skin_health
മുഖം മിനുക്കാന്‍ കണ്ണില്‍ കണ്ടതെല്ലാം വാങ്ങി മുഖത്ത് തേച്ചുപിടിപ്പിക്കുന്നവരെ നമ്മള്‍ സ്ഥിരം കാണാറുള്ളതാണ്. അവരെ പലപ്പോഴും നമ്മള്‍ കളിയാക്കുകയും ചെയ്യും. എന്നാല്‍, ഈ ഡയലോഗ് അടിക്കുന്ന നമ്മുടെ മുഖത്ത് ഒരു ചെറിയ പാട് പ്രത്യക്ഷപ്പെട്ടാലോ? ഫെയ്‌സ് ക്രീമും ലോഷനും ഒന്നും വാങ്ങാന്‍ ഓടിയില്ലെങ്കിലും നമ്മുക്കും ഉണ്ടാകും ഇത്തിരി വിഷമം. എങ്ങനെയെങ്കിലും അതൊന്നു കളയാന്‍ ആവും നമ്മുടെ ശ്രമം.

എന്നാല്‍, എങ്ങനെയാണ് നമ്മുടെ ചര്‍മത്തില്‍ ഇങ്ങനെയുള്ള കുരുക്കളും പാടുകളും ഉണ്ടാകുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പലപ്പോഴും നമ്മള്‍ അകത്താക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ തന്നെയാണ് ഇവിടെ വില്ലന്‍ വേഷം അണിയുന്നത്! ‘അധികമായാല്‍ അമൃതും വിഷം!’ എന്ന് കേട്ടിട്ടില്ലേ? കാര്യം നമ്മുക്ക് ഏറെ പ്രിയപ്പെട്ട ആഹാരസാധനം ആണെങ്കിലും ഒരു പരിധി കഴിഞ്ഞാല്‍ അവ നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുക തന്നെ ചെയ്യും.

ത്വക്കില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ചില ഭക്ഷണപദാര്‍ഥങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ നമ്മള്‍ അറിയുവാന്‍ പോകുന്നത്. ഇവയില്‍ ഏതെങ്കിലും ഒന്ന് നിങ്ങള്‍ അമിതമായി ഉപയോഗിക്കുന്നുണ്ടോ? എങ്കില്‍, അത് തന്നെയാവും നിങ്ങളുടെ ചര്‍മത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും.

  • കഫീന്‍

കഫീന്‍ എന്ന് കേട്ടാല്‍ ആദ്യം മനസ്സില്‍ എത്തുക കാപ്പിയാണ്. എന്നാല്‍, ചായയിലും കോളകളിലും എല്ലാമുണ്ട് ഈ ചങ്ങായി. നമ്മുടെ ശരീരത്തിലെ കോര്‍ട്ടിസോള്‍ ഉല്‍പ്പാദനം കൂട്ടാന്‍ കഫീന്‍ കാരണമാകും. ത്വക്കിന്റെ കനം കുറയുവാന്‍ കാരണമാകുന്ന വസ്തുവാണ് കോര്‍ട്ടിസോള്‍. അപ്പോള്‍ കൂടുതല്‍ കഫീന്‍ ഉപയോഗിക്കുമ്പോള്‍ തൊലിയുടെ കട്ടി കുറയുകയും വളരെ വേഗം ചുളിവുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും.

  • ഉപ്പ്

ഉപ്പില്ലാതെ ഒരു ഭക്ഷണം നമ്മുക്ക് ചിന്തിക്കാന്‍ പോലുമാവില്ല. കറിയൊന്നും ഇല്ലെങ്കിലും അല്‍പ്പം ഉപ്പൊഴിച്ച് കഞ്ഞി കുടിക്കാനും തയ്യാറാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍, ശരീരത്തിലെ ഉപ്പിന്റെ അളവ് കൂടിയാല്‍ അത് ത്വക്കില്‍ കൂടുതല്‍ വെള്ളം പിടിച്ചുനിര്‍ത്താന്‍ കാരണമാകും. ഇതുമൂലം ത്വക്കിന്റെ സ്വാഭാവികമായ വലിവ് നഷ്ടമാവുകയും ചെയ്യും.

  • മദ്യം

മദ്യത്തിന്റെ അമിതമായ ഉപയോഗം വേറെ ഒരുപാട് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവാറുണ്ട് എന്നതിനാല്‍ ത്വക്കിന്റെ കാര്യത്തില്‍ ഈ വിദ്വാന്റെ പങ്ക് ശ്രദ്ധിക്കപ്പെടാതെ പോവുകയാണ് പതിവ്. ശരീരത്തിലെ ജലാംശം നഷ്ടമാവാന്‍ മദ്യം കാരണമാവും. ഇതുവഴി ചര്‍മം വരണ്ടുണങ്ങാന്‍ സാധ്യത കൂടുതലാണ്.

  • സംസ്‌കരിച്ച ഭക്ഷണം

ഇത് പ്രൊസസ്ഡ് ഭക്ഷണത്തിന്റെ കാലമാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇതിന്റെ അടിമകളുമാണ്. എന്നാല്‍, സംസ്‌കരിച്ച ഭക്ഷണസാധനങ്ങളില്‍ ഉപ്പിന്റെയും സോഡിയത്തിന്റെയും അളവ് വളരെ കൂടുതല്‍ ആണ്. ജലാംശം കുറവും. ഇത് ത്വക്കിന്റെ ആരോഗ്യത്തിന് ഹാനികരമാണ്. സംസ്‌കരിച്ച ഭക്ഷണത്തെക്കാള്‍ ജലാംശമുള്ള ഫ്രഷ് ആയ ഭക്ഷണസാധനങ്ങള്‍ ആണ് ആരോഗ്യത്തിന് നല്ലത്.

  • മധുര പലഹാരങ്ങള്‍

മധുര പലഹാരങ്ങള്‍ എന്ന പേരില്‍ തന്നെയുണ്ട് അതിലെ അപകടസൂചന. ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കഴിക്കുമ്പോള്‍ കിട്ടുന്ന നൈമിഷിക സുഖത്തേക്കാള്‍ പതിന്മടങ്ങ് ദോഷം പിന്നീട് ഉണ്ടാകുവാന്‍ കാരണമാകും.

ചായയും കാപ്പിയും കോളയും കുടിക്കാന്‍ നമ്മുക്ക് ഇഷ്ടമാണ്. ഉപ്പില്ലാതെ ഒരു കറിയെപ്പറ്റി നമ്മുക്ക് ചിന്തിക്കാന്‍ ആവില്ല. മധുര പലഹാരങ്ങള്‍ എത്ര കിട്ടിയാലും അകത്താക്കുകയും ചെയ്യും. എന്നാല്‍, ഇവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ മനസിലാക്കുമ്പോള്‍ അല്‍പ്പം ഒന്ന് നിയന്ത്രണം വരുത്തുന്നത് തന്നെയാണ് നല്ലതെന്ന് മനസിലാക്കാന്‍ കഴിയും. മനസിലാക്കിയ കാര്യങ്ങളെ പ്രാവര്‍ത്തികമാക്കുക കൂടി ചെയ്താല്‍ എല്ലാം എളുപ്പമായി.

Advertisements