വര്‍ഷങ്ങളുടെ ഇടവേള നാടിനെയും തന്നെയും വിസ്മയാവാഹമായി മാറ്റിയത് അയാള്‍ തിരിച്ചറിഞ്ഞു.

ഇരു വശവും പാടങ്ങള്‍ അതിരിട്ട വെട്ടുവഴിയിപ്പോള്‍ നാല് വരിപ്പാതയായി മാറിയിരുന്നു. ശുഷ്കിച്ച പാടത്തിന്റെ ഒരു ഭാഗം മാത്രം കാടുമൂടിക്കിടന്നു. മറുഭാഗം ഒരനുഷ്ടാനം പോലെ ചെയ്ത നെല്‍കൃഷിയില്‍ നെല്ലിനെക്കാളേറെ കളകള്‍ ആയിരുന്നു.

രണ്ടു വയല്‍കഷ്ണങ്ങള്‍ യോജിക്കുന്നിടം ഉയരത്തില്‍ നടപ്പാതയാക്കിയ വഴി തീരുന്നിടത്ത്‌ ഉയര്‍ന്നു നില്‍ക്കുന്ന പറമ്പിലേക്കുള്ള കോണിവഴി. പിന്നെ കാലങ്ങളായി കിളക്കാത്ത കാട് മൂടിയ പറമ്പും. ജീര്‍ണ്ണതയുടെ പര്യായം പോലെ നാല്കെട്ടും അയാളെ വീണ്ടും നൊമ്പരം നിറഞ്ഞ ഓര്‍മ്മകളുടെ കൂടാരത്തിലേക്കു ആനയിച്ചു.

എതിരേ വന്നഭിവാദ്യം ചെയ്തു പോയ പരിചയക്കാരന്റെ മുഖത്തു പരിഹാസമോ സഹതാപമോ എന്നയാള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. മഞ്ഞ് രാവിന്റെ മര്‍മ്മരം കാതോര്‍ത്തു പകലോന്‍ പയ്യെ മഞ്ഞവെയില്‍ കൊണ്ട് ഈറനുടുത്തു സന്ധ്യയിലേക്ക്‌ മുഖമൊളിപ്പിച്ചു.

സ്വാസ്ഥ്യം കെടുത്തുന്ന ഓര്‍മ്മകളുടെ അട്ടിപ്പേറുകളില്‍ ‍ ഇനിയൊരിക്കലും ഓര്‍ക്കരുതെന്നു കരുതിയ നൊമ്പരങ്ങള്‍ അയാളുടെ പാദങ്ങളെ കല്‍പ്പടവ് കയറി, ജീര്‍ണ്ണിച്ച നാലുകെട്ടിന്റെ മുറ്റത്തെത്തിച്ചു.

കാട് മൂടിയ പറമ്പുകളില്‍ സന്ധ്യാസമയത്തും വന്യമായ ഇരുട്ടായിരുന്നു. സ്വപ്നങ്ങളുടെ ചാന്തുകള്‍ കലക്കി ചിത്രം വരഞ്ഞിട്ട കളിമുറ്റത്തു നാഞ്ഞൂല്‍പുറ്റുകള്‍ നിറഞ്ഞു നിന്നു. മുറ്റമതിരിട്ട കല്‍വരിക്കു പുറകില്‍ വെട്ടിയൊതുക്കാതെ നന്ത്യാര്‍വട്ടചെടികള്‍ വളര്‍ന്നു നിന്നിരുന്നു. വര്‍ഷങ്ങളുടെ കാലപ്പഴക്കത്തില്‍ വിരല്‍സ്പര്‍ശനമേറ്റ് നിറം മങ്ങിയ കോളിംഗ്ബെല്ല് ചുവരിലെ മഞ്ഞ നിറം പോലെ നിറം മങ്ങിക്കിടന്നു.

നടുവിരല്‍ പുറകിലേ താഡനമേറ്റ് ജീര്‍ണ്ണിച്ച വാതിലിന്റെ ശബ്ദം അകത്തളങ്ങളിലെ ഇരുട്ട് മുറികള്‍ക്കുള്ളിലെവിടെയോ പ്രകമ്പനം കൊള്ളുന്നത്‌ അയാളറിഞ്ഞു. അസാധാരണമായ ശബ്ദത്തോടെ സാക്ഷ നീങ്ങി ഒരു ഭാഗത്തേക്ക് തുറന്ന വാതിലിനു പുറകിലേ അവളുടെ രൂപം അയാളെ ഒന്നേ നോക്കിയുള്ളൂ.

നിയന്ത്രിക്കാനാവാത്ത തേങ്ങല്‍ പോലും താങ്ങാനാവാത്ത അവളെന്ന രൂപം നാലുകെട്ടിന്റെ ഇരുട്ട് നിറഞ്ഞ മൂലയിലെവിടെയോ മറഞ്ഞപ്പോള്‍ ഇനിയെന്ത് ചെയ്യണമെന്നറിയാതെ ഒരു പാളി തുറന്നിട്ട വാതിലിനു പുറകില്‍ അയാള്‍ നിന്നു.

മൃതസമാനമായ അല്‍പ നേരത്തിനു ശേഷം തേങ്ങലിറ്റുവീണ ഇടനാഴിയില്‍ കൂടി വീണ്ടും പ്രത്യക്ഷപ്പെട്ട അവളെ അനുധാവനം ചെയ്തെത്തിച്ചേര്‍ന്ന കുടുസ്സു മുറിയില്‍ മരണമായിരുന്നോ പതിയിരുന്നത്?

തറവാടിന്റെ അനന്തമായി പരന്നു കിടക്കുന്ന സ്വത്തുക്കള്‍ അന്യാധീനമാവാതിരിക്കാന്‍ തന്റെ സ്നേഹം ത്യജിച്ചു വരിച്ചത്‌ മാംസത്തുണ്ടുകള്‍ അടര്‍ന്നു വീഴുന്ന കട്ടിലിലെ ചടച്ച ഈ ശരീരത്തിനെയായിരുന്നോ?

ദേഹത്ത് ജീവന്റെ ഒരു സ്പന്ദനമെങ്കില്മുണ്ടെന്നറിഞ്ഞത്‌ കണ്ണില്‍ കൂടി ഒഴുകിയിറങ്ങിയ കണ്ണ് നീരായിരുന്നോ? ഒന്ന് വിളിച്ചാല്‍ മതി ഏതു നരകത്തിലെക്കാണെങ്കിലും ഞാന്‍ വരുമെന്ന് കേണു പറഞ്ഞിട്ടും സ്വന്തക്കാരുടെ ആഗ്രഹ പ്രകാരം അപസ്മാര രോഗിയായ മുറചെറുക്കന് അവളുടെ ജീവിതം എരിഞ്ഞ്കൊടുത്തു ഭീരുവിനെ പോലെ നാട് വിട്ട തന്നെ ഒരു ഹസ്തദാനം പോലും ചെയ്യാതെ മുഖം തിരിച്ചു നടന്ന ആത്മസുഹൃത്തിന്റെ മുഖത്തെ പുച്ഛത്തിന്റെ അര്‍ത്ഥവും ഈ ദുരന്തമായിരുന്നുവോ?

മണ്ണ്തിന്നു മത്തുപിടിച്ച നാഞ്ഞൂലുകള്‍ കളിമുറ്റത്തു ഇഴ പിരിഞ്ഞു മദിച്ചു. നന്ത്യാര്‍വട്ട ചെടികളുടെ നിബിഡതയിലേക്ക് അനേകം ചീവീടുകള്‍ കുടിയേറി. ഇരുട്ട് കനത്ത പറമ്പുകളില്‍ വവ്വാലുകള്‍ ഇണചേര്‍ന്നു. ജീര്‍ണ്ണിച്ച നാലുകെട്ടിന്റെ കഴുക്കോലുകള്‍ക്കിടയില്‍ പെരുച്ചാഴികള്‍ സ്വൈര്യ വിഹാരം തുടങ്ങി.

അവസാനമായി ഒന്നുകൂടി സ്പന്ദിച്ചു നിശ്ചലമായ രൂപത്തെ അവസാനമായി ചുംബിച്ചു അവളെ ചേര്‍ത്തു കനത്ത ഇരുട്ടിലേക്ക് ഇറങ്ങുമ്പോള്‍ മഞ്ഞുരാവിന്റെ മര്‍മ്മരം നന്ത്യാര്‍വട്ട ചെടികളില്‍ പൊഴിയുന്നുണ്ടായിരുന്നു.

You May Also Like

ഇല്ലിമുള്‍ വേലികള്‍…

ചില ദുരന്തങ്ങള്‍ അങ്ങിനെയാണ്.മനപ്പൂര്‍വ്വം നാം മറവിയിലെക്കടിച്ചോടിച്ചാലും വീണ്ടും പഴയതിലും മികവോടെ അവ നമ്മിലേക്ക്‌ തന്നെ തിരിച്ചു വരുന്നു. മജീദ്‌.. ഒരു ദിവസം മാത്രം പരിചയമുള്ള നീയും ഒരു ദുരന്തം സമ്മാനിച്ച മുറിവായ്‌ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതെന്തിനായിരുന്നു?

ഇത് സിനിമയുടെ നിരൂപണം അല്ല, ‘ശിക്കാർ ‘ കാണാൻ പോയപ്പോൾ ഉള്ള അനുഭവമാണ്.

ഇത്തവണ ഞാൻ സിനിമയുടെ നിരൂപണം അല്ല എഴുതുന്നത്.’ശിക്കാർ ‘എന്ന സിനിമ കാണാൻ പോയപ്പോൾ ഉള്ള അനുഭവമാണ്. 2010നാണു ശിക്കാർ സിനിമ റിലീസ് ആയത്

‘ഇതിൽ എന്തെങ്കിലും സത്യമുണ്ടോ ?’

ലഭിക്കുന്ന പെഴ്സണൽ സന്ദേശങ്ങളിൽ ഭൂരിഭാഗത്തിലും പൊതുവായി കാണാറുള്ള ഒരു ചോദ്യമാണിത്. ഒപ്പം കോപ്പി-പേസ്റ്റ് ചെയ്ത ഒരു ലേഖനമോ, ഏതെങ്കിലും ലിങ്കോ ആയിരിക്കും. പച്ചമഞ്ഞളിന് മുന്നിൽ

മമ്മൂക്കയുടെ വക ഒരു സര്‍പ്രൈസ് അതും ഒരു പൊതു പരുപാടിയില്‍

സ്ക്രീനില്‍ തെളിഞ്ഞ മുഖവും “ഇസ് വാര്‍ത്തയ” എന്നാ ശബ്ദം കേട്ടപ്പോള്‍ തടിച്ചു കൂടിയ ജനസാഗരം ഇളകി മറഞ്ഞു