ഭാര്യയെ കളയുവാന്‍ മോഹം

319

1

ബൂലോകത്തില്‍ നിന്നും അയച്ചുതന്ന ഒരു മെയില്‍ ആണ് ഈ പംക്തി ഇവിടെ തുടങ്ങുവാന്‍ കാരണം. ആരോ ഒരാള്‍ ബൂലോകത്തിലേക്ക് അയച്ച ഒരു മെയില്‍ ആണ് ഇത്. ബൂലോകം എന്നോട് ഇങ്ങിനെ ഒരു പംക്തി ഇവിടെ തുടങ്ങാമോ എന്ന് ചോദിക്കുകയും ഞാന്‍ അത് സമ്മതിക്കുകയും ചെയ്തു.ഇനി മുതല്‍ ഇത് സ്ഥിരമായി എഴുതുവാന്‍ ആഗ്രഹം ഉണ്ട് എന്നും ഞാന്‍ ബൂലോകത്തിനെ അറിയിക്കുകയും ചെയ്തു. എനിക്ക് കിട്ടിയ മെയിലിന്റെ സംക്ഷിപ്ത രൂപം താഴെ കൊടുക്കുന്നു. അതില്‍ നിന്നും ആളിനെ തിരിച്ചറിയാന്‍ സാധ്യതയുണ്ട് എന്ന് തോന്നിയ പല കാര്യങ്ങളും മാറ്റിയിട്ടുണ്ട്. മെയിലുകള്‍ അയക്കുന്നവരുടെ എല്ലാ വിവരങ്ങളും അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.

ചോദ്യം: “ഞാന്‍ കല്യാണം കഴിച്ചിട്ട് രണ്ടു വര്ഷം കഴിഞ്ഞു. വീട്ടുകാര്‍ ആലോചിച്ച് തീരുമാനിച്ച വിവാഹം തന്നെ ആയിരുന്നു. ഇപ്പോള്‍ എന്റെ ഭാര്യ ഗര്‍ഭിണിയും ആണ്. ഞാനും ഭാര്യയും തമ്മില്‍ ഒരു രീതിയിലും ചേരില്ല. കണ്ടു മുട്ടിയാല്‍ ഉടനെ തന്നെ പരസ്പരം വഴക്ക് കൂടുവാന്‍ തുടങ്ങും. ചിലപ്പോള്‍ അന്യോന്യം ചീത്ത വാക്കുകള്‍ വരെ ഉപയോഗിക്കാറുണ്ട്. എന്നെ അവള്‍ക്ക് എല്ലാ കാര്യങ്ങളിലും സംശയം ആണെന്ന് തോന്നുന്നു. സത്യത്തില്‍ ഈ ബന്ധം ഒരു ദിവസം കൂടി മുന്നോട്ട് കൊണ്ടുപോകണമെന്ന് എനിക്ക് ഒരാഗ്രഹവും ഇല്ല. ഞാന്‍ ജോലി ചെയ്യുന്ന ഓഫീസില്‍ ഉള്ള ഒരു പെണ്‍കുട്ടിയോട് എല്ലാ വിവരങ്ങളും പറയാറുണ്ട്‌. അവളോട്‌ സംസാരിക്കുമ്പോള്‍ എനിക്ക് വളരെ ആശ്വാസം തോന്നാറുണ്ട്. അവളെ എനിക്ക് ഇഷ്ടവുമാണ്. ഞാന്‍ എന്ത് ചെയ്യണം? ദയവു ചെയ്ത് ഒരു മറുപടി തരുമോ?”

മറുപടി: “സുഹൃത്തേ ഒരു കാര്യം ചോദിച്ചോട്ടേ, താങ്കള്‍ ഈ വിവാഹ ബന്ധം നില നിറുത്തുവാന്‍ സത്യത്തില്‍ ആഗ്രഹിക്കുന്നുവോ? താങ്കള്‍ ഭാര്യയെ ഇതുവരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ? ഭാര്യയുമായി അല്‍പ സമയമെങ്കിലും താങ്കള്‍ ചിലവഴിക്കുന്നുണ്ടോ? അതോ താങ്കളുടെ ഭാര്യയെ  വെറും പേരിനുമാത്രം ഉള്ള ഒരാളായി മാത്രമാണോ താങ്കള്‍ കരുതുന്നത്? ഇനി മറ്റൊരു കാര്യം ചോദിച്ചോട്ടെ. താങ്കള്‍ ഭാര്യയുമായി എപ്പോഴും വഴക്ക് കൂടുന്നു എന്ന് എഴുതിക്കണ്ടു. എപ്പോഴാണ് അവളെ ഗര്‍ഭിണിയാക്കാന്‍ താങ്കള്‍ക്ക് സമയം കിട്ടിയത്? ഇങ്ങനെ ചോദിക്കുന്നതില്‍ താങ്കള്‍ വിഷമിക്കില്ല എന്ന് കരുതുന്നു. താങ്കള്‍  അവളെ ഗര്‍ഭിണി ആക്കിയതില്‍ എനിക്ക് അത്ഭുതം തോന്നുന്നു. കാരണം താങ്കള്‍ എപ്പോഴും ഭാര്യയുമായി വഴക്ക് കൂടുക മാത്രമല്ലേ ചെയ്യാറ് പതിവ്!

അതൊക്കെ പോകട്ടെ, ഓഫീസിലെ ഒരു പെണ്ണുമായി താങ്കള്‍ അടുപ്പത്തിലാണ് എന്നും താങ്കള്‍ പറയുന്നുണ്ട്. അത് എത്രമാത്രം ശരിയാണ് എന്ന് ചിന്തിച്ചു നോക്കുക. ഉടനെ ഒരു കുഞ്ഞിന്റെ അച്ഛന്‍ ആകുവാന്‍ പോകുന്ന താങ്കള്‍ ഇങ്ങിനെ ആണോ പ്രവര്‍ത്തിക്കേണ്ടത്? താങ്കള്‍ സ്വന്തം കാര്യം അല്ല ഇപ്പോള്‍ ചിന്തിക്കേണ്ടത്. ജനിക്കുവാന്‍ പോകുന്ന കുഞ്ഞിനെപ്പറ്റി ആലോചിക്കൂ. ആദ്യം നല്ല ഒരു ഭര്‍ത്താവാകാന്‍ ശ്രമിക്കൂ. ദാമ്പത്യം സംരക്ഷിക്കുക എന്നതാണ് താങ്കള്‍ ഇപ്പോള്‍ ചെയ്യേണ്ടുന്ന പ്രധാന കാര്യം. ഒരു നല്ല അച്ഛന്‍ ആവണമെങ്കില്‍ ആദ്യം താങ്കള്‍ നല്ല ഒരു ഭര്‍ത്താവ് ആകണം. ഇപ്പോള്‍ താങ്കളുടെ ഭാര്യ ഗര്‍ഭിണി ആയ സ്ഥിതിക്ക് അവളുമായി കൂടുതല്‍ സമയം ചെലവഴിക്കുക. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ഭര്‍ത്താവിന്റെ സാമീപ്യവും സ്നേഹവും ഏതു സ്ത്രീയാണ് ആഗ്രഹിച്ചു പോവാത്തത്‌? ഓഫീസിലെ ചുറ്റിക്കളി താങ്കള്‍ക്ക് ഒരിക്കലും ഗുണം ചെയ്യില്ല. ഇപ്പോള്‍ താങ്കളുടെ ജീവിതം ഒരു ഭാര്യയേയും കുഞ്ഞിനേയും കുറിച്ചുള്ളതു മാത്രം ആവണം. ഇതൊക്കെ ചെയ്തിട്ട് എന്താണ് ഭാര്യയുടെ പ്രതികരണം എന്ന് നോക്കുക. അതിനു ശേഷം മാത്രമേ എന്തെങ്കിലും കടും കൈ ചെയ്യാവൂ എന്നാണ് എന്റെ അഭിപ്രായം.

ഓഫീസിലും മറ്റും കണ്ടുമുട്ടുന്ന സ്ത്രീകള്‍ നിയമപരമായി വിവാഹം ചെയ്ത ഭാര്യക്ക് ഒരിക്കലും തുല്യ ആകില്ല എന്ന വസ്തുത മറക്കരുത്. ഒരിക്കലും ചുറ്റിക്കളികള്‍ ദാമ്പത്യം സംരക്ഷിക്കില്ല.