമാണ് രാജാധിരാജ.

ഫെയ്ക്ക് അക്കൌണ്ടുകള്‍ എങ്ങനെയാണ് കണ്ടെത്തുക ?

പെണ്‍കുട്ടികള്‍ക്ക് ഒരു ഫേസ്ബുക്ക് വാര്‍ണിംഗ് എന്ന പോസ്റ്റിനു ശേഷം എനിക്ക് ഒന്നുരണ്ടു ഇമെയിലുകള്‍ ലഭിച്ചു. അവയില്‍ ഒന്ന് എന്നെ വല്ലാതെയങ്ങ് ആകര്‍ഷിച്ചു ഒരു പെണ്‍കുട്ടി അച്ഛനും അമ്മയ്ക്കും ഒരോറ്റമകള്‍. ഫേസ്ബുക്ക് അക്കൗണ്ട്‌ ഉണ്ട് ആ കുട്ടിക്ക്. അതില്‍ അവളുടെ ധാരാളം ഫോട്ടോകള്‍ അപ്‌ലോഡ്‌ ചെയ്തിട്ടുമുണ്ട്. ഈയിടെയായി കൂറെയേറെ ഫ്രണ്ട്സ് റിക്വസ്റ്റ് വരുകയും. അവര്‍ വളരെ മോശമായി കമന്‍റെ അടിക്കുകയും ചെയ്യുന്നു. അതുകാരണം ആ കുട്ടി ആ അക്കൗണ്ട്‌ റീമൂവ് ചെയ്തു. എന്നാല്‍ അവളുടെ ഫ്രണ്ട്സ് പറയുന്നുണ്ടത്ര അവളുടെ ഫോട്ടോ വെച്ച് വേറെയും അക്കൗണ്ട്‌കള്‍ ഉണ്ടെന്ന്. ആ ഫെയ്ക്ക് അക്കൗണ്ട്‌കള്‍ എങ്ങനെയാണ് കണ്ടെത്തുക എന്ന് അവള്‍ ചോദിച്ചു.

ആ പുസ്തകം നീ എന്തു ചെയ്തു ?

പഴയ പുസ്തകങ്ങള്‍ വില്‍ക്കാന്‍ നിരത്തി വച്ചിരിക്കുന്ന എറണാകുളത്തെ വഴിയോരങ്ങള്‍ എന്റെ എല്ലാക്കാലത്തേയും ദൌര്‍ബ്ബല്യങ്ങളാണ്. ആരുടെയൊക്കെയോ കൈകളിലൂടെ മാറിമാറി സഞ്ചരിച്ച് പുതിയൊരവകാശിക്കായി അവരങ്ങനെ നിശ്ശബ്ദരായി കാത്തിരിക്കും. അവയില്‍ ആരുടെയൊക്കെ മനസ്സുണ്ടാകും..? സ്‌നേഹവും കലാപവും വിപ്ലവവുമുണ്ടാകും..? എനിക്കു വേണ്ടിയും നിരവധി പുസ്തകങ്ങള്‍ ആ വഴിയോരങ്ങള്‍ കാത്തു വച്ചിട്ടുണ്ട്. ഒരു പക്ഷേ ഇനിയൊരിക്കലും പ്രിന്റ് ചെയ്യാനിടയില്ലാത്ത ഒരു ഗ്രന്ഥശാലയില്‍ നിന്നും മേടിക്കാന്‍ കഴിയാത്ത പുസ്തകങ്ങള്‍.. 1973 ല്‍ പബ്ലിഷ് ചെയ്ത മെലങ്ങത്ത് നാരായണന്‍ കുട്ടിയുടെ സംഘകാല കൃതികളുടെ തര്‍ജ്ജമ, പണ്ടത്തെ പ്രഭാത് ബുക്‌സിന്റെ റഷ്യയില്‍ പ്രിന്റ് ചെയ്തിരുന്ന വിശ്വസാഹിത്യങ്ങള്‍, പ്രമുഖരുടെ ലേഖനങ്ഗ്‌നള്‍ അങ്ങനെ എത്രയോ വിലപ്പെട്ട പുസ്തകങ്ങള്‍ കൈക്കലാക്കി ഞാനൊരു പുസ്തകമുതലാളിച്ചി ആയിരിക്കുന്നു.

ഇസ്രയേല്‍ – പലസ്തീന്‍ : അല്പം ചരിത്രം…

ഇന്ത്യയിലെ അയോധ്യ- രാമ ജന്മ ഭൂമി പ്രശ്നം പോലെ സങ്കീര്‍ണമായ ഒരു പ്രശ്നമാണ് ഇസ്രയേല്‍ – പലസ്തിന്‍ തമ്മിലുള്ളത്… ഇത് ഒരിക്കലും അവസാനിക്കാതത്തിനു കാരണം പല നൂറ്റാണ്ടുകളിലായുള്ള അവകാശ തര്‍ക്കം തന്നെ. എന്താണിതിന്റെ ചരിത്രം?