ഭഗവാന്റെ ലീലാവിലാസങ്ങൾ
Sreenath Sadanandan
ഒരു കാര്യവുമില്ലാതെ എല്ലാരും ഭഗവാൻ ഭഗവാൻ എന്ന് പറഞ്ഞു നടക്കുന്ന ഒരു ആശുപത്രി , അവിടെ വൈകുന്നേരം ഒരു നാലര മണിയോടെ പ്രസവ വാർഡിന് മുമ്പിൽ മനോരമ പത്രം വായിച്ചിരിക്കുകയാണ് ഒരു തീവ്രവാദി ..അയാളുടെ ലക്ഷ്യം വളരേ ഫ്രെഷ് ആണ് , ആശുപത്രിയിൽ ഉള്ള ഒരു വി ഐ പിയെ ബന്ധിയാക്കി തങ്ങളുടെ സഹായികളെ മോചിപ്പിക്കണം . ആഭ്യന്തര മന്ത്രിയുടെ ഭാര്യ പ്രസവ വാർഡിൽ ഉണ്ട് ..പക്ഷേ, വി ഐ പി അവരല്ല , അവര് പ്രസവിച്ചിട്ട് ആ കുഞ്ഞിനെ ബന്ധിയാക്കാനാണ് മെയിൻ തീവ്രവാദിയുടെ ഉദ്ദേശം ! കുഞ്ഞിക്കാലിനു വേണ്ടി നീണ്ട കാലം കാത്തിരുന്ന മന്ത്രിയുടെയും ഭാര്യയുടെയും കാത്തിരിപ്പ് തീവ്രവാദിയുടെ കാത്തിരിപ്പിന് മുമ്പിൽ എത്ര നിസ്സാരം .
മന്ത്രിയുടെ ഭാര്യ പ്രസവ വേദന കൊണ്ട് കരയുമ്പോൾ ചുറ്റും ചോദ്യചിഹ്നം പോലെ ഇരിക്കുന്ന ഡോക്ടറും നേഴ്സുമാരും .. ഇത് കണ്ടു മന്ത്രിയുടെ പി എ ചൂടാവുന്നു . അപ്പോ ഡോക്ടർ പറയുവാ ഞങ്ങൾക്കൊന്നും പണി അറിയില്ല എന്തേലും നടക്കണേൽ ബാലഗോപാൽ ഡോക്ടർ വരണം എന്ന് . അങ്ങേര് എപ്പോ വരും എന്ന് ചോദിച്ചപ്പോൾ ഡോക്ടർ ഭയങ്കര ബിൽഡപ്പ് .. അദ്ദേഹം ഭഗവാനെപ്പോലെ ആണത്രെ… മനസ്സറിഞ്ഞ് ഭഗവാനെ വിളിച്ചാൽ മതി അപ്പോ വരും എന്നൊക്കെ .. മന്ത്രിയുടെ ഭാര്യയും ആചാരം തെറ്റിച്ചില്ല ഭഗവാനെ എന്ന് ഉറക്കെ വിളിച്ചപ്പോ .. ദാ ലാലേട്ടന്റെ രൂപത്തിൽ ഡോക്ടർ ബാലഗോപാൽ അവതരിച്ചു .
മന്ത്രിയുടെ കുഞ്ഞിനൊപ്പം മറ്റ് രണ്ടു കുഞ്ഞുങ്ങൾ കൂടി ജനിക്കുന്നു . അവരുടെ തൂക്കം നോക്കാൻ സിസ്റ്റർ കൊണ്ട് പോയ സമയത്ത് മെയിൻ തീവ്രവാദി കുഞ്ഞുങ്ങളെ മോഷ്ടിക്കുന്നു . ഒരു ട്രേയിൽ കുട്ടികളെ ഇട്ടുകൊണ്ട് അയാൾ ബാലഗോപാൽ ഡോക്ടറോട് ചോദിക്കുന്നു .. ഇതിൽ ഏതാ പപ്പന്റെ കുട്ടി ?.. അല്ല മന്ത്രിയുടെ കുട്ടി ? അപ്പോൾ ഡോക്ടർ പറയുവാ എനിക്ക് അറിയില്ല എനിക്കിപ്പോ റൌണ്ട്സിന് പോണം എന്ന് . നിരാശനായ തീവ്രവാദി പറഞ്ഞു , തിരിച്ചു വരുമ്പോൾ എന്തെങ്കിലും കഴിക്കാൻ കൊണ്ട് തരണം എന്ന് .. ബാലഗോപാൽ ഡോക്ടറുടെ കണ്ണു നിറഞ്ഞു പോകുന്നു ..
മെയിൻ തീവ്രവാദിയുടെ അവസ്ഥ കഷ്ടമാണ് ..ഡോക്ടർ കൊണ്ട് കൊടുത്ത പൊതി തുറന്നു കഴിക്കാൻ തുടങ്ങുന്ന അയാളെ ഡോക്ടർ തന്നെ അടിച്ചു ബോധം കെടുത്തും ,
കുറെക്കഴിഞ്ഞു ബോധം വന്നപ്പോൾ അയാൾ അവിടുന്ന് എഴുനേറ്റ് നേഴ്സ് ആയ സുധീഷിന്റെ ഫോൺ തട്ടിയെടുത്ത് അതിൽ ഡോക്ടറെ വിളിച്ചിട്ട് ആശുപത്രിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പറയും ..അപ്പോഴേക്കും സുധീഷ് അയാളെ ബാത്റൂമിൽ ഇട്ട് പൂട്ടും .. അവിടുന്നും രക്ഷപ്പെട്ട് ടെറസിന്റെ മുകളിൽ ചെല്ലുമ്പോ അവിടെ വച്ച് വീണ്ടും ഡോക്ടർ അയാളെ അടിച്ചു വീഴ്ത്തും .
ഡോക്ടർ കഥാപാത്രം നായകനാകുന്ന സിനിമകളിൽ എല്ലാം ‘ഡോക്ടറങ്കിൾ ഡോക്ടറങ്കിൾ’ എന്ന് വിളിച്ചു വെറുപ്പിക്കുന്ന ഒരു മാലാഖക്കുട്ടി ഉറപ്പായിട്ടും ഉണ്ടാവും . ഓപ്പറേഷൻ തീയേറ്ററിൽ വരെ നുഴഞ്ഞു കയറാൻ കഴിവുള്ള ഒരു മാലാഖക്കുട്ടിയുടെ വിക്രിയകൾ സമാന്തരമായി ചിത്രത്തിൽ നടക്കുന്നുണ്ട്..
വൈകിട്ട് അഞ്ചരയോടെ ബാലഗോപാൽ ഡോക്ടറുടെ ഭാര്യ ഡോക്ടറെ വിളിച്ചിട്ടു ചോദിക്കും ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അറിയാമോ എന്ന് ? ഇന്ന് അവരുടെ വിവാഹ വർഷികമാണത്രേ ! ..
ആശുപത്രിയിൽ ബോംബ് വച്ചതൊക്കെ അറിയുന്ന ഭാര്യ ആഘോഷം ഒന്നും വേണ്ടെന്ന് വച്ച്, പൂജാമുറിയിൽ പോയിരുന്ന് ഒരു ഭക്തിഗാനം ആലപിക്കും . ആ പാട്ടിലൂടെ അവര് ഭർത്താവിന് വേണ്ടിയും ആശുപത്രിയിലെ പാവം രോഗികൾക്ക് വേണ്ടിയും മാത്രമല്ല ,ആശുപത്രിയുടെ മുന്നിൽ നിന്നു മാനേജ്മെന്റിന് എതിരെ മുദ്രാവാക്യം വിളിക്കുന്ന സമരക്കാർക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു .
അപ്പോൾ മുതൽ സിനിമ ഒരു മ്യൂസിക്കൽ ത്രില്ലർ ആകുന്നു , ഭക്തിഗാനം , ദേശഭക്തിഗാനം , ദുഖഗാനം , കവിത , എന്നിങ്ങനെ പല വിഭാഗത്തിലും ഉള്ള പാട്ടുകൾ വന്നുകൊണ്ടേയിരിക്കും .. ഒരു അറബിക് കുത്തിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ .. ആ കുറവ് നികത്താൻ ലാലേട്ടൻ അവസാനം വില്ലനെ
കുത്തിക്കൊല്ലുന്നു ..
ഡോക്ടർ തീവ്രവാദിയുടെ മെയിൽ ഐഡിയിൽ നിന്ന് ഒരു മെയിൽ ഭാര്യയ്ക്ക് അയച്ചു കൊടുക്കുന്നു .. അതിൽ അവർ കേരളത്തിൽ എവിടെയൊക്കെ ബോംബ് വച്ചിട്ടുണ്ട് എന്നതിന്റെ പ്ലാൻ ആണ് .. ഭാര്യയുടെ ഇടപെടൽ കൊണ്ട് കമാൻഡോകൾ ആ പ്രദേശങ്ങളിലെ ബോംബ് എല്ലാം ‘ഡിഫ്യൂസ് ‘ ചെയ്യും . അവസാനം അവർ ബാലഗോപാൽ ഡോക്ടറുടെ ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും ഡോക്ടർ മുള്ളൻ കൊല്ലി വേലായുധൻ ആയിക്കഴിഞ്ഞു . പതിവ് പോലെ മണ്ടൻ തീവ്രവാദി ലാലേട്ടനെ നാടൻ അടിയിൽ തോൽപ്പിക്കാൻ ശ്രമിക്കുന്നു .. കമാൻഡോ എത്തുമ്പോഴേക്കും ലാലേട്ടൻ എല്ലാ തീവ്രവാദികളെയും തീർത്തിരുന്നു ..
ഒടുവിൽ ആഭ്യന്തര മന്ത്രിയും കമാൻഡോകളും എല്ലാരും ആവർത്തിച്ചു പറയുന്നു നിങ്ങൾ ഭഗവാനാണ് ഭഗവാനാണ് .. അപ്പോൾ ഡോക്ടർ ബാലഗോപാൽ പറയുന്നു . ‘’ഹേയ് അങ്ങനെയൊക്കെയുണ്ടോ .. എല്ലാം സംഭവിക്കുന്നതല്ലേ, ഞാൻ ഒരു നിമിത്തം മാത്രം .”
.” ഇനിയും തീവ്രവാദികൾ ഇങ്ങനെ ആശുപത്രിയിലും മാളിലും ഒക്കെ അതിക്രമിച്ചു കടന്നേക്കാം അപ്പോഴൊക്കെ അവരെ ഒറ്റയ്ക്ക് ചെറുത്തു നിൽക്കാൻ എല്ലാ നാട്ടിലും ഓരോ ബാലഗോപാലും വീര രാഘവനും ഒക്കെ ഉണ്ടാവണം എന്നതാണ് തന്റെ സ്വപ്നം ” എന്ന് പറഞ്ഞ് ബാലഗോപാൽ ഡോക്ടർ സിനിമ അവസാനിപ്പിക്കുന്നു …24 മണിക്കൂറിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കിയ ആദ്യ മലയാള ചിത്രമാണിത്.
-ഭഗവാൻ (2009 )