മകന്‍ – കഥ

429

1346671475186

ഉച്ചവെയില്‍ അതിന്റെ ഉച്ചസ്ഥായിയില്‍ ആണ് . ഇടത്തെകയ്യിലെ ഭാരമേറിയ ഗോതമ്പ് കീശ വലതു കൈയ്യിലേക്ക് മാറ്റിപ്പിടിച്ചു. നടക്കാന്‍വയ്യ അടുത്തുകണ്ട മരത്തണലില്‍ കുറച്ചുനേരം വിശ്രമിചില്ലെങ്കില്‍ വഴിയില്‍ തളര്‍ന്നു വീഴും എന്ന് തോന്നി . പ്രായം ശരിരത്തെ അത്രയ്ക്ക് തളര്‍ത്തിയിരിക്കുന്നു. എത്രയുംവേഗം വീടണയണം, അവന്റെ കൈയ്യില്‍ അകപ്പെട്ടാല്‍ എന്ത് സംഭവിക്കുമെന്നറിയില്ല. ഒരുപക്ഷെ കൊല്ലാനും മടിക്കില്ല , ആളുകളുടെ മനസ്സ് മാറ്റാന്‍ കഴിയുന്ന മന്ത്രവാദിയാണവന്‍… എന്നാണ് ആ കടക്കാരന്‍ പറഞ്ഞത് . ദേഹമാസകലം വിയര്‍ത്തൊലിക്കുന്നുണ്ട് വല്ലാത്ത ദാഹം, അരയില്‍ കെട്ടിയ സഞ്ചിയില്‍ നിന്നും കുറച്ച് വെള്ളമെടുത്തു തൊണ്ടനനച്ചു …

“ഉമ്മാ”  …..  ഒരു വിളികേട്ടു കണ്ണുതുറന്നു . മക്കളില്ലാത്ത എന്നെ ആരും തന്നെ ഇതുവരെ ഉമ്മ എന്ന് വിളിച്ചിട്ടില്ല . നോക്കിയപ്പോള്‍ അപരിചിതന്‍ യുവാവാണ്

“എന്തുപറ്റി ഉമ്മാ ?”

“വിശ്രമിക്കാനായി ഇരുന്നതാണ് അറിയാതെ മയങ്ങിപ്പോയി , എത്രയുംവേഗം വീടെത്തണം, എന്റെ ആടുകള്‍ക്ക് തീറ്റകൊടുത്തിട്ടില്ല ”

എഴുനേല്‍ക്കാന്‍ ബുദ്ധിമുട്ടുന്ന എന്നെ സഹായിച്ചുകൊണ്ട് അയാള്‍ വീണ്ടും ചോദിച്ചു “വീടെവിടെയാ ? ”

“ദാ ആ കാണുന്ന മലഞ്ചെരുവില്‍””” “” ദൂരേക്ക്‌ വിരല്‍ചൂണ്ടിക്കൊണ്ട് ഞാന്‍ മറുപടി പറഞ്ഞു . കീശയും കയ്യിലെടുത്തു നടക്കാന്‍ തുനിഞ്ഞ എന്നെ തടഞ്ഞുകൊണ്ട്‌ എന്റെ കയ്യില്‍നിന്നും അത് പിടിച്ചുവാങ്ങി

“ഈ ഭാരവും വഹിച്ചുകൊണ്ട് ഈ നട്ടുച്ച നേരത്ത് അതും തനിച്ചു !! വേണ്ട ഞാന്‍ കൂടെവരാം ” അയാള്‍ കീശപിടിച്ചുകൊണ്ട് മുന്‍പില്‍ നടന്നു . വേണ്ട എന്നുപറയാന്‍ ശരീരം അനുവദിച്ചില്ല.  ആള്‍ നല്ല ആരോഗ്യവാനാണ്, ഒത്ത ഉയരവും ഭംഗിയുമുള്ള സുമുഖനായ ചെറുപ്പക്കാരന്‍, ഇതുപോലൊരു മകന്‍ എനിക്കുമുണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി. ഈ നശിച്ച കാലത്തും നല്ലമനുഷ്യര്‍ ഉണ്ട് എന്നത് എനിക്ക് ഒരു പുതിയ അറിവായിരുന്നു

“വീട്ടില്‍ ആരൊക്കെയുണ്ട് മോനെ ? ഉമ്മയും ഉപ്പയുമൊക്കെ ഉണ്ടോ ?” മൌനത്തിനു വിരാമം എന്നോണം ഞാന്‍ ചോദിച്ചു

“ഇല്ല അവര്‍ മരിച്ചിട്ട് വര്‍ഷങ്ങളായി ” അയാള്‍ മറുപടി പറഞ്ഞു

നാം തുല്യദു:ഖിതര്‍ ……… അനാഥര്‍ … എന്ന് മനസ്സ് മന്ത്രിച്ചു … ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി . വീടണയുവോളം ഒന്നും ഉരിയാടാതെ അവന്റെ നിഴല്‍പറ്റി നടന്നു.

വീടെത്തി …………..  “ഞാന്‍ പോകട്ടെ ഉമ്മാ ” കയ്യിലെ കീശ വാതില്‍ക്കല്‍ വെച്ചുകൊണ്ട് അയാള്‍ തിരിച്ചുനടക്കാനൊരുങ്ങി

‘നില്‍ക്കൂ മോനെ ‘ ഞാന്‍ പെട്ടെന്ന് അകത്തുപോയി ഒരുകോപ്പയില്‍ ആട്ടിന്‍പാല്‍ കൊണ്ടുവന്നു കൊടുത്തു ‘തരാന്‍ എന്റെ കയ്യില്‍ പണമൊന്നുമില്ല, എന്റെ ഒരു സന്തോഷത്തിനു ഇത് കുടിക്കണം’ അയാള്‍ അതുവാങ്ങികുടിക്കുന്നതിനിടയില്‍ ഒരു ഒരു ഉപദേശമെന്നോളം ഞാന്‍ ഇങ്ങനെ പറഞ്ഞു ‘മോനേ എല്ലാവരും നിന്നെപ്പോലെ മാന്യരും മനുഷ്യത്വമുള്ളവരും ആയിരുന്നെങ്കില്‍ നാട് നന്നായേനെ , നാട്ടില്‍ മുഹമ്മദ് എന്ന ഒരു മന്ത്രവാദി ഉണ്ട് എന്ന് കേട്ടു. ദുഷ്ടനും ദൈവ നിഷേധിയും ആണത്രേ അവന്‍. . ഒരുപക്ഷെ ആളെകൊല്ലാനും മടിക്കില്ല , മോന്‍ സൂക്ഷിക്കണം’.

പാല്‍കോപ്പ തിരിച്ചുതരുമ്പോള്‍ പുഞ്ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു

“ആ പറഞ്ഞ മുഹമ്മദ്‌ ഈ ഞാനാണ്”

മറുത്തു വല്ലതും പറയുന്നതിന് മുന്‍പ് അയാള്‍ തിരിഞ്ഞു നടന്നിരുന്നു ………….