വെള്ളിയാഴ്ച ഉച്ചക്ക് ഒരു ഫുള്‍ ബിരിയാണി അടിച്ചു ഫിറ്റായി ഖോര്‍ ഫക്കാന്‍ കോര്‍ണിഷിലെ ഒരു ആലിന്‍ ചുവട്ടില്‍ ഇരുന്ന് അറിയാതെ ഉറങ്ങിപ്പോയപ്പോള്‍ ആണത്രേ തിയ്യ കുമാറിന് ബോധോദയം ഉണ്ടായത് .
അല്ലാതെ സിദ്ധാര്‍ത്ഥന്‍ സാര്‍ ചെയ്ത പോലെ അച്ഛന്‍ നടത്തുന്ന ബിസിനസ് ഉപേക്ഷിച്ചു , ഉറങ്ങിക്കിടന്ന മകന്റെ നെറ്റിയില്‍ ഉമ്മ വെച്ച് , ഭാര്യയുടെ കാലില്‍ തൊട്ട് മാപ്പ് പറഞ്ഞ് ഒന്നും പോയതല്ല കക്ഷി . എങ്കില്‍ ഉറങ്ങിക്കിടന്നിരുന്ന കൊടുങ്ങല്ലൂര്‍ക്കാരി ഭാര്യ ഉറക്കം മുടക്കിയതിന് ഭരണിപ്പാട്ട് പാടി അങ്ങോരെ ബോധം കെടുത്തി ഉറക്കിയേനെ .
ആലിന്‍ ചുവട്ടില്‍ വെച്ച് ബോധം ഉദിച്ചതിനു ശേഷം കുമാരന്‍ പൂര്‍വാധികം അഭിമാനിയായി കാണപ്പെട്ടു . തല പൊക്കി മാനത്ത് നോക്കിയാണ് നടപ്പ് . പല വട്ടം റോഡിലെ കല്ലില്‍ തട്ടി വീഴാനും പോയി . അമിതമായ നെഞ്ചു വിരിപ്പ് കാരണം പഴയ രണ്ട് ഷര്‍ട്ടുകള്‍ കീറിയും പോയി .പക്ഷെ എന്താണ് ബോധത്തില്‍ ഉദിച്ചത് എന്ന് ആരോടും പറയുന്നുമില്ല .
എന്താണ് ഈ അവസ്ഥാന്തരത്തിനു കാരണം എന്നറിയാന്‍ നാട്ടുകാര്‍ ഒരു ചാരനെ ഏര്‍പ്പാട് ചെയ്തു . കുമാറിന്റെ ഒരു അടുത്ത ചങ്ങാതി കുഞ്ഞിക്കണ്ണന് ആയിരുന്നു കുറി വീണത് .

ആശാന്‍ പരിസരത്തെ ചില ജാരപ്രവര്‍ത്തനങ്ങളില്‍ ചാര പ്രവര്‍ത്തനം നടത്തിയ എക്‌സ്പീരിയന്‍സ് ഉള്ള ആള് ആണ് .
അദ്ദേഹം ഉടന്‍ തന്നെ പോവുക ഉണ്ടായി , ഒരു ഹുണ്ടായി കാറില്‍ . എന്തിനും ഒരു ചേര്‍ച്ച വേണമല്ലോ.
ജെയിംസ് ബോണ്ടിനോട് സംസാരിക്കുമ്പോഴും നായകന്‍ സീലിങ്ങിലേക്കാണ് നോക്കിയിരുന്നത് . തല കുനിക്കാന്‍ പറ്റുന്നില്ല , അഭിമാനം കൊണ്ട് .
ആരാച്ചാര്‍ പതിയെ ആരാഞ്ഞു ‘ എന്തായിരുന്നെടെ ഈ ബോധോദയം? ഇത്രയ്ക്കു മാന്‍ അഭിമാന്‍ ഉണ്ടാവാന്‍ ?’
പൊടുന്നനെ കുമാര്‍ പൊട്ടിത്തെറിച്ചു ‘ എടൊ ഞാനും നീയും തീയ്യന്മാര്‍ അല്ലേ ? തീയ്യന്മാരെപ്പറ്റി താന്‍ എന്താ കരുതിയത് ?..’ അഭിനവ ഗൗതമ കുമാരന്‍ കുപിതന്‍ ആയിരുന്നു .പഴയ ബുദ്ധനെ പോലെ കൂള്‍ അല്ല .
കഥനം തുടര്‍ന്നു ‘ തനിക്കറിയാമോ ഈ ഭാരതത്തില്‍ ഉള്ളവരെല്ലാം ആത്യന്തികമായി തീയന്‍മാര്‍ ആണ് .
ഓ ബി സി ആണത്രേ ഓ ബി സി ..ഒലക്കേടെ മൂട്. ആ സത്യം ആണെടോ എനിക്ക് ബോധത്തില്‍ തെളിഞ്ഞത് ‘
‘ കുമാരാ നീയൊന്നു തണുക്ക് , ഞങ്ങള്‍ ബോധം ഇല്ലാത്തവര്‍ക്ക് കൂടി മനസ്സില്‍ ആകുന്ന ഭാഷയില്‍ പറയൂ ‘ ചങ്ങാതി അഭ്യര്‍ഥിച്ചു .
‘ എടൊ കുഞ്ഞിക്കണ്ണാ ( അത്ഭുതം , കുമാരു ചങ്ങാതിയുടെ പേര് മറന്നിട്ടില്ല ) ഇത് വളരെ പഴയ ചരിത്രം ആണ് .
പണ്ട് പണ്ട് സിന്ധു എന്ന് പേരുള്ള ഒരു അക്കന്‍ , ഒരു നദിയുടെ തീരത്ത് ചില്ലറ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന കാലം’.., ഒരു കണ്ണിറുക്കി കൊണ്ട് ലേശം അശ്ലീലമായ ആംഗ്യവിക്ഷേപങ്ങളോടെ ചേട്ടന്‍ പറഞ്ഞു .
സായിപ്പ് അതിനെ ഇണ്ടാസ് വാളി സിവിലൈസേഷന്‍ എന്നൊക്കെ പറഞ്ഞ് അതിന്റെ സെക്‌സ് അപ്പീല്‍ അല്പം കുറച്ചിട്ടുണ്ട് , അത് വെറും അസൂയ , വിട്ടുകള , ഡര്‍ട്ടി ഫെല്ലോസ്
..അക്കാലവും മാനുഷരെല്ലാം ഇപ്പോഴത്തെ പോലെ തന്നെ അന്യോന്യം പാര വയ്ക്കുന്ന തീയന്മാര്‍ ആയിരുന്നു . അവരെ ചരിത്രം പാരതീയന്മാര്‍ എന്ന് വിളിച്ചു . അവര് ജീവിച്ച നാടിനെ പാരതം എന്നും .
പിന്നീട് ഭാഷയില്‍ വന്ന സോഫിസ്റ്റികേഷന്‍ ആണ് രാജ്യത്തെ ഭാരതം എന്നും , പ്രജകളെ ഭാരതീയന്മാര്‍ എന്നും പേര് മാറ്റി വിളിച്ചത് . അവര് വിളിയും കേട്ടു . ഇപ്പൊ മനസ്സില്‍ ആയോ തീയന്മാരുടെ മഹത്വം . ഭാരതീയന്മാര്‍ എന്നാല്‍ ഭാരതത്തില്‍ മുഴുവന്‍ ഉള്ള തീയന്മാര്‍ . നമ്മള്‍ ആണെഡോ പുരാതനപിതാക്കള്‍ , അബ്ഒറിജിനല്‍സ് . താനും അഭിമാനിക്കെടോ , മാനം ഇല്ലാത്തവനെ, മരമാക്രീ .’
ദുരഭിമാനി പറഞ്ഞ് നിര്‍ത്തി
ജാര ചാരന്‍ ഒരു മാതിരി ഹാപ്പി ആയി . മിഷന്‍ അക്കംപ്ലിഷ് ചെയ്യപ്പെട്ടിരിക്കുന്നു
..പക്ഷേ ഒരു ചെറിയ സംശയം ബാക്കി .
‘ അപ്പോള്‍ ക്രിസ്ത്യാനികളും , മുസ്ലീങ്ങളുമോ ?’
അപ്പോഴേക്കും ശാന്തന്‍ ആയിരുന്ന ഗൌതമബുദ്ധന്‍ തിരിച്ചു ചോദിച്ചു
‘ ക്രിസ് തീയന്‍ മാരുടെയും , മുഹമ്മ തീയന്‍ മാരുടെയും കാര്യം ആണോ ?
പ്ര ജ്ഞ പോയി ഞെട്ടറ്റു വീണ ചാരപ്രവര്‍ത്തകനെ ആംബുലന്‍സ് എത്തിയാണ് ഖോര്‍ ഫക്കാന്‍ ഹോസ്പിറ്റലില്‍ എത്തിച്ചത് .

[divider]

എഴുതിയത് : മോനി കെ വിനോദ് 

[divider]

 

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.