മനസ്സ് തലച്ചോറിലോ അതോ ഹൃദയത്തിലോ?

ആത്മവിശ്വാസവും സന്തോഷവും: ഹൃദയത്തിനിഷ്ടം

ആത്മവിശ്വാസവും സന്തോഷവുമെല്ലാം നമ്മുടെ ഹൃദയത്തെ സംരക്ഷിക്കും. ഇത് പണ്ടേ തലമൂത്ത പലരും പറഞ്ഞിട്ടുള്ള കാര്യമായിരുന്നെങ്കിലും ഇന്നതിനു സയന്‍സിന്റെ പിന്‍ബലം. ഹാര്‍വാഡ് സ്കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തിന്റെ ഈയിടെ നടത്തിയ ഒരു വലിയ പഠനം നല്‍കിയ വിവരങ്ങള്‍  പ്രസിദ്ധീകരിച്ചു. ഇതിനു മുമ്പ് നടത്തിയ പല പഠനങ്ങളിലും വിഷാദ രോഗങ്ങള്‍, അന്യരോടുള്ള അകാരണമായ ദേഷ്യ സ്വഭാവം തുടങ്ങിയ ആരോഗ്യകരമല്ലാത്ത മാനസികാവസ്ഥകള്‍ ഉള്ളവരില്‍ ഹൃദ്രോഗം,പക്ഷപാതം തുടങ്ങിയ രോഗങ്ങള്‍ കൂടുതലായി കണ്ടു വരുന്നു എന്ന് തെളിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ആദ്യമായി ആരോഗ്യകരങ്ങളായ മാനസികാവസ്ഥകള്‍ക്ക് ഈ രോഗങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ്. കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങളായി നടത്തിയ തുടര്‍ പഠനങ്ങളുടെ ഒരു റിപ്പോര്‍ട്ടാണ് പുറത്തു വന്നത്.

ഒരാള്‍ക്ക് വിഷാദ രോഗമില്ല എന്നത് കൊണ്ട് മാത്രം ഗുണം ഉണ്ടാകില്ല. നല്ല ആത്മ വിശ്വാസം ഉള്ളവര്‍ക്കും എപ്പോഴും സന്തോഷവാന്മാരായി ഇരിക്കുന്നവര്‍ക്കും ഇത് നല്ല വാര്‍ത്ത തന്നെയാണ്. ജീവിതത്തില്‍ സംതൃപ്തി ഉണ്ടാവുക എന്നത് വളരെ പ്രാധാന്യമുള്ള കാര്യം തന്നെയാണ്. ജീവിതത്തെ തുറന്ന മനസ്സോടെ സ്വീകരിക്കുകയും അനാവശ്യമായി ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടാതെയുമിരിക്കണം. ആത്മ വിശ്വാസം വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. മനസ്സ് തുറന്നു ശ്രമിച്ചാല്‍ നടക്കാത്ത കാര്യങ്ങള്‍ വളരെ ചുരുക്കം മാത്രമാണ്. അങ്ങിനെ ഒരു മാനസികാവസ്ഥയുള്ളവര്‍ക്ക് തീര്‍ച്ചയായും സന്തോഷവും ഉണ്ടാകും. പണം ഉണ്ടാവുകയാണെങ്കില്‍ സന്തോഷം വരും എന്നില്ല. പണം ചിലപ്പോള്‍ മനസ്സമാധാനം ഇല്ലാതാക്കും.

എല്ലാ തലത്തിലുള്ള ആളുകളിലും ഈ പഠനം വ്യാപിക്കപ്പെട്ടിരുന്നു. ഒരു വ്യക്തിയുടെ സാമ്പത്തിക സാമൂഹിക ചുറ്റുപാടുകള്‍ക്ക് സന്തോഷത്തിന്റെയും സംതൃപ്തിയുടെയും കാര്യത്തില്‍ കാര്യമായ പങ്കൊന്നും വഹിക്കാന്‍ കഴിയുന്നില്ല എന്നും ഈ പഠനം വെളിവാക്കി. ജീവിതത്തില്‍ കൃത്യമായ ഒരുദ്ദേശം ഉള്ളവര്‍ അവരുടെ ശരീരത്തെയും സംരക്ഷിക്കും എന്ന് ചില സയന്റിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു.

സന്തോഷവും സംതൃപ്തിയും ജീവിതത്തില്‍ ഉണ്ടെങ്കില്‍, ഒരാളുടെ തടി, തൂക്കം,പുകവലിക്കാരനാണോ അല്ലയോ എന്ന കാര്യം,ശരീരത്തിലെ കൊഴുപ്പിന്റെ അംശം തുടങ്ങിയ കാര്യങ്ങള്‍ പോലും അത്ര പ്രാധാന്യ അര്‍ഹിക്കുന്നില്ല എന്നാണ് പഠനം വെളിപ്പെടുത്തുന്നത്. അതീവ സംതൃപ്തിയും സന്തോഷവും ഉള്ളവരില്‍ അമ്പത് ശതമാനം രോഗ സാധ്യത കുറവായിരിക്കും.

ഇനിയും നടക്കാനിരിക്കുന്ന പഠനങ്ങള്‍ കൂടി ഈ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുന്നുവെങ്കില്‍ നമ്മുടെ ഇന്നത്തെ ഹൃദയ രോഗ ചികിത്സയോടുള്ള സമീപനം തന്നെ അപ്പാടെ മാറും. മനസ്സിന്റെ സന്തോഷമാവും ഹൃദയത്തിന്റെ സന്തോഷവും.
എല്ലാവര്ക്കും ആത്മവിശ്വാസവും സന്തോഷവും നേരുന്നു.

 

റിപ്പോര്‍ട്ട് ഇവിടെ വായിക്കുക