പണ്ട് നമ്മള്‍ നല്ലപനി എന്നാണല്ലൊ പനിവരുമ്പോള്‍ പറയാറ്. ഇന്നത് ഭയങ്കര പനി എന്ന നിലയിലേക്ക് മാറ്റിച്ചിന്തിച്ചുതുടങ്ങിയിട്ട് കുറച്ചുകാലമായി.
വീണ്ടും പഴയചിന്തയിലേക്ക് നമ്മള്‍ തിരിച്ചുപോകേണ്ടിയിരിക്കുന്നു. കാരണം പനി ഒരു രോഗമല്ല എന്നതുതന്നെ.!
വര്‍ഷാവര്‍ഷം മണ്‍സൂണടുക്കുമ്പോഴും മഴപെയ്തുതുടങ്ങുമ്പോഴും മാധ്യമങ്ങളെല്ലാം പനിയെ ആഘോഷമാക്കിത്തുടങ്ങും. ജനത്തെ ഭയാശങ്കകളോടെ.. മരണഭയത്തോടെ ആശുപത്രികളിലേക്ക് ഓടിക്കുന്നതിന്ന് ‘അവര്‍’ പരിശ്രമിക്കുന്നു, മനപ്പൂര്‍വമൊ അല്ലാതെയൊ.!
ശരീരത്തിന്റെ ഊഷ്മാവ് നിയന്ത്രിക്കുന്നത് മസ്തിഷ്‌ക്കത്തിലെ ഹൈപ്പൊതലാമസ് ആണ്. ശരീരത്തിന്റേതല്ലാത്ത അണുക്കള്‍(നമ്മള്‍ രോഗാണുക്കള്‍ എന്ന് വിളിക്കുന്നവ) ശരീരത്തില്‍ പ്രവേശിക്കപ്പെട്ടാല്‍ അതിനെ ശരീരത്തില്‍നിന്നും പുറത്താക്കുന്നതിന്ന് ഹൈപ്പൊതലാമസ് ശരീരോഷ്മാവിനെ വര്‍ദ്ധിപ്പിക്കുന്നു.
നമ്മളിതിനെ പനി എന്ന് വിളിക്കുന്നു. ഈ പനി രോഗമാണോ? അതിന് പനിയെ പെട്ടെന്ന് കുറക്കുന്ന മരുന്നുകള്‍ കഴിക്കുന്നത് ശരിയാണൊ?
പണ്ടത്തെ ഉത്തമവിശ്വാസങ്ങളില്‍ നിന്നും നമ്മള് പുതിയ അന്ധവിശ്വാസത്തിലേക്ക് പോകുകയാണൊ? ഒരു മാറ്റച്ചിന്തയ്ക്ക് സമയമായിരിക്കുന്നു.