ഈ മഴക്കാലത്ത് ഒരു സ്‌പെഷ്യല്‍ സുഖ ചികിത്സ ആയാലോ!!!

1003

കര്‍ക്കിടക മാസം…ഇംഗ്ലീഷില്‍ മണ്‍സൂണ്‍ എന്ന് പറയപ്പെടുന്ന, മഴ തിമര്‍ത്തു പെയ്യുന്ന ഈ കാലം നമ്മുടെയെല്ലാം മനസ്സില്‍ ഗൃഹാതുരത ഉണര്‍ത്തുന്നു..ഞാനുള്‍പ്പടെ 20 നൂറ്റാണ്ടിലെ തലമുറയെ സംബന്ധിച്ചിടത്തോളം മഴ മനസ്സിലുനര്‍ത്തുന്ന ഓര്‍മ്മകള്‍ പലതാണ്..മഴ നനഞ്ഞു സ്‌കൂളില്‍ പോയിരുന്നത്, പുതുമഴ നനഞ്ഞു, മഴയത്ത് ആര്‍ത്തുല്ലസിച്ചു ഒടുവില്‍ പനി പിടിച്ചു ചൂടുള്ള കഞ്ഞിയും നാരങ്ങ അച്ചാറും ഊതി കുടിച്ചിരുന്നത്..മുറ്റത്ത് നിറഞ്ഞിരുന്ന വെള്ളത്തില്‍ കടലാസ് വഞ്ചിയിരക്കിയത്..ചെവി പൊട്ടുന്ന ഇടിയുടെ ശബ്ദം കേട്ട് പേടിച്ചു വിറച്ചു പുതപ്പിനടിയിലേക്കു നൂണ്ടിരുന്നത്..സ്‌കൂള്‍ തുറക്കുമ്പോള്‍ പുതുമണം മാറാത്ത കുടയും തുറന്നു ലോകം കീഴടക്കിയ സന്തോഷത്തില്‍ അഭിമാനത്തോടെ നടന്നു പോയത്…അങ്ങനെയങ്ങനെ എത്ര ഓര്‍മ്മകള്‍…

മഴ നമ്മളില്‍ ഉണര്‍ത്തുന്നത് ഗൃഹാതുരത്വം മാത്രമല്ല,പ്രണയം കൂടിയാണ്..മഴയെ പ്രണയിക്കാത്തവരായി ആരുണ്ട്? ഏതു കഠിന ഹൃദയരിലും ബാല്യം മൊട്ടിടുന്ന കാലമാണ് കര്‍ക്കിടകം..എന്നാല്‍ കര്‍ക്കിടകത്തിന് നമ്മുടെ ആരോഗ്യ സംരക്ഷണത്തില്‍ ഉള്ള പങ്കു നമ്മളില്‍ എത്രപേര്‍ക്കറിയാം?

ആയുര്‍വേദ ചികിത്സക്ക് ഏറ്റവും ഉത്തമായ കാലമാണ് മണ്‍സൂണ്‍ കാലം..നമ്മുടെ പൂര്‍വികര്‍ ഈ കാലത്ത് സ്ഥിരമായി കര്‍ക്കിടക ചികിത്സകളില്‍ മുഴുകിയിരുന്നു..കര്‍ക്കിടക കഞ്ഞിയും, രാമായണ പാരായണവുമൊക്കെയായി മനസ്സിനെയും,ശരീരത്തെയും മാലിന്യങ്ങളില്‍ നിന്ന് മുക്തമാക്കാനും മാനസികശാരീരികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പഴയ തലമുറ മാറ്റി വെച്ചിരുന്ന സമയം ഇതായിരുന്നു..വേനലില്‍ നിന്നും മഴയിലെക്കുള്ള മാറ്റം മൂലം പ്രതിരോധ ശേഷി കുറയുന്നതിനെ ഫലപ്രദമായി നേരിടാന്‍ വേണ്ടിയായിരുന്നു പ്രധാനമായും കര്‍ക്കിടക ചികിത്സ..പക്ഷെ അതില്‍ മാത്രമൊതുങ്ങുന്നതായിരുന്നില്ല ഈ ചികിത്സയുടെ അത്ഭുതകരമായ മാടങ്ങള്‍..ഒരു കര്‍ക്കിടകം മുതല്‍ അടുത്ത കര്‍ക്കിടകം വരെയുള്ള ആരോഗ്യപരിരക്ഷ ഈ ചികിത്സയുടെ ഫലമായി ലഭിച്ചിരുന്നു..ശരീരത്തിന്റെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിച്ചു വരാനിരിക്കുന്ന അസുഖങ്ങളില്‍ നിന്നും നമ്മുടെ ശരീരത്തെ കാത്തു രക്ഷിക്കുക എന്ന കര്‍ത്തവ്യം കര്‍ക്കിടക ചികിത്സ ഫലപ്രദമായി നിര്‍വഹിച്ചിരുന്നു..

എന്താണ് കര്‍ക്കിടക ചികിത്സ ?

ആയുര്‍വേദത്തില്‍ ശാരീരികാരോഗ്യം എന്നത് വാതം,പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ സന്തുലനാവസ്തയാണ്.ഇതില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് വിവിധ രോഗങ്ങള്‍ക്ക് കാരണം..ഈ ത്രിദോഷങ്ങളുടെ സന്തുലനവാസ്തയാണ് പ്രധാനമായും കര്‍ക്കിടക ചികിത്സയിലൂടെ ലക്ഷ്യമിടുന്നത്..

പഞ്ചകര്‍മ്മ ചികിത്സ

കര്‍ക്കിടക ചികിത്സയില്‍ പ്രധാനമാണ് പഞ്ചകര്‍മ..വമനം, വിരേചനം,വസ്തി, നസ്യം, രക്തമോക്ഷം എന്നീ അഞ്ചു കര്‍മങ്ങളാണ് പഞ്ച കര്‍മം എന്നറിയപ്പെടുന്നത്..ഇതെല്ലാം ശോധനം അഥവാ വിസര്‍ജ്ജ്യങ്ങളുടെ പുറം തള്ളലുമായി ബന്ധപ്പെട്ടതാണ്..ഇതില്‍ രക്തമോക്ഷം എന്നതൊഴികെയുള്ള ചികിത്സാ രീതികള്‍ കേരള പഞ്ച കര്‍മ്മത്തില്‍ സാധാരണായി പ്രയോഗിക്കപ്പെടുന്നു..

ചര്‍ദ്ദിപ്പിചും, ആയുര്‍വേദ രീതിയില്‍ തയ്യാറാക്കപ്പെട്ട എനിമ നല്കിയും ഇത്തരത്തില്‍ ശാരീരിക മാലിന്യങ്ങളെ വിസര്‍ജ്ജിപ്പികാരുണ്ട്..

പ്രത്യേകം തയ്യാറാക്കിയ മരുന്നുകള്‍ നല്കി , വായിലൂടെ വിസര്‍ജ്ജ്പ്പിക്കുന്ന രീതിയാണ് വമനം.
ഗുദം,മൂത്രനാളി,യോനി എന്നിവയിലൂടെ മരുന്നുകള്‍ മരുന്നുകള്‍ പ്രവേശിപ്പിച്ചു വിസര്‍ജ്ജിപ്പിക്കുന്ന രീതിയാണ് വസ്തി.വാതരോഗങ്ങള്‍ക്ക് അത്യുത്തംമാമാണ് ഈ ചികിത്സ.
ഇതില്‍ തന്നെ സ്‌നേഹ വസ്തി, ക്ഷീര വസ്തി എന്നിങ്ങനെ പല പ്രയോഗങ്ങളും നിലവിലുണ്ട്..രോഗിയെ പരിശോധിച്ച ശേഷം ചികിത്സകനാണ് ചികിത്സ തീരുമാനിക്കുന്നത്..

വിരെചനമെന്നതു മലദ്വാരത്തിലൂടെ വിസര്ജ്ജ്യം പുറം തള്ളുന്ന ആയുര്‍വേദ എനിമ തന്നെയാണ്..പിത്തവുമയി ബന്ധപെട്ട അസുഖങ്ങള്‍ക്ക് അത്യുത്തമം ആണ് ഈ ചികിത്സ.

നസ്യമെന്നതു പ്രത്യേകം തയ്യാറാക്കിയ തുള്ളി മരുന്നുകള്‍ മൂക്കിലൂടെ ശരീരത്തില്‍ എത്തിക്കുകയും അത് വഴി മുഖത്തെ വായു അറകളില്‍ (സൈനസ് ) കെട്ടിക്കെടുക്കുന്ന സഞ്ചിത മാലിന്യങ്ങളെ പുറത്തു തള്ളുകയും ചെയ്യുന്ന രീതിയാണ്…

സൈനസെറ്റിസ്, മൈഗ്രെയ്ന്‍ പോലുള്ള ശിരോരോഗങ്ങളെ ഇല്ലാതാക്കാനും, വായയെ സുഖന്തപൂരിതമാക്കാനും, മുഖത്തെ ചുളിവുകള്‍ അകറ്റി സുന്ദരവും, തൊലികളെ മാര്‍ദവം ഉള്ളവയാക്കി യുവത്വം കാത്തു സൂക്ഷിക്കാനും നസ്യം സഹായിക്കുന്നു..

അഞ്ചാമത്തെ ചികിത്സ സാധാരണ ഗതിയില്‍ കേരളത്തില്‍ നിലവിലില്ലതതാണ്..രക്തമോക്ഷം അഥവാ ശരീരത്തിലുള്ള ദുഷിച്ച രക്തത്തെ അട്ടയെ ഉപയോഗിച്ച് പുറം തള്ളുന്ന ചികിത്സയാണ് രക്തമോക്ഷം..

ഇതിനു പ്രത്യേക വര്‍ഗ്ഗത്തില്‍ പെട്ട അട്ടയെയാണ് ഉപയോഗിക്കാറു..മാത്രമല്ല വിദഗ്ധ ചികിത്സകന്റെ സാനിധ്യത്തില്‍ മാത്രമേ ഇത് പരീക്ഷിക്കാവൂ..

സുഖ ചികിത്സകള്‍

ആയുര്‍വേദ സുഖ ചികിത്സകള്‍ ‘സ്പാ’ എന്ന് കരുതുന്നവരാണ് മിക്കവരും..എന്നാല്‍ ഇത് തീര്‍ത്തും തെറ്റായ ധാരണയാണ്..ടൂറിസ്ടുകള്‍ക്കായി മാത്രം തട്ടിക്കൂട്ടുന്ന ആയുര്‍വേദ കേന്ദ്രങ്ങള്‍ അല്ലെങ്കില്‍ ഹെല്‍ത്ത് റിസോര്ട്ട്കളിലെ ബോഡി മസ്സാജും ആയുര്‍വേദത്തിലെ ‘അഭ്യംഗം’ അഥവാ ഉഴിച്ചിലും രണ്ടാണ്..അത് ചികിത്സക്ക് വിധേയമായവര്‍ക്ക് പെട്ടെന്ന് മനസ്സിലാവും..സ്പാ എന്നത് കൊട്‌നു ഉദ്ദേശിക്കുന്നത് ശരീരത്തെ മൃദുവായി തടവിയും,പിതുക്കിയും, ഇക്കിളിയിട്ടും രസിപ്പിക്കുന്നതാണ്..സ്പായിലുള്ള ബോഡി മസ്സാജും ഇങ്ങനെയാവും…പക്ഷെ ആയുര്‍വേദ വിധിപ്രകാരമുള്ള അഭ്യംഗം ഇങ്ങനെയല്ല..പ്രത്യേകം തയ്യാറാക്കിയ തൈലങ്ങള്‍ ഉപയോഗിച്ച് ഉച്ചിയില്‍ തുടങ്ങി കാല്‍ പാഠം വരെ വിധിപ്രകാരം ശക്തിയായി ഉഴിയുന്നതാണ് അഭ്യംഗം..

ഇത് ഒരുപക്ഷെ ആയുര്‍വേദ സ്പാ പോലെ സുഖകരമായ ഒന്നാവില്ല..പക്ഷെ രണ്ടും തരുന്ന ഫലങ്ങള്‍ രണ്ടായിരിക്കും…അഭ്യംഗം ശരീരത്തിന്റെ ജരാനരകളെ അകറ്റി യുവത്വം പ്രദാനം ചെയ്യുന്ന ചികിത്സയാണ് അഭ്യംഗം അഥവാ ഉഴിച്ചില്‍..

ഇത് ചര്‍മത്തെ ചുളിവുകളില്‍ നിന്നും കാത്തു രക്ഷിക്കുകയും, ബ്ലഡ് സര്‍ക്കുലേഷന്‍ വര്‍ധിപിക്കുകയും, ക്ഷീണത്തെ അകറ്റി നവോന്മേഷം തരികയും, ഞരമ്പുകളിലെ രക്തോട്ടം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ലൈംഗിക താല്പര്യവും, ശേഷിയും പ്രദാനം ചെയ്യുകയും ചെയ്യുന്നു..

ധാര എന്നത് തീര്‍ച്ചയായും സുഖകരമായ ഒരനുഭവം തന്നെയായിരിക്കും നിങ്ങള്‍ക്ക് നല്‍കുക..ധാര പല തരത്തിലുണ്ട്..
1. തൈലധാര
2. തക്രധാര
3. ക്ഷീരധാര എന്നിവയാണ് പ്രധാനമായും ധാരകള്‍..നിശ്ചിത ദിവസം മാത്രം പുളിപ്പിച്ച് പ്രത്യേകം തയ്യാറാക്കുന്ന തക്രം അഥവാ മോര് ഉപയോഗിച്ച് ധാര കോരുന്നതാണ് തക്രധാര..ക്ഷീര ധാരയില്‍ ഇതിനു പകരം പാലും, തൈലധാരയില്‍ പ്രത്യേക വിധിപ്രകാരം തയ്യാറാക്കിയ ആയുര്‍വേദ തൈലങ്ങളുമാണ് ഉപയോഗിക്കുന്നത്..

മണ്‍ കാലത്തില്‍ സുഷിരമിട്ടു ആ സുഷിരത്തിലൂടെ തൈലം നമ്മുടെ തിരു നെറ്റിയില്‍ വന്നു വീഴുമ്പോള്‍ അതോടൊപ്പം അലിഞ്ഞില്ലതവുന്നത് നമ്മുടെ ആശങ്കകളും,ടെന്ഷനുകളും എല്ലാമാണ്..അത്ര സുഖകരമായ ചികിത്സയാണിത്..ഇത് ഒരു മണിക്കൂറിലധികം തുടര്‍ന്നേക്കാം…ഈ സമയത്ത് നമ്മള്‍ സുഖകരമായ മയക്കത്തിലേക്ക് എത്തിപ്പെട്ടാല്‍ ഒട്ടും അത്ഭുതപ്പെടാനില്ല…കാരണം അത് ശിരസ്സിനു തരുന്ന തണുപ്പും, ആശ്വാസവും അത്രയ്ക്കാണ്…

ധാരയുടെ നേട്ടങ്ങള്‍

നമ്മുടെ ശിരസ്സിലെ അല്ലെങ്കില്‍ മസ്തിഷ്‌കത്തിലെ എല്ലാ ടെന്‍ഷന്‍ / ആശങ്കകള്‍, ഹൈ പ്രെഷര്‍ തുടങ്ങി എല്ലാം മായ്ച്ചു കളയുന്ന ഒരത്ഭുത ചികിത്സയാണിത്…

ഹൈ പ്രെഷര്‍, ടെന്‍ഷന്‍ അടങ്ങിയ ജോലികളില്‍ ഏര്‍പ്പെടുന്ന മാര്‍ക്കറ്റിംഗ് / സെയില്‍സ് പ്രോഫഷനലുകള്‍, ഡോക്ടര്‍മാര്‍, ഐ ടി എഞ്ചിനീയര്‍മാര്‍, മറ്റു കോര്‍പ്പറേറ്റ് പ്രൊഫഷണല്‍കള്‍ എന്നിവര്‍ക്ക് വളരെ ഫലം ചെയ്യുന്ന ചികിത്സയാണ് ധാര..

ജീവിതശൈലീ രോഗങ്ങള്‍ , തൊഴില്‍പരമായ ടെന്‍ഷന്‍ മൂലം ഉറക്കം നഷ്ടപ്പെട്ടു സ്ലീപിംഗ് പില്ലുകളില്‍ അഭയം തേടിയവര്‍ എന്നിവര്‍ക്കും അതില്‍ നിന്നും മോചനം നേടാനും, നന്നായി ഉറകം ആസ്വദിക്കാനും ഇത് സഹായകമാവും..

ഡിപ്രഷന്‍ പോലുള്ള ലഘു മാനസിക തകരാറുകള്‍ അനുഭവിക്കുന്നവര്‍ക്ക് ഫലപ്രദമായ ചികിത്സ കൂടിയാണ് ധാര..മനസ്സിന് ഇപ്പോഴും തണുപ്പ് നല്കുന്ന ഈ ചികിത്സയിലൂടെ മാത്രം ലഘു മാനസിക രോഗങ്ങളില്‍ നിന്നും മുക്തി നേടാം..തളം കൂടി വെക്കുന്നത് വളരെ നല്ലതാണ്…

നവരക്കിഴി

സ്വേദന(വിയര്‍പ്പിക്കല്‍)ങ്ങളില്‍ വച്ച് വളരെ പ്രധാനപ്പെട്ട ചികിത്സ യാണിത്. ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള നവരയരിയാണ് ഇതിനു പയോഗിക്കുന്നത്. രോഗിയുടെ തലയിലും ശരീരത്തിലും പ്രത്യേകം തയ്യാറാക്കിയ തൈലങ്ങള്‍ പുരട്ടുന്നു. പിന്നീട് നവരയരിയും പാലും കുറുന്തോട്ടിക്കഷായവും വേവിച്ചു വറ്റിച്ചതു കിഴികെട്ടി രോഗിയുടെ ശരീരത്തില്‍ സഹിക്കാവുന്ന ചൂടോടെ ഉഴിയുന്നു.

വാര്‍ദ്ധക്യത്തെ അകറ്റി നിര്‍ത്താന്‍ ഏറെ ഫലപ്രദമായ ചികിത്സയാണിത്. ആരോഗ്യം നിലനിര്‍ത്താനും ശരീരപുഷ്ടിക്കും വളരെ ഫലപ്രഥമാണ് നവരക്കിഴി…

സ്റ്റീംബാത്ത്

സ്വേദന ക്രിയകളില്‍ പെടുന്ന മറ്റൊരു ചികിത്സയാണിത്..പ്രത്യേകം തയ്യാറാക്കുന്ന മരുന്നുകള്‍ ഉപയോഗിച്ച്, തല മാത്രം വെളിയില്‍ വരുന്ന തരത്തിലുള്ള കൂടുകളില്‍ വെച്ച് ധൂമപാനം ചെയ്തു ശരീരത്തെ വിയര്‍പ്പിക്കുന്ന ചികിത്സാക്രമം ആണിത്…

അമിതവണ്ണം നിയന്ത്രിക്കുന്നതിനും, ചര്‍മ ശുശ്രൂഷക്കും, അനാവശ്യ കൊഴുപ്പുകള്‍ അകറ്റാനും ഫലപ്രധാമാണ് ഈ ചികിത്സ..

ഇതല്ലാതെയും ഒട്ടനവധി സുഖ ചികിത്സകള്‍ ആയുര്‍വെടത്തിലുണ്ട്..ആയുര്‍വേദ ഫേസ്പാക്ക് അഥവാ ലേപനം..പിഴിച്ചില്‍, കിഴി അങ്ങനെയങ്ങനെ….ഇതെല്ലാം വെറും ശാരീരിക സുഖത്തിനായി ചെയ്യുന്നവയല്ല…ആരോഗ്യസംരക്ഷണം എന്നത് തന്നെയാണ് ഇവയുടെയെല്ലാം പ്രധാന ലക്ഷ്യം…

ആഹാരക്രമം / പഥ്യം

മഴക്കാലത്ത് അരിഭക്ഷണം കുറയ്ക്കുക. അരിഭക്ഷണം അധികം ചെന്നാല്‍ ദഹനവ്യവസ്ഥയെ ബാധിക്കാം. ഇറച്ചി സൂപ്പ്, ഗോതമ്പു കൊണ്ടുള്ള ഭക്ഷണങ്ങള്‍ ഇവ മഴക്കാലത്തു നല്ലതാണ്. ഗോതമ്പ് ശരീരത്തിനു ബലം നല്‍കുന്നു. ദഹനവ്യവസ്ഥയ്ക്കും നല്ലതാണ്. രസവും ചോറും മഴക്കാലത്തു കഴിക്കുന്നതു നല്ലതാണ്. തിളപ്പിച്ച വെള്ളമേ കുടിക്കാവൂ. ചുക്ക്, മല്ലി, ജീരകം ഇവയിട്ടു തിളപ്പിച്ച വെള്ളമാണ് ഏറ്റവും നല്ലത്. മല്ലി ദഹനം സുഗമമാകാന്‍ സഹായിക്കുന്നു

പകല്‍ ഉറങ്ങാന്‍ പാടില്ല. വാതശല്യം വര്‍ദ്ധിക്കും. മഴക്കാലത്ത് എ.സി. കൂടുതലായി ഉപയോഗിക്കരുത്. തണുപ്പ് കൂടുതല്‍ ഏല്‍ക്കുന്നതു ഞരമ്പു സംബന്ധമായ അസുഖങ്ങള്‍ പിടിപെടാന്‍ കാരണമാകാം.

കടല, പരിപ്പ്, തുടങ്ങിയ ദഹിക്കാന്‍ പ്രയാസമുള്ള ആഹാരങ്ങള്‍ വര്‍ഷകാലത്തു വര്‍ജിക്കുക. വറുത്തതും പൊരിച്ചതുമായ ആഹാരം കുറയ്ക്കുക. വര്‍ഷകാലത്ത് ആര്‍ത്തവദിനങ്ങളില്‍ സ്ത്രീകള്‍ അധികം യാത്ര ചെയ്യരുത്. അധികം ആയാസമുള്ള ജോലികള്‍ ചെയ്യുന്നതും ഉറക്കമിളയ്ക്കലും നന്നല്ല
ആയുര്‍വേദം ഇന്ന് ടൂറിസവുമായി ബന്ധപ്പെട്ട പ്രധാന വരുമാനമായി മാറിയിരിക്കുന്നു…ഇതാണ് ആയുര്‍വേദത്തിനു സംഭവിച്ച പ്രധാന അപചയം…ഇന്ത്യയില്‍ മുളച്ചു,പടര്‍ന്നു പന്തലിച്ച മഹത്തായ ആരോഗ്യസംരക്ഷണചികിത്സാ ശാഖയാണ് ആയുര്‍വേദവും,സിദ്ധ ചികിത്സയും…അതിന്റെ അപാര സാധ്യതകള്‍,ഫലങ്ങള്‍ അനുഭവിച്ച വിദേശികള്‍ അത് തേടി വീണ്ടും കേരളത്തിലെത്തുന്നു…വളരെ നല്ല കാര്യം…പക്ഷെ ആയുര്‍വെദമെന്ന പേരില്‍ നടത്തപെടുന്ന ചിക്ലിസകളില്‍ പലതും ആയുര്‍വേദവുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ്…പലയിടത്തും ചെറിയ കോട്ടേജുകള്‍ കെട്ടി ആയുര്‍വെദമെന്ന ബോര്‍ഡും വെച്ച് വിദേശികളെ മാത്രം ലക്ഷ്യമിടുന്ന സ്ഥാപനങ്ങള്‍ കാണാം..അംഗീകൃത ചികിത്സകരോ/ ഡോക്ടമാരോ, തെറപ്പിസ്റ്റ് കളോ ഇല്ലാത്തവ…പലതും അനാശ്യാസ്യ കേന്ദ്രങ്ങളാണ്…ആയുര്‍വേദയുടെ മറവില്‍ നടത്തപ്പെടുന്നത് ക്രോസ് മസ്സാജുകളും,മറ്റു പലതുമാണ്…

ഇതെല്ലാം തകര്‍ക്കുന്നത് മഹത്തായ, ദൈവത്തിന്റെ വരധാനമായ ആയുര്‍വേദം എന്ന ചികിത്സാ ശാഖയെയാണ് എന്നത് ഇതിന്റെ കൂടെ ചേര്‍ത്തു വായിക്കേണ്ടതാണ്..ഇതിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കെണ്ടിയിരിക്കുന്നു..