ഭരണഘടനാ സപ്താഹവും, പഴം നൈവേദ്യവും..!!! – വ്യത്യസ്തമായ സമരമുറയുമായി കിസ്സ്‌ ഓഫ് ലവ് പ്രവര്‍ത്തകര്‍..

  169

  kiss-of-love

  കോഴിക്കോട് ഡൌണ്‍ടൌണ്‍ ഹോട്ടലില്‍ നടന്ന സദാചാരഗുണ്ടകളുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഒരുപറ്റം യുവതീയുവാക്കള്‍ ചേര്‍ന്നൊരുക്കിയ കൂട്ടായ്മയായ കിസ്സ്‌ ഓഫ് ലവ് കഴിഞ്ഞ മാസം കൊച്ചി മറൈന്‍ഡ്രൈവില്‍ വ്യത്യസ്തമായ ചുംബനസമരം സംഘടിപ്പിക്കുകയും സമൂഹത്തിലെ തിന്മകളെ തുറന്നുകാണിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ സദാചാര്‍ക്കാര്‍ക്കും ഗുണ്ടകള്‍ക്കും അനുകൂല നിലപാടെന്ന നിലയിലായിരുന്നു അന്നവിടെ കണ്ട കാഴ്ചകള്‍. നിയമവും പോലീസുമെല്ലാം ചുംബനസമരക്കാര്‍ക്കെതിരെ തിരിഞ്ഞ അവസ്ഥ. എങ്കിലും സമൂഹത്തിലെ ഈ ദുഷിച്ച പ്രവണതയുടെ തായ് വേരുകള്‍ മാന്താന്‍ ഇവര്‍ക്ക് അല്‍പ്പമെങ്കിലും കഴിഞ്ഞെന്നു വിശ്വസിക്കാം.

  പിന്നീട് സമരത്തിന്റെ അലയൊലികള്‍ ഇന്ത്യന്‍ യുവത്വം മൊത്തമായി ഏറ്റെടുത്തപ്പോള്‍, ഹൈദ്രാബാദിലും ഡല്‍ഹിയിലും അടക്കം ഇന്ത്യയിലെ പ്രധാനസ്ഥലങ്ങളിലെല്ലാം സദാചാരഗുണ്ടായിസത്തിനെതിരെ ചുംബനസമരം അരങ്ങേറി. കേരളത്തിലെ ഇത്തരമൊരു സാമൂഹിക പ്രശ്നം നേരിടാന്‍ ഈ യുവതലമുറ ഉപയോഗിച്ച സമരരീതി ശരിയായില്ലെന്ന് പലരും വിമര്‍ശിച്ചെങ്കിലും, വിമര്‍ശനങ്ങളെ അതിജീവിച്ചുകൊണ്ട് അവര്‍ മുന്നേറുക തന്നെ ചെയ്തു. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പിന്തുണയില്ലാതെ, ഒരു കൊടിക്കീഴിലും അണിനിരക്കാതെ അവരുടെ സമരം മുന്നോട്ടു കൊണ്ടുപോയി.

  കൊച്ചി മറൈന്‍ഡ്രൈവില്‍ ആരഭിച്ച ചുംബനസമരത്തിന്റെ തുടര്‍ച്ചയെന്നോണം, കഴിഞ്ഞ ദിവസം കോഴിക്കോട് പുതിയ സ്റ്റാന്റ് പരിസരത്തും സമരം നടത്തുകയുണ്ടായി. കൊച്ചിയില്‍ ആര്‍ എസ് എസ് ആണ് ഇവരെ എതിര്‍ത്തതും മര്‍ദ്ധിച്ചതുമെങ്കില്‍, കോഴിക്കോടെത്തിയപ്പോള്‍, ആര്‍എസ്എസ് ഉണ്ടായില്ല, പകരം ഇന്നലത്തെ മഴയില്‍ മുളച്ച തകരപോലെയുള്ള ഒരു മതസംഘടനയായ ഹനുമാന്‍ സേന, കേരളം ആദ്യമായി കേള്‍ക്കുകയായിരിക്കും ഈ പേരും, അവരാണ് കളത്തിലിറങ്ങിയത്.

  ചുംബന സമരക്കാരെ മര്‍ദ്ധിക്കുമെന്നും, വേണമെങ്കില്‍ നഗ്നരാക്കി നടത്തുമെന്നും പരസ്യമായി വെല്ലുവിളിച്ച ഇവര്‍ക്കെതിരെ ഒരു ചെറുവിരല്‍ അനക്കുവാണോ, എന്തിന് സംഘര്‍ഷം ഉണ്ടാകുമെന്ന അവസ്ഥ സംജാതമാകുമെന്ന് അറിയാമെങ്കിലും സമരക്കാര്‍ക്ക് സംരക്ഷണം നല്‍കാനോ പോലീസിനോ നിയമത്തിനോ കഴിഞ്ഞില്ല. ഒരു പൌരന്റെ അവകാശം പോലും നിഷേദ്ധിക്കപ്പെടുന്ന രീതിയിലായിരുന്നു കോഴിക്കോട്ടെ കാര്യങ്ങള്‍. അവസാനം സിറ്റി പോലീസ് കമ്മീഷണര്‍ പത്രക്കാരോട് പറഞ്ഞു “ചുംബനസമരക്കാര്‍ക്ക് സംരക്ഷണം കൊടുക്കലല്ല ഞങ്ങളുടെ പണി..”. എന്ത് നല്ല ഏമാന്മാര്‍ അല്ലെ..?

  ഒരു സാമൂഹിക വിപത്തിനെ പരസ്യമായി എതിര്‍ക്കാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പിന്തുണയില്ലാതെ ഇവര്‍ ഇറങ്ങിയെന്നതാണ് ഇവര്‍ ചെയ്ത തെറ്റ്. ഒരുപക്ഷെ ഈ സമരം അരങ്ങേറുന്നത് ഏതെങ്കിലും പാര്‍ട്ടിയുടെ കൊടിക്കീഴില്‍ ആയിരുന്നെങ്കില്‍, പിറ്റേദിവസം ഇവിടെ ഹര്‍ത്താലോ മറ്റെന്തെങ്കിലുമോ നടന്നേനെ. എന്തായാലും ഇത്തരം നടപടികള്‍ സമൂഹത്തില്‍ നിന്നും തുടച്ചുനീക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അതിലേക്കുള്ള ലക്‌ഷ്യം, അതാണ്‌ പ്രധാനം. അല്ലാതെ ഇതു സമര മാര്‍ഗ്ഗം അവര്‍ അതിനായി വിനിയോഗിക്കുന്നു എന്നതല്ല.

  കഴിഞ്ഞ ദിവസം നടന്ന പോലീസ് അതിക്രമങ്ങള്‍ക്കും, ഹനുമാന്‍ സേനയുടെ ഗുണ്ടാ വിളയാട്ടങ്ങള്‍ക്കുംഎതിരെ കിസ്സ്‌ ഓഫ് ലവ് പ്രവര്‍ത്തകര്‍ വ്യത്യസ്തമായ സമരമുറയുമായി രംഗത്ത് വന്നു. അതൊന്നു കണ്ടുനോക്കൂ..

  സുഹൃത്തുക്കളെ,

  അടുത്ത ഏഴ് ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഒരു കാമ്പെയ്ന്‍ ഇന്നാരംഭിക്കുകയാണ്.

  കിസ് ഓഫ് ലവ് 2.0ന് അനുബന്ധിച്ച് കോഴിക്കോട് നഗരത്തിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു നടന്ന് സമരക്കാരെയും, യാത്രക്കാരെയും ഉപദ്രവിക്കുകയും, ആക്രോശിക്കുകയും ചെയ്ത വാനരന്മാരെ നിങ്ങള്‍ മാധ്യമങ്ങളിലും നേരിട്ടും കണ്ടു കാണും. രാത്രിയായപ്പോള്‍ ഇരുട്ടിന്റെ മറപറ്റി എങ്ങോ പോയ്മറഞ്ഞ അവര്‍ തിരികെ വനാന്തരങ്ങളിലെത്തി എന്ന് കരുതാം. നാട്ടുകാരുടെ സ്വൈര്യജീവിതം തടസ്സപ്പെടുത്തിയെങ്കിലും ഭക്ഷണം കിട്ടാതെയാവണം ഈ വന്യജീവികള്‍ നാട്ടിലിറങ്ങിയത്. വാനരരായി വേഷപ്രച്ഛന്നരാവുകയോ അതോ അവതരിച്ചോ നാട്ടിലിറങ്ങിയ സംഘപരിവാര്‍ സംഘടനകള്‍ക്ക് ഓരോ വാഴപ്പഴം വീതം അയച്ചു കൊടുക്കാം. വയറു നിറയെ കഴിക്കട്ടെ അങ്ങനെ സമാധാനപരമായി സമരം ചെയ്യുന്നവരുടെ രക്തം തെരുവുകളില്‍ ചിന്തപ്പെടാതിരിക്കട്ടെ. അയച്ചു കൊടുക്കേണ്ട വിലാസം:

  RSS Karyalayam
  Madhava kripa
  Chalappuram
  Kozhikode 673002

  അത് പോലെ സമരക്കാര്‍ക്ക് അടികിട്ടുന്നത് തടയല്‍ പൊലീസിന്റെ പണി അല്ലെന്നും, അടി കിട്ടുന്നെങ്കില്‍ കിട്ടട്ടെ എന്നുമൊക്കെ പറഞ്ഞ് നിയമത്തെ കുറിച്ച് തന്റെ അപാരപാണ്ഡിത്യം പ്രകടിപ്പിച്ച കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ജോര്‍ജ് അവര്‍കള്‍ക്ക് വായിച്ച് പഠിയ്ക്കാന്‍ ഈ നാട്ടിലെ കോടതികള്‍ ഉത്തരവിട്ട ചില സുപ്രധാന വിധിന്യായങ്ങളുടെ പകര്‍പ്പും ഭരണഘടനയുടെ പ്രസ്‌കക്തഭാഗങ്ങളുടെ കോപ്പിയും ഒരു കവര്‍ ലറ്റര് സഹിതം അയച്ചു കൊടുത്തു കൊണ്ട് ഏത് നിയമം സംരക്ഷിക്കാനാണ് അദ്ദേഹം ആ കസേരയില്‍ ഇരിക്കുന്നത് എന്നൊന്ന് ഓര്‍മിപ്പിക്കുകയുമാവാം. നാട്ടിലെ പൌരന്മാര്‍ ജനാധിപത്യമായ രീതിയില്‍ സമരം നടത്തുമ്പോള്‍, അവര്‍ക്ക് നേരെ അക്രമം നടത്തുന്നവരില്‍ നിന്ന് സംരക്ഷണം കൊടുക്കാന്‍ പോലീസിനു കടമയില്ലെന്നും, നിയമപരമായി ഒരു തെറ്റുമില്ലാത്ത ആ സമരം നടത്തിയാല്‍ കിട്ടുന്ന അടി വാങ്ങിക്കൊള്ളണം എന്നും പറഞ്ഞ കമീഷണര്‍ അവര്‍കള്‍ മറന്നു പോയ നിയമം വായിച്ചു പഠിക്കുവാന്‍ (ആവശ്യമുള്ള ഡോക്യുമെന്റുകള്‍ ഇവിടെ നിന്ന് പ്രിന്റെടുത്ത് അയയ്ക്കാം), അദ്ദേഹത്തിന്റെ വിലാസം താഴെപ്പറയുന്നതാണെന്നാണറിയുന്നത്.

  Sri A.V George IPS
  Ditsrict Police Chief
  Ctiy Police Commissioner Office
  Kozhikode 673001