ബ്ലോഗോ ഫേസ്ബുക്കോ ?

194

01ഫേസ്ബുക്കിനും ബ്ലോഗിനും അതിന്റേതായ ചില പ്രാധാന്യങ്ങളുണ്ട്. ബ്ലോഗ് വിശാലമായ വായനാസുഖം നല്‍കുന്ന ഒരിടമാണങ്കില്‍ ഫേസ്ബുക്ക് അല്‍പ്പായുസ്സുള്ള പോസ്റ്റുകളുടെ വിളനിലമാണെന്ന് ഒറ്റ വാക്കില്‍ പറയാം. ഫേസ്ബുക്കിന്റെ വളര്‍ച്ചയില്‍ മൈക്രോബ്ലോഗിംഗിന് അതിവേഗം പ്രചാരം നേടിയെടുക്കാന്‍ കഴിഞ്ഞു. സ്വന്തം വീട്ടിലെ കല്യാണവിശേഷം മുതല്‍ അടിച്ചമര്‍ത്തപ്പെട്ടവന്റെ അവകാശങ്ങള്‍ പ്രതിഷേധത്തിന്റെ സ്വരമായി വളര്‍ന്ന് ഒരു രാഷ്ട്രത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന വിപ്ലവങ്ങളാവുന്നതിനുവരെ സാക്ഷിയാവാന്‍ ഫേസ്ബുക്കിനു സാധിച്ചു. കഴിഞ്ഞ വാരം ഇതുപോലൊരു ഫേസ്ബുക്ക് വിപ്ലവം സൃഷ്ടിച്ച ഒരു ബ്ലോഗറില്‍നിന്നും ഈ ലക്കം വരികള്‍ക്കിടയില്‍ വായിച്ചുതുടങ്ങുന്നു.

കുഞ്ഞുമനസ്സിന്റെ നിഷ്‌കളങ്കതയും നന്മയും നിറഞ്ഞ അനുഭവം വിവരിക്കുന്ന ഒരു കുറിപ്പ്, ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഇരുപത്തിനാല് മണിക്കൂറിനകം പതിനായിരത്തിലധികം പേര്‍ വായിച്ച് ലൈക് ചെയ്യുകയും നാലായിരത്തഞ്ഞൂറ് പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. ഫേസ് ബുക്കില്‍ ഒരു മലയാളിബ്ലോഗര്‍ക്ക് ഇത്രയും വലിയ ഒരു ഹിറ്റ് കിട്ടുന്നത് ആദ്യമായിട്ടാവും. ആ ദിവസങ്ങളില്‍ ബ്ലോഗിലേയ്ക്കും ധാരാളം സന്ദര്‍ശകര്‍ എത്തുകയുണ്ടായി. ബ്ലോഗ് മറന്ന് എഫ് ബി യില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചില എഴുത്തുകാര്‍, എന്തെങ്കിലുമൊക്കെ എഴുതുക, കുറെ ലൈക് വാങ്ങുക, അതില്‍ ആനന്ദം കണ്ടെത്തുക എന്നതിലുപരി, സാമൂഹിക

പ്രാധാന്യം നിറഞ്ഞ പോസ്റ്റുകള്‍ എഴുതുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യുന്നതില്‍ മടി കാണിക്കുന്നു. ഇവിടെയാണ് വരിയും വരയും ബ്ലോഗില്‍ റിയാസ് ടി അലി എഴുതിയ ‘കുട്ടികള്‍ നന്മയുടെ മൊട്ടുകള്‍’ എന്ന കുറിപ്പിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്. വൃക്ക തകരാറായ തന്റെ സഹപാഠിക്ക് വേണ്ടി സ്‌കൂളില്‍ നടത്തുന്ന ധനസഹായത്തിനായി ഉപ്പയെ സമീപിക്കുന്ന മകളുടെ മനസ്സിലെ നന്മയാണ് പോസ്റ്റിന്റെ ഉള്ളടക്കം. അവതരണരീതി കൊണ്ട് കൂടുതല്‍ ശ്രദ്ധേയമായ പോസ്റ്റ് നിരവധി പേര്‍ വായിക്കുകയും അവരെ സഹായിക്കാന്‍ മുന്നോട്ടു വരികയും ചെയ്തിരിക്കുന്നു. സാമൂഹികപ്രവര്‍ത്തനം വരികളില്‍ ഒതുക്കാതെ സമൂഹത്തിലേക്ക് ഇറങ്ങി അത് പ്രാവര്‍ത്തികമാക്കാന്‍ ഒരു ബ്ലോഗര്‍ നടത്തിയ ശ്രമം മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനമാവട്ടെ.

ഫേസ്ബുക്കില്‍ ഹിറ്റുകള്‍ വാരിക്കൂട്ടുന്ന മറ്റൊരു ബ്ലോഗറാണ് അക്കാകുക്ക, ബ്ലോഗില്‍ വളരെ കുറഞ്ഞ സമയം ചിലവഴിച്ച് ഫേസ്ബുക്കില്‍ കുഞ്ഞു കുറിപ്പുകള്‍ സമ്മാനിക്കുന്ന അക്കാകുക്കയുടെ ബ്ലോഗിലെ കഥയാണ് ബീവിത്തയും ജിന്നും. അനുഭവക്കുറിപ്പ് പോലെ വായിച്ചുപോകാവുന്ന ഒരു കഥ, കാലമെത്ര പുരോഗമിച്ചാലും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ഒട്ടും കുറവില്ല, ബീവിത്തയുടെ ശരീരത്തില്‍ കയറിക്കൂടിയ ‘ജിന്നിനെ’ ഒഴിപ്പിക്കാന്‍ വരുന്ന മുസ്ലിയാരും അതിനുശേഷം അവരുടെ ജീവിതത്തിലുണ്ടാവുന്ന സംഭവവികാസങ്ങളുമൊക്കെയാണ് കഥയുടെ ഉളളടക്കം. ഒതുക്കത്തോടെ പറഞ്ഞവസാനിപ്പിക്കുന്നതില്‍ വിജയിച്ച ഒരു കഥ.

ചില മര്‍മ്മരങ്ങള്‍ എന്ന ബ്ലോഗില്‍ ശരീഫ മണ്ണിശ്ശേരി എഴുതിയ കഥയാണ് മരണത്തിന്റെ കൂലി. തെരുവില്‍ ജീവിതം ഹോമിക്കപ്പെട്ട വൃദ്ധന്റെ ജീവിതമാണ് കഥാപ്രമേയം. തൊട്ടടുത്ത ഹോട്ടലില്‍നിന്നും വരുന്ന കൊതിയൂറുന്ന ഭക്ഷണത്തിന്റെ ഗന്ധം ആസ്വദിച്ച് ഉണക്കറൊട്ടി കഴിക്കുന്ന കഥാനായകനോട് സ്വാദ് മണത്ത് ഭക്ഷണം കഴിച്ചതിന്റെ കാശ് ചോദിക്കുന്ന, മനസാക്ഷി മരവിച്ച പരിഷ്‌കൃത സമൂഹത്തിന്റെ നേര്‍ചിത്രം വരച്ചു കാണിക്കുന്നു ഈ കഥയില്‍. ഒരു കഥ പറയുമ്പോള്‍ അത് ആരെക്കൊണ്ട് പറയിക്കണം എന്ന് തീര്‍ച്ചയില്ലാതെ പോകുന്നത് വായനാസുഖം കുറയ്ക്കും. ഇവിടെ മനോഹരമായി പറഞ്ഞുവന്ന കഥയുടെ അവസാനം വൃദ്ധന്‍ സ്വയം ‘ഞാന്‍’ ആയി മാറിയ ഭാഗത്ത് കഥയുടെ പൂര്‍വ്വഭംഗി നഷ്ടമായതുപോലെ തോന്നി.

ഇടക്കാലത്ത് നിന്നുപോയ ബ്ലോഗുകളെക്കുറിച്ചായിരുന്നുവല്ലോ കഴിഞ്ഞ പോസ്റ്റിലെ ചര്‍ച്ച. ഒരിടവേളയ്ക്കുശേഷം വീണ്ടും സജീവമായ ചില ബ്ലോഗുകള്‍ ശ്രദ്ധയില്‍ പെടുത്തുന്നു ഈ ലക്കത്തില്‍. 2011ല്‍ ന:സ്റ്റാഫ് സ്വാതന്ത്രമര്‍ഹതി എന്ന കുഞ്ഞു കഥയുമായി ബൂലോകം വിട്ട കുറുമാന്‍രണ്ടു വര്‍ഷത്തിനു ശേഷം തിരിച്ചുവരവ് നടത്തിയിരിക്കുന്നു, പുതിയ കഥയായഒരു പിറന്നാള്‍ ചിന്തയിലൂടെ.

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്ന മറ്റൊരു ബ്ലോഗറാണ് കല്യാണി രവീന്ദ്രന്‍.കല്ലുവിന്റെ കല്ല് വെയ്ക്കാത്ത നുണകള്‍ എന്ന ബ്ലോഗിലെ ഏറ്റവും പുതിയ കഥയായ ഗൃഹാതുരത്വം, പേരുപോലെതന്നെ വായനക്കാരെ സുഖമുള്ള ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നു. എന്നാല്‍ കഥ എന്ന ലേബല്‍ ഈ പോസ്റ്റിന് അനുയോജ്യമാണോ എന്നത് സംശയമാണ്.

വളരെ കുറഞ്ഞ പദങ്ങള്‍ കൊണ്ട് ഒത്തിരി ചിന്തകള്‍ വായനക്കാരനിലേയ്ക്ക് സന്നിവേശിപ്പിക്കാന്‍ കഴിയുന്ന പദപ്രയോഗങ്ങളാണ് ഇവിടെ കണ്ടെത്തിയ പ്രത്യേകത. ‘ചെങ്കല്‍ മതില്‍ എത്രയോ സാറ്റ് വെച്ചിരിക്കുന്നു, ഇന്ന് പന്നല്‍ ചെടി പുതച്ചു കിടക്കുന്നു.’ ഇങ്ങനെ പറഞ്ഞു തുടങ്ങുമ്പോള്‍ത്തന്നെ വായനക്കാരന്‍ തന്റെ പഴയകാല ഓര്‍മ്മകളിലേക്ക് അറിയാതെ സഞ്ചരിച്ചുപോകുന്നു. കൂടുതല്‍ മികവാര്‍ന്ന കഥകളുമായി കല്ലുവെയ്ക്കാത്ത നുണകള്‍ സജീവമാകട്ടെ എന്നാശംസിക്കുന്നു.

കൊച്ചുത്രേസ്യയുടെ ലോകം ഒരിടവേളക്ക് ശേഷം വീണ്ടും ബ്ലോഗിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുന്നു.ക്ഷണിക്കാതെ വന്ന അതിഥി എന്ന അനുഭവക്കുറിപ്പുമായാണ് ഈ തവണ കൊച്ചുത്രേസ്യ എത്തിയിരിക്കുന്നത്. സ്വന്തം മക്കളെപ്പോലെ സ്‌നേഹിക്കുകയും കൂടെ കൊണ്ടുനടക്കുകയും മറവിമൂലം നഷ്ടപ്പെടുകയും ചെയ്ത ലാപ്‌ടോപ്പിന്റെ പിറകെ പോയ പൊല്ലാപ്പുകളാണ് ക്ഷണിക്കാതെ വന്ന അതിഥി. ഒരിടവേളക്ക് ശേഷം തിരിച്ചുവന്ന കൊച്ചുത്രേസ്യയുടെ ലോകം പക്ഷെ പഴയ പോസ്റ്റുകളുടെ നിലവാരത്തിലേക്ക് എത്തിയോ എന്ന് സംശയം. ഒതുക്കി പറഞ്ഞിരുന്നു എങ്കില്‍ ഒന്നുകൂടെ നന്നാക്കാന്‍ കഴിയുമായിരുന്നു ‘ക്ഷണിക്കാതെ വന്ന അതിഥി’.

രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം തിരിച്ചുവരവ് ഗംഭീരമാക്കിയ ബ്ലോഗാണ് കടലാസ്. മുഹമ്മദ് കുഞ്ഞി തേജസ് ദിനപത്രത്തില്‍ എഴുതിയ പീഡനം നേരിടുന്ന നമ്മുടെ കുട്ടികള്‍ എന്നലേഖനം ശിശുദിനത്തിലെ ചില വേറിട്ട ചിന്തകള്‍ പങ്കുവെക്കുന്നു. ശിശുദിനം എന്ന പേരില്‍ എല്ലാ വര്‍ഷവും നാം ആഘോഷിക്കുമ്പോഴും, കാണാതെപോകുന്ന കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള പീഡനവും ലൈംഗിക അതിക്രമവും നാള്‍ക്കുനാള്‍ പെരുകി വരുന്നു. ബാലവേലകള്‍ നിയമത്തിന്റെ കടലാസില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നു. തെരുവുകുട്ടികള്‍ മാത്രമായിരുന്നു ഒരു കാലത്ത് ഇത്തരം പീഢനങ്ങള്‍ക്ക് ഇരയായിരുന്നത് എങ്കില്‍ ഇന്നത്തെ അണുകുടുംബത്തിന്റെ അകത്തളത്തില്‍ പോലും കുട്ടികള്‍ സുരക്ഷിതരല്ല. ഇത്തരം ചിന്തകളിലൂടെ കടന്നു പോകുന്നു ഈ ലേഖനം.

കനപ്പെട്ട ലേഖനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ, ബാബു സി കെ എഴുതുന്ന മനുഷ്യചരിതങ്ങള്‍അധികമാരും കാണാതെപോയ ഒരു ബ്ലോഗാണ്. പ്രതിപാദിക്കാന്‍ തിരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമാണ് ഈ ബ്ലോഗ്. ആനുകാലികവിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ചൂടേറിയ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും പല ബ്ലോഗുകളും കാരണമാവാറുണ്ട്. ഒരുപക്ഷേ ഈ ബ്ലോഗില്‍ അധികമാരും എത്തിപ്പെടാത്തതു കൊണ്ടാവാം ഇത്തരം ചര്‍ച്ചകള്‍ നടക്കാത്തത്. ഏറ്റവും അവസാന പോസ്റ്റായ മാനിഫെസ്‌റ്റോയിലെ പത്തു കല്‍പ്പനകള്‍ എന്ന ലേഖനം ചര്‍ച്ചകള്‍ ഒന്നുമില്ലാതെ, ആരും കാണാതെ പോയോ?

മലയാളം ന്യൂസ് ദിനപ്പത്രത്തില്‍ ഈ വാരം പ്രസിദ്ധീകരിച്ച ചെറിയ ലേഖനമായിരുന്നു വട്ടൂസ് ബ്ലോഗില്‍ അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍ എഴുതിയ പ്രവാസത്തിന്റെ അതിജീവന പാഠങ്ങള്‍. നിതാഖാത്ത് നിയമം വന്നതു മൂലം പ്രവാസത്തിനു വിരാമമിട്ട് നാടുപിടിക്കേണ്ടി വന്ന പഴയ കൂട്ടുകാരുടെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു ഈ കുറിപ്പ്. നിഷ്‌കളങ്കരായ ഒരു കൂട്ടം മനുഷ്യര്‍, ജീവിത സായാഹ്നത്തില്‍ എത്തിയിട്ടും പ്രാരാബ്ധങ്ങളില്‍ പ്രവാസത്തിന്റെ കുപ്പായമണിയാന്‍ നിര്‍ബന്ധിതരായവരാണവര്‍. നിയമത്തിന്റെ കണ്ണില്‍ അനധികൃതരായി ജീവിക്കുന്ന, നിയമപാലകര്‍ ഒരുക്കുന്ന വലകളില്‍ കുടുങ്ങാതെ ഊടുവഴികളിലൂടെ സഞ്ചരിച്ച് ജീവിതത്തിനു മേല്‍ക്കൂര പണിയാന്‍ പാട് പെട്ട ഒരു കൂട്ടം പ്രവാസികള്‍ . പപ്പടക്കാരന്‍ കുഞ്ഞാക്കയും വാഹനം കഴുകുന്ന പോക്കുകാക്കയുമൊക്കെ ഇവരില്‍ ചിലര്‍ മാത്രം. അടുത്തിടെ വട്ടൂസ് ബ്ലോഗില്‍ വായിച്ച നല്ല പോസ്റ്റ്.

ബ്ലോഗുലോകത്ത് സന്തോഷം നല്‍കുന്ന വാര്‍ത്തകളില്‍ ഒന്നായിരുന്നു ദേഹാന്തരയാത്രകള്‍ (നോവല്‍ വിഢിമാന്‍), ആപ്പിള്‍ (കഥകള്‍ സിയാഫ് അബ്ദുള്‍ഖാദിര്‍), കഥമരം പി.ഒ13(കഥാമല്‍സരവിജയികളുടെ സമാഹാരം) എന്നീ പുസ്തകങ്ങളുടെ പ്രകാശനവും കഥകൃതി സംയുക്തമത്സരവിജയികള്‍ക്കുള്ള പുരസ്‌കാരദാനവും. എറണാകുളത്ത് കലൂര്‍ െ്രെഫഡേ ക്ലബ് ഹാളില്‍ നവംബര്‍ 16നു വൈകിട്ട് കൃതി ബുക്‌സിന്റെ ഡയറക്ടര്‍ ശ്രീ. യൂസഫ് കൊച്ചന്നൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നതും പ്രശസ്തനിരൂപകനും വാഗ്മിയുമായ ശ്രീ.എം.കെ.ഹരികുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചതുമായപ്രൌഢഗംഭീരമായ ചടങ്ങില്‍ വച്ച്, കഥാകൃത്ത് ശ്രീ.ബഷീര്‍ മേച്ചേരിയില്‍ നിന്നും പുരസ്‌കാര ജേതാക്കളായ ശ്രീ.നിധീഷ്.ജി, ശ്രീമതി.ഹര്‍ഷ മോഹന്‍ സജിന്‍, ശ്രീമതി. സോണി എന്നിവര്‍ അവാര്‍ഡ് ഏറ്റു വാങ്ങി. വിശദ വിവരങ്ങള്‍ ഇവിടെ.

എഴുത്തും വായനയും പുസ്തകങ്ങളുമായി വായനയുടെ ലോകം വിശാലമാവുകയാണ്. വായിക്കുകയും ആ വായനാനുഭവം പങ്കുവെക്കുകയും ചെയ്യുക എന്ന ധര്‍മ്മം കൂടി സോഷ്യല്‍ മീഡിയകളില്‍ക്കൂടി നിര്‍വ്വഹിക്കപ്പെടുമ്പോള്‍ തിരിച്ചുകിട്ടുന്നത് അറിവിന്റെയും വായനയുടെയും പൂക്കാലവും. ഇത്തരം സാധ്യതകള്‍ അവഗണിക്കാതെ അവയെയും കൂടെ നിര്‍ത്തുക എന്നതാവട്ടെ ഓരോ വായനാപ്രേമിയുടെയും ലക്ഷ്യം, അതിനായിരിക്കട്ടെ ഇനിയുള്ള ഓരോ ശ്രമവും. കൂടുതല്‍ നല്ല ബ്ലോഗുകള്‍ പരിചയപ്പെടാന്‍ അടുത്ത ലക്കത്തിനായി കാത്തിരിക്കുക. വായനയില്‍ പ്രോത്സാഹിപ്പിക്കപ്പെടണം എന്ന് വായനക്കാര്‍ക്ക് തോന്നുന്ന ബ്ലോഗുകള്‍ വരികള്‍ക്കിടയിലേക്ക് കൂടി പകര്‍ന്നു നല്‍കുമല്ലോ.