കഅബാ ശരീഫ്

മക്കയില്‍ നിന്നും എല്ലാം വെടിഞ്ഞ് മദീനത്തെത്തിയ പ്രവാചകനെയും (സ) സഹാബികളെയും സഹായിച്ച അന്നത്തെ മദീനാ നിവാസികളേയാണ് അന്‍സാരികള്‍ എന്ന് പറയുന്നത്. ഈ ലോകത്ത് ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ അന്‍സാരീകളെ കണ്ടിട്ടുണ്ടാവുമോ? ഇല്ലെന്നാണ് മറുപടി എങ്കില്‍ ഞാന്‍ പറയാന്‍ പോവുന്നത് ഞാന്‍ കണ്ട ഒരു മനുഷ്യനെക്കുറിച്ചാണ്.

മക്കയില്‍ നിന്നും അവസാനമായി സലാം പറഞ്ഞു പോന്നിട്ട് ആറു വര്‍ഷമായി. പിന്നീടിപ്പോഴാണ് വീണ്ടും ആ മണ്ണിലെത്തിച്ചേരാന്‍ ഭാഗ്യം ലഭിച്ചത്. അല്ലാഹുവിന്റെ ഭവനത്തില്‍ എത്തിപ്പെട്ടതിന്റെ ആഹ്ലാദവും ആനന്ദവും അനിര്‍വചനീയമാണ്.

കഴിഞ്ഞ മാസം റൂമില്‍ വെറുതെ ചടഞ്ഞിരുക്കുമ്പോഴാണ് ഞങ്ങളുടെ ഉസ്താദ് സുബൈര്‍ സാദ് അവര്‍കളുടെ ഫോണ്‍കോള്‍ വന്നത്. കുവൈറ്റ് സിറ്റിയിലെ അവാദി സെന്റെറിന്റെ പൂര്‍ണ ഉത്തരവാദിത്വത്തിലും ചിലവിലുമായി ഉംറക്ക് പോവാന്‍ അവസരമുണ്ടെന്നും ഉടന്‍ പാസ്‌പോര്ട്ടുമായി ശര്‍ക്കിലെ അല്‍ അവാദി അഥവാ ഞങ്ങളുടെ ക്ലാസ് നടക്കുന്ന ഓഫിസില്‍ എത്തണമെന്നും പറഞ് അദ്ദേഹം ഫോണ്‍ വെച്ചു. ഖുര്‍ആന്‍ ക്ലാസിനു പോവാതെ മടി പിടിച്ചിരുന്ന ഞാന്‍ ആകെ ആശയക്കുഴപ്പത്തിലായി. കാരണം, കയ്യില്‍ പാസ്‌പോര്‍ട്ടില്ല. പാസ്‌പോര്‍ട്ട് പഴയ കമ്പനിയില്‍ കുടുങ്ങിക്കിടക്കുകയാണ്. പുതിയ കമ്പനിയില്‍ റസിഡന്‍സി മാറ്റി അടിക്കുന്നത് വരെ പാസ്‌പോര്‍ട്ട് കിട്ടുകയില്ല. എങ്കിലും രണ്ടും കല്പിച്ച് അവാദി സെന്ററിലെത്തി. ചെന്നപ്പോള്‍, പാസ്‌പോര്‍ട്ട് കോപ്പി ഉടന്‍ വേണമെന്നും പാസ്‌പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ കൊണ്ട് വന്നാല്‍ മതിയെന്നും ബംഗ്ലാദേശുകരനായ ഇതിന്റെ ചുമതലക്കാരന്‍ ഖലില്‍ ഭായി പറഞ്ഞു.

മക്കയിലെ ക്ലോക്ക് ടവര്‍ - Click Here To See Bigger

എന്റെ ഭാഗ്യവശാല്‍, പുതിയ കമ്പനിയില്‍ റസിഡന്‍സി അടിക്കാന്‍ റിലീസ് ലെറ്റര്‍ ഫോം വാങ്ങി കയ്യില്‍ വെച്ചിരുന്നു. അടുത്ത ദിവസം തന്നെ ഫോം ഫില്‍ അപ് ചെയ്ത് പഴയ കമ്പനിയിലേക്കോടി. കമ്പനി ഓഫിസര്‍ അത് സ്വീകരിക്കാന്‍ തയാറായില്ല. ഫൈനല്‍ ക്ലിയറന്‍സ് സഹിതം സബ്മിറ്റ് ചെയ്താലേ പാസ്‌പോര്‍ട്ട് കിട്ടുകയുള്ളൂ. വീണ്ടും റൂമിലേക്ക് വിട്ടു. എന്നോ തയാറാക്കി വെച്ച ഫൈനല്‍ ക്ലിയറന്‍സുമായി വീണ്ടും കമ്പനിയിലേക്ക്. കമ്പനിയില്‍ എല്ലാം വാങ്ങി വെച്ചശേഷം ഓഫിസര്‍ അടുത്ത ദിവസം രണ്ടുമണിക്ക് ഫോണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. അടുത്ത ദിവസം വിളിച്ചപ്പോള്‍, റെഡിയായിട്ടില്ലെന്നും നാളെ ഉച്ചയോടെ റെഡിയാവുമെന്നും പറഞ്ഞു. അതെ ദിവസം രാത്രി വീണ്ടും അവാദി സെന്ററില്‍ നിന്നും ഖലീല്‍ ഭായിയുടെ ഫോണ്‍. ഞാന്‍ പോകുന്ന കാര്യം ഉറപ്പാണോ ഇല്ലയോ എന്നറിയണം. ഇല്ലെങ്കില്‍ ആ ഒഴിവില്‍ വേറെ ആളെ പറഞ്ഞു വിടണം. ഞാന്‍ ഉറപ്പ് കൊടുത്തു. പിന്നെ പാസ്‌പോര്‍ട്ട് നാളെ മൂന്നു മണിക്ക് കിട്ടുമെന്നും അറിയിച്ചു. മൂന്നു മണിക്ക് സെന്ററില്‍ ആരുമുണ്ടാവില്ല. അതിനാല്‍ അവിടെയുള്ള ഒരാളെ ഏല്‍പ്പിച്ച് പോയാല്‍ മതിയെന്ന്! പറഞ്ഞു. എങ്കില്‍ മറ്റന്നാള്‍ കാലത്ത് സബ്മിറ്റ് ചെയ്താല്‍ മതിയോ എന്ന്! ഞാന്‍ തിരിച്ചു ചോദിച്ചു. ഖലീല്‍ ഭായി അത് സമ്മതിച്ചു. പക്ഷെ മറ്റന്നാള്‍ അതി കാലത്തെ ഓഫിസില്‍ എത്തിയിരിക്കണം. ഇന്‍ഷാ അല്ലാഹ് എന്നും പറഞ്ഞ് ഫോണ്‍ വെച്ചു.

അടുത്ത ദിവസം മൂന്നു മണിക്ക് വീണ്ടും കമ്പനിയില്‍. ചെന്നപ്പോള്‍, ഇനിയും ഒന്നര മണിക്കൂര്‍ എടുക്കുമെന്നും എവിടെയെങ്കിലും പോവാനുണ്ടെങ്കില്‍ പോയിട്ട് വരാമെന്നും ഓഫിസര്‍ ക്ഷമാപണത്തോടെ പറഞ്ഞു. പുറത്ത് ഒന്ന് ചുറ്റിയടിച്ചു വന്നപ്പോഴേക്കും ഒന്നര മണിക്കൂര്‍ കഴിഞ്ഞു. പിന്നെയും ഏതാണ്ടൊക്കെ ഓഫിസര്‍മാരുടെ ഗമ കാണിക്കലും മസില്‍ പിടുത്തവും ഒക്കെ കഴിഞ്ഞ് പാസ്‌പോര്‍ട്ട് കയ്യില്‍ കിട്ടി. (വല്യ കമ്പനിയാ….കൊറഞ്ഞ ഗമയൊന്നും കാണിച്ചാല്‍ പോര…ഇമ്മിണി ബല്യ മസില്‍ തന്നെ പിടിച്ചു കാണിക്കണം.അതാണ് കമ്പനി പോളിസി – വരട്ടെ, ഈ കമ്പനിയുടെ സുന്ദരന്‍ പോളിസിയെക്കുറിച്ച് ഞാന്‍ വിശദമായി എഴുതുന്നുണ്ട്) എന്തായാലും കിട്ടിയ പോസ്‌പോര്ട്ടും കൊണ്ട് അല്‍ഹംദുലില്ലാഹ് എന്നും പറഞ്ഞ് നേരെ റൂമിലേക്ക്. അടുത്ത ദിവസം കാലത്തെ വീണ്ടും അവാദിയിലേക്ക്. പാസ്‌പോര്‍ട്ടുമായി ചെന്നപ്പോള്‍, ഖലീല്‍ ഭായി കൈ കുലുക്കി ഒരഭിനന്ദനം. അദ്ദേഹം അത് പ്രതീക്ഷിച്ചിരുന്നില്ല, ഞാനും.

അങ്ങനെ മാര്‍ച്ച് 27 ന് ഉച്ചക്ക് ഞങ്ങളുടെ ഗ്രൂപ് മക്കയിലേക്ക് തിരിച്ചു. വഴിമദ്ധ്യേയുള്ള കാഴ്ചകള്‍ ബസ്സിലിരുന്നു വളരെ വ്യക്തമായി കാണാം. രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ സൗദി ബോര്‍ഡറില്‍ എത്തി. യാത്രാമദ്ധ്യെ സൈനിക ടാങ്കുകളും ജീപ്പുകളും പോവുന്ന കാഴ്ച ഞങ്ങളെ ഞെട്ടിച്ചു. പടച്ചോനെ ഇറാനെ അടിക്കാന്‍ കോപ്പ് കൂട്ടിത്തുടങ്ങിയോ!

മസ്ജിദുല്‍ ഹറം

അങ്ങനെ ബോര്‍ഡര്‍ സുഗമമായി തരണം ചെയ്ത് സൌദിയുടെ മണ്ണില്‍ പ്രവേശിച്ചു. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമി. ആകാശവും മരുഭൂമിയും മുഖത്തോട് മുഖം നോക്കി കിടക്കുന്നു. കിലോമീറ്ററുകളോളം ഊഷരഭൂമിയായി പരന്നു കിടക്കുന്നു. ഒന്നിനും ഉപയോഗിക്കപ്പെടാതെ, ജനവാസമില്ലാതെ, പക്ഷി മൃഗാദികള്‍ തിരിഞ്ഞു നോക്കാതെ, മഴത്തുള്ളികളേല്‍ക്കാതെ കാലങ്ങളോളം ഈ ഭൂമി ഇങ്ങനെ കിടക്കുന്നു എന്നോര്‍ക്കുമ്പോള്‍ വിഷമം തോന്നും. ജനവാസകേന്ദ്രങ്ങള്‍ അടുക്കുമ്പോള്‍ മാത്രം മരുഭൂമിയില്‍ ഒട്ടകക്കൂട്ടങ്ങള്‍ മേയുന്ന കാഴ്ച കാണാം. ഒറ്റക്കും കൂട്ടായും നടക്കുന്ന അവയെ ആരും മേയ്ക്കുന്നതായി ശ്രദ്ധയില്‍ പെട്ടില്ല. അവയെ നോക്കാന്‍ അങ്ങകലെ കൈമയില്‍ ആളുണ്ടാവുമെന്ന് ഊഹിച്ചു.

മദീനയിലേക്കുള്ള വഴിയെ എടുത്ത ദൃശ്യം

പൂഴിമണല്‍ നിറഞ്ഞ മരുഭൂമി നയനാനന്ദകരമായ കാഴ്ചയാണ്. വളരെ ഭംഗിയായി ഡിസൈന്‍ ചെയ്ത പോലെയായിരിക്കും അതില്‍ മണല്‍ തരികള്‍ രൂപം കൊണ്ടിരിക്കുന്നത്. വളഞ്ഞു പുളഞ്ഞു പോകുന്ന ആ പൂഴി മണല്‍ക്കാഴ്ച ഞങ്ങള്‍ കൌതുകത്തോടെ നോക്കിയിരുന്നു. പിന്നെ പുറം കാഴ്ചകള്‍ ഇരുളില്‍ മറഞ്ഞു. ഇരുളിന്റെ മാറ് പിളര്‍ന്ന് ഞങ്ങളുടെ ബസ് ഒറ്റവരിപ്പാതയില്‍ കുതിച്ചു പൊയ്‌ക്കൊണ്ടിരുന്നു.

മണിക്കൂറുകള്‍ ഓടിക്കഴിഞ്ഞ് ഇടക്കെപ്പോഴോ വണ്ടി നിര്‍ത്തി. ഉറങ്ങുകയായിരുന്ന ഞങ്ങളെല്ലാം ഞെട്ടിയുണര്‍ന്നു. പിന്നെ മനസ്സില്ലാമനസ്സോടെ വണ്ടിയില്‍ നിന്നും ഇറങ്ങി. അവിടെ നിറുത്തേണ്ട ആവശ്യമില്ലായിരുന്നു എന്ന്! ചെറിയ പരിഭവത്തോടെ അമീറിനെ സൂചിപ്പിച്ചു. ആര്‍ക്കെങ്കിലും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുണ്ടെങ്കില്‍ ആയിക്കോട്ടെ എന്ന്! കരുതിയാണ് വണ്ടി നിര്‍ത്തിയതെന്നും ഇനി ഭക്ഷണം കഴിക്കണമെങ്കില്‍ കുറച്ചു കഴിഞ്ഞ് ഇനിയും നിര്‍ത്താം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ചായയും കുടിച്ച് വീണ്ടും വന്ന്! ബസില്‍ കയറി. പക്ഷെ, ഉറക്കം മുറിഞ്ഞതിനാല്‍ വീണ്ടും ഉറക്കം കിട്ടാന്‍ അല്പം സമയമെടുത്തു. കൂരിരുട്ടില്‍ പുറത്തെ കാഴ്ചകള്‍ മറഞ്ഞതിനാല്‍ വെറുതെ കണ്ണുകളടച്ചു സീറ്റില്‍ പിന്നോട്ട് ചാഞ്ഞിരുന്നു. അടുത്തിരുന്ന ഇസ്മായില്‍ വീണ്ടും കൂര്‍ക്കം വലി തുടങ്ങി. ഹാവൂ, ഇവനെയൊക്കെ സമ്മതിക്കണം. യന്ത്രം പോലും ഇത്ര ഭംഗിയായി കാര്യങ്ങള്‍ നടത്തില്ല. ഉറക്കത്തില്‍ നിന്നെണീറ്റു, ചായ കുടിച്ചു, കുറെ നേരം സംസാരിച്ചു. എന്നിട്ടും ദേ, വെട്ടിയിട്ട ചക്ക പോലെ മലര്‍ന്നു കിടക്കുന്നു. ആ കിടത്തം കണ്ടപ്പോള്‍ ഒരല്‍പം അസൂയ തോന്നാതിരുന്നില്ല. മണ്ടക്കൊന്നു കൊടുത്ത് ഉണര്‍ത്തിയാലോ എന്നൊരു കുബുദ്ധി തോന്നിയെങ്കിലും വെറുതെ തല്ലു കൊള്ളണ്ട എന്ന്! കരുതി മിണ്ടാതിരുന്നു.

രാവിനെ കീറി മുറിച്ച് പകലിന്റെ വെള്ളി രേഖകള്‍ കിഴക്കന്‍ മാനത്ത് തെളിഞ്ഞു വന്നു. വഴിയില്‍ കണ്ട മസ്ജിദിനടുത്ത് നിറുത്തി പ്രഭാത നമസ്‌കാരവും കഴിഞ്ഞ് വീണ്ടും യാത്ര തുടര്‍ന്നു. അങ്ങനെ ഉച്ചയോടെ താഇഫില്‍ എത്തി. താഇഫില്‍ നിന്നുമാണ് ഇഹ്‌റാം കെട്ടേണ്ടത്. താഇഫിന്റെ മൊട്ടക്കുന്നുകളിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന റോഡിലൂടെ ഞങ്ങളുടെ വണ്ടി ഊര്‍ന്നിറങ്ങിക്കൊണ്ടിരുന്നു. കിലോമീറ്ററുകളോളം പാറക്കെട്ടുകള്‍ മാത്രം നിറഞ്ഞ കുന്നുകള്‍ക്ക് നടുവിലൂടെയുള്ള യാത്രക്കൊടുവില്‍ മീഖാത്തില്‍ വണ്ടി നിര്‍ത്തി. അവിടെ നിന്നും കുളിച്ച് ഇഹ്‌റാം (ആണുങ്ങള്‍ ഉമ്രക്ക് വേണ്ടി രണ്ടു നീളന്‍ വെള്ള തുണികള്‍ മാത്രം ധരിക്കുന്നതിനെ ഇഹ്‌റാം കെട്ടുക എന്ന്! പറയുന്നു) കെട്ടി മക്കയിലേക്ക് തിരിച്ചു.

താഇഫില്‍ നിന്നും ഒരു ദൃശ്യം

മക്കയിലേക്കുള്ള യാത്രയിലുടനീളം ലബ്ബൈക്ക് ചൊല്ലി അന്തരീക്ഷം ഭക്തി നിര്‍ഭരമാക്കി. ഫിലിപ്പിനിയും, ബംഗ്ലാദേശിയും, അഫ്ഗാനിയും, പലസ്തിനിയും, ഇന്ത്യക്കാരനും, പാകിസ്ഥാനിയും, ഇന്തോനേഷ്യക്കാരനും ഈജിപ്ഷ്യനും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. എല്ലാവരും ഒരേ സ്വരത്തില്‍ അല്ലാഹുവിനെ സ്മരിച്ച് മുന്നോട്ട്. എല്ലാവര്‍ക്കും ഒരേ വസ്ത്രം രണ്ടു വെള്ള തുണികളും അരയില്‍ ഒരു ബെല്‍റ്റും. അതാണ് ഇഹ്‌റാമിന്റെ വേഷം. അത് അര മുതല്‍ ഞെരിയാണി വരെയും ചുമലിനു ചുറ്റുമായി ധരിച്ചിരിക്കും.

മക്കയിലെത്തിയ ഉടനെ റൂമിലെത്തി സാധനങ്ങള്‍ എടുത്തു വെച്ച്, കഅബാ ശരീഫ് ലക്ഷ്യമാക്കി ഹറമിലേക്ക്. യാത്രാമധ്യേ, കൂടെയുണ്ടായിരുന്ന ഇസ്മായില്‍ കൂട്ടം തെറ്റി. ഇസ്മായില്‍ അമീറിന്റെ സഹായം ഇല്ലാതെ ഉമ്ര ചെയ്ത് മടങ്ങിയപ്പോള്‍, ഞങ്ങള്‍ അമീറിനെ പിന്തുടര്‍ന്ന്! ഉമ്ര പൂര്‍ത്തിയാക്കി. പിന്നെ രണ്ടു നാള്‍ മക്കയില്‍. ചരിത്ര പ്രധാനമായ സ്ഥലങ്ങളിലേക്ക് ഞങ്ങളുടെ ഗ്രൂപ്പ് ഒരു മിന്നല്‍ സന്ദര്‍ശനം നടത്തി. അധികം സമയം ചിലവഴിക്കാന്‍ അവസരം നല്‍കാതെ പെട്ടെന്ന് റൂമിലേക്ക് തിരിച്ചു. മുമ്പ് സന്ദര്‍ശിച്ച സ്ഥലങ്ങള്‍ ആയതിനാലും മറ്റൊരു വഴിക്ക് പോവേണ്ടിയിരുന്നതിനാലും ഞാന്‍ കൂടെപ്പോയില്ല.

രണ്ടു നാള്‍ ഭക്ഷണം പ്രയാസകരമായിരുന്നു. നമ്മുടെ മലയാളി ഹോട്ടല്‍ മക്കയില്‍ കണ്ടെത്താനായില്ല എന്നത് ഞങ്ങളെ ഒത്തിരി വിഷമിപ്പിച്ചു. പാകിസ്ഥാനിയുടെ ഹോട്ടലില്‍ കയറി ചിക്കെനും മട്ടനും കഴിക്കാന്‍ തന്നെയായിരുന്നു യോഗം. രണ്ടു നാള്‍ കഴിഞ്ഞ് മദീനയിലേക്ക്. പോകുന്ന വഴിയില്‍ ബദര്‍ (ഇസ്ലാമിലെ ആദ്യത്തെ യുദ്ധം നടന്ന സ്ഥലം) കൂടി സന്ദര്‍ശിച്ചിട്ടെ പോവുന്നുള്ളൂ.

മസ്ജിദുന്നബവി, മദീന

വീണ്ടും കിലോമീറ്ററുകളോളം അനന്തമായി കിടക്കുന്ന മരുഭൂമിയില്‍ കൂടിയുള്ള യാത്ര. യാത്രയിലുടനീളം ഞങ്ങള്‍ ചിന്തിച്ചിരുന്നത്, പ്രവാചകന്‍ (സ) യുടെ കാലത്ത് ഇത്രയും ദൂരം ഇവര്‍ എങ്ങനെ സഞ്ചരിച്ചു എന്നതായിരുന്നു. അതും ഇത് പോലെ വ്യക്തമായ വഴികളോ യാത്രാ സൌകര്യങ്ങളോ ഇല്ലാത്ത കാലത്ത്. അത്ഭുതം ഞങ്ങളില്‍ അല്ലാഹുവിനോടും അവന്റെ പ്രവാചകനോടും സ്‌നേഹം വര്‍ദ്ധിപ്പിച്ചു. അല്ലാഹുവിനെ വാഴ്ത്തി. അവന്റെ പ്രവാചകന്റെ പേരില്‍ സ്വലാത്ത് ചൊല്ലി ഞങ്ങള്‍ യാത്ര തുടര്‍ന്നു. യാത്ര പകലായിരുന്നതിനാല്‍, ഒട്ടും പ്രയാസങ്ങള്‍ നേരിടേണ്ടി വന്നില്ല. വഴി മദ്ധ്യേ പ്രവാചകന്‍ മന്ത്രം ജപിച്ച് ഊതിയ കിണറിനടുത്ത് വണ്ടി നിര്‍ത്തി. എല്ലാവരും കിണറില്‍ നിന്നും വെള്ളമെടുക്കാന്‍ ആവേശം കാണിച്ചെങ്കിലും ആര്‍ക്കും വെള്ളം കിട്ടിയില്ല. അവസാനം ഒരു ബംഗാളി കിണറ്റിലേക്കിട്ട പാട്ടയില്‍ ഒരല്‍പം വെള്ളം കിട്ടിയത് എല്ലാവരും പങ്കിട്ടെടുത്തു. പിന്നെ ബദര്‍ എത്തുവോളം കണ്ട കാഴ്ചകള്‍ അനിര്‍വചനീയമായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വീടുകളുടെ അവശിഷ്ടങ്ങള്‍ ഞങ്ങള്‍ നിര്‍ വികാരതയോടെ നോക്കിയിരുന്നു. പഴയ രീതിയില്‍ മണ്ണുകൊണ്ട് നിര്‍മ്മിച്ച വീടുകള്‍ പൊളിക്കാതെ നില നിര്‍ത്തിയിരിക്കുന്നു. ഏതു കാലഘട്ടക്കാരായിരിക്കും അതില്‍ താമസിച്ചിരിക്കുക എന്ന്! ഞങ്ങളെ അലട്ടിയ ചോദ്യമായിരുന്നു. ഞങ്ങള്‍ക്കുത്തരം നല്‍കാന്‍ ഒരു ഗൈഡോ അല്ലെങ്കില്‍ അതെക്കുറിച്ച് പരിജ്ഞാനം നേടിയ വ്യക്തിയോ കൂട്ടത്തില്‍ ഇല്ലായിരുന്നു. ബദര്‍ മുതല്‍ മദീന വരെ ഇത്തരം മണ്‍വീടുകള്‍ കാണാമായിരുന്നു. കൊച്ചു കൊച്ചു കുടിലുകള്‍ കൂട്ടം കൂട്ടമായി ഭീമാകാരമായ ചിതല്‍പ്പുറ്റുകള്‍ക്ക് സമാനമായി നില്‍ക്കുന്നു. വീടുകളുടെ നിര്‍മ്മിതിയും ആകാരവും റൂമുകളും. വാതിലുകളും ജനലുകളും എല്ലാം വ്യക്തമായി കാണാം. ഒരു സമൂഹം ഒന്നടങ്കം അവിടെ നിന്നും ഒഴിഞ്ഞു പോയിരിക്കുന്നു. ഒരു വീര്‍പ്പു മുട്ടലോടെ ഗത കാല സ്മരണകളോടെ അതെല്ലാം നോക്കിയിരിക്കാനേ ഞങ്ങള്‍ക്കായുള്ളൂ. അവിടെ നിര്‍ത്താനോ അതിന്റെ ചരിത്രം അന്വേഷിക്കാനോ ഞങ്ങള്‍ക്കുണ്ടായിരുന്ന താല്പര്യം ഞങളുടെ അമീറന്മ്മാര്‍ക്കില്ലാതെ പോയി.

മസ്ജിദുന്നബവിയില്‍ കുടകള്‍ വിരിഞ്ഞപ്പോള്‍

ബദര്‍ രണാങ്കണത്തോടടുക്കുമ്പോഴേക്കും ആധുനിക രീതിയിലുള്ള വീടുകള്‍ കണ്ടു തുടങ്ങി. ബദറിന് ചുറ്റും ഏക്കര് കണക്കിന് ഈന്തപ്പനത്തോട്ടങ്ങള്‍ വിളഞ്ഞു നില്‍ക്കുന്നു. ബദര്‍ അനുഗ്രഹീതമാണെന്ന് ആ ഈന്തപ്പനത്തോട്ടങ്ങള്‍ നമ്മോട് പറയും. അത്രയ്ക്കും മനോഹരമായ ഭൂപ്രകൃതി. ഇത്രയേറെ ചരിത്ര പ്രധാനമായ ആ മണ്ണില്‍ താമസിക്കുന്നവരോട് ഞങ്ങള്‍ക്ക് ആദരവ് തോന്നാതിരുന്നില്ല. ഭാഗ്യവാന്മാര്‍. തിരുനബിയുടെ സഹാബാക്കള്‍, ബദര്‍ ശുഹദാക്കള്‍ അന്തിയുറങ്ങുന്ന മണ്ണില്‍ ജീവിക്കാന്‍ ഭാഗ്യം ലഭിച്ചവര്‍. അതും എത്ര സുന്ദരമായ ഭൂമി. സൌദിയുടെ അകെ മൊത്തം മരുഭൂമിയില്‍ നിന്നും വ്യത്യസ്തമാണ് ബദര്‍ എന്ന വിഖ്യാത നാട്. മദീനയിലേക്ക് ഇനി ഏതാനും കിലോ മീറ്ററുകള്‍ മാത്രം.

പിന്നെയും ആള്‍പ്പാര്‍പ്പില്ലാത്ത ഭൂമേഖലകളിലൂടെ ഞങ്ങളുടെ ബസ് ചീറിപ്പാഞ്ഞു. കുന്നുകള്‍ കൂണുകള്‍ പോലെ നില്‍ക്കുന്ന പ്രദേശങ്ങളാണ് ഇതെല്ലാം. ഈ കുന്നുകള്‍ താണ്ടി എങ്ങനെ മനുഷ്യര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് യാത്രക്കും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടി സഞ്ചരിച്ചു എന്നതാണ് ഞങ്ങളെ വിസ്മയിപ്പിച്ചിരുന്നത്. ഒട്ടകവും കുതിരയും എത്ര ദൂരം മനുഷ്യനെ കൊണ്ട് നടക്കും. അതും ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍. കാഴ്ചകള്‍ പിന്നോട്ടോടി മറയുന്തോറും മദീന അടുത്തടുത്ത് തുടങ്ങി. മദീനയോടടുക്കുന്നതിനു മുമ്പേ, ഹാഫ് ബംഗാളി ഹാഫ് പാകിസ്താനി എന്ന്! എല്ലാവരും കളിയാക്കി വിളിക്കുന്ന പാകിസ്താനി െ്രെഡവര്‍ കം ഹെല്‍പര്‍ ഉര്‍ദുവിലും, ബംഗ്ലയിലും, അറബിയിലും പിന്നെ കഷ്ടപ്പെട്ട് ഇംഗ്ലീഷിലും മദീനയെത്തിയ വിവരവും മദീനയിലെത്തിയാല്‍ തങ്ങുന്ന ഹോട്ടലിനെക്കുറിച്ചും മൈക്കിലൂടെ വിളിച്ചു പറഞ്ഞു. ബംഗ്ലാ പറയുന്നത് കേട്ടപ്പോള്‍ ബംഗാളികള്‍ ചിരിച്ചപ്പോള്‍ ഇംഗ്ലീഷ് പറയുന്നത് കേട്ടപ്പോള്‍ ഞങ്ങള്‍ക്കും ചിരിക്കാന്‍ അവസരം കിട്ടി. അങ്ങനെ പരിശുദ്ധറസൂല്‍ അന്തിയുറങ്ങുന്ന പാവന മണ്ണില്‍ ഞങ്ങള്‍ കാലൂന്നി. പിന്നെ വിശാലമായ ഹോട്ടല്‍ മുറിയിലേക്ക്. ഞങ്ങള്‍ മലയാളികള്‍ ഒരേ റൂം തന്നെ ചോദിച്ചു വാങ്ങി.

മദീനയിലെ ഖുര്ആന്‍ പ്രിന്റിംഗ്പ്രസിന് മുന്‍വശം

ഭക്ഷണ ശേഷം, മസ്ജിദുന്നബവിയിലേക്ക്. ഇഷാ നമസ്‌കാര ശേഷം, റസൂലിനോടു സലാം പറഞ്ഞ് മടങ്ങി. മുമ്പത്തെ പോലെ, റസൂലിന്റെ ഖബര്‍ വ്യക്തമായി കാണുന്നില്ല. കാഴ്ച വളരെ കുടുസ്സാക്കിയ രീതിയില്‍ മക്ബറയുടെ ചുറ്റിലുമുള്ള ആ വലിയ ദ്വാരം വണ്ണം കുറച്ചു കൊണ്ട് വന്നതായി തോന്നി. അതില്‍ ഒരല്‍പം വിഷമം തോന്നിയെങ്കിലും, ഒന്നും മിണ്ടാതെ, റസൂലിനോടും, അബൂബക്കര്‍ (റ) നോടും ഉമര്‍ (റ) ബിനു ഖത്താബിനോടും സലാം പറഞ്ഞ് മടങ്ങി.

തിരിച്ചുള്ള യാത്രയില്‍ ഞാന്‍ ഒറ്റപ്പെട്ടു. തിരക്കില്‍ പെട്ട പലരും പല വഴിക്ക് പോയതിനാല്‍ എനിക്ക് തനിയെ റൂം തേടി നടക്കേണ്ടി വന്നു. സാപ്ത്‌കോ ബസ് ഡിപ്പോ യുടെ അടുത്താണ് റൂം എന്ന്! മാത്രമറിയാം. ഹോട്ടല്‍ കാര്‍ഡ് വെച്ച് നോക്കി നടന്നപ്പോള്‍ അതെ പേരുള്ള മറ്റൊരു ഹോട്ടലിന്റെ മുന്നില്‍ എത്തി. ആ ഹോട്ടലുകാര്‍ എന്റെ ഹോട്ടലിലേക്ക് വേറെ വഴിയെ തിരിച്ചു വിട്ടു. പിന്നെയും ഒരു മണിക്കൂര്‍ അലഞ്ഞതല്ലാതെ എനിക്ക് റൂമിലെത്താന്‍ കഴിയുന്നില്ല. കയ്യിലുണ്ടായിരുന്ന മൊബൈലില്‍ ബാലന്‍സ് ഇല്ല. എനിക്കാണെങ്കില്‍ കലശലായ വിശപ്പ്. റൂം കണ്ടെത്താതെ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കാന്‍ ഇരുന്നാല്‍ പിന്നെ റൂം തേടി നടക്കല്‍ പ്രയാസകരമാവുമെന്ന്! തോന്നിയതിനാല്‍ വിശപ്പും സഹിച്ച് നടത്തം തുടര്‍ന്നു. കാലുകള്‍ നന്നായി വേദനിക്കാന്‍ തുടങ്ങി. മക്കയില്‍ നിന്ന് വരുമ്പോഴേ കാലുകള്‍ നന്നായി കഴയ്ക്കുന്നുണ്ടായിരുന്നു. അങ്ങനെ നടക്കുമ്പോള്‍, ഒരു സൌദി പൌരന്‍ കുടുംബ സമേതം ഒരു കെട്ടിടത്തിനു താഴെ കാര്‍ പാര്‍ക്ക് ചെയ്ത് നില്‍ക്കുന്നത് കണ്ടു. അറബിയില്‍ വഴി ചോദിച്ചപ്പോള്‍ അയാള്‍ കാര്‍ഡ് പ്രകാരം എന്നെ വേറെ ഒരു വഴിക്ക് പറഞ്ഞ് വിട്ടു. അയാള്‍ കാണിച്ച വഴിയെ പോയി ഒരു മണിക്കൂര്‍ കറങ്ങിത്തിരിഞപ്പോള്‍ വീണ്ടും വന്നു പെട്ടത് അയാളുടെ മുന്നില്‍. അയാളോട് കാര്യം പറഞ്ഞപ്പോള്‍, അയാള്‍ എന്നോട് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. അയാള്‍ ആ കോമ്പ്‌ലെക്‌സിനു താഴെ എന്തോ ആവശ്യാര്‍ത്ഥം നില്‍ക്കുകയായിരുന്നു. ഭാര്യയെയും മറ്റുള്ളവരെയും അവിടെ നിര്‍ത്തി അയാള്‍ എന്നെ വണ്ടിയുടെ മുന്‍പില്‍ കയറ്റിയിരുത്തി വണ്ടി വിട്ടു. അയാളോടൊപ്പം അയാളുടെ രണ്ടു കൊച്ചു പെണ്‍കുട്ടികളും വണ്ടിയുടെ പിറകില്‍ ഇരുന്നു. രണ്ടും ഓമനത്വമുള്ള സുന്ധരിക്കുട്ടികള്‍. ഒരു കുട്ടി കൌതുകത്തോടെ, അതിലേറെ ഒരു തമാശ രൂപേണ എന്നെ തല ചരിച്ചു നോക്കി. ഞാന്‍ അവളോട് പേര് ചോദിച്ചു. റോസ് എന്ന്! പേര് പറഞ്ഞു അപ്പോള്‍ ആ സഊദി പൌരന്‍ ചിരിച്ചു കൊണ്ട് തിരുത്തി. സഹ്‌റാ എന്നാണ് പേര് എന്ന്! പറഞ്ഞു. അതിന്റെ അര്‍ത്ഥം റോസ് എന്നാണ്. അതാണ് ആ കുട്ടി പറഞ്ഞത്. യാത്രാ മദ്ധ്യേ അയാള്‍ എന്നെക്കുറിച്ച് ചോദിച്ചു. കുവൈത്തില്‍ നിന്നാണെന്നും ഉമ്ര കഴിഞ്ഞ് മദീനയിലേക്ക് മുത്ത് നബിയുടെ റൌള കാണാന്‍ വന്നതാണെന്നും പറഞ്ഞു.

അദ്ദേഹം സാധ്യതയുള്ള എല്ലാ വഴിയിലും വണ്ടി നിറുത്തി ആളുകളോട് ചോദിച്ചു. ഒരു വിധം സിഗ്‌നലുകളും കഴിഞ്ഞ് ഒരു പതിനഞ്ച് മിനുറ്റ് കറങ്ങിത്തിരിഞ്ഞ് അവസാനം എന്റെ ഹോട്ടലിന്റെ മുന്നില്‍ എത്തി. അയാളുടെ നന്മക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട് സലാം പറഞ്ഞ് കാറില്‍ നിന്നിറങ്ങി. എന്നെ കൌതുകത്തോടെ, ഇഷ്ടത്തോടെ നോക്കിയ ആ കൊച്ചു കുട്ടിയുടെ കവിളില്‍ ഒന്ന് തലോടാനും മറന്നില്ല.

ഒമ്പതരയോടെ മസ്ജിദുന്നബവിയില്‍ നിന്നുമിറങ്ങിയ ഞാന്‍ റൂമിലെത്തുന്നത് പന്ത്രണ്ടരയോടെ. പതിനഞ്ചു മിനുറ്റ് നടക്കാനുള്ള ദൂരമാണ് ഞാന്‍ മൂന്ന് മണിക്കൂര്‍ നടന്നത്.

ഏ മദീനക്കാരാ, അങ്ങാണ് റസൂലിനെയും സഹാബികളെയും സഹായിച്ച അന്‍സാറുകളുടെ പിന്‍ഗാമി. ലോക ജനതക്കാകെ താങ്കളുടെ മുന്‍ഗാമികളോട് കടപ്പാടുണ്ട്. താങ്കളെ ഞാനെന്നും ഓര്‍ക്കും. ‘ഹിന്ധി’യെന്ന്! പുച്ചിക്കുന്ന കുവൈത്തികള്‍ക്ക് താങ്കള്‍ മാതൃകയാണ്. മണിക്കൂറുകളോളം അലഞ്ഞ എന്നെ വഴിയില്‍ അവഗണിക്കാതെ എന്റെ റൂമില്‍ എത്തിച്ച സുഹൃത്തെ നാളെ നിങ്ങള്‍ റബ്ബിന്റെ മുന്നില്‍ നല്ല രൂപത്തില്‍ പ്രത്യക്ഷപ്പെടും എന്ന് ഞാന്‍ വിശ്വസിക്കുന്നു.അതിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. താങ്കളുടെ കിതാബ് താങ്കളുടെ വലതു കയ്യില്‍ നല്കപ്പെടട്ടെ. അള്ളാഹു താങ്കള്‍ക്ക് സ്വലിഹായ സന്താനങ്ങളെ നല്‍കട്ടെ. താങ്കളുടെ ആഗ്രഹം പോലെ ഒരു ആണ്‍ കുട്ടിയെയും റബ്ബ് താങ്കള്‍ക്ക് നല്‍കട്ടെ.. ആമീന്‍ യാ റബ്ബല്‍ ആലമീന്‍.

ഈ ആര്‍ട്ടിക്കിള്‍ ഇവിടെയും വായിക്കാം

You May Also Like

വളരെ കുറഞ്ഞ ബഡ്ജറ്റിൽ നിങ്ങൾക്ക് ലഡാക്കിൽ ചുറ്റിക്കറങ്ങാം

വളരെ കുറഞ്ഞ ബഡ്ജറ്റിൽ നിങ്ങൾക്ക് ലഡാക്കിൽ ചുറ്റിക്കറങ്ങാം.. IRCTC ടൂർ പാക്കേജിൻ്റെ വില എത്രയാണ്? IRCTC…

ട്രാവല്‍ ബൂലോകം – കൊണാര്‍ക്ക് സൂര്യക്ഷേത്രം..

കൊണാര്‍ക്ക് എന്ന പദത്തിന് സൂര്യന്റെ ദിക്ക് എന്ന് അര്‍ഥം കല്‍പ്പിക്കാം. കോണ്‍ എന്ന വാക്കിനു മൂല, ദിക്ക്, എന്നൊക്കെയാണ് അര്‍ത്ഥം. അര്‍ക്കന്‍ എന്നാല്‍ സൂര്യന്‍. അതിനാല്‍ കിഴക്ക് ഉദിച്ച സൂര്യന്റെ ക്ഷേത്രം എന്ന അര്‍ഥത്തില്‍ ഈ വാക്ക് ക്ഷേത്രത്തിനു പേരായി നല്‍കപ്പെട്ടു. മാത്രമല്ല ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പഴയ ഗംഗാ രാജ്യത്തിന്റെയും ഭാരതത്തിന്റെയും കിഴക്കു ഭാഗത്താണ്. വിദേശീയര്‍ ഈ ക്ഷേത്രത്തെ ബ്ലാക്ക് പഗോഡ എന്നു വിളിക്കുന്നു.

ഹായ്.. എന്തു വിസ്മയമാണ് ഈ ചിറാപൂഞ്ചി … നമുക്കും പോകാം വായനയിലൂടെ ഒരു യാത്ര

തുള്ളിക്കൊരു കുടമെന്നപോലെ കർക്കടകപ്പേമാരി ക്ലാസ്സിനു പുറത്തു തിമിർത്തുപെയ്യുകയാണ്. നാലാം ക്ലാസ്സിൽ കുഞ്ഞിരാമൻ മാഷ് മഴയുടെ ഇരമ്പലിനും മീതെ ഒച്ച കൂട്ടി ഉറക്കെപ്പറഞ്ഞു

ട്രാവല്‍ ബൂലോകം – ഡാര്‍ജിലിംഗ് (പശ്ചിമബംഗാള്‍)

ഇവയുടെ ചിത്രങ്ങള്‍ അച്ചടിച്ച ഫോട്ടോഗ്രാഫുകളും പോസ്റ്റ്കാര്‍ഡ് സുവനീറുകളും സഞ്ചാരികള്‍ക്ക് വാങ്ങാന്‍ ലഭിക്കും. ആല്‍പ്പൈന്‍ മരങ്ങള്‍ നിറഞ്ഞ താഴ് വരകളും സാല്‍,ഓക്ക് മരങ്ങള്‍ നിറഞ്ഞ വനമേഖലയിലൂടെയുമുള്ള യാത്രകള്‍ ആരുടെയും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നവ ആയിരിക്കും. കാലാവസ്ഥ മാറ്റത്തിനനുസരിച്ച് നിറം മാറാതെ ഹരിതപ്രഭ പുതച്ച് നില്‍ക്കുന്നവയാണ് ഇവിടത്തെ വനങ്ങളില്‍ ഭൂരിപക്ഷവും.