മനസ്സ്: നിങ്ങള്‍ സന്തോഷവാനാണോ? – ശ്രീ ശ്രീ രവിശങ്കര്‍

501

01

സന്തോഷം കണ്ടെത്താനുള്ള താക്കോല്‍ ഈ നിമിഷത്തില്‍ ജീവിക്കുക എന്നതാണ്? ജീവിതത്തോടുള്ള നിങ്ങളുടെ പ്രതിബദ്ധത എന്താണ്?  നിങ്ങള്‍ പറയുമായിരിക്കും നിങ്ങള്‍ക്ക് സന്തോഷമാണ് ആവശ്യമെന്ന്.  എല്ലാ ജീവനും വേണ്ടത് സന്തോഷമാണ്.  സമ്പത്തായാലും അധികാരമായാലും സ്ത്രീപുരുഷ ആകര്‍ഷണമായാലും അതൊക്കെ സന്തോഷത്തിലെത്താനുള്ള ഉപാധികളായി നാം കരുതുന്നു.  ചില ആള്‍ക്കാര്‍ കഷ്ടപ്പാട്‌പോലും ആസ്വദിക്കുകയാണ്.  എന്തെന്നാല്‍, അതവര്‍ക്ക് സന്തോഷം നല്‍കുന്നു!

സന്തോഷത്തിലെത്താന്‍ നാം ചിലത് അന്വേഷിക്കുന്നു.  അത് കിട്ടാതെ വരുമ്പോള്‍ നമ്മള്‍ അസന്തുഷ്ടരാകും.  ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി ചിന്തിക്കുന്നു, താന്‍ കോളേജില്‍ എത്തിപ്പെടുമ്പോള്‍ കൂടുതല്‍ സ്വതന്ത്രനാകുമെന്നും ആ സ്വാതന്ത്ര്യം സന്തോഷം തരുമെന്നും.  എന്നാല്‍ കോളേജ്  വിദ്യാര്‍ത്ഥികള്‍ സന്തുഷ്ടരാണോ?  ഒരു ജോലി ലഭിച്ചിരുന്നെങ്കില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നു പറയുമായിരിക്കും. ജോലിയിലിരിക്കുന്ന ഒരാള്‍ തനിക്ക് യോജിച്ച ഒരു ജീവിത പങ്കാളിയെ കിട്ടിയാല്‍ സന്തോഷമാകും എന്നാവും പറയുക.  അങ്ങനെയൊരു പങ്കാളിയെ ലഭിച്ചാലോ, ഒരു കുഞ്ഞിനെ കിട്ടുമ്പോള്‍ മാത്രമേ തങ്ങള്‍ക്കു പൂര്‍ണ്ണത കൈവരികയുള്ളൂവേന്നു തോന്നും.  എന്നാല്‍ കുട്ടികള്‍ ഉള്ളവര്‍ സന്തുഷ്ടരാണോ? തങ്ങളുടെ മക്കള്‍ മികച്ച വിദ്യാഭ്യാസം നേടി സ്വയം പര്യാപ്തത്തയില്‍ എത്തുന്നതുവരെ അവരെങ്ങനെ ഒന്നു വിശ്രമിക്കും? ചോദിച്ചു നോക്കൂ, അവര്‍ ജോലിയില്‍നിന്ന് വിരമിച്ചു കഴിയുമ്പോള്‍ സന്തുഷ്ടരാണോ എന്ന്.  അപ്പോള്‍ അവര്‍ തങ്ങളുടെ ചെറുപ്പകാലം നഷ്ടപ്പെട്ടത് ഓര്‍ത്തിരിക്കുകയായി.

നമ്മുടെ ജീവിതകാലം മുഴുവന്‍ സന്തോഷം ലഭിക്കുവാനുള്ള തയ്യാറെടുപ്പിനുവേണ്ടി ചെലവഴിച്ചുകൊണ്ടിരിക്കുന്നു;  എന്നെങ്കിലും അത് ലഭിക്കുമെന്നുള്ള പ്രതീക്ഷയില്‍. എന്നാല്‍ സന്തോഷം നാം അനുഭവിക്കുന്നില്ല.  എല്ലാ രാത്രിയിലും നാം കിടക്ക തയ്യാറാക്കുന്നതുപോലെയാണ് അത്.  കിടക്ക ഒരുക്കിക്കൊണ്ടേയിരിക്കുന്നു.  പക്ഷേ, ഉറങ്ങാന്‍ സമയമില്ല. നമ്മുടെ ജീവിതം സന്തോഷകരമാക്കാന്‍ എത്രയെത്ര മിനിട്ടുകള്‍, മണിക്കൂറുകള്‍, ദിവസങ്ങള്‍ നാം നമ്മില്‍നിന്നുതന്നെ ചെലവഴിക്കുന്നു.  ആ നിമിഷങ്ങളില്‍ മാത്രം തന്നെയാവണം നിങ്ങള്‍ ശരിക്കും ജീവിതം ആസ്വദിക്കേണ്ടത്.  വര്‍ത്തമാന നിമിഷത്തെ പുണരാന്‍ നമുക്കു സാധിക്കുമ്പോള്‍ നമ്മള്‍ സന്തോഷത്തില്‍ ലയിക്കുന്നു.സന്തോഷത്തിനുവേണ്ടി തയ്യാറാവുകയല്ല ആവശ്യം.  ഓരോ വര്‍ത്തമാന നിമിഷവുമായി ചേര്‍ന്ന് അതായിത്തീരുകയാണ് വേണ്ടത്.

ഒരുവേള നാം കൊച്ചുകുഞ്ഞായിരുന്നപ്പോള്‍ ആ സന്തോഷത്തിലും ആനന്ദത്തിലും ആയിരുന്നു.  ഒരു പര്‍വ്വതത്തിന്റെ നെറുകയില്‍ എത്തുമ്പോഴും, കടലോരത്തുകൂടി നടക്കുമ്പോഴും, ജലയാത്ര ചെയ്യുമ്പോഴും, നീന്തുമ്പോഴും ചില നിമിഷങ്ങളില്‍ നാം വര്‍ത്തമാന നിമിഷവുമായി ചേര്‍ന്ന് ജീവിതത്തെ ആസ്വദിക്കുന്നു. നമുക്കു മുന്നില്‍ ജീവിതത്തെ കാണാന്‍ രണ്ടുവഴികളുണ്ട്: ഒന്ന്, ഞാന്‍ വിചാരിക്കുന്നതെന്തെന്നാല്‍, ചിലതൊക്കെ ലഭിച്ചാല്‍ ഞാന്‍ സന്തുഷ്ടനാകും. രണ്ടാമതു പറയുന്നു, എന്തുവന്നാലും ഞാന്‍ സന്തുഷ്ടനാണ്.  നിങ്ങള്‍ക്ക് ഇതില്‍ ഏതു വേണം ജീവിക്കുവാന്‍?

വിവര്‍ത്തനം: എസ്സ്. സുജാതന്‍