മദ്യപാനം നിര്‍ത്തിയതിന് ശേഷം കൂട്ടുകാരില്‍ പലരും ഇപ്പോള്‍ തിരിഞ്ഞു നോക്കാറില്ലെന്ന്‍ സലിം കുമാര്‍

0
755

20130914_222712ഇത്തവണത്തെ ഓണം സലിം കുമാറിനെയും ഭാര്യയെയും സംബന്ധിച്ചിടത്തോളം പ്രത്യേകതയുള്ള ഓണമാണ്. ഒരു തുള്ളി മദ്യം അകത്താക്കാതെയാണ് സലിം കുമാറിന്റെ ഇത്തവണത്തെ ഓണം എന്നതാണ് അതിനു കാരണം. കഴിഞ്ഞ ഒരു വര്‍ഷമായി സലിം കുമാര്‍ കുടിക്കാറില്ലത്രെ. കഴിഞ്ഞ ഓണത്തിനാണ് മദ്യപാനം ഉപേക്ഷിക്കുവാനുള്ള തീരുമാനത്തിലേക്ക് സലിം കുമാര്‍ എത്തിയത്. മദ്യം നിര്‍ത്തിയ സന്തോഷം നമ്മോടു പറയുന്നതോടൊപ്പം സലിം കുമാറിന് തന്റെ മനസ്സിലെ ചെറിയ നീറ്റല്‍ കൂടി പറയാനുണ്ട്. പണ്ട് സുഹൃത്തുക്കള്‍ എന്ന് നടിച്ചവരില്‍ പലരും ഇപ്പോള്‍ തിരിഞ്ഞു നോക്കുകയോ ഫോണ്‍ ചെയ്യുകയോ പോലും ചെയ്യാറില്ല എന്നാണ് സലിം കുമാര്‍ പറയുന്നത്. മദ്യത്തിനു വേണ്ടി ആയിരുന്നുവോ അവര്‍ തന്നെ സ്നേഹിച്ചിരുന്നത് എന്നാണ് ഇപ്പോള്‍ സലിം കുമാര്‍ സ്വയം ചോദിക്കുന്നത്.

സാധാരണ തിരുവോണമെന്നു പറഞ്ഞാല്‍ മുന്‍ വര്‍ഷങ്ങളില്‍ സലിംകുമാറിന് മദ്യത്തില്‍ മുങ്ങിയതായിരുന്നു. അതൊയിരുന്നു ശീലം. രാവിലെ തന്നെ തുടങ്ങും. രാത്രി ഉറങ്ങുന്നതുവരെ മദ്യപാനം തന്നെ മദ്യപാനം. ഇനി അധികം കഴിച്ചാല്‍ പിന്നെ കഴിക്കേണ്ടി വരില്ല എന്നത് കൊണ്ടാണ് താനാ ശീലം നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് സലിം കുമാര്‍ പറയുന്നു. ഭാര്യ സുനിതയിപ്പോള്‍ അതീവ സന്തുഷ്ഠയാണ്. ഷൂട്ടിംഗ് കഴിഞ്ഞാല്‍ കക്ഷി ഉടനെ വീട്ടില്‍ എത്തിച്ചേരും എന്ന സന്തോഷമാണ് സുനിതയുടെ മുഖത്തിപ്പോള്‍ . മുമ്പ് അതല്ലായിരുന്നു അവസ്ഥ. ചേട്ടന്‍ ഇവിടെ ഉണ്ടെന്നറിഞ്ഞാല്‍ കൂട്ടുകാരുടെ വിളികള്‍ എത്തും. പിന്നെത്ത കാര്യം പറയണ്ടല്ലോ. ഇപ്പോള്‍ ആരും വിളിക്കാറില്ല.’ സുനിത ഒരു ചിരിയോടു കൂടി പറഞ്ഞു.

പിന്നെ മദ്യപാനം നിര്‍ത്തി എന്നറിഞ്ഞപ്പോള്‍ ചങ്ങാത്തം നിര്‍ത്തിയ തന്റെ പഴയ സുഹൃത്തുക്കളോട് സലിം കുമാറിന് ദേഷ്യം ഒന്നുമില്ല. രണ്ടെണ്ണം അടിച്ചാലേ സൗഹൃദത്തിന് ചൂടുണ്ടാകൂവെന്നു കരുതുന്നവരായിരുന്നു തന്റെ ആ സുഹൃത്തുക്കള്‍ എന്നും സലിം കുമാര്‍ പറയുന്നു.

മുന്‍പ് മഞ്ഞപ്പിത്തം ഉണ്ടായപ്പോള്‍ അത് കരളിനെ കൂടി ബാധിച്ചിരുന്നു. തുടര്‍ന്ന് കുറെ നാള്‍ കിടപ്പിലും ആയിരുന്നു സലിം കുമാര്‍ . അന്നേ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു മദ്യം ഉപേക്ഷിക്കുവാന്‍ .. പക്ഷെ അപ്പോഴും സലിം കുമാര്‍ കേട്ടില്ല, പതിവ് അടി സുന്ദരമായി തുടര്‍ന്നു. തുടര്‍ന്ന് കഴിഞ്ഞ ഓണത്തിനും അടിച്ചു. എന്നാല്‍ ചതയ ദിനം ആയപ്പോള്‍ മനസ്സില്‍ എന്തോ ഒരു ഉള്‍വിളി വന്നെന്നു സലിം കുമാര്‍ പറയുന്നു. പണി കിട്ടുമോ എന്ന ഭയം മനസ്സിനെ പിടികൂടി. തുടര്‍ന്നാണ് നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് സലിം കുമാര്‍ പറയുന്നു. ഇങ്ങനെ ഒരു വര്‍ഷത്തോളം പിടിച്ചു നില്‍ക്കാനാകുമെന്ന് കരുതിയതെയില്ല എന്ന് സലിം കുമാര്‍ പറയുന്നു.

അങ്ങിനെ തന്റെ 18 മത്തെ വയസ്സ് മുതല്‍ മദ്യപാനിയായി മാറിയ മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ഇപ്പോള്‍ പുതിയൊരു പാതയിലാണ്. മുഴുക്കുടിയന്മാരായ മറ്റു താരങ്ങള്‍ക്ക് തന്റെ ജീവിതം കൊണ്ട് മാതൃകയാവുകയാണ് സലിം കുമാര്‍ .