മംഗള്‍യാന്‍ യാത്രയെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത ചില കാര്യങ്ങള്‍..

190

cff836fb6cd84d207e33ccd87f3f337c_w625_h350-maxOnly_sc

2013 നവംബര്‍ 5ല്‍ ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ ദൗത്യമാണ് മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ . ഔദ്യോഗികമായി ഇത് മംഗള്‍യാന്‍ എന്നും അറിയപ്പെടുന്നു. ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യമാണ് ഇത്. കൊല്‍ക്കത്തയില്‍ വെച്ചു നടന്ന നൂറാം ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിലാണ് ഇതിനെക്കുറിച്ച് ആദ്യപ്രഖ്യാപനമുണ്ടായത്.

2014 സെപ്റ്റംബര്‍ 24ന് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു.[12] ഇതോടെ ചൊവ്വാ ദൗത്യത്തിലേര്‍പ്പെടുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ. ഈ ഉപഗ്രഹം ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ചു പഠിക്കുന്നതിനായാണ് വിക്ഷേപിച്ചത്. പി.എസ്.എല്‍. വി.യുടെപരിഷ്‌കൃത രൂപമായ പി.എസ്.എല്‍.വി എക്‌സ്.എല്‍ ആണ് നിലവില്‍ ഇതിനായി ഉപയോഗിച്ച വിക്ഷേപണ വാഹനം .

ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നും 2013 നവംബര്‍ 5? ഉച്ചതിരിഞ്ഞു 2 മണി 38 മിനിട്ടിന് വിക്ഷേപിച്ച ഈ ഉപഗ്രഹം ആദ്യം ഭൂമിയുടെ പരിക്രമണപഥത്തില്‍ എത്തുന്നു. അതിനുശേഷം ചൊവ്വയിലേക്കുള്ള ഗ്രഹാന്തര യാത്ര തുടങ്ങുന്നു. 300 ഭൗമദിനങ്ങള്‍ നീണ്ടു നില്ക്കുന്ന ഈ യാത്ര ഒടുവില്‍ 2014 സെപ്റ്റംബറോടെ ചൊവ്വയുടെ പരിക്രമണപഥത്തില്‍ എത്തുന്നു. ഏഴ് നിരീക്ഷണ ഉപകരണങ്ങളാണ് ഇതിലുണ്ടാകുക. ഇന്‍ഫ്രാറെഡ് തരംഗങ്ങള്ളുടെ സഹായത്താല്‍ വിവരം ശേഖരിക്കാന്‍ കഴിയുന്ന ഉപകരണം, ഹൈഡ്രജന്‍ സാന്നിദ്ധ്യം പഠിക്കാനുള്ള ആല്‍ഫാ ഫോട്ടോമീറ്റര്‍,മീഥേന്‍ സാന്നിദ്ധ്യം പഠിക്കാനുള്ള മീഥേന്‍ സെന്‍സര്‍ എന്നീ ഉപകരണങ്ങള്‍ നിര്‍ണായക വിവരങ്ങള്‍ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ.

2010ലെ ഒരു സാധ്യതാ പഠനത്തോടെയാണ് മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ (മംഗള്‍യാന്‍) ആരംഭിക്കുന്നത്. 2008ല്‍ചന്ദ്രയാന്‍. വിജയമായതിനു ശേഷം 3 ആഗസ്റ്റ് 2012ല്‍ ഭാരത സര്‍ക്കാര്‍ ചൊവ്വാ പദ്ധതിക്ക് അനുമതി നല്‍കി. മൊത്തം ചിലവായ INR 454 കോടിയില്‍ INR 125 കോടി ആദ്യ പഠനങ്ങള്‍ക്ക് വേണ്ടിയും INR 153 കോടി ഉപഗ്രഹത്തിനും ആയി നിജപെടുത്തി. ആദ്യംഒക്ടോബര്‍ 28നാണ് വിക്ഷേപണം തീരുമാനിച്ചിരുന്നത്. പക്ഷെ അന്നേ ദിവസം ബഹിരാകാശപേടകത്തിന്റെ ഗതി വീക്ഷിക്കാന്‍ നിയോഗിക്കപെട്ട കപ്പലുകള്‍ക്കു പസഫിക് മഹാസമുദ്രത്തിലെ മോശം കാലാവസ്ഥ കാരണം യഥാസ്ഥാനത്തു നിലയുറപ്പിക്കാന്‍ സാധിക്കാഞ്ഞതു കൊണ്ടു നവംബര്‍ 5ലേക്ക് മാറ്റി വച്ചു.

ഉപഗ്രഹം വഹിക്കേണ്ട വാഹനത്തിന്റെ (PSLV) സംയോജനം 5 ആഗസ്റ്റ് 2013നു തുടങ്ങി. ബാംഗ്ലൂരിലെ ഉപഗ്രഹ കേന്ദ്രത്തില്‍ സംയോജനം പൂര്‍ത്തിയാക്കി 2 ഒക്‌റ്റോബര്‍ 2013നു വിക്ഷേപണ കേന്ദ്രമായശ്രീഹരികോട്ടയിലേയ്ക്കു അയച്ചു. ഉപഗ്രഹ നിര്‍മാണം വളരെ പെട്ടെന്ന് പതിനഞ്ചു മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. അമേരിക്കന്‍ ഐക്യനാടുകളില്‍ സര്‍ക്കാര്‍ പ്രതിസന്ധി ഉണ്ടായിട്ടും 5 ഒക്ടോബര്‍ 2013നു മിഷന് തങ്ങള്‍ വാഗ്ദാനം ചെയ്ത ആശയ വിനിമയ ഗതാഗത സഹായം തരാം എന്ന് നാസ ഉറപ്പു നല്കി.

മംഗള്‍യാന്റെ പ്രധാന ലക്ഷ്യങ്ങള്‍

ചൊവ്വാപര്യവേഷണത്തിനുള്ള ഈ പ്രഥമ ഇന്ത്യന്‍ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം ഗ്രഹാന്തരദൗത്യങ്ങള്‍ക്കാവശ്യമായ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കല്‍, ആസൂത്രണം, നിര്‍വ്വഹണം മുതലായവയാണ്. ഈ പദ്ധതിയിലെ പ്രമുഖ ചുമതലകള്‍ ഇവയാണ്:

1. ഭൗമകേന്ദ്രീകൃതപരിക്രമണപഥത്തില്‍ നിന്നും സൗരകേന്ദ്രീകൃതപരിക്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ എത്തിക്കുക, പിന്നീട് ചൊവ്വയ്ക്കു ചുറ്റുമുള്ള പരിക്രമണപഥത്തിലെത്തിക്കുക, അതിനാവശ്യമായ പരിക്രമണപഥചലനങ്ങള്‍ ചിട്ടപ്പെടുത്തുക.

2. പരിക്രമണപഥത്തിനും ഉയരത്തിനും മറ്റും ആവശ്യമായ ഗണനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും ആവശ്യമുള്ള മോഡലുകളും അല്‍ഗോരിതങ്ങളും വികസിപ്പിക്കുക

3. എല്ലാ ഘട്ടങ്ങളിലെയും ദിശാനിയന്ത്രണം സാധ്യമാക്കുക

4. ദൗത്യത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഉപഗ്രഹത്തിന്റെ ഊര്‍ജ്ജ, ആശയവിനിമയ, താപ, ഭാരവാഹക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുക

5. അപായകരമായതും അപ്രതീക്ഷിതമായ തകരാറുകള്‍ മുതലായവയെ മറികടക്കാന്‍, സ്വയംനിയന്ത്രണ സംവിധാനങ്ങള്‍ വികസിപ്പിച്ച് ഏകോപിപ്പിക്കുക

മംഗള്‍യാനിലെ ഉപകരണങ്ങള്‍

1. ലിമാന്‍ ആല്‍ഫാ ഫോട്ടോമീറ്റര്‍(LAP),

2. മാര്‍സ് കളര്‍ കാമറ(MCC),

3. മീഥേന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ്(MSM),

4. മാര്‍സ് എക്‌സോസ്‌ഫെറിക് ന്യൂട്രല്‍ കമ്പോസിഷന്‍ അനലൈസര്‍(MENCA),

5. തെര്‍മല്‍ ഇന്‍ഫ്രാറെഡ് ഇമേജിംഗ് സ്‌പെക്ട്രോമീറ്റര്‍(TIS) എന്നിവയാണ് പ്രധാന ഉപകരണങ്ങള്‍.

ചൊവ്വയുടെ അന്തരീക്ഷത്തിന്റെ ഉയര്‍ന്ന തലങ്ങളിലുള്ള ഹൈഡ്രജന്റെയും ഡ്യൂട്ടീരിയത്തിന്റെയും അളവ് കണക്കാക്കുക എന്നതാണ് ലിമാന്‍ ആല്‍ഫാഫോടോമീറ്ററിന്റെ ദൗത്യം. ഇതിലൂടെ ചൊവ്വയുടെ അന്തരീക്ഷത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. ചൊവ്വയുടെ ഉപരിതലത്തിന്റെ പ്രത്യേകതകളെയും രാസഘടനെയെയും കുറിച്ച് പഠിക്കുക, കാലാവസ്ഥ നിരീക്ഷിക്കുക, ചൊവ്വയുടെ ഉപഗ്രഹങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുക, മറ്റു ഉപകരണങ്ങള്‍ക്കു വേണ്ട അടിസ്ഥാനവിവരങ്ങള്‍ നല്‍കുക എന്നീ ജോലികളാണ് മാര്‍സ് കളര്‍ കാമറക്കു ചെയ്യാനുള്ളത്. ചൊവ്വയിലെ മീഥേയിനിന്റെ അളവു കണക്കാക്കുകയും അതിന്റെ പ്രഭവകേന്ദ്രങ്ങളുടെ മാപ്പ് തയ്യാറാക്കുന്നതിനും വേണ്ടിയുള്ളതാണ് മീഥേന്‍ സെന്‍സര്‍.

ഇതിലൂടെ ചൊവ്വയില്‍ സൂക്ഷ്മജീവികള്‍ ഉണ്ടായിരുന്നോ എന്നു കണ്ടെത്താനാകും. ചൊവ്വയുടെ അന്തരീക്ഷത്തിന്റെ ഉയര്‍ന്ന പാളിയായ എക്‌സോസ്ഫിയറിനെ പഠിക്കുന്നതിനുള്ള ഉപകരണമാണ് മാര്‍സ് എക്‌സോസ്‌ഫെറിക് ന്യൂട്രല്‍ കമ്പോസിഷന്‍ അനലൈസര്‍. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നും 372കി.മീറ്റര്‍ ഉയരം മുതലുള്ള അന്തരീക്ഷത്തെയാണ് ഈ ഉപകരണം നിരീക്ഷിക്കുന്നത്. ഉയരവ്യത്യാസത്തിനനുസരിച്ച് കാണപ്പെടുന്ന മാറ്റങ്ങള്‍, രാപ്പകലുകള്‍, ഋതുഭേദങ്ങള്‍ എന്നിവക്കനുസരിച്ച് അന്തരീക്ഷത്തിലുണ്ടാവുന്ന വ്യതിയാനങ്ങള്‍ എന്നിവ ഇതിലൂടെ കണ്ടെത്താനാവും. ചൊവ്വയിലെ താപവികിരണം അളക്കുക, ഉപരിതലത്തിലെ ധാതുക്കളുടെ ഘടനയും വ്യാപനവും മനസിലാക്കുക എന്നീ ലക്ഷ്യങ്ങളാണ് തെമല്‍ ഇന്‍ഫ്രാറെഡ് ഇമേജിംഗ് സ്‌പെക്ട്രോമീറ്ററിനുള്ളത്