മത്തിക്കറി കഴിക്കാത്ത മലയാളികളുണ്ടോ? മത്തി ആരോഗ്യത്തിന് ഉത്തമം

  560

  FISH_1653795f

  മത്തി കഴിക്കാത്ത മലയാളിയുണ്ടോ? ഇല്ലയെന്ന്‍ തന്നെ പറയാം. കാരണം എവിടെയും ലാഭവും ഫ്രീയും നോക്കി പോകുന്ന മലയാളിക്ക് പറ്റിയ മീനാണ് മത്തി..! മത്തിക്ക് വലിയ വിലയുമില്ല, ഇഷ്ടം പോലെ കിട്ടുകയും ചെയ്യും, കഴിച്ചാല്‍ ഒത്തിരി ഉപയോഗമുണ്ട് താനും.

  മലയാളത്തില്‍ മത്തി എന്ന് വിളിക്കുന്ന ഈ കൊച്ചു മീനിനു ഇംഗ്ലീഷ് ഭാഷയില്‍ വേറെ നല്ല പേര് ഉണ്ട്,  ”സാര്‍ഡീന്‍ ‍”..നല്ല സ്റ്റൈലന്‍ പേരു തന്നെയല്ലേ?

  മലയാളി എന്തില്‍ വിട്ടുവീഴ്ച ചെയ്താലും ആഹാരത്തിന്റെ കാര്യത്തില്‍ ഓരോ തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഒരു സാധാരണ മലയാളി തയ്യാറായിയെന്നു വരില്ല. അതുകൊണ്ട് തന്നെ മലയാളിക്ക് നല്ല ഭക്ഷണം ഒരുപാട് ഇഷ്ടമാണ്.  മാംസവും, പാലും, പച്ചക്കറികളും, പഴങ്ങളുമെല്ലാം മലയാളിക്ക് ഒരുപോലെ ഇഷ്ടമാണ്.

  പക്ഷെ ഇവയൊക്കെ ഒരുമിച്ച് വാങ്ങാന്‍ സാധാരണ മലയാളിക്ക് സാധിക്കില്ല. മീന്‍ മാത്രമായാലും ചിലപ്പോള്‍ നമ്മുടെ കൈയ്യില്‍ നിന്നില്ലയെന്നു വരും. അപ്പോള്‍ നമ്മള്‍ എന്ത് ചെയ്യും? വില കുറവുള്ള, ഒരുപാട് കിട്ടുന്ന എന്നാല്‍ ആരോഗ്യഗുണങ്ങള്‍ ഉള്ള മീന്‍ വേണം. അവിടെയാണ് നമ്മുടെ മത്തിയുടെ കടന്നുവരവ്.

  മത്തിയെന്നും ചാളയെന്നും വിളിക്കുന്ന ഈ കുഞ്ഞന്‍ മീനിനെ നമ്മളില്‍ ചിലരൊക്കെ കളിയാക്കി കളയുമെങ്കിലും ആള് ജഗജില്ലിയാണ്.  മത്തിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ഹൃദയരോഗങ്ങളെ ചെറുക്കാന്‍ പറ്റിയ മരുന്നാണ്. ഈ ആസിഡ് ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയും ചീത്ത കൊളസ്ട്രോളിന്റെ അളവിന്റെ തോത് കുറയ്ക്കുന്നതിനും സഹായകമാണ്.

  ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്‌മാനം പരിഹരിക്കുന്നതിനും മത്തിയേക്കാള്‍ മികച്ച ഭക്ഷണം ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശരാശരി ഉപഭോഗത്തില്‍ ഒരു നേരം 37 ഗ്രാം പ്രോട്ടീന്‍ മത്തിയില്‍ നിന്നും ലഭിക്കുമെന്നു പഠനങ്ങളും പറയുന്നു.

  ബുദ്ധിവികാസത്തിനും എല്ലിന്റെയും പല്ലിന്റെയും ഉറപ്പിനും കരുത്തിനും മത്തി ബെസ്റ്റ് മരുന്നാണ്. വന്‍കുടലിലെ കാന്‍സറിനെ തടയാന്‍ സഹായിക്കുന്ന മത്തി ബുദ്ധി, ഓര്‍മ, ശ്രദ്ധ എന്നിവയ്ക്ക് മൂര്‍ച്ച കൂട്ടാനും ഉപകരിക്കും. മത്തിയുടെ മുള്ളും തലയും വിറ്റാമിന്റെ കലവറ കൂടിയാണ് എന്നത് അതിന്റെ ഗുണങ്ങള്‍ ഇരട്ടിപിക്കുന്നു.