Featured
ഭാരതീയര്‍ തെറ്റായി ധരിക്കപ്പെടരുത്
ചൈനീസ് പുതുവത്സര ദിനം ഇത്തവണ ഫെബ്രുവരി പത്തിനാണ്. ഒമ്പതാം തീയതി മുതല്‍ ഏഴു ദിവസം രാജ്യവ്യാപകമായ അവധി. എല്ലാ വര്‍ഷവും പുതു വത്സരാരംഭത്തില്‍ തറവാട്ടിലെ ബന്ധുജന കൂട്ടായ്മയില്‍ വിഭവ സമൃദ്ധമായ സദ്യയും കഴിഞ്ഞ് എന്റെ ചൈന സുഹൃത്ത് ലി ആങ്ങ് പിങ്ങ് കുടുംബ സമേതം ഒരു വിനോദ യാത്ര നടത്തും. കഴിഞ്ഞ വര്‍ഷം ബാങ്കോക്ക് സന്ദര്‍ശിച്ചു തിരിച്ചു വന്നപ്പോള്‍ തന്നെ ബുദ്ധ സൂക്തങ്ങളുടെ ഈറ്റില്ലമായ ഇന്ത്യ ആയിരിക്കും തന്റെ അടുത്ത ഡെസ്റ്റിനേഷന്‍ എന്ന് ലി എന്നോട് പറഞ്ഞിരുന്നു. എയര്‍ ചൈനയും, ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സും ഇന്ത്യയിലേക്ക് പറക്കുന്നുണ്ട് എങ്കിലും തന്റെ യാത്ര ഇന്ത്യയുടെ പതാക വാഹിനി ആയ എയര്‍ ഇന്ത്യ വിമാനത്തില്‍ തന്നെ ആകണം എന്നായിരുന്നു ലിയുടെ ആഗ്രഹം.
159 total views

ചൈനീസ് പുതുവത്സര ദിനം ഇത്തവണ ഫെബ്രുവരി പത്തിനാണ്. ഒമ്പതാം തീയതി മുതല്‍ ഏഴു ദിവസം രാജ്യവ്യാപകമായ അവധി. എല്ലാ വര്‍ഷവും പുതു വത്സരാരംഭത്തില്‍ തറവാട്ടിലെ ബന്ധുജന കൂട്ടായ്മയില്‍ വിഭവ സമൃദ്ധമായ സദ്യയും കഴിഞ്ഞ് എന്റെ ചൈന സുഹൃത്ത് ലി ആങ്ങ് പിങ്ങ് കുടുംബ സമേതം ഒരു വിനോദ യാത്ര നടത്തും. കഴിഞ്ഞ വര്‍ഷം ബാങ്കോക്ക് സന്ദര്‍ശിച്ചു തിരിച്ചു വന്നപ്പോള്‍ തന്നെ ബുദ്ധ സൂക്തങ്ങളുടെ ഈറ്റില്ലമായ ഇന്ത്യ ആയിരിക്കും തന്റെ അടുത്ത ഡെസ്റ്റിനേഷന്‍ എന്ന് ലി എന്നോട് പറഞ്ഞിരുന്നു. എയര്‍ ചൈനയും, ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സും ഇന്ത്യയിലേക്ക് പറക്കുന്നുണ്ട് എങ്കിലും തന്റെ യാത്ര ഇന്ത്യയുടെ പതാക വാഹിനി ആയ എയര്‍ ഇന്ത്യ വിമാനത്തില്‍ തന്നെ ആകണം എന്നായിരുന്നു ലിയുടെ ആഗ്രഹം.
രാജ്യസ്നേഹിയായ ഒരുത്തമ പൌരന് എന്ന നിലയില്‍ ലിയുടെ ആഗ്രഹത്തെ പ്രോത്സാഹിപ്പിക്കേണ്ടത് എന്റെ കടമയാണ്. ലി വാങ്ങാന്‍ ഇടയുള്ള മൂന്നു റൗണ്ട് ട്രിപ്പ് ടിക്കറ്റുകളില്‍ നിന്നും ഉണ്ടാകുന്ന ലാഭം കടക്കെണിയില്‍ നിന്നും കരകയറി വരുന്ന മഹാരാജാവിന് ചെറുതെങ്കിലും ഒരു ആശ്വാസം ആകുമല്ലോ, പല തുള്ളി ചേര്‍ന്നല്ലേ പെരു വെള്ളം ആകുന്നത്! നിര്‍ഭാഗ്യവശാല്‍ ഇക്കാര്യത്തില്‍ ലിയെ നിരുത്സാഹപ്പെടുത്താനാണ് എനിക്ക് തോന്നിയത്. കൊച്ചിക്ക് പോകേണ്ട വിമാനം തിരുവനന്തപുരത്ത് ഇറക്കിയപ്പോള്‍ മലയാളി യാത്രക്കാര്‍ കൈമുട്ടുകാട്ടി അത് ഹൈജാക്ക് ചെയ്ത കഥ ഓര്‍ത്തു മാത്രമല്ല ഞാന്‍ എയര്‍ ഇന്ത്യയുടെ കച്ചവടം മുടക്കിയത്. ഷാങ്ങ്ഹായില്‍ നിന്നും നേരിട്ട് മുംബൈക്കും അവിടെ നിന്നും കണക്റ്റിങ്ങ് വിമാനത്തില്‍ കൊച്ചിക്കും ടിക്കറ്റെടുത്ത എന്നെ മുന്നറിയിപ്പില്ലാതെ ഡല്‍ഹിയില്‍ കൊണ്ടുപോയി ഇറക്കി പിന്നീട് തോന്നിയ സമയത്ത് മുംബയില്‍ എത്തിച്ചു കൊച്ചി വിമാനവും പണവും നഷ്ടപ്പെടുത്തിയ എയര്‍ ഇന്ത്യയോടുള്ള ഇനിയും തീരാത്ത വൈരാഗ്യം ഉള്ളത് കൊണ്ട് കൂടിയാണ്.
പുതുവത്സരത്തിന്റെ തിരക്ക് മുന്‍കൂട്ടി കണ്ടു ലി, ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തിന് മാസങ്ങള്‍ക്ക് മുന്‍പേ എയര്‍ ചൈനയില്‍ സീറ്റ് ഉറപ്പാക്കി. ഇന്ത്യ ഗേറ്റും ഗാന്ധി സ്മൃതിയും ലോട്ടസ് ടെമ്പിളും കുത്തബ് മിനാറും ഉള്‍പ്പെടെ കാണേണ്ട സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കി വെച്ചു. ഫെബ്രുവരി പതിനൊന്നിന് ഡല്‍ഹി വിമാനത്താവളത്തില്‍ വന്ന് കൂട്ടി കൊണ്ട് പോകുന്നത് മുതലുള്ള മൂന്നു ദിവസത്തെ സഹായത്തിന് സുഹൃത്ത് അനന്ദ ദത്തയെ നേരത്തെ തന്നെ ചുമതലപ്പെടുത്തി. എന്നാല്‍ ഇന്നലെ വൈകിട്ട്, പ്രതീക്ഷിച്ചിരുന്ന ഇന്ത്യ യാത്ര വേണ്ടെന്നു വെച്ച വിവരം പറയാന്‍ ലി എന്റെ വീട്ടിലെത്തി.
ഡല്‍ഹിയിലെ മാനഭംഗവും തുടര്‍ന്ന് നടന്ന പ്രതിക്ഷേധ പ്രകടങ്ങളും ചൈന മാധ്യമങ്ങളില്‍ ഒന്നാം പേജില്‍ തന്നെ സ്ഥാനം പിടിച്ചിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവം അല്ലെന്നും ഇന്ത്യ ആകമാനം വനിതകള്‍ നേരിടുന്ന നിരന്തര ഭീക്ഷണി ആണെന്നും പ്രതിക്ഷേധത്തിലെ മുദ്രാവാക്യങ്ങള്‍ ഉദ്ധരിച്ച് മാധ്യമങ്ങള്‍ വരച്ചിട്ടു. കൊച്ചു പെണ്‍കുഞ്ഞുങ്ങളെ വരെ ബലാല്‍സംഗത്തിന് ഇരയാക്കുന്ന കാമഭ്രാന്തന്മാര് വിഹരിക്കുന്ന നാട്ടില്‍ ഭാര്യയും മകളും ഒരുമിച്ചു യാത്ര പോകുന്നത് സുരക്ഷിതമല്ല എന്ന് കണ്ടാണത്രെ ഏറെ നാളായി കാത്തിരുന്ന ഇന്ത്യ യാത്ര ലി വേണ്ടെന്നു വെച്ചത്.
സാധാരണ എന്നെ സന്ദര്‍ശിക്കുമ്പോള്‍ കുടുംബത്തെയും ഒപ്പം കൂട്ടാറുള്ള ലി ഇന്ന് വൈകുന്നേരം തനിയെ വന്നത് ഒരു ഇന്ത്യക്കാരന്റെ വീട്ടില്‍ ഭാര്യയോടും മകളോടും ഒപ്പം പോകുന്നത് സുരക്ഷിതമല്ല എന്ന് കണ്ടതിനാലാണോ എന്ന് ഞാന്‍ ഭയക്കുന്നു. ഹിന്ദി സിനിമകള്‍ ഏറെ കാണാറുള്ള ലിയുടെ ഭാര്യ ഇന്ത്യക്കാര്‍ എല്ലാവരും നന്നായി നൃത്തം ചെയ്യുന്നവര്‍ ആണ് എന്നാണ് വിചാരിച്ചു വശായിരിക്കുന്നത്. അടുത്ത കാലത്ത് മാധ്യമങ്ങളില്‍ നിരന്തരം വരുന്ന വാര്‍ത്തകള്‍ കണ്ട് ഇന്ത്യയിലെ പുരുഷ കേസരികള്‍ എല്ലാം വിശ്വസിക്കാന്‍ ആകാത്തവര്‍ ആണെന്ന് അവര്‍ക്ക് തോന്നിയിരിക്കുമോ? മാത്രമല്ല, ഭാരത സ്ത്രീകള്‍ വീട്ടില്‍ മാത്രം ഇരിക്കേണ്ടവര്‍ ആണ് എന്ന് ഒരു മാന്യദേഹം നിര്‍ദ്ദേശിച്ചത് അടുത്ത ദിവസം ആണ്, അതറിഞ്ഞ് ലിയുടെ ഭാര്യ എന്റെ വീട്ടിലേക്കുള്ള യാത്രയില്‍ നിന്ന് സ്വയം ഒഴിവായത് ആകാനും മതി. അങ്ങിനെ എങ്കില്‍, ആര്‍ഷ ഭാരത പുരുഷ പ്രജകളെ കുറിച്ചും അവരുടെ സ്ത്രീകളോടുള്ള മനോഭാവത്തെ സംബന്ധിച്ചും എന്റെ സുഹൃത്തുക്കള്‍ക്ക് ഉണ്ടായിട്ടുള തെറ്റ് ധാരണകള്‍ തിരുത്തുവാന്‍ ഉതകുന്ന ചില സത്യങ്ങള്‍ പറയാന്‍ ഞാന്‍ ബാധ്യസ്ഥന്‍ ആകുകയാണ്.
ഏതാനും മാസങ്ങള്‍ മുന്‍പുവരെ ഇന്ത്യയുടെ സര്‍വ്വ സൈന്യാധിപ, പരമോന്നത പീഠമായ രാഷ്ട്രപതി സ്ഥാനത്ത് വിരാചിച്ചിരുന്നത് ഒരു വനിത ആയിരുന്നു എന്ന യാഥാര്‍ത്ഥ്യം ഓര്‍ത്തു കൊണ്ടായിരിക്കണം, ആരോ പുലമ്പിയ’ഭാരത സ്ത്രീകള്‍ വീട്ടില്‍ ഇരിക്കണം’എന്ന ബാലിശമായ അഭിപ്രായത്തെ സമീപിക്കേണ്ടത്. നീണ്ട കാലം മന്ത്രിയായും ഗവര്‍ണര്‍ ആയും പ്രവര്‍ത്തിക്കാനും അഞ്ചു വര്‍ഷക്കാലം ഇന്ത്യയുടെ രാഷ്ട്രപതി ആയിരിക്കാനും പ്രതിഭ ദേവിസിങ്ങ് പാട്ടീലിന് സ്ത്രീത്വം ഒരിക്കലും തടസ്സം ആയിട്ടില്ല. അതിനും ഏറെ മുന്‍പ്, ഒന്നര ദശാബ്ദത്തില്‍ അധികം കാലം ഇന്ത്യയുടെ ഭരണ യന്ത്രം നിയന്ത്രിച്ച ഇന്ദിരാ പ്രിയദര്‍ശിനി ഗാന്ധി ഒരു കരുത്തുറ്റ വനിത ആയിരുന്നു എന്നത് ആര്‍ക്കാണ് അറിയാത്തത്. ഭാരതത്തിന്റെ ഭാവി ഭാഗധേയം നിര്‍ണ്ണയിക്കുന്ന തീരുമാനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതില്‍ നിന്ന് സ്ത്രീ എന്ന നിലയില്‍ ഒരു ഇന്ത്യക്കാരനും ഇന്ദിരാ ഗാന്ധിയെ മാറ്റി നിര്‍ത്താന്‍ ശ്രമിച്ചിട്ടില്ല.
ഭാരതത്തിന്റെ പ്രതിപക്ഷ നേതൃ സ്ഥാനം അലങ്കരിക്കുന്ന സുഷമ സ്വരാജ് ഭര്‍ത്താവിനെയും മകനെയും കാത്ത് ഉമ്മറ തിണ്ണയില്‍ ഇരിക്കേണ്ട സ്ത്രീ ആണ് എന്ന് അവിടെ ഒരു പുരുഷനും അഭിപ്രായ പ്പെടുന്നില്ല. നിലവിലെ നിയമ നിര്‍മ്മാണ സഭയുടെ അധ്യക്ഷ മീര കുമാര്‍ ഭാരത സ്ത്രീകള്‍ വീട്ടില്‍ തന്നെ ഇരിക്കണം എന്ന് പറഞ്ഞവര്‍ക്കുള്ള ഒരൊത്ത മറുപടി ആണ്, ഡല്‍ഹിയുടെ തലപ്പത്ത്, മുഖ്യമന്ത്രി കസേരയില്‍ ഷീല ദീക്ഷിത് അമര്‍ന്നിരിക്കുമ്പോള്‍ അവര്‍ അബലയായ മഹിളയാണ് എന്ന മട്ടില്‍ വരട്ടു തത്വവാദങ്ങള്‍ ഒരുകാലത്തും ഉയര്‍ന്നു വന്നിട്ടില്ല. കുമാരിമാര്‍ മമതാ ബാനര്‍ജിയും ജയലളിതയും, ഇന്ത്യയുടെ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ഇക്കാലത്ത്, അവര്‍ സാരി മാത്രം ധരിക്കുന്നു എന്ന കാരണത്താല്‍ മുഖ്യമന്ത്രി പദത്തിന്റെ അന്തസ്സും അധികാരങ്ങളും ആരാലും കുറച്ചു കാണാന്‍ ഇടവന്നിട്ടുമില്ല. കമ്മ്യൂണിസ്റ്റ് മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയില്‍ അംഗമായി ഉന്നത ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്ന ബ്രിന്ദ കാരാട്ട് പുരുഷന്മാരുടെ ഒപ്പത്തിന് ഒപ്പം നിന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയുടെ ഭരണ സിരാകേന്ദ്രങ്ങളില്‍ നേരിട്ട് ഇടപെടുന്ന ഷെല്‍ജാ കുമാരിയും, കൃഷ്ണ തിരത്തും, ലക്ഷ്മി പനബാക്കും, പനീത് കൌറും, അഗതാ സാഗ്മയും അംബികാ സോണിയും, മായാവതിയും പോലെയുള്ള നിരവധി വനിതകളിലൂടെ ഭാരത സ്ത്രീത്വം തല ഉയര്‍ത്തി പിടിച്ച് മുഖ്യധാരയില്‍ തന്നെയാണ് നിലകൊള്ളുന്നത്.
ഇന്ത്യയിലെ സ്ത്രീ വ്യക്തിത്വങ്ങളെ പോലെ തന്നെ വിദേശ മഹിളകളെയും ബഹുമാനിക്കാനും അംഗീകരിക്കാനും ഇന്ത്യ ഒരു കാലത്തും മടി കാണിച്ചിട്ടില്ല. സോണിയാ ഗാന്ധിയെ രാഷ്ട്രത്തിന്റെ മരുമകള്‍ എന്ന നിലയില്‍ ഭാരതം സ്വീകരിച്ചതിന്റെ അര്‍ത്ഥവും വ്യാപ്തിയും ഒരു ലോകാനുഭവം തന്നെ ആണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ മറുവാക്ക് ഇല്ലാത്ത നേതാവായി അംഗീകരിച്ചു, സോണിയ ഗാന്ധിയെ ലോകത്തിലെ ഏറ്റവും ശ്കതരായ വനിതകളുടെ പട്ടികയില്‍ ആറാം സ്ഥാനത്ത് എത്തിച്ചിട്ടുണ്ട് ഭാരതീയര്‍. മദര്‍ തെരേസയും സിസ്റ്റര്‍ നിവേദിതയും ഇന്ത്യക്കാരുടെ ആദരങ്ങളും ആരാധനയും ഏറ്റു വാങ്ങി തന്നെയാണ് ഇവിടെ ജീവിച്ചതും പ്രവര്‍ത്തിച്ചതും. ഭാരതീയര്‍ ആനി ബസന്റിനെ സ്നേഹിച്ചതും ബഹുമാനിച്ചതും രാജ്യ വര്‍ഗ ലിംഗ ഭേദം ഏതും കൂടാതെ ആണ്.
ഒറ്റപെട്ട ചില സംഭവങ്ങളുടെ പേരില്‍ തെറ്റായ ധാരണ രൂപപ്പെട്ട് ഭാരത സ്ത്രീകര്‍ മനുസ്മൃതി പറയും പ്രകാരം കൈകാര്യം ചെയ്യപ്പെടുന്നു എന്ന് ആക്ഷേപിക്കുന്നത് യാഥാര്‍ത്ഥ്യത്തിനു നിരക്കാത്തതാണ്. ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വ്യവസായ മേഖലകളില്‍ സ്ത്രീകള്‍ ബഹുമാനിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും അത്യുന്നതമായ പദവികള്‍ അലങ്കരിക്കുകയും ചെയ്യുന്ന അനവധി നിരവധി യാഥാര്‍ത്ഥ്യങ്ങള്‍ രാജ്യം എമ്പാടും ഉണ്ട്. മഹാശ്വതാ ദേവിയും, പ്രതിഭ റേയും, കിരണ്‍ ബേദിയും, രഞ്ജന കുമാറും, നിന ലാല്‍ കിദ്വാനിയും, ശകുന്തള ദേവിയും, കിരണ്‍ മജുംദാറും, ബര്‍ക്ക ദത്തും, അരുന്ധതി റോയും ടെസ്സി തോമസ്സും, മല്ലികാ സാരാഭായും, ഇന്ദു ജയിനും എന്നിങ്ങനെ ഓര്‍ക്കുന്നതും ഓര്ക്കത്തവരും ആയ എണ്ണിയാല്‍ ഒടുങ്ങാത്ത ഇന്ത്യയുടെ മഹിളാ രത്നങ്ങള്‍ക്ക് അവരവരുടെ മേഖലകളില്‍ പദവികളും അംഗീകാരവും നേടി എടുക്കുന്നതിനു സ്ത്രീത്വം ഒരു പ്രതിബന്ധമായി ഭവിച്ചിട്ടില്ല.
ചീത്ത മനുഷ്യരുടെ ചീത്ത സമയം നല്ല മനുഷ്യരുടെ നല്ല സമയമാണ് എന്ന് വിശ്വസിക്കുന്നവര്‍ ആണ് മഹാഭൂരിപക്ഷം ഭാരതീയര്‍. അതുകൊണ്ടാണ് നിക്ക സിങ്ങിനെയും, ഗോവിന്ദ ചാമിയെയും, രാജേഷ് കുമാറിനെയുമൊക്കെ വധശിക്ഷക്ക് വിധിക്കുമ്പോള്‍ അത് നന്മയുടെ വിജയമായി ആഘോഷിക്കപ്പെടുന്നത്. ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ മൃഗീയമായി കൊലപ്പെടുത്തിയ ആറു നരാധമാന്മാരെ തൂക്കു മരത്തിലേക്ക് നയിക്കുന്നതിനുള്ള, തിന്മക്കുമേല് നന്മയുടെ പടയോരുക്കമാണ് ഇന്ദ്രപ്രസ്ഥത്തില്‍ ലോകം സാക്ഷ്യം വഹിച്ചത്. ആ പടയില്‍ അണി ചേരുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് സ്ത്രീ പുരുഷ പ്രശ്നം എന്ന വേര്‍തിരിവ് ഉണ്ടായിരുന്നില്ല. ഇനിയും സമാനമായ കൊടും പാതകങ്ങള്‍ ഇന്ത്യയുടെ മണ്ണില്‍ ഉണ്ടാകരുത് എന്നും കുറ്റവാളികള്‍ മാതൃകാ പരമായി ശിക്ഷിക്കപ്പെടണം എന്നും ഭാരതം ഒറ്റ കെട്ടായി ആവശ്യപ്പെട്ടതിന്റെ ആരവമാണ് പുറം ലോകം മാധ്യമങ്ങളിലൂടെ അറിഞ്ഞത്. അല്ലാതെ എന്റെ സുഹൃത്തുക്കള്‍ തെറ്റി ധരിച്ചത് പോലെ ഭാരത സ്ത്രീകളുടെ രോദനം അല്ല.
160 total views, 1 views today